ആർദ്രം' സ്നേഹ സംഗമം: സിറാസ് പദ്ധതിക്ക് പിന്തുണ തേടി ശാന്തി സദനം ബഹ്‌റൈൻ ചാപ്റ്റർ
പ്രദീപ് പുറവങ്കര
മനാമ: ശിശുദിനത്തോടനുബന്ധിച്ച് ശാന്തി സദനം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'ആർദ്രം' എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. സൽമാനിയ കെസിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ പി.എം.എ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സ്വന്തം വീട്ടുകാർക്ക് വേണ്ടി മാത്രമല്ല, സമൂഹത്തിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ടെന്ന ആത്മബോധം പ്രവാസിക്ക് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തി സദനത്തിന്റെ തുടർച്ചയായി മേപ്പയ്യൂരിൽ സ്ഥാപിക്കുന്ന സിറാസ് റിഹാബിലിറ്റേഷൻ വില്ലേജിന്റെ പ്രചാരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതോടൊപ്പം, ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സീമൽ റഹ്മാൻ രചിച്ച 'പി.ഒ.വി: പോയന്റ് ഓഫ് വ്യൂ ഓഫ് എ ടീനേജർ' എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു. പ്രവാസി ലോകത്തെ മികച്ച സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരം നേടിയ പമ്പാവാസൻ നായരെ (അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയും) 'ആർദ്രം' പരിപാടിയിൽ ആദരിച്ചു.
സി.എം.എൻ ട്രസ്റ്റ് മുഖേന വീടുകൾ നിർമ്മിച്ചു നൽകൽ, ചികിത്സാ സഹായം, പെൻഷൻ നൽകൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. പി.എം.എ. ഗഫൂർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ഉപഹാരം സമർപ്പിച്ചു. നിസാർ കൊല്ലം, ഇ.വി. രാജീവൻ, മജീദ് തണൽ, കെ. രാധാകൃഷ്ണൻ, വി.എം. ഹംസ ഉൾപ്പെടെയുള്ള നിരവധി സാമൂഹിക സാംസ്കാരിക നേതാക്കൾ ചടങ്ങിന് നേതൃത്വം നൽകി.
gdg
