അൺഹാപ്പി ക്രിസ്മസ്..!
വി.ആർ. സത്യദേവ്
ക്രിസ്മസ് എത്തിയാൽ മദ്ധ്യ തിരുവിതാംകൂറിലെ േസ്റ്റഷനറി കടകളിൽ ക്രിസ്മസ് സ്റ്റാർ വാങ്ങാനെത്തുന്നവരിൽ ജാതി, മത ഭേദം ഉണ്ടാവാറില്ല. വീടിനു മുന്പിൽ നക്ഷത്രം തൂക്കി വിളക്ക് കൊണ്ട് അലങ്കരിക്കുന്നതിൽ കുട്ടികൾക്കിടയിൽ മത്സരബുദ്ധി പണ്ടേ പ്രകടമാണ്. ചുവപ്പു വേഷവും വെള്ളത്താടിയും കയ്യിൽ വടിയുമായി ഡിസംബറിന്റെ കുളിരുള്ള രാത്രികളിൽ വിരുന്നെത്തുന്ന ക്രിസ്മസ് പാപ്പമാരും വാദ്യ മേളങ്ങളും കരോൾ ഗാനങ്ങളും പെട്രോമാക്സിന്റെ വെളിച്ചവും എല്ലാം നാടിന്റെ തുടിപ്പുകളാണ്, നമ്മൾ ഹൃദയത്തോടു ചേർത്തു വച്ച വികാരങ്ങളാണ്. ഓണം പോലെ തന്നെ മലയാളക്കര ക്രിസ്മസിനെ വരവേൽക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
ക്രിസ്തുദേവന്റെ തിരുപ്പിറവിയുടെ തിരുനാളാഘോഷ ദിനം എന്നതിനൊക്കെ അപ്പുറം നമ്മുടെ സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്നെന്ന സ്ഥാനമുണ്ട് ക്രിസ്മസിന്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ ഭാവ തലമുണ്ട് ഈ ഉത്സവത്തിന്. ഐസ് ക്രീമിനെക്കാളും പുത്തനുടുപ്പിനെക്കാളും കുട്ടികൾക്കു പ്രിയങ്കരമായ സമ്മാനമാണ് സ്കൂൾ അവധി. സുദീർഘമായ അവധി കൂടി അകന്പടി ചേരുന്നതോടെ ക്രിസ്മസ് ദിനങ്ങൾ ആഘോഷത്തിന്റെ പുതിയ തലങ്ങൾ സമ്മാനിക്കുന്നു. പഠനത്തിനും ജോലിക്കുമൊക്കെയൊപ്പം വിശ്രമിക്കാനും ആഹ്ലാദിക്കാനും നമുക്കെല്ലാം അവസരമുണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് വിശേഷാവസരങ്ങളെ അധികൃതർ അവധി ദിനങ്ങളാക്കുന്നത്. ഇതിനു മതസ്വാതന്ത്ര്യവുമായും ബന്ധമുണ്ട്. അത്തരം ദിനങ്ങളിൽ ആരാധനയ്ക്ക് അവസരമുണ്ടാക്കാൻ കൂടിയാണ് അവധി നൽകുന്നത്. പൗരാവകാശങ്ങളെ മാനിക്കുക എന്നൊരു തലവുമുണ്ട് ഇത്തരം അവധികൾക്ക്. ഒരു മതേതര ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിൽ ഇതുവരെ എല്ലാ മതങ്ങൾക്കും ഇത്തരത്തിലുള്ള അവധികളുടെ ആനുകൂല്യം ലഭിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയക്കാരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും അവധിയാക്കി ആഘോഷിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്.
സ്വന്തം ജീവിതകാലത്ത് സദാ കർമ്മനിരതനായിരുന്ന മഹാത്മാ ഗാന്ധിയുടെ ഓർമ്മദിനങ്ങളിൽ നമ്മൾ കർമ്മ നിരതരാവുക തന്നെയാണ് വേണ്ടത് എന്ന അഭിപ്രായം ശക്തമാണ്. എന്നാൽ മതാഘോഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. മത സ്വാതന്ത്ര്യം നിലവിലുള്ള ഒരു രാഷ്ട്ര സംവിധാനത്തിൽ മതാചാരങ്ങൾ അനുഷ്ഠിക്കാൻ അവസരമൊരുക്കുന്നതാണ് ഉചിതം. ഒരു തരത്തിൽ ഇത് ആ സമൂഹങ്ങളുടെ അവകാശം കൂടിയാണ്. ഈ അവകാശം നൽകേണ്ടതും സംരക്ഷിക്കേണ്ടതും അധികാര സ്ഥാനങ്ങളാണ്.
പക്ഷെ ഇതേ ഭരണ വർഗ്ഗം തന്നെ ഇത്തരം അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടികളുണ്ടാവുകയാണെങ്കിൽ അതിനെ നമുക്ക് മതേതരത്വത്തിന് നേരയുള്ള ഭീഷണിയായി വിലയിരുത്തേണ്ടി വരും. ദൗർഭാഗ്യ വശാൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത്തരം കാര്യങ്ങളാണ്. ഏറെ പ്രതീക്ഷകൾ ഉയർത്തുന്നതായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ ചരിത്ര വിജയം. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ചെളിക്കുണ്ടുകളിലും കൽക്കരിക്കുഴികളിലും ആണ്ടുപോയ ഒരു ഭരണകൂടത്തിനെതിരെയുള്ള വിരോധത്തിനൊപ്പം ഗുജറാത്ത് മോഡൽ മുൻനിർത്തിയുള്ള വികസന വാഗ്ദാനങ്ങളും എൻ.ഡി.യെ അധികാരത്തിലെത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ആ പ്രതീക്ഷകൾ സാദ്ധ്യമാക്കുന്ന തരത്തിൽ തന്നെയായിരുന്നു നരേന്ദ്ര മോഡി എന്ന കരുത്തൻ നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തുടക്കവും. രാജ്യാന്തര രംഗത്തെ വർദ്ധിച്ച സ്വീകാര്യതയും മാന്യതയും ഓഹരി വിപണിയിലടക്കം സാന്പത്തിക രംഗത്തുണ്ടായ കുതിപ്പും ഒക്കെ ആ മികച്ച തുടക്കത്തിന്റെ ഫലങ്ങളായിരുന്നു.
എന്നാൽ തുടർന്നിങ്ങോട്ട് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ ഈ പുത്തൻ കുതിപ്പിന്റെ ഗതിവേഗം കുറയ്ക്കുന്നതും തടയിടുന്നതുമാണ്. സാമൂഹികമായ സ്വാതന്ത്ര്യം, ശാസ്ത്ര സാങ്കേതിക രംഗം, സുതാര്യവും അഴിമതി വിരുദ്ധവുമായ രാഷ്ട്രീയ രംഗം എന്നിവയുടെ വികസനമാണ് ആധുനിക സമൂഹങ്ങളുടെയൊക്കെ വളർച്ചയും വികാസവും അളക്കുന്നത്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന രാഷ്ട്രങ്ങൾ വികസനക്കുതിപ്പ് നടത്തുന്പോൾ ചില രാഷ്ട്രങ്ങൾ അമിത മതബോധത്തിന്റെ സങ്കുചിതത്വങ്ങളിലേക്ക് പതിക്കുന്നു. ഇത്തരം രാഷ്ട്രങ്ങളിൽ സമഗ്ര വികസനം പ്രായേണ അസാദ്ധ്യമാകുന്നു. ഇതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നമുക്ക് നിരവധി ഉദാഹരണങ്ങൾ കാണാം. ദൗർഭാഗ്യവശാൽ നമ്മുടെ നാടും ആ പട്ടികയിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് എന്നു തോന്നുന്നു.
ഒരു വശത്ത് നരേന്ദ്രമോഡി തന്റെ വികസന സങ്കല്പങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്പോൾ അദ്ദേഹത്തിനൊപ്പമുള്ളവർ അമിത മതാധിഷ്ടിത ചിന്തകളിലും പ്രവൃത്തികളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ സർവ്വകലാശാലകകൾക്ക് ലഭ്യമായിരുന്ന അവധി ആനുകൂല്യം വളഞ്ഞ വഴിയിലൂടെ കവർന്നെടുക്കുകയും കേരളത്തിലടക്കം കൂട്ട മത പുനഃപരിവർത്തനം നടത്തുന്നതുമൊക്കെ ചെയ്യുന്നത് ഇതര വിഭാഗങ്ങളിൽ ആശങ്ക പടരാൻ ഇടയാക്കുന്നു. മാറ്റങ്ങളെല്ലാം ഒറ്റരാത്രി കൊണ്ട് നടത്തണമെന്ന വാശിയോടെ നടത്തുന്ന ഇത്തരം ചെയ്തികൾ രാജ്യത്തിനും മോഡി സർക്കാരിനും ഒരു തരത്തിലും ഗുണകരമാവില്ല. മനോജ്ഞമായ ഒരു ക്രിസ്മസ് കാലത്തിന്റെ മധുരം കുറക്കുന്നത് തന്നെയാണ് ഇത്തരം നടപടികൾ.
എങ്കിലേ ജമ്മു കാശ്മീരിലും ഝാർഖണ്ധിലും ഒക്കെ ഇന്നു ഉണ്ടാക്കിയ തെരഞ്ഞെടുപ്പുനേട്ടങ്ങൾ നിലനിർത്താനും കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയൂ എന്നവർ തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു
