ബഹ്റിനിലെ വിദേശികളുടെ എണ്ണം 50 ശതമാനമാക്കാന്‍ ശുപാര്‍ശ : പ്രവാസികള്‍ക്ക് തിരിച്ചടി

മനാമ: ബഹ്റിനില്‍ വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50 ശതമാനമായി നിജപ്പെടുത്താന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ഇക്കാര്യം പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. നേരത്തെ പ്രവാസികള്‍ക്കുള്ള വിവിധ സബ്‌സിഡികള്‍ ബഹ്റിന്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും റോഡ് ഉപയോഗത്തിനും നികുതി ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
എണ്ണ വിലയിടിവിന്റെ പാശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ ആരായുന്നതിന്റെ ഭാഗമായാണ് ഈ ശുപാര്‍ശ. പാര്‍ലമെന്റിന്റെ നാലാമത് ലെജിസ്‌ളേറ്റീവ് സെഷന്‍ ഉദ്ഘാടന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നടത്തിയ പ്രസംഗത്തില്‍ രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിശ്ചയിച്ചു. വിദേശികളുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തി ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
2013ലെ കണക്കുകള്‍ പ്രകാരം ബഹ്‌റൈന്‍ ജനസംഖ്യയുടെ 55 ശതമാനവും പ്രവാസികളാണ്. സ്വദേശി കേന്ദ്രീകൃത വികസനപദ്ധതികള്‍ രൂപപ്പെടുത്തണം. രാജ്യത്തിന്റെ വരുമാനം മനുഷ്യവിഭവശേഷി വികസനത്തിന് ഉപയോഗപ്പെടുത്തണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ബോണസ് നിര്‍ത്തലാക്കണം. യാത്രച്ചെലവുകളും വിദേശ ചികിത്സാ ഫണ്ടും വെട്ടിക്കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
സബ്‌സിഡികള്‍ വെട്ടിക്കുറച്ചതിന് പിന്നാലെ ചില സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനും തീരുമാനമുണ്ടായിരുന്നു. ട്രാഫിക് രജിസ്‌ട്രേഷനും പരിശോധനക്കും പുതിയ നിരക്ക്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസ്, സീവേജ് സേവനങ്ങള്‍ക്ക് കൂടിയ നിരക്ക്, റോഡ് നികുതി എന്നിവ പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടും.എണ്ണ വിലയിടിവിന്റെ പാശ്ചാത്തലത്തില്‍ പൊതുചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും മുന്നോട്ടുപോകുന്നതിനുമായാണ് പരിഗണിക്കുന്നത്.