ഒരു വർഷം ഭാരതത്തോട് പറയുന്നത്
മോഡി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ മലയാളത്തിന്റെ ഏറ്റവും പഴയ പത്രങ്ങളിലൊന്നു നിർദ്ദേശിക്കുന്നത് സർക്കാർ പ്രതീക്ഷക്കൊത്തുയരാൻ ഇനി വൈകരുത് എന്നാണ്. പ്രതീക്ഷക്കൊത്ത് ഇതുവരെ ഉയർന്നില്ല എന്ന് തലക്കെട്ടിൽ തന്നെ വ്യക്തം. നീണ്ട 9 വർഷം ഭരിച്ച ഒരു സർക്കാരിന്റെ ഭരണ മികവു കൊണ്ട് നമ്മുടെ ഭരണ വ്യവസ്ഥിതിയിൽ തന്നെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന ഒരു ജനതക്ക് ഒരു കൊല്ലം മുമ്പ് എന്തായിരുന്നു പ്രതീക്ഷിക്കാനുണ്ടായിരുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സ്വാര്‍ത്ഥ താൽപ്പര്യങ്ങളുടെ മുത്തശ്ശിപ്പത്രങ്ങൾ കാട്ടുന്ന പതിവ് തന്ത്രമൊന്നുണ്ട്. കാര്യങ്ങളൊക്കെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു വളച്ചൊടിച്ച് സത്യമെന്ന രീതിയിലങ്ങു പ്രസ്താവിക്കുക. അങ്ങനെ നടത്തുന്ന പ്രസ്താവനകളിൽ നമുക്ക് വ്യക്തമായറിയാവുന്ന സത്യങ്ങള്‍ പോലും തമസ്കരിക്കപ്പെട്ടിരിക്കും. രാഷ്ട്രീയത്തിലും നമ്മുടെ ഭരണ സംവിധാനങ്ങളിലും നിന്ന് യു.പി എ സർക്കാരിന്റെ കാലത്ത് ഒരു സാധാരണ ഭാരതീയൻ പ്രതീക്ഷിച്ചിരുന്നത് എണ്ണാനാവാത്തത്ര കോടികളുടെ പുത്തൻ അഴിമതിക്കഥകൾ മാത്രമായിരുന്നു എന്ന കാര്യം 365 ദിനരാത്രങ്ങൾ കൊണ്ട് വായനക്കാരെല്ലാം മറന്നു പോകുമെന്ന് പരിചയ സമ്പന്നയായ ഒരു പത്രം കരുതിപ്പോയി.
ഒരു വർഷത്തിനു മുമ്പുള്ള ഒമ്പത് വർഷം ഭാരതം വാണത് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ജനവിധി തേടാത്ത ഒരു ഭരണാധികാരിയായിരുന്നു. തന്റെ ഭരണത്തിന്റെ ആദ്യ മൂന്നു കൊല്ലത്തിനിടെ അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചത് ഒരൊറ്റ തതവണ മാത്രമായിരുന്നു. അന്ന് അദ്ദേഹം തുറന്നു സമ്മതിച്ചത് ഭരണമുന്നണിയുടെ നായികയായ മദാമ്മക്ക് തന്റെ സർക്കാരിൽ വലിയ സ്വാധീനമുണ്ട് എന്നായിരുന്നു. അതുപക്ഷെ തന്റെ സർക്കാരിന്റെ ബലമാണ് എന്നും ആ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേര്‍ത്തതായാണ് പഴയ ഓർമ്മ. ചിലയിടത്ത് മുളച്ച ആല് ചിലര്‍ക്കു തണലാകുന്ന കഥയാണ് ഇതുണർത്തുന്നത്.
നായകൻറെ ജനാധിപത്യ രാഹിത്യവും ദൗർബല്യവും മൻമോഹൻ സര്ക്കാരിന്റെ വാഴ്ചക്കാലത്ത് എണ്ണമില്ലാത്തത്ര അഴിമതികൾക്കു വഴിവച്ചു .
ആ കഥകൾ അക്കമിട്ട് ഒോര്‍ത്തെടുത്താൽ ഇന്നും ഞെട്ടൽ മാറില്ല. 194 കൽക്കരിപ്പാടങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയായിരുന്നു മൻമോഹൻ സർക്കാരിന്റെ അഴിമതിപ്പട്ടികയിലെ ഒന്നാമൻ. ഒരു അഴിമതിയുമായി ബന്ധപ്പെട്ട് 1,00,00,00,00,00,000 ( പത്തു ലക്ഷം കോടി ) എന്ന തുക നമുക്ക് കേൾക്കാനുള്ള അവസരം ഒരുക്കിതന്നത് കഴിഞ്ഞ സർക്കാരായിരുന്നു. ഒടുക്കം നമ്മുടെ ഭാഗ്യത്തിന് കറക്കിക്കുത്തി സി.എ .ജി അത് 1.86 ലക്ഷം കോടിയാക്കി കുറച്ചു കണക്കാക്കി തന്നു. അടുത്തത് നമ്മുടെ അയല്‍ നാട്ടുകാരായ ഡി.എം.കെ മന്ത്രിമാര്‍ക്കും നേതാക്കൾക്കും മേല്‍ക്കയ്യുള്ള ടു- ജി സ്പെക്ട്രം ഇടപാടാണ്. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി.
3600 കോടി രൂപയുടെ ഹെലികോപ്ടർ ഇടപാടിൽ പ്രതിസ്ഥാനത്ത് മുന്‍ എയര്‍ ചീഫ് മാർഷൽ എസ്. പി ത്യാഗിയായിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ രാജിഭീഷണി മുഴക്കുകയും രാജി വയ്ക്കുകയും ഒക്കെ ചെയ്തിട്ടുള്ള പ്രതിരോധമന്ത്രി അന്ന് പക്ഷെ ഇതിന്റെ പേരില്‍ രാജിയെക്കുറിച്ച് ആലോചിച്ചതായി പോലും കേട്ടുകേൾവിയില്ല. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട 14 കോടിയുടെ ടെട്ര ട്രക്ക് വിവാദം, പ്രതിരോധ വകുപ്പിന്റെ സ്ഥലത്ത് ഉദ്യോഗസ്ഥ പ്രമുഖര്‍ക്കായി കിടപ്പാടമൊരുക്കിയ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം തുടങ്ങിയവ ഉണ്ടായപ്പോഴും എ.കെ മിസൈൽ ധാര്‍മ്മിക ബാധ്യതയെക്കുറിച്ചു ചിന്തിച്ചതേയില്ല.
പ്രമുഖ നേതാവ് സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിൽ നടന്ന 90 കോടിയുടെ കോമണ്‍ വെൽത്ത് അഴിമതിയും മറക്കാനാവില്ല. സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ അന്നത്തെ ബി.ജെ.പി അംഗങ്ങളായ അശോക് അർഗാൾ, ഫഗ്ഗാൻ സിംഗ് കുലസ്തെ, മഹാവീര്‍ ഭാഗോട എന്നിവര്‍ക്ക് ഭരണ മുന്നണി നേതൃത്വം ഒരുകോടി നല്‍കിയ കേസും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അന്നത്തെ രാജ്യ സഭാ എം.പി അമർ സിംഗിന്റെ വീട്ടിൽ വച്ചു കൈമാറിയ തുക അംഗങ്ങൾ സഭയിൽ ഉയർത്തിക്കാട്ടുകയായിരുന്നു.
മോഡി സർക്കാരിന്റെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പട്ടിക തീര്‍ച്ചയായും നമ്മൾ പരിശോധിക്കുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ഒക്കെ വേണം. വായിൽ തോന്നിയത് വെളിവില്ലാതെ പറയുന്ന സന്യാസി മന്ത്രിമാരെ നിലക്കു നിര്‍ത്തുകയും ഒക്കെ വേണം. അങ്ങനെയൊക്കെ ആണെങ്കിലും മദാമ്മയുടെ സാമന്തനായി മൻമോഹൻ സിംഗെന്ന ഉദ്യോഗസ്ഥൻ നാടുവാണ 9 വര്‍ഷം കണ്ടതുപോലുള്ള വലിയ അഴിമതികൾ കഴിഞ്ഞ ഒരു കൊല്ലക്കാലമായി നമുക്ക് കാണേണ്ടി വന്നില്ല എന്ന കാര്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. ഒരു ഉദ്യോഗസ്ഥന്‍ ഇരുന്നിടത്ത് ഇന്ത്യക്ക് ജനങ്ങൾ തെരഞ്ഞെടുത്ത രാഷ്ട്രീയക്കാരനായ ഒരു നായകന്‍ ഉണ്ടായിരിക്കുന്നു എന്ന് രാജ്യത്തെ ബഹു ഭൂരിപക്ഷം വിശ്വസിക്കുന്നു. രാജ്യത്തിനു തന്നെ ആവശ്യമുള്ള വേളകളിൽ കേവലം നിരുത്തരവാദ പരമായി സഭയിലിരുന്നുറങ്ങുകയും ഒന്നും രണ്ടും മാസം അജ്ഞാത വാസത്തിനു പോകുകയും ചെയ്യുന്നയുന്ന, വകതിരിവില്ലാത്ത ഒരു നേതാവിന്റെ കാൽച്ചുവട്ടിൽ രാജ്യഭാരം അടിയറ വയ്ക്കാതിരിക്കാൻ മോഡി സര്‍ക്കാര്‍ കാരണമായി എന്ന വാസ്തവവും നമ്മൾ കാണാതെ പോകരുത്. മാത്രവുമല്ല മോഡി അധികാരത്തിലെത്തിയാൽ ഗൾഫ് മേഖലയിലുള്ള ഭാരതീയർക്കു കൂട്ടത്തോടെ കെട്ടു കെട്ടേണ്ടി വരുമെന്നുള്ള അന്ത്യദിനപ്രവാചകരുടെ മുന്നറിയിപ്പും യാഥാര്‍ത്ഥ്യമായിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ മോഡി സർക്കാരിൽ ഭാരതത്തിലെ ബഹുഭൂരിപക്ഷവും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന ഒരു ദേശീയ ദൃശ്യാ മാധ്യമത്തിന്റെ സര്‍വ്വേ ഫലം നമ്മുടെ സ്വന്തം പത്ര മുത്തശ്ശിമാരുടെ വാക്കുകേട്ട് പൂര്‍ണ്ണമായും അവിശ്വസിക്കേണ്ട കാര്യമില്ല എന്നാണു തോന്നുന്നത്.