പേപ്പട്ടികളെ എന്തുചെയ്യണം


പണ്ട് ചെന്നൈയിൽ ഒരു ആംഗലേയ ദ്വൈവാരികയിൽ പണിചെയ്യുന്ന കാലം. പ്രസിദ്ധീകരണം പ്രസ്സിലേക്ക് അയക്കും മുന്പുള്ള 24 മണിക്കൂർ നേരം ഞങ്ങൾ മൂന്നംഗ സംഘം തുടർച്ചയായ ജോലിത്തിരക്കിലാകും. അവസാനം പണിയൊക്കെ തീർത്ത് അത് സീഡിയിൽ കോപ്പി ചെയ്ത് ഭദ്രമാക്കി കഴിയുന്പോൾ മണി പാതിരാത്രിയും കഴിഞ്ഞ് ഒന്നും രണ്ടുമൊക്കെയാവും. പിന്നെ സുഡു സൂഡാ ഓരോ ‘ടീ’യും അടിച്ച് ആവാസ സ്ഥലമായ ടീ നഗറിലേക്ക്.

കല്യാൺ‍ രാമനാഥനെന്ന സഹപത്രപ്രവർ‍ത്തകന്റെ ടീ.വീ.എസ് മോപ്പഡിലാണ് യാത്ര. കല്യാണിന്റെ വണ്ടിയിൽ നിന്നിറങ്ങിയാൽ തനിച്ച് ഒരൽപം നടപ്പുണ്ട് റൂമിലേക്ക്. ആളനക്കമില്ലാത്ത ഇടവഴിയിൽ വഴി വിളക്കിന്റെ വെളിച്ചം. ഉറക്കച്ചടവോടെ നടന്നു പാതിവഴിയിലെത്തിയപ്പോൾ വഴിമുടക്കി ഒരു കറുത്ത രൂപം. പച്ച മലയാളത്തിൽ പറഞ്ഞാൽ‍ അകവാള് വെട്ടി. അന്ന് ടീ നഗറിനെ വിറപ്പിച്ചിരുന്ന, സ്ഥലവാസികൾക്ക് പേടിസ്വപ്നമായ തെരുവുനായ. അതിനടുത്ത ദിവസം ദ ഹിന്ദുവിൽ കക്ഷിയെക്കുറിച്ച് വാർ‍ത്ത വന്നിരുന്നു. അതുവരെ കടിച്ചു മാരകമായി പരിക്കേൽപ്പിച്ചത് ഇരുപതോളം ആൾക്കാരെ. പട്ടി പിടുത്തക്കാരും അവനെ പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്ന അവസ്ഥ. നായയെ വെടിെവച്ചു കൊല്ലണമെന്നും ആവശ്യമുയർന്നു. ആ പാവത്താനാണ് ഇരുളിൽ പല്ലിളിച്ചു കൊണ്ട് തൊട്ടു മുന്നിൽ‍ നിൽക്കുന്നത്. ആ ജന്തുവിന്റെ മുരൾച്ച മനസ്സും ശരീരവും മരവിപ്പിച്ചു. നൈസർ‍ഗ്ഗീക ചേതന അപകടം ഉറപ്പിച്ചു.

ഞാനും നായയും പരസ്പരം കണ്ണിൽ‍ നോക്കി അനങ്ങാതുള്ള നിൽപ്പാണ്. ഓടി രക്ഷപ്പെടാനാവില്ല. ഓടിക്കയറാൻ മറ്റിടങ്ങളുമില്ല. കയ്യിൽ‍ ഒരു വണ്ടിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. നാട്ടിൽ‍ മാന്യമായി ജീവിക്കേണ്ട ഞാൻ. ചെന്നൈ മഹാ നഗരത്തിലെ ഒരു സാധാരണക്കാരന്റെ അരക്ഷിതാവസ്ഥ. സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിൽ അതി നിസാരനായ ഒരു നായയിൽ നിന്ന് പോലും പൗരനു സംരക്ഷണം കിട്ടാത്ത ദുരവസ്ഥ. എത്ര പരിതാപകരമാണ് നമ്മുടെ അവസ്ഥ. അതും ഒരു മാധ്യമ പ്രവർ‍ത്തകന്റെ പരിതോവസ്ഥ. ദേഷ്യം സിരകളിൽ ഇരച്ചു കയറാൻ ചിന്തയുടെ ഈ മിന്നലാട്ടങ്ങൾ ധാരാളമായിരുന്നു. ഭീതിയുടെ ചെറു കണികകൾ പോലും എന്നിൽ നിന്നും ഓടിയൊളിച്ചു.

ഒരു തെരുവുനായയുടെ ഭീഷണിപോലും പ്രതിരോധിക്കാനാവാത്ത മാധ്യമ പ്രവർത്തകന് സമൂഹത്തിൽ എങ്ങനെ മാറ്റത്തിന്റെ വിത്ത് വിതയ്ക്കാനാകും? എങ്ങനെ സമൂഹത്തെ നല്ല വഴിക്ക് നയിക്കാനാകും. എനിക്കാദ്യമുണ്ടായ ഭയം ആത്മ നിന്ദയ്ക്ക് പോലും കാരണമായി. എന്റെ വഴി മുടക്കാൻ ഒരു നായ. അതും ആർക്കും വേണ്ടാത്ത ഒരു തെരുവുനായ. സകല ദേഷ്യങ്ങളും അലർ‍ച്ചയുടെ രൂപത്തിലുള്ള അസഭ്യ വർഷമായി പുറത്ത് വന്നു. നിമിഷാർദ്ധം കൊണ്ട് നായ അപ്രത്യക്ഷനായി. ക്ഷീണിതനായ ഞാൻ റൂമിലേയ്ക്കും പോയി. ഭൂമി മലയാളത്തിൽ വർ‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യമാണ് ഈ പഴയ കഥ മനസ്സിലേക്ക് എത്തിച്ചത്. ആക്രമിക്കാൻ വരുന്ന നായ്ക്കളോടെല്ലാം മലയാളത്തിലുള്ള തെറി എപ്പോഴും ഏൽക്കണമെന്നില്ല. എല്ലാ നായകളും മലയാളം അറിയാവുന്നവ ആവണമെന്നില്ലല്ലോ. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല എന്നും ചൊല്ലുണ്ട്. അതുകൊണ്ടു കൂടി നാവു കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാം എന്ന് ഞാനും കരുതുന്നില്ല. ഇവിടെ യുക്തി പൂർണ്ണമായ പ്രവർത്തനമാണ് ആവശ്യം.

ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ട ഇടമല്ല. പക്ഷെ മനുഷ്യന് ഭയരഹിതമായി കഴിയാനുള്ള അവകാശം നിഷേധിക്കാൻ ആർ‍ക്കും കഴിയുകയുമില്ല. അങ്ങനെയുള്ള സാഹചര്യം ഉറപ്പാക്കാനുള്ള ബാദ്ധ്യത നമ്മുടെ ഭരണകൂടങ്ങൾക്കുണ്ട്. നമ്മുടെ ഭരണകൂടങ്ങൾ പക്ഷെ അവയിൽ‍ നിക്ഷിപ്തമായ ബാദ്ധ്യതകൾ ഏറെയൊന്നും പാലിച്ചു കാണാറില്ല. ഈ സാഹചര്യത്തിൽ നായശല്യം പോലെയുള്ള കാര്യങ്ങളിൽ ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള നടപടികളിൽ നമ്മൾ വിശ്വാസമർപ്പിക്കേണ്ടി വരും. ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള തെരുവുനായ നിയന്ത്രണത്തിന് മേനക ഗാന്ധിയെ പോലെയുള്ള മൃഗ സ്നേഹ ഉപഭോക്താക്കളുടെ എതിർപ്പ് ഉണ്ടായേക്കാം. എന്നാൽ പ്രാദേശിക സുരക്ഷയുടെ പേരിൽ അതിനെ ഫലപ്രദമായി നേരിടാൻ നമുക്കാവണം.

നായശല്യം നമ്മുടെ പ്രതിസന്ധികളിൽ പരമ പ്രധാനമൊന്നുമല്ല. നായശല്യം തീർത്തതു കൊണ്ട് മാത്രം നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാവുകയോ ഇവിടെ പാലും തേനുമൊക്കെ ഒഴുകുകയോ ഒന്നുമില്ല. ഇതിനൊരു മറുപുറം പക്ഷെ നമുക്ക് കാണാം. അഴിമതിയും ഗൂണ്ടായിസവും സ്വജന പക്ഷപാതവും കൈക്കൂലിയും ഉൾപ്പെടെയുള്ള വന്പൻ സ്രാവുകളെ വലയിൽ കുടുക്കുക നമുക്കാർക്കും എളുപ്പമല്ല. കോഴവാങ്ങിയവനും കൊടുത്തവനും കൂട്ടിക്കൊടുത്തവനും കൂടെക്കിടന്നവളുമൊക്കെ ഭൂമിമലയാളത്തിൽ സ്വൈര്യ വിഹാരം തുടരും. അതങ്ങനെ തന്നെ ആയ്ക്കോട്ടെ. അവരിൽ‍ പലരെയും തൊട്ടാൽ നമ്മുടെ അധികാര സമവാക്യങ്ങൾ തന്നെ തകർന്നടിയും. അതുകൊണ്ട് താരതമ്യേന ശക്തരായ ഇവരെ വിട്ട് മേനക ഗാന്ധിക്ക് (അപൂർവ്വം മറ്റു ചിലർക്കും) മാത്രം വേണ്ട തെരുവുനായ്ക്കളെയെങ്കിലും നിയന്ത്രിക്കാൻ‍ നമുക്കാവണം. അതിനു വേണ്ടി അധികാരികളുടെ സഹായം കാത്തു നിൽക്കുന്നത് തികച്ചും മൗഢ്യമാണ്, നിരർത്ഥകവും. തെരുവിലും സമൂഹത്തിലുമുള്ള പേപ്പട്ടികളെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പിനെ തന്നെ അത് ദോഷകരമായി ബാധിക്കുമെന്നുറപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed