മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന; 24 മണിക്കൂറിനകം വിമതർ മടങ്ങിയെത്തണമെന്ന് സഞ്ജയ് റാവത്ത്


മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന. എല്ലാം എംഎൽഎമാരും ആവശ്യപ്പെട്ടാൽ സഖ്യം വിടാമെന്ന് ശിവസേനവക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. ഗുവാഹത്തിയിൽ നിന്നും തിരിച്ചെത്തണം. ഉദ്ധവ് താക്കറെ ചർച്ചയ്ക്ക് തയ്യാറാണെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.

എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ഇതാണെങ്കിൽ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിർദേശം. ആവശ്യങ്ങളുന്നയിക്കേണ്ടത് ഗുവാഹത്തിയിൽ നിന്നല്ല. വിമത എംഎൽഎമാർ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. എന്നാലിക്കാര്യത്തിൽ വിമതർ മറുപടി നൽകിയിട്ടില്ല.

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇരട്ടി പ്രഹരമാണുണ്ടാകാൻ പോകുന്നത്. മുഖ്യമന്ത്രി പദം നഷ്ടമാകുന്നതിനൊപ്പം പാർട്ടിയും വിമതർ പിടിച്ചെടുക്കുന്ന അവസ്ഥയിലാണ് ശിവസേന തലവൻ. 38 എംഎൽഎമാർ ഒപ്പം ചേർന്നതോടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഏകനാഥ് ഷിൻഡേയും കൂട്ടരും നീക്കം തുടങ്ങി. ആകെ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഷിൻഡേ വിഡിയോ പുറത്തുവിട്ടു.

അതേസമയം അഗാഡി സഖ്യം വിട്ടാലും ഭാവി തീരുമാനമെന്താണെന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശിവസേന തയ്യാറാവുമോ അല്ലെങ്കിൽ വിമതരെ തിരിച്ചെത്തിച്ച ശേഷം അനുനയിപ്പിച്ച് മറ്റെന്തെങ്കിലും നിർദേശങ്ങൾ മുന്നോട്ടുവെക്കുമോ എന്നതും വ്യക്തമല്ല. കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയതോടെ ശിവസേന ബാൽതാക്കറെയുടെ ഹിന്ദുത്വ അജണ്ടകൾ ഇല്ലാതാക്കിയെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ നേരത്തെ ആരോപിച്ചിരുന്നു.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed