ഇരട്ടമുഖങ്ങളും നയവൈകല്യങ്ങളും
വി.ആർ. സത്യദേവ്
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ഭരണകൂടം നടത്തുന്ന ഭരണമാണ് ജനാധിപത്യഭരണം എന്നാണ് നമ്മളൊക്കെ പഠിച്ചുവെച്ചിരിക്കുന്നത്. നമ്മുടെ സർക്കാരുകളൊക്കെ അത് കിറുകൃത്യമായി പാലിക്കുന്നുമുണ്ട്. പക്ഷെ ഭരണത്തിലുള്ള സർക്കാരുകൾ ഏതു ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യത്തിൽ സംശയം ബാക്കിയാണ്. സംസ്ഥാനം അടുത്തിടെ കണ്ട ഏറ്റവും വലിയ പൊറാട്ടു നാടകമായ മദ്യനയകാര്യത്തിലെ നടപടികൾ കാണുന്പോൾ ഈ സംശയം ശക്തമാകുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ പ്രവർത്തിക്കുന്നത് പൊതുജന നന്മയും നാടിന്റെ സർവ്വതോന്മുഖമായ വികസനവും ഒക്കെ ലക്ഷ്യം വെച്ചായിരിക്കണം എന്നാണ് വെയ്പ്. എന്നാൽ ‘കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി’ എന്ന രീതിയിൽ പൊതുസ്വത്ത് കൊള്ളയടിച്ചും ഖജനാവിൽ കയ്യിട്ടുവാരിയും കോഴകൾ കൊയ്തു കൂട്ടിയുമൊക്കെ അഴിമതിയുടെ നടുമുറികളാവുകയാണ് നമ്മുടെ സർക്കാരുകളൊക്കെ.
ആടിനെ പട്ടിയാക്കുന്ന തരം തട്ടിപ്പുകൾ സാധാരണമായിരിക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ പുതിയ മദ്യനയം നടപ്പാക്കൽ ഉദ്ദേശശുദ്ധിയില്ലാത്ത നടപടിയായിരുന്നു എന്നു വീണ്ടും വീണ്ടും വെളിവാക്കുന്നതാണ് ഇക്കാര്യത്തിലെ സർക്കാരിന്റെ ഓരോ ചുവടും.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ട ജനാധിപത്യ ഉമ്മൻചാണ്ടി സർക്കാർ ഇതിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളായി കണ്ടത് മദ്യമുതലാളിമാരെയും തങ്ങൾ അടക്കമുള്ള രാഷ്ട്രീയക്കാരെയും മാത്രമായിരുന്നു. മദ്യനിരോധന പാതയിലൂടെ മുന്നേറണമെന്നുള്ള കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരന്റെ നിലപാടിന് ജനപ്രീതിയേറുന്നു എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് അതുവരെ മദ്യപക്ഷത്ത് ഉറച്ചു നിന്നിരുന്ന ഉമ്മൻചാണ്ടിയും കെ. ബാബുവും അടക്കമുള്ളവർ പെട്ടെന്ന് മദ്യവിരുദ്ധതയുടെ അപ്പോസ്തലന്മാരായതെന്ന് ഭൂമിമലയാളം കണ്ണിനു കണ്ട കാര്യമായിരുന്നു. ഇവിടെ വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമായിരുന്നു തന്ത്രകുതന്ത്രങ്ങളുടെ തന്പുരാനായ ഉമ്മൻചാണ്ടി എടുത്തു പ്രയോഗിച്ചത്. മദ്യവ്യവസായം രാഷ്ട്രീയ പ്രവർത്തനത്തെ താങ്ങിനിറുത്തുന്ന നെടുംതൂണുകളിൽ ഒന്നാണെന്ന സത്യം ഉമ്മൻചാണ്ടിയോളം നന്നായി തിരിച്ചറിഞ്ഞ നേതാക്കൾ അപൂർവ്വമാണ്. ആ ഉമ്മൻചാണ്ടി വി.എം സുധീരനിൽ നിന്നും മദ്യശത്രു ലേബൽ തല്ക്കാലത്തേക്കെങ്കിലും സ്വന്തമാക്കിയത് ആ സാഹചര്യത്തെയും സാധ്യതയെയും തനിക്ക് അനുകൂലമാക്കാൻ വേണ്ടി തന്നെയായിരുന്നു.
വെടക്കാക്കി തനിക്കാക്കുകയെന്ന വിദഗ്ദ്ധമായ തന്ത്രം പാലിക്കപ്പെട്ടപ്പോൾ കുറഞ്ഞപക്ഷം കൊട്ടിഘോഷിക്കപ്പെട്ട ബാറടപ്പിക്കൽ ഗാന്ധി ശിഷ്യനായ കുഞ്ഞൂഞ്ഞിന്റെ മാത്രം നേട്ടമായി. നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തം കിരീടത്തിലായതോടെ മദ്യനയത്തെ ഞെക്കിക്കൊല്ലുമോ നക്കിക്കൊല്ലുമോ എന്നതു കൂടി മാത്രമേ അറിയാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അത് നക്കിക്കൊല്ലൽ മാത്രമായിരുന്നു എന്നിപ്പോൾ വ്യക്തമായിരിക്കുന്നു.
‘ഒരു പൂമാത്രം ചോദിച്ചു....... ഒരു പൂക്കാലം നീ തന്നു’ എന്നതുപോലെയായിരുന്നു മദ്യനയകാര്യത്തിൽ സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചുകൊണ്ടുള്ള സർക്കാരിന്റെ നടപടി. പക്ഷെ നിയമ നടപടികൾ കൃത്യമായി എടുക്കാതെയുള്ള ഈ അടപ്പിക്കൽ പ്രഹസനമായേ അവസാനിക്കുവെന്ന നിയമമറിയുന്നവർക്ക് തുടക്കത്തിൽ തന്നെ ബോധ്യമുണ്ടായിരുന്നു. അത് അങ്ങനെ തന്നെയാണ് എന്ന് തുടർന്ന് ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്ന കോടതിവിധികൾ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ മദ്യവർജ്ജന നിലപാടിലൂടെ വി.എം സുധീരനെന്ന നേതാവിന് കേരളരാഷ്ട്രീയത്തിൽ ഉണ്ടാവുമായിരുന്ന പ്രാധാന്യം ഇല്ലായ്മ ചെയ്യാനും രാഷ്ട്രീയമേൽക്കൈ നേടാനും ഉമ്മൻചാണ്ടിയുടെ തന്ത്രജ്ഞതക്കായി. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിക്കുന്നില്ല. മദ്യനിരോധനത്തിന്റെ പേപ്പിടി കാട്ടി കോടികളുടെ കോടിയും ഭരണസംവിധാനങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടാവാം എന്ന സംശയവും ശക്തമാണ്. കെ.എം മാണിക്ക് കോടികൾ കൊടുത്തു എന്നു പറയുന്ന ബാറുടമകൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട ഉമ്മൻചാണ്ടിയെ സ്വാധീനിക്കാൻ ശ്രമിച്ചില്ല എന്നു കരുതാൻ എല്ലാവർക്കുമാവില്ല.
അടച്ച ബാറുകൾ ഏതെങ്കിലുമൊക്കെ തരത്തിൽ തുറക്കപ്പെടുന്നതോടെ ബാറടപ്പിക്കൽ കൊണ്ട് ‘മദ്യ’കേരളത്തിൽ കാര്യമായ ഒന്നും സംഭവിച്ചില്ല എന്നു നമുക്ക് വിലയിരുത്താം. അങ്ങനെ വരുന്പോൾ ആ ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ കൊയ്തു കൂട്ടിയ രാഷ്ട്രീയക്കാരുടെ പ്രതിഭാവിലാസത്തെ നമുക്ക് പ്രശംസിക്കേണ്ടി വരും.
ഇവിടെ ആദ്യം നമ്മൾ ചർച്ച ചെയ്ത വിഷയം വീണ്ടും പ്രസക്തമാകുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ഈ ജന നായകന്മാർ ഭരിക്കുന്നത് സ്വന്തം കാര്യസാധ്യത്തിനു വേണ്ടി മാത്രമാണ്. എബ്രഹാം ലിങ്കൺ പറഞ്ഞ നിർവചനത്തിലെ ജനങ്ങൾ അവർക്ക് അവർ മാത്രമാണ്. പക്ഷെ ഇവിടെ മറ്റൊരു കാര്യം ഈ രാഷ്ട്രീയ ഭിക്ഷാംദേഹികൾ കാണാതെ പോകുന്നു.
ഒരു ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാനാവില്ല എന്ന കാര്യം. ജന നന്മയാഗ്രഹിക്കുന്ന രാഷ്ട്രീയക്കാരനെ മൂന്നാംകിട വേലത്തരങ്ങൾ കൊണ്ടു പറ്റിച്ചു നേടിയ ഈ വിജയം ശാശ്വതമാവില്ല എന്നുറപ്പ്. ഇവരുടെ ഇരട്ടമുഖങ്ങൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും. പൊതുജനം കഴുതകളല്ല. അവരെ എല്ലാ കാലത്തും പറ്റിക്കാനാവില്ല. അതിനുള്ള എത്രയോ മികച്ച ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്പിൽ.
