മരുന്ന്


ലോകപ്രശസ്തമായ ഫോർ‍ബ്സ് മാഗസിൻ‍ പ്രസിദ്ധീകരിച്ച ഇന്ത്യൻ കോടീശ്വരന്മാരുടെ പട്ടികയിൽ‍ ഒന്നാമതുള്ളത് അതിപ്രശസ്ത ഇന്ത്യൻ‍ ബ്രാൻ‍ഡായ റിലയൻ‍സിന്‍റെ നായകൻ‍ മുകേഷ് അംബാനിയാണ്. ഈ പട്ടികയിലെ രണ്ടാമൻ പക്ഷേ അംബാനിയെപ്പോലെ അത്ര പ്രസിദ്ധനല്ല. ഫാർ‍മസ്യൂട്ടിക്കൽ‍ ബിസിനസ് രംഗത്തെ വന്പന്മാരായ സൺ ഫാർ‍മയുടെ തലവൻ‍ ദിലീപ് സാംഘ്്വിയാണ് ആ അതിസന്പന്നൻ‍. ഒരുലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം കോടി രൂപയുടെ ആസ്തിയാണ് ദിലീപ് സാംഘ്്വിയുടെ സ്ഥാപനങ്ങൾക്ക് ഇപ്പോഴുള്ളത്. ലളിതമായിപ്പറഞ്ഞാൽ‍ ഭാരതീയരെ മരുന്നു തീറ്റിച്ചു മാത്രം നേടിയതാണ് ഈ വലിയ സന്പത്ത്.

ചില കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ പറഞ്ഞാലാണ് എളുപ്പത്തിൽ‍ മനസ്സിലാവുക. അതുകൊണ്ടാണ് മരുന്നു വ്യാപാരമുണ്ടാക്കുന്ന അത്ഭുതകരമായ സന്പന്നതയെക്കുറിച്ച് നേരേ പരാമർ‍ശിച്ചത്. മരുന്ന് മനുഷ്യന്‍റെ ആരോഗ്യവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അതാവട്ടെ നമ്മുടെ ആയുസ്സുമായും. വർ‍ണ്ണ വർ‍ഗ്ഗ ഭാഷാ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആയുസ്സിനെക്കുറിച്ച് ആശങ്കപ്പെടുന്നവർ‍ക്ക് ഭൂരിപക്ഷമുള്ളതാണ് നമ്മൾ അധിവസിക്കുന്ന ഈ ലോകം. ഇവിടെ ആരോഗ്യം നിലനിർ‍ത്താനും ആയുസ്സു നീട്ടിക്കിട്ടാനുമുള്ള പ്രധാന ഉപാധി മരുന്നാണ്. ചിട്ടയായ ജീവിതം നയിക്കാത്തതുകൊണ്ടും പ്രകൃതിയെ വേണ്ടപോലെ സംരക്ഷിക്കാത്തതുകൊണ്ടുമൊക്കെയാണ് രോഗങ്ങൾ നമ്മുടെയൊക്കെ ജീവിതങ്ങളിലേക്കു കടന്നു വരുന്നതെന്നും നമ്മുടെയൊക്കെ ആയുസ്സു കരണ്ടെടുക്കുന്നതെന്നും ഒക്കെയുള്ള സത്യങ്ങൾ വിസ്മരിച്ചാണ് മരുന്നുകൾക്കു പിന്നാലെ നമ്മളൊക്കെ കുതിച്ചു പായുന്നത്. ഇതാണ് ലോകമൊട്ടാകെയുള്ള മരുന്നുത്പാദകരെയും വിപണനക്കാരെയും നാൾക്കുനാൾ സന്പന്നന്മാരും അതിസന്പന്നരും സഹസ്രകോടീശ്വരന്മാരുമൊക്കെയാക്കി മാറ്റുന്നത്.   

ഇതിനർ‍ത്ഥം ഈ വിഭാഗക്കാർ‍ മനുഷ്യ കുലത്തെ കൊള്ളചെയ്യുന്നു എന്നൊന്നുമല്ല. യഥാർ‍ത്ഥത്തിൽ‍ മരുന്നുത്പാദകരും വിതരണക്കാരും മെഡിക്കൽ‍ സ്റ്റോറുകാരും ഒക്കെച്ചേർ‍ന്നു ചെയ്യുന്നത് മഹത്തായ കർ‍മ്മം തന്നെയാണ്.  അവധി ദിനങ്ങളിലും അർ‍ദ്ധരാത്രിക്കുമൊക്കെ മരുന്നുകടകൾ തുറന്നുവച്ച് സമൂഹത്തിന് അവർ‍ നൽ‍കുന്ന സേവനം ഒരിക്കലും മറക്കാവുന്നതല്ല. ഈ സാമൂഹ്യ പ്രതിബദ്ധതയും സേവന തൽ‍പ്പരതയും പ്രകടമാക്കുന്നതാണ് മരുന്നു വിതരണക്കാർ‍ നാളെ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപകമായ കടയടപ്പ് എന്നു പക്ഷേ കരുതാനുമാവില്ല. ഓൺ ലൈൻ‍ മരുന്നു വ്യാപാരത്തിന് സർ‍ക്കാർ‍ അംഗീകാരം നൽ‍കുന്നതിനെതിരെയാണ് സംഘടന സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡോക്ടർ‍മാരുടെ കുറിപ്പില്ലാതെ ഏതുമരുന്നും യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ‍ അത് അപകടകരമാണ്, ഓൺലൈൻ‍ വ്യാപാരം മൂലം സർ‍ക്കാരിനു ലഭിക്കുന്ന നികുതിയിൽ‍ വലിയ ഇടിവുണ്ടാക്കും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാളത്തെ സമരം. 

ഇതുരണ്ടും തികച്ചും ന്യായമായ കാര്യങ്ങൾ തന്നെയാണ്. എന്നാൽ‍ ഒന്നു പരിശോധിച്ചാൽ‍ ഓൺ ലൈൻ‍ വ്യാപാരം അംഗീകരിക്കപ്പെടും മുന്പും രാജ്യത്തെ സ്ഥിതി ഇതിലും മെച്ചമൊന്നുമല്ല എന്നു നമുക്കു മനസിലാക്കാം. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും സ്ഥിതി ഇതൊക്കെത്തന്നെയാണ്. ആവശ്യമുള്ളവന് അൽ‍പ്പം സ്വാധീനമുണ്ടങ്കിൽ‍ നമ്മുടെ സംസ്ഥാനത്ത് ഏതു മരുന്നിനും കുറിപ്പടിക്കും ഇന്നു പഞ്ഞമില്ല. രണ്ടാമത്തെക്കാര്യം വിൽ‍പ്പന നികുതിയാണ്. ഭുരിപക്ഷം മരുന്നു കടകളിലും ഇപ്പോൾ തന്നെ ആവശ്യക്കാർ‍ക്കു മാത്രമാണ് ബില്ലു ലഭിക്കുക. ബില്ലില്ലാതെ നടക്കുന്ന ഇടപാടുകൾക്കുള്ള നികുതി സർ‍ക്കാരിനു ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല.  

സംസ്ഥാനത്ത് ഇംഗ്ലീഷ് മരുന്നുകളുടെ വിലസംബന്ധിച്ച സുതാര്യത ഇല്ല എന്നകാര്യം ഒരു രഹസ്യമല്ല. രോഗം മാറണം എന്ന ഒറ്റ വ്യവസ്ഥയിൽ‍ എന്തു വിഷവും ഏതു വിലയ്ക്കും വാങ്ങിത്തിന്നാൻ‍ നമ്മൾ തയ്യാറാണ്. മരുന്നു നിർ‍മ്മാതാക്കളും വിതരണക്കാരും ആ സാഹചര്യവും സാദ്ധ്യതയും വർ‍ഷങ്ങളായി മുതലെടുത്തുകൊണ്ടിരിക്കുകയാണ്.  ഡോക്ടർ‍മാരിലെ ഒരുവിഭാഗവും മരുന്നുകച്ചവടക്കാരും തമ്മിലുള്ള വഴിവിട്ട ഇടപാടുകൾ ഇതിന്‍റെ ഭാഗമാണ്. ജീവൻ‍ രക്ഷാ മരുന്നുകളുടെ വില തങ്ങൾക്കിഷ്ടമുള്ള പ്രകാരം കൂട്ടിയുള്ള പകൽ‍ക്കൊള്ള വേറെയും. സർ‍ക്കാർ‍ ഉടമസ്ഥതയിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലുമുള്ള മരുന്നു വിപണനശാലകൾ പ്രവർ‍ത്തനമാരംഭിച്ചതോടെയാണ് ഈ സ്ഥിതിക്ക് അൽപമെങ്കിലും മാറ്റമുണ്ടായിത്തുടങ്ങിയത്. മരുന്നുൽ‍പ്പാദനത്തിൽ‍ പല കന്പനികളും ഗുണനിലവാരം പുലർ‍ത്തുന്നില്ല എന്ന ആരോപണവും ശക്തമാണ്.    

ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളിൽ‍ രാജ്യത്തെ മരുന്നു വിതരണക്കാർ‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കു യഥാർ‍ത്ഥത്തിൽ‍ പകൽ‍ക്കൊള്ള തുടരാനുള്ള അവകാശത്തിനു വേണ്ടി മാത്രമുള്ളതാണ് എന്നു വിലയിരുത്തേണ്ടി വരും. ആരോഗ്യവും പൗരന്‍റെ മൗലികാവമാശമാക്കി അതു സംരക്ഷിക്കാനുള്ള മരുന്നു നിർ‍മ്മാണ വിതരണ രംഗങ്ങളിൽ‍ സർ‍ക്കാർ‍ നേരിട്ട് ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

You might also like

Most Viewed