മലയാളികള്‍ക്ക് അഭിമാനം; അബ്ദുല്‍ ലത്തീഫ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക്


ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒസിസിഐ) ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിദേശി പ്രതിനിധിയായി ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പകുതിയില്‍ അധികം വോട്ട് നേടിയാണ് അബ്ദുല്‍ ലത്തീഫിന്റെ വിജയം. ഒൻപതു വിദേശികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര്‍ മലയാളികളായിരുന്നു.

രാവിലെ എട്ടു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടു വരെ തുടര്‍ന്നു. ഇലക്ട്രോണിക് വോട്ടിങ് രീതിയാണു പോളിങ് രേഖപ്പടുത്താൻ ഒരുക്കിയിരുന്നത്. മസ്‌കത്തിലെ ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്റര്‍, ദോഫാറിലെ സുല്‍ത്താന്‍ ഖാബൂസ് കോംപ്ലക്സ് ഫോര്‍ കള്‍ച്ചര്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് കേന്ദ്രം, മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ്, ദിബ്ബ വിലായത്തുകളിലെ ഒസിസിഐ ആസ്ഥാനം, മറ്റു ഗവര്‍ണറേറ്റകുളില്‍ ഒസിസിഐയുടെ ഭരണ ആസ്ഥാനത്തുമായിരുന്നു വോട്ട് രേഖപ്പെടുത്താനായി സൗകര്യം ഒരുക്കിയിരുന്നത്.

നാല് ഇന്ത്യക്കാരടക്കം 122 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യമായാണ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിലേക്ക് വിദേശികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വിഎംഎ ഹകീം, സാമൂഹിക പ്രവര്‍ത്തകനായ സുഹാര്‍ ഷിപ്പിംഗ് മാനേജിങ് ഡയറക്ടര്‍ അബ്രഹാം രാജു എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്ന മലയാളികള്‍.

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനം നല്‍കുന്ന ഒന്നാണെന്നും രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും അബ്ദുല്‍ ലത്തീഫ ഉപ്പള പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഗണനീയമായ പങ്കാളിയാകുന്നതിനു പുറമെ, പ്രവാസി വ്യവസായ സമൂഹത്തെ ക്രിയാത്മക രീതിയില്‍ പിന്തുണക്കുകയെന്ന ഉത്തരവാദിത്വവും അവസരവുമാണ് ഒസിസിഐ ഗവേണിങ് ബോഡി അംഗത്വത്തിലൂടെ കരഗതമാകുന്നത്. ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും സുല്‍ത്താന്റെ വിഷന്‍ 2040ന്റെ അവിഭാജ്യ ഭഗമായി പ്രവാസി വ്യവസായ സമൂഹത്തെ മാറ്റാനുള്ള പ്രവര്‍ത്തനം നടത്തുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

സുല്‍ത്താനേറ്റിലെ വ്യവസായ- സാമൂഹിക സേവന, സാന്ത്വന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്‍ ലത്തീഫിനെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതില്ലാത്ത വ്യക്തിത്വമാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ- പരിചരണ കേന്ദ്രമായ ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ യാത്ര, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം, ചില്ലറ വില്‍പ്പന രംഗം, ഹോസ്പിറ്റിലാറ്റി തുടങ്ങിയ വ്യവസായ മേഖലകളിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.

സ്വദേശമായ ഇന്ത്യയിലും ബഹ്‌റൈനിലും കുവൈത്തിലും യുഎഇയിലും സൗദി അറേബ്യയിലുമെല്ലാം ബദര്‍ അല്‍ സമായുടെ സാന്നിധ്യമുണ്ട്. തന്റെ പ്രിയ മാതാവിന്റെ സ്മരണയില്‍ ഐശാല്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ച് സാമൂഹിക- ജനസേവന മേഖലയില്‍ വ്യാപൃതനാണ് അദ്ദേഹം.

article-image

AAA

You might also like

Most Viewed