അനധികൃത കാറോട്ടം; ഒരാൾക്ക് ഗുരുതരമായ പരിക്ക്

നൌറാന: നൌറാന ദ്വീപിൽ അനധികൃതമായി സംഘടിപ്പിച്ച കാറോട്ടത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്ക്. കാഴ്ചക്കാരനായ ഒരാൾക്ക് നേരെ കാർ പാഞ്ഞു കയറുക യായിരുന്നു. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു കാർ തീപിടുത്തത്തിൽ കത്തി നശിച്ചു. കാറോടിച്ചിരുന്ന ഒരു ബഹ്‌റൈനി പൗരനായ കൗമാരക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപെട്ട് സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ് പുറത്തിറക്കിയ വീഡിയോയിൽ ഇടിയേറ്റയാൾ ആഘാതത്തിൽ പത്തു മീറ്ററുകളോളം ദൂരത്തിൽ തെറിച്ചുവീഴുന്നത് കാണാം. ഇയാളെ ആദ്യം ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സാബാഹ് ഹെൽത്ത് സെന്ററിലും തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു.
ഒറ്റപ്പെട്ടു കിടക്കുന്ന നൌറാന ദ്വീപിൽ അവധിദിവസങ്ങളിൽ ചെറുപ്പക്കാർ ചേരുകയും അനധികൃതമായി കാറോട്ടമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുന്പ് ഡി.ടി. ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഒട്ടേറെ അപകട മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.