പുസ്തകങ്ങൾ ടാബിലാക്കാം
ഔപചാരികമായി പ്രവേശനോത്സവം എന്ന പേര് ലഭിച്ചിട്ടില്ലായിരുന്നെങ്കിലും പണ്ടും സ്കൂൾ തുറക്കുന്ന ദിവസം ഒരുത്സവം തന്നെയായിരുന്നു. പുത്തൻ യൂണിഫോമും പുതിയ പുസ്തകങ്ങളുടെ മണവും ഒക്കെയായി ആകെയൊരു ബഹളം. പുതിയ പുസ്തകങ്ങൾ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരായ പല വിദ്യാർത്ഥികൾക്കും ആർഭാടമായിരുന്നു. വല്യപരീക്ഷ കഴിയുന്നതോടെ മിടുക്കന്മാരുടെയൊക്കെ പുസ്തകങ്ങൾ പലരും ബുക്ക് ചെയ്തു വെയ്ക്കും. അതെന്തായാലും ക്ലാസുകൾ തുടങ്ങും മുന്പ് എല്ലാ ക്ലാസിലും ആവശ്യക്കാർക്കൊക്കെ പുസ്തകങ്ങൾ ലഭിച്ചിരുന്നു. ജൂണിൽ ക്ലാസ് തുടങ്ങി ഒന്നോ രണ്ടോ ആഴ്ചക്കകം പുസ്തക വിതരണം പൂർത്തിയായിരിക്കും. അക്കാര്യ അദ്ധ്യാപകരും വിദ്യാത്ഥികളും ഒരേപോലെ ഉറപ്പാക്കിയിരുന്നു. കാരണം ഓണപ്പരീക്ഷക്കുള്ള തയ്യാറെടുപ്പ് അന്നൊക്കെ നേരത്തെ തുടങ്ങേണ്ടിയിരുന്നു. കാലക്രമത്തിൽ ഓണപ്പരീക്ഷയും തുടർന്നുള്ള ക്രിസ്മസ് പരീക്ഷയും അപ്രത്യക്ഷമായിരിക്കുന്നു. അവശേഷിക്കുന്നത് ഒരേയൊരു മധ്യകാല പരീക്ഷണം മാത്രം.
അത് ഒരു കണക്കിന് നന്നായി. കാരണം ഇത്തവണ പുസ്തക വിതരണം പൂർത്തിയാകാൻ ഓഗസ്റ്റ് വരെയെങ്കിലും സമയമെടുക്കും എന്നാണ് സൂചന. പരീക്ഷ നേരത്തേ ആയിരുന്നെങ്കിൽ അതിന് മുന്പ് പുസ്തകം ഒന്ന് ശരിക്കും കാണാൻ പോലും കുട്ടികൾക്ക് കഴിയുമായിരുന്നില്ല. വർഷങ്ങളായി തുടരുന്ന പുസ്തക ദൗർലഭ്യം ഇത്തവണയും നമ്മുടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒപ്പം രക്ഷിതാക്കൾക്കും തലവേദനയാവുകയാണ്. ഭൂമി മലയാളത്തിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാണെങ്കിലും പുസ്തകങ്ങൾ കൃത്യമായല്ല ഇത്തവണയും എത്തുന്നത്. പുസ്തക വിതരണം കൃത്യമായി നടപ്പാക്കാൻ ഓൺലൈൻ സൗകര്യം പോലും ഇത്തവണ നടപ്പാക്കിയിരുന്നു. ഇതിനായുള്ള ടെസ്റ്റ് ബുക്ക് ഇൻഡെന്റിംഗ് ജനുവരിയിൽ തന്നെ ആരംഭിച്ച് അടുത്തിടെ പൂർത്തിയായി. പക്ഷെ ഈ ഇൻഡെന്റിംഗ് ഇത്തവണ വില്ലനായെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാനത്ത് പലയിടങ്ങളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പല പുസ്തകങ്ങളും കിട്ടിയിട്ടില്ല. സാമൂഹ്യശാസ്ത്രം, കണക്ക്, ഹിന്ദി, അടിസ്ഥാന ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾക്കാണ് ദൗർലഭ്യം. ഈ കുറവ് പക്ഷെ അധികൃതർ പതിനൊന്നാം ക്ലാസിൽ തീർത്തിട്ടുണ്ട്. പതിനൊന്നിൽ പല പുസ്തകങ്ങളും ആവശ്യത്തിലധികം അടിച്ചു കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ കുട്ടികൾക്ക് ആവശ്യമുള്ളതിന്റെ അഞ്ച് ശതമാനം അധികം പുസ്തകങ്ങൾ അച്ചടിച്ചു വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞുവെന്ന് ഉത്തരവാദപ്പെട്ട ഒരാൾ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ഓരോ ക്ലാസിലേക്കും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം കണക്കു കൂട്ടിയതിൽ പിഴവ് വന്നു എന്ന കാര്യം വ്യക്തം. വർഷാ വർഷം തുടരുന്നതാണ് ഈ പുസ്തക ദൗർലഭ്യ പൊറാട്ടു നാടകം.
സംസ്ഥാനത്ത് കേരള സിലബസിൽ പഠിപ്പിക്കുന്ന പതിനാലായിരത്തി അഞ്ഞൂറോളം വിദ്യാലയങ്ങളാണ് ഉള്ളത്. 45 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ സ്കൂളുകളിലായി പഠിക്കുന്നു. എൽ.പി സ്കൂൾ വിഭാഗത്തിൽ പതിനാലക്ഷത്തിലധികവും യൂ.പിയിൽ പതിമൂന്നര ലക്ഷം വിദ്യാർത്ഥികളുമാണുള്ളത്. ഹൈസ്കൂളിൽ പതിമൂന്നര ലക്ഷവും ഹയർ സെക്കണ്ടറിയിലെ വിദ്യാർത്ഥികളുടെ എണ്ണം മൂന്നു ലക്ഷത്തിന് അടുത്തുമാണ്. ഇതിലിപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് പുസ്തകങ്ങൾ കിട്ടാതെ ഏറെ ബുദ്ധിമുട്ടുന്നത്.
ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഒരു വർഷത്തെ മുഴുവൻ പുസ്തകങ്ങൾക്കുമായി ഒരു വിദ്യാർത്ഥിക്കു ചെലവഴിക്കേണ്ടി വരുന്നത് ശരാശരി 1500 രൂപയാണ്. എട്ടാം ക്ലാസു മുതൽ മുകളിലേയ്ക്കുള്ള അഞ്ചു വർഷത്തെ സ്ഥിതിയും ഇതാണ്. അഞ്ചു വർഷം കൊണ്ട് ഒരാൾ മുടക്കേണ്ട തുക എങ്ങനെ പോയാലും അയ്യായിരത്തിൽ അധികമെത്തുന്നു. ഈ പണം മുടക്കിയിട്ടും പലർക്കും കൃത്യമായി പുസ്തകങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പഠനവും അവതാളത്തിലാവുന്നു. അധികൃതർ കാലികമായി ചിന്തിച്ചു പ്രവർത്തിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇന്ത്യയിൽ ഇപ്പോൾ തന്നെ പൊതു വിപണിയിൽ 3146 രൂപ മുതൽ മികച്ച ഇലക്ട്രോണിക് ടാബ്−ലെറ്റുകൾ ലഭ്യമാണ്. പുസ്തകങ്ങൾക്കു പകരം ഓരോ വിദ്യാർത്ഥിക്കും ഇലക്ട്രോണിക് ടാബ്−ലെറ്റുകൾ നൽകിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഇപ്പോൾ തന്നെ പാഠ പുസ്തകങ്ങളിലെ പലതും യൂണീ കോഡിൽ ലഭ്യമാണ്. ഓൺലൈനിൽ പുസ്തകങ്ങൾ ലഭ്യമാക്കി സ്കൂൾ അധികൃതർ ഓരോ ടാബിലും കോപ്പി ചെയ്ത് നൽകിയാൽ പഠനം കുറെക്കൂടി ഹൈടെക്കുമാകും. എടുക്കാനാവാത്ത ഭാരം ചുമന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് ചെറുതിലേ നാടുവേദന വരുന്നതും ഒഴിവാക്കാം. വിദ്യാഭ്യാസത്തിന്റെ പേരിൽ പാഴാക്കുന്ന കോടിക്കണക്കിന് രൂപയിൽ നിന്നും ഒരു ചെറിയ ഭാഗം സാന്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ടാബ് വാങ്ങാനുള്ള ധന സഹായമായി നൽകുക കൂടി ചെയ്‌താൽ സംഗതി പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
പുസ്തക അച്ചടിയിലൂടെയുണ്ടാകുന്ന കോടികളുടെ വഴിവിട്ടുള്ള വരുമാനം വേണ്ടെന്ന് വെയ്ക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുക കൂടിചെയ്താൽ നിസാരമായി സാധ്യമാകാവുന്നതെയുള്ളൂ ശാശ്വതമായ ഈ പ്രശ്ന പരിഹാരം.