സന്പൂർണ നാണക്കേട്...
നാണവും, മാനവും ജന്മനാ കിട്ടുന്നതാണെന്ന് പണ്ടുള്ളവർ പറയാറുണ്ട്. അത് തീരെ ഇല്ലാത്തവരാണ് രാഷ്ട്രീയക്കാർ എന്ന് വീണ്ടും ഒരിക്കൽ കൂടി കേരള നിയമസഭ തെളിയിച്ചിരിക്കുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ ഉളുപ്പ് ലവലേശം തൊട്ട് തലോടാത്ത മഹാൻമാർ. ഈ ചട്ടന്പികളെയാണല്ലോ നമ്മൾ നമ്മെ ഭരിക്കാനായി തിരഞ്ഞെടുത്തെതെന്ന് ചിന്തിക്കുന്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആരുടെയും തല കുനിഞ്ഞു പോകുമെന്നത് ഉറപ്പാണ്.
കഴിഞ്ഞ ദിവസം രാത്രി മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന വാശിയുമായി പ്രതിപക്ഷം നിയമസഭയിൽ തന്നെ താമസിക്കുന്നതും, അതിനെ പ്രതിരോധിക്കാൻ ഭരണപക്ഷവും അവിടെ തന്നെ താമസിക്കുന്ന കാഴ്ച്ചകളുമായിരുന്നു. നേരം പുലർന്നത് മുതൽ ഒരു ദേശത്തിന്റെ നിയമനിർമ്മാണം നടക്കുന്ന വേദിയിൽ ഒരു കൂട്ടം നേതാക്കൾ രാഷ്ട്രീയ നാടകമാടുന്പോൾ അത് കണ്ടു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് കോമഡിഷോയായും, സ്ത്രീകൾക്ക് ഉദ്വേഗജനകമായ സീരീയലിനെ കവച്ചുവെക്കുന്ന ദൃശ്യമായും, മറ്റുള്ളവർക്ക് ഏറ്റവും ത്രില്ലിങ്ങായ റിയാലിറ്റി ഷോയായും തോന്നിയെങ്കിൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല. ഇനി അടുത്തത് കിട്ടുന്നത് വരേക്കും കുറച്ച് ദിവസത്തേക്ക് ചാനലുകൾക്ക് കൊയ്ത്തുത്സവമായിരിക്കും.
ഈ നേരത്ത് ഈ സംഭവവികാസങ്ങൾക്കൊക്കെ കാരണഭൂതനായ ശ്രീ കെ.എം മാണിയോട് ചില ചോദ്യങ്ങൾ ചോദിക്കാൻ കേരളത്തിലെ മിക്കവരും ആഗ്രഹിക്കുന്നുണ്ടാകും. അതിൽ ചിലത് താഴെ കൊടുക്കുന്നു.
1. സത്യത്തിൽ അങ്ങ് ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കിൽ അത് രണ്ട് കോടിയോ അതോ അതിലധികമോ? മുപ്പത് കോടി ശരിക്കും മാണി സാർ ചോദിച്ചതാണോ ?
2. കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ, അത് നിലവാരമില്ലാത്തത് കൊണ്ട് അടച്ചിട്ട ബാറുകൾ തുറക്കാനായിരുന്നോ, അതോ അവ പൂർണ്ണമായും അടച്ചിടാനായിരുന്നോ?
3. ബാർ ലൈസൻസ് സംബന്ധിച്ച ഫയൽ നിയമ വകുപ്പ് പരിശോധിക്കണമെന്ന് താങ്കൾ ആവശ്യപ്പെട്ടത് കോഴ വാങ്ങാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരുന്നോ.
4. ബിജു രമേശിനെതിരെ കൊടുത്ത പത്ത് കോടിയുടെ മാനനഷ്ടകേസ് എന്ത് കൊണ്ടാണ് തുടരാത്തത്. ബിജു തെളിവുകൾ ഹാജരാക്കാമെന്ന് പറഞ്ഞത് കൊണ്ടാണോ?
5. ബാറുടമകൾക്ക് പുറമേ തെരഞ്ഞെടുപ്പ് സമയത്ത് ജ്വല്ലറി ഉടമകളിൽ നിന്ന് 19 കോടി സംഭാവന വാങ്ങിയെന്ന ആർ. ബാലകൃഷ്ണ പിള്ളയുടെ ആരോപണത്തിൽ സത്യമുണ്ടോ?
6. മുഖ്യമന്ത്രി പദം മോഹിച്ചതിന് ഉമ്മൻ ചാണ്ടിയാണോ സത്യത്തിൽ സാറിനെ കുടുക്കിയത്. അതോ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പ്രമോഷൻ ആഗ്രഹിക്കുന്ന പി.സി. ജോർജ്ജാണോ താങ്കൾക്ക് പാര പണിതത്?
7. ബില്ല് മാറി കൊടുക്കാൻ മില്ലുടമകളിൽ നിന്നും രണ്ട് കോടിയും, നികുതിനിരക്കുകൾ കൂട്ടാതിരിക്കാനായി ബേക്കറി ഉടമകളിൽ നിന്ന് രണ്ടുകോടിയും, താങ്കൾ വാങ്ങിയെന്ന് ബാലകൃഷ്ണ പിള്ള പറയുന്നു. ഇത് ശരിയാണോ?
8. താങ്കളുടെ വീട്ടിൽ പണം എണ്ണുന്ന യന്ത്രം ഉണ്ടോ. ഉണ്ടെങ്കിൽ എടുത്തുകൊണ്ടു പോകാൻ പറ്റുന്ന തരത്തിലുള്ള യന്ത്രമാണോ അത്?
9. ഇങ്ങിനെ കോടികൾ ഒക്കെ വാങ്ങിയിട്ടുണ്ടെങ്കിൽ അത് എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്. എങ്ങിനെയാണ് ആദായനികുതി വകുപ്പിനെ താങ്കൾ പറ്റിക്കുന്നത്. അത് പറഞ്ഞുതരാമോ?
മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള നാണവും, മാനവുമൊന്നും ശ്രീ മാണിക്ക് ഉണ്ടാകില്ലെന്ന് അറിയാം. എങ്കിലും
ചോദിച്ചു എന്നുമാത്രം. മുണ്ടുമുറുക്കിയുടുത്തും, പട്ടിണി കിടന്നും, അദ്ധാനിച്ചും ഉണ്ടാക്കുന്ന എല്ലാത്തിനും നികുതി എന്ന പേരിൽ ഒരു വലിയ സംഖ്യ നമ്മളൊക്കെ ഗവൺമെന്റിന് നൽകുന്നുണ്ട്. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് നൽകുന്നത്. ആ നികുതി വരുമാനം കൊണ്ടാണ് നമ്മുടെ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന മുട്ടുസൂചി മുതൽ അത്യാധുനിക വാഹനങ്ങൾ വരെയുള്ള കാര്യങ്ങൾ വാങ്ങികൂട്ടുന്നത്. ഇന്ന് രാവിലെ നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ സ്പീക്കറുടെ കസേര താഴെ വലിച്ചിടുന്ന വിപ്ലവനേതാവിനെയും, മുന്പിലുള്ള കന്പ്യുട്ടർ തകർക്കുന്ന മറ്റൊരു നേതാവിനെയും നിങ്ങളും കണ്ടിരിക്കും. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ചില (ദുർ)ഗുണങ്ങൾ ജന്മനാ കിട്ടുന്നതാണെന്ന് ഈദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു... അതിന് ആരെയും കുറ്റം പറഞ്ഞിട്ട്
കാര്യമില്ല...!!