കഞ്ചാവ് കടത്തുവാനുള്ള ശ്രമം പരാജയപ്പെടുത്തി

മനാമ: ലഗേജിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് കടത്തുവാനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. 4000 ദിനാറിൽ പരം വിലമതിക്കുന്ന അരക്കിലോ കഞ്ചാവ് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടു വഴി കടത്തുവാനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിൽ നിന്ന് എയർപോർട്ടിലെത്തിയ മുപ്പതു വയസ്സുകാരനായ ബംഗ്ലാദേശ് പൌരന്റെ ലഗേജിനകത്താണ് കവറുകൾക്കുള്ളിലായി കഞ്ചാവ് കണ്ടെത്തിയത്. കവറുകൾ സീൽ ചെയ്ത നിലയിലായിരുന്നു. എന്നാൽ കവറുകൾ ബഹ്‌റൈനിലെ സുഹൃത്തിന് നൽകാനായി തന്റെ സഹോദരൻ കൊടുത്തയച്ചതാണെന്നും തുറന്നു നോക്കരുതെന്ന് പറഞ്ഞിരുന്നതായും ഇയാൾ പോലീസിന് മൊഴി നൽകി.
ഇയാളെ പോലീസ് കസ്റഡിയിൽ വിട്ടിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതലന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.