അരുവിക്കരയോരം...
വി.ആർ. സത്യദേവ്
എല്ലാക്കണ്ണുകളും എല്ലാ കാതുകളും ഇനി അരുവിക്കരയിലേയ്ക്ക്. പ്രചാരണം ചൂട് പിടിക്കുകയാണ്. അതിനിടയ്ക്കാണ് സാക്ഷാൽ ശ്രീമാൻ മുഖ്യമന്ത്രി കുഞ്ഞൂഞ്ഞിന്റെ തമാശ. തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാവും എന്നാണ് മുഖ്യമന്ത്രി പറഞ്ഞു വെച്ചത്. ആ ചങ്കൂറ്റത്തെ ആദ്യമായി അഭിനന്ദിക്കാതെ വയ്യ. പ്രതി പക്ഷവും നിഷ്പക്ഷന്മാരും മാത്രമല്ല സ്വന്തം പക്ഷത്തെ വലിയൊരു വിഭാഗവും ഭരണത്തിനും അതുമായി ബന്ധപ്പെട്ട അഴിമതികൾക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ രൂക്ഷ വിമർശനങ്ങളുയർത്തുന്പോൾ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനല്ലാതെ ഇങ്ങനെയൊരു പ്രസ്താവന നടത്താനാവുമെന്ന് തോന്നുന്നില്ല. കൈവിട്ട കളിയാണ്. കിട്ടിയാൽ കിട്ടി. പോയാൽ പോയി. കിട്ടിയാൽ അതിന്റെ ക്രെഡിറ്റ് വേറെ എങ്ങും പോകേണ്ടെന്ന തന്ത്രമാണ് കുഞ്ഞൂഞ്ഞ് മുന്നേ പയറ്റിയിരിക്കുന്നത്. പയ്യൻ പുതിയ ആളാണ്. ഗ്രൂപ്പിന്റെ ആളായല്ല സ്ഥാനാർത്ഥിയാവുന്നത്. അതുകൊണ്ട് ജയിച്ചു വന്നാൽ കൂട്ടത്തിലിങ്ങു പോരുകയും ചെയ്യും.
കഴിഞ്ഞ കുറെക്കാലമായി അരുവിക്കര യു.ഡി.എഫിന്റെ ഉറച്ചമണ്ണാണ്. യു.ഡി.എഫിന്‍റേത് എന്നതിലുപരി ജി. കാർത്തികേയൻ എന്ന പ്രിയപ്പെട്ട നേതാവിനൊപ്പമായിരുന്നു അരുവിക്കര. അരുവിക്കര എന്ന് പേര് മാറും മുന്പുള്ള ആര്യനാട് മണ്ധലത്തിൽ തൊട്ടു തുടങ്ങുന്നതാണ് കാർത്തികേയനും ഈ മണ്ണുമായുള്ള ബന്ധം. 91 തൊട്ടിങ്ങോട്ട് അഞ്ചു തവണയാണ് ഈ മണ്ധലത്തിൽ നിന്നും കാർത്തികേയൻ നിയമസഭയിലെത്തിയത്. 91 ൽ കെ.പങ്കജാക്ഷനെ പരാജയപ്പെടുത്തിയായിരുന്നു ആര്യനാട്ടു ജി. കാർത്തികേയന്റെ ആദ്യ വിജയം. അന്നു തൊട്ടിങ്ങോട്ടിതുവരെ മണ്ധലം ജി.കെയ്ക്കൊപ്പം നിന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ അന്പലത്തറ ശ്രീധരൻ നായരെ 10674 വോട്ടുകൾക്കായിരുന്നു കാർത്തികേയൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഉപതിരഞ്ഞെടുപ്പു വന്നതോടെ ഇടതു പക്ഷത്തു നിന്നും ആർ.എസ്.പി യു.ഡി.എഫിലായി. ഇതോടെ സ്ഥാനാർത്ഥിത്വം മുന്നണിയിലെ വലിയേട്ടനു തന്നെ വന്നു ചേരുകയായിരുന്നു. പന്ന്യൻ മാറി കാനം വന്നിട്ടും സീറ്റ് ചോദിക്കാനും മൽസരിക്കാനുമുള്ള കരുത്ത് സി.പി.ഐക്കൊട്ട് ആയിട്ടുമില്ല. മണ്ധലത്തിൽ ആദ്യം പ്രചാരണമാരംഭിച്ച എം. വിജയകുമാർ മികച്ച സ്ഥാനാർത്ഥി തന്നെയാണ്. പരിചയ സന്പന്നൻ. മികച്ച നേതാവ്, മണ്ധലത്തിന് പരിചിതൻ എന്നിങ്ങനെയുള്ള ഘടകങ്ങളൊക്കെ വിജയകുമാറിന് വിജയം സമ്മാനിക്കുമെന്ന് സി.പി.എം കണക്കു കൂട്ടുന്നു. സ്പീക്കർ പദവിയിൽ ജി.കാർത്തികേയന്‍റെ മുൻഗാമിയായ വിജയകുമാറിന് മുന്പൊരിക്കൽ കാർത്തികേയനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതിന്റെ മേൽക്കയ്യുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇവിടെ യു.ഡി.എഫിനേക്കാൾ വോട്ടുകൾ നേടുകയും ചെയ്തിരുന്നു. 2011ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അരുവിത്തുറ മണ്ധലത്തിൽ ആറ്റിങ്ങൽ എം.പി സന്പത്ത് നാലായിരത്തി അഞ്ഞൂറിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരവും കൂടിയാവുന്പോൾ വിജയകുമാറിന്റെ വിജയത്തിൽ കുറഞ്ഞൊന്നും എൽ.ഡി.എഫ് സ്വപ്നം കാണുന്നില്ല.
സ്ഥാനാർത്ഥിയോ ജനപ്രതിനിധിയോ മരിച്ചാൽ അവരുടെ അനന്തരാവകാശിയെ തന്നെ രംഗത്തിറക്കി സഹതാപ വോട്ടുകൾ സ്വന്തമാക്കുകയെന്ന പതിവ് തന്ത്രം തന്നെയാണ് അരുവിക്കരയിലും കോൺഗ്രസ് പയറ്റുന്നത്. കാർത്തികേയന്‍റെ ഭാര്യ മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിന്നപ്പോൾ എന്നാൽ ആ മകൻ അല്ലെങ്കിൽ മറ്റേ മകൻ എന്ന രീതി പാർട്ടിയിൽ തന്നെ ഒരുപാട് വിരോധികളെ ഉണ്ടാക്കിക്കഴിഞ്ഞു. കുടുംബ വാഴ്ചയെന്ന രോഗത്തിൽ നിന്നും രക്ഷപ്പെടാൻ രാജ്യത്തെ പ്രധാന മതേതര പാർട്ടിക്ക് ഒരു താൽപ്പര്യവുമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നത് തന്നെയാണ് ശബരീനാഥിന്റെ സ്ഥാനാർത്ഥിത്വം. ഒപ്പം നിൽക്കേണ്ട കെ.എസ്.യു പോലും ശബരിക്കെതിരെ രംഗത്തിറങ്ങിയത് മോശം പ്രതിശ്ചായ സൃഷ്ടിച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ നായക സ്ഥാനത്തെത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.എസ്.യുക്കാരെ ഇത് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പല്ല എന്ന് പരിഹസിച്ചത് അപഹാസ്യവുമായി. അതേ സമയം ശബരിയുടെ യുവത്വവും ചുറുച്ചുറുക്കും മണ്ധലത്തിന് പ്രിയപ്പെട്ട ജി.കെയോടുള്ള സ്നേഹാദരങ്ങളും യു.ഡി.എഫിന് ഗുണകരമാവും.
പോരാട്ടം മുറുകുന്പോൾ ഇരു മുന്നണികൾക്കും ഭീഷണിയുയർത്തിക്കൊണ്ടാണ് ബി.ജെ.പിയുടെ സ്ഥിരം സ്ഥാനാർത്ഥി ഒ.രാജഗോപാലിന്റെ പ്രചാരണം. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പുകളിൽ സ്ഥിര സാന്നിധ്യമായി മാറിയ ഒ. രാജഗോപാലിനെ തന്നെ രംഗത്തിറക്കിയത് പാർട്ടിയിൽ കഴിവുള്ള മറ്റാരും ഇല്ലാത്തതിനാലാണ് എന്ന ആക്ഷേപം ഉയരാൻ കാരണമായിട്ടുണ്ട്. രാജേട്ടന്റെ പ്രായവും മറുപക്ഷം ആയുധമാക്കുന്നു. എന്നാൽ കേവലം സാന്നിധ്യത്തിനപ്പുറം വിജയം തന്നെ ലക്ഷ്യം വെച്ചാണ് മണ്ധലത്തിൽ ബി.ജെ.പിയുടെ പ്രവർത്തനം. മോഡി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ രാജേട്ടൻ പ്രകടനം മെച്ചപ്പെടുത്തുന്നതും പാർട്ടിക്ക് ആത്മ വിശ്വാസം പകരുന്നു. മണ്ധലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 7500 നടുത്തായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് ഇരട്ടിയോളമായി. അംഗത്വ വിതരണ പരിപാടിയിലൂടെ പുതുതായെത്തിയ 20000 പേർ കൂടിയാവുന്പോൾ മണ്ധലം ഇത്തവണ മാറി ചിന്തിക്കുമെന്ന് തന്നെ അവർ കണക്കു കൂട്ടുന്നു.
ഭരണം വിലയിരുത്തപ്പെടും എങ്കിലും മറ്റു പല ഘടകങ്ങളും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാതി മത സാധ്യതകൾക്കപ്പുറം രാഷ്ട്രീയവിഷയങ്ങൾ തന്നെയാവും വിജയത്തെ സ്വാധീനിക്കുക. പ്രചാരണത്തിൽ മുന്നാക്കം നേടിയെങ്കിലും വി.എസ്സിന്റെ ഉടക്ക് ഇടതു സ്ഥാനാർത്ഥിക്ക് തലവേദനയാവും.
ആരു ജയിച്ചാലും ആരു തോറ്റാലും കോരന് കഞ്ഞി (കിട്ടിയാൽ) കുന്പിളിൽ തന്നെ എന്ന സ്ഥിതിക്ക് മാത്രം മാറ്റമുണ്ടാകില്ല എന്ന് നൂറു ശതമാനം ഉറപ്പ്.