കനയ്യ കുമാർ പുതിയ നേതാവോ !!!

ഇടത്തോടി കെ. ഭാസ്കരൻ, ബുദയ്യ
ഇന്നലത്തെ “പ്രതികരണ”ത്തിൽ ‘പിറന്നിരിക്കുന്നു പുതിയൊരു നേതാവ്’ എന്ന ഒരു കമ്മ്യൂണിസ്റ്റ് ആരാധികയുടെ കത്തു കണ്ടു.
കനയ്യ നല്ലൊരു വാഗ്മിയാണെന്നത് സമ്മതിച്ചു. പക്ഷേ, അത്തരം വാഗ്മികളെല്ലാം ഇന്ത്യയുടെ ഭാവിയിലേക്കുള്ള നേതാവാണെന്നു പറയുന്നതിൽ വല്ല കഴന്പുമുണ്ടോ? ഇത്തരം പ്രഗൽഭരായ എത്രയോ വാഗ്മികൾ ഇന്ത്യയിലെ എത്ര എത്ര സർവ്വകലാശാലകളിൽ ആരും അറിയപ്പടാതെ ഉണ്ടെന്നോ! ഗുജറാത്തിലെ ഒരു പ്രത്യേക ജാതി വിഭാഗത്തിൽ ഒരു യുവനേതാവ് മോഡി സർക്കാറുമായി ബലാബലം പിടിച്ചുനോക്കി ഇന്ത്യയുടെ മൊത്തം ശ്രദ്ധപിടിച്ചുപറ്റാൻ ജയിൽവാസം വരിച്ചും മറ്റും ശ്രമിച്ചുനോക്കിയിരുന്നില്ലേ? എന്നിട്ടെന്തായി... അയാളുടെ പേരു പോലും ആളുകൾ മറന്നിരിക്കുന്നു.
മുകളിൽ സൂചിപ്പിച്ച ആളായാലും, ഇപ്പോഴത്തെ കനയ്യ കുമാർ ആയാലും, എന്തിന് രാജ്യമെല്ലാം ഒന്നടങ്കം അറിയുന്ന രാഹുൽ ഗാന്ധിയായാൽ പോലും കളിക്കുന്നത് ആരോടാണെന്ന് നല്ല ബോധം ഉണ്ടായിരിക്കണം! ഒരു സാധാരണ ചായക്കടക്കാരന്റെ മകൻ വളർന്നുവലുതായപ്പോൾ, പരിചയമുള്ള ഒരു ഭക്ഷണശാലാ ശൃംഖലയുടെ സാമ്രാജ്യം സ്ഥാപിച്ചെടുക്കുന്നതിനു പകരം രാജ്യത്തെ സേവിക്കാൻ സ്വന്തം കുടുംബം പോലും ത്യജിച്ച്, രാഷ്ട്രീയത്തിൽ ഇറങ്ങി 13 കൊല്ലം കുറ്റമറ്റ, കറകളഞ്ഞ ഒരു മുഖ്യമന്ത്രി ആയി വാഴുകയും, പിന്നീട് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായി, ലോകമെങ്ങും ആകാംക്ഷയോടെ വീക്ഷിക്കപ്പെടുന്ന, ഈയിടെ ലോകബാങ്ക് അദ്ധ്യക്ഷൻ പോലും അതിയായി പ്രശംസിച്ച ഒരു ലോക നേതാവിനോടാണ് ഇവർ എതിരിടാൻ ശ്രമിക്കുന്നത്! ശ്രീ മോഡി വിനയാന്വതയുടെ മുടിചൂടാമന്നനായതുകൊണ്ട് ഇവരെല്ലാം രക്ഷപ്പെടുന്നു. എതിർപക്ഷം ചുമ്മാ ഊതിവീർപ്പിക്കുന്ന അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പല്ലേ കനയ്യയും മറ്റും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്? അത് വിജയം കാണുമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അതൊരു പാഴ്ക്കിനാവാകും, തീർച്ച...