ജർമ്മൻ ജനത പോളിംഗ് ബൂത്തിലേക്ക്


ബെർലിൻ: പുതിയ സർക്കാരിനെ തെരഞ്ഞെടുക്കാനായി ജർമൻ ജനത ഇന്നു വോട്ടു ചെയ്യും. ഏതു പാർട്ടി ജയിക്കുമെന്നോ, ആര് ചാൻസലറാകുമെന്നോ വ്യക്തതയില്ലാത്ത തെരഞ്ഞെടുപ്പാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു. 16 വർഷമായി നാലുവട്ടം ചാൻസലറായിരുന്ന ആംഗല മെർക്കൽ ഇനിയൊരൂഴത്തിനില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മെർക്കലിന്‍റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി(സിഡിയു), ബവേറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സഹോദര പാർട്ടിയായ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ(സിഎസ്‌യു), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി(എസ്പിഡി) എന്നിവരുടെ സഖ്യസർക്കാരാണ് നിലവിലുള്ളത്. അഭിപ്രായ സർവേകളിൽ സിഡിയുവും എസ്പിഡിയും ഒപ്പത്തിനൊപ്പമാണ്. 

മെർക്കലിന്‍റെ പിൻഗാമിയായി പാർട്ടി തെരഞ്ഞെടുത്തിരിക്കുന്ന അർമിൻ ലാഷെറ്റിനുമേൽ, എസ്പിഡി നേതാവും ധനമന്ത്രിയുമായ ഒലാഫ് ഷോൾസിനു മേൽക്കൈ ഉണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിനില്ലെന്നു നേരത്തേ പറഞ്ഞ മെർക്കൽ, അഭിപ്രായ സർവേകളിൽ പാർട്ടി പിന്നോട്ടു പോയ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസങ്ങളിൽ  റാലികളിൽ പങ്കെടുത്തു. ജർമൻ പാർലമെന്‍റായ ബുണ്ടസ്റ്റാഗിലെ 598 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാത്രിയോടെ ലീഡ് നില വ്യക്തമാകും. കേവല ഭൂരിപക്ഷം ആർക്കും ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ അടുത്ത ചാൻസലർ ആരെന്നറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരാം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed