സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവതി റിമാൻഡിൽ

പ്രദീപ് പുറവങ്കര
മനാമ I ജോലിക്കായി അപേക്ഷിക്കുന്ന സ്ത്രീകളെ സർക്കാർ ഉദ്യോഗസ്ഥൻ ഉപദ്രവിച്ചെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവതിയെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിക്കൽ, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യൽ എന്നിവയാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തത്. വീഡിയോയിലെ ആരോപണങ്ങൾ സംബന്ധിച്ച് പ്രോസിക്യൂട്ടർമാർ നടത്തിയ അന്വേഷണത്തിൽ, യുവതി ആദ്യം മൊഴി മാറ്റുകയും ഒടുവിൽ കഥ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിലോ മൊഴികളിലോ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പൊതുസ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നതോ ആളുകൾക്ക് ദോഷം വരുത്തുന്നതോ ആയ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ASASAQSW