മൂലമറ്റം പവര്‍ഹൗസിന്റെ മൂന്നു ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ നവീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ്

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിന്റെ ഒന്നാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ നവീകരിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പവര്‍ഹൗസിലെ ഒന്നാംഘട്ടത്തിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നു ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളാണ് 100 കോടി രൂപ മുടക്കി നവീകരിക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബി പ്രോജക്ട്‌സ് (ഇലക്ട്രിക്കല്‍ ഡിസൈന്‍) ചീഫ് എഞ്ചിനീയര്‍ ആഗോള ടെണ്ടര്‍ വിളിച്ചു. 42 മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 18 ആണ്.
അടുത്ത ജൂണില്‍ ആദ്യ യൂനിറ്റിന്റെ പ്രവൃത്തി തുടങ്ങാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വൈദ്യുതി ഉത്പാദനത്തെ ബാധിക്കാത്ത വിധത്തില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഓരോ ജനറേറ്ററായി നവീകരിക്കും. ഈ കാലയളവില്‍ മറ്റു നിലയങ്ങളില്‍ പരമാവധി ഉത്പാദനം നടത്തും. ബംഗളുരുവിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആര്‍.എല്‍.എ (റെസിഡ്യുവല്‍ ലൈഫ് അനാലിസിസ്) പഠന റിപ്പോര്‍ട്ട് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണു നവീകരണം.
ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമായ സാഹചര്യത്തിലും കെ.എസ്.ഇ.ബി നീട്ടിവിടുകയായിരുന്നു. ഇനിയും നവീകരണം വൈകിയാല്‍ പദ്ധതി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന വിദഗ്ധ ഏജന്‍സികളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പും പുനരുദ്ധാരണത്തിനു കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെ നിര്‍ദേശം വന്നതുമാണ് കെ.എസ്.ഇ.ബിയെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. 1985 നവംബര്‍ നാലിനു കമ്മിഷന്‍ ചെയ്ത രണ്ടാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകള്‍ നവീകരിക്കാന്‍ സമയമായിട്ടില്ലെന്നാണു വിലയിരുത്തല്‍. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു ഇടുക്കി പവര്‍ഹൗസിന്റെ ഒന്നാംഘട്ടം കമ്മിഷന്‍ ചെയ്തത്.
2011 ജൂണ്‍ 20നു പവര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ക്കു ജീവഹാനി സംഭവിച്ചിരുന്നു. പിന്നീട് നിരവധി പൊട്ടിത്തെറികളുണ്ടായി. കാലപ്പഴക്കം സ്‌ഫോടനത്തിനു വഴിവച്ചെന്നായിരുന്നു വിദഗ്ദ്ധരുടെ നിഗമനം.