വാർത്തകൾ ആരോഗ്യത്തിന് ഹാനികരമാകുന്പോൾ..
‘‘കുറേനാളായി ടെലിവിഷൻ കാണാത്തത് കൊണ്ട് ബി.പി. കുറഞ്ഞു’’. സുഹൃത്ത് പറഞ്ഞത് കേട്ട് ആദ്യം ചിരിയാണ് വന്നത്. ‘‘ചിരിക്കേണ്ട, തമാശയല്ല ഞാൻ സീരിയസാ’’. സൂര്യന് കീഴെ നടക്കുന്ന എല്ലാ കാര്യങ്ങളെ പറ്റിയും അറിഞ്ഞിരിക്കണമെന്ന് പറഞ്ഞ് സ്ഥിരമായി വാർത്തചാനലുകളുടെ മുന്പിൽ ചടഞ്ഞിരിക്കുന്ന സുഹൃത്ത് വാചാലനായി. ഇതിനിടെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം വല്ലാതെ കൂടിയിരുന്നു. തുടർന്ന് ഡോക്ടറാണ് അദ്ദേഹത്തോട് ടെലിവിഷൻ കാണരുതെന്ന് പറഞ്ഞത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിലെ വാർത്താമണിക്കൂറുകൾ. അതുകൊണ്ട് ഈ നേരത്ത് തന്റെ താമസസ്ഥലത്തിന് ചുറ്റും ഒരു നീണ്ട നടത്തമാണ് ഇപ്പോൾ അദ്ദേഹം നടത്തുന്നത്. അത് ആരോഗ്യത്തിന് നല്ലതാണ്.
പ്രൈം ടൈം എന്ന പേരിൽ വിളിക്കപ്പെടുന്ന സമയത്ത് നമ്മുടെ വീട്ടിലെ എന്തോ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടുപിടിക്കാൻ വേണ്ടി എന്ന രീതിയിൽ തൊണ്ടയും നെഞ്ചും പൊട്ടുന്ന പോലെ ടെലിവിഷൻ പെട്ടികളിൽ അവതാരകസിംഹങ്ങൾ പൊട്ടിതെറിക്കുന്പോൾ നമ്മൾ പാവം പ്രേക്ഷകൻ പേശികളൊക്കെ വലിഞ്ഞുമുറുക്കി, രോമം എഴുന്നേറ്റ് നിൽക്കുന്ന അവസ്ഥയിലാക്കുന്നത് ഇന്ന് സാധാരണ കാഴ്്ച്ച മാത്രം. വീട്ടിലെത്തിയാൽ റിമോട്ട് എന്ന യന്ത്രം നമ്മുടെ ശരീരത്തോട് നമ്മൾ പോലുമറിയാതെ പറ്റിചേരുകയാണ്. പിന്നെ ഓരോ മിനിട്ടിലും ചാനലുകൾ മാറ്റാൻ തുടങ്ങും. ഒരു മണിക്കൂർ മുഴുവൻ കണ്ടിരുന്നാലും, പിന്നെയും അതേ വാർത്തകൾ തുടർച്ചയായി നമ്മൾ ആസ്വദിക്കുന്നു ഒപ്പം ബി.പിയും കൂട്ടുന്നു. ഓരോ തവണയും ഇത്തരം വാർത്തകൾ കണ്ടുകൊണ്ടിരിക്കുന്പോൾ നമ്മുടെ അഭിപ്രായം മാറി കൊണ്ടിരിക്കും. ഒരു മണിക്കൂർ മുന്പേ നല്ലവൻ എന്നു കരുതിയ മനുഷ്യൻ വളരെ പെട്ടന്ന് വില്ലനായി മാറുന്നു. സരസൻ എന്ന് തോന്നിപ്പിച്ച വ്യക്തി ഏറ്റവുമുധികം ബോറടിപ്പിക്കുന്നയാളായി മാറുന്നു. ഇന്നലെ വരെ ഹീറോ ആയിരുന്ന നേതാവ് പെട്ടന്ന് ഒരു നാൾ മുതൽ അരാജകവാദിയായി മാറുന്നതും ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ്. ഇതു കൊണ്ടാണ് പല വിഷയങ്ങളിലും ആധികാരികമായ ഒരു അഭിപ്രായം നമുക്ക് നിലനിർത്താൻ സാധിക്കാത്തത്. ഇങ്ങിനെ നമ്മുടെ മാനസികാവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന വാർത്താ മണിക്കൂറുകൾ നമ്മുടെ മനസ്സിൽ വലിയ ആഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും വാർത്തകൾ കണ്ടുകൊണ്ടിരിക്കുന്പോൾ സ്വയം സംസാരിക്കുന്നവരായി നമ്മൾ മാറാറുണ്ട്. ചിലപ്പോൾ ചർച്ചയിൽ സംസാരിച്ച് കൊണ്ടിരിക്കുന്നവരുടെ നേർക്ക് നമ്മൾ അരിശപ്പെടാറുണ്ട്. ചൂടുപിടിച്ചു നിൽക്കുന്ന ചർച്ചയുടെ നടുക്ക് പരസ്യങ്ങൾക്ക് വേണ്ടി ഒരു പവർ ബ്രേക്ക് നൽകുന്പോൾ അതും നമുക്ക് നൽകുന്നത് വിശ്രമമല്ല. മറിച്ച് കാത്തിരിപ്പിന്റെ വേവലാതിയാണ്. ഇങ്ങിനെയാണ് വാർത്തകൾ നമ്മുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതെങ്കിൽ മറ്റ് ചില പരിപാടികൾ സമ്മാനിക്കുന്നത് മാനസിക പീഢനങ്ങളും, കുറ്റം ചെയ്യാനുള്ള പ്രേരണയുമാണ്.
നമ്മുടെ ചാനലുകളിൽ രാത്രി ഉറങ്ങാൻ പോകുന്പോൾ കാണുന്ന ചില പരിപാടികൾ എത്രയും പെട്ടന്ന് നിർത്തലാക്കണം എന്ന തോന്നലാണ് എനിക്കുള്ളത്. കുറ്റപത്രം, എഫ്.ഐ.ആർ, ഡയൽ 100 തുടങ്ങിയ സ്ലോട്ടുകൾ ഈ നേരത്ത് സംപ്രേക്ഷണം ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു മനുഷ്യൻ ഉറങ്ങാൻ പോകുന്ന നേരത്ത് കാണുന്നത് കൊലപാതകവും, മോഷണവും, പിടിച്ചുപറിയും, ബലാത്സംഗവും, പീഢനവുമൊക്കെ ചേർത്ത വെച്ച ഇത്തരം പരിപാടികളാണ്. ഇതൊക്കെ കണ്ട് ഉറങ്ങുന്ന പ്രേക്ഷകൻ ക്രൂരനായി പോയില്ലെങ്കിലാണ് അത്ഭുതം.
മാധ്യമപ്രവർത്തനം ഇന്ന് റേറ്റിങ്ങിന് വേണ്ടി മാത്രമുള്ള ഒരു ക്വട്ടേഷൻ ഏർപ്പാടായി മാറിയിരിക്കുന്നു. കണ്ണുനീരും, ദേഷ്യവും ഒക്കെയാണ് ഇന്ന് ടി.ആർ.പി റേറ്റിങ്ങിൽ വിറ്റുപോകുന്ന ഏറ്റവും വലിയ വികാരങ്ങളെന്ന് നമ്മുടെ ചാനലുകൾ നന്നായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ സെൻസില്ലാതെ സെൻസേഷണലൈസ് ചെയ്തു കൊണ്ട് മാറ്റി മറിക്കുന്പോൾ സംഭവിക്കുന്നത് സത്യത്തിന്റെ മരണമാണ്. ഒരു സംഭവത്തിന്റെ സന്ദേശത്തെ പ്രതിഫലിപ്പിക്കേണ്ട മാധ്യമങ്ങൾ പലപ്പോഴും സന്ദേശവാഹകനെ ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഇന്ന് നമ്മൾ കാണുന്നത്. ഇന്നത്തെ കാലത്ത് വാർത്ത എന്നു പറയുന്നത് കേവലം റിപ്പോർട്ടിങ്ങ് മാത്രമല്ല. മറിച്ച് പൊതുജനത്തിന്റെ അഭിപ്രായം സ്വരൂപിക്കൽ കൂടിയാണ്. ഇത്രയധികം ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ പലപ്പോഴും അതിൽ നിന്ന് വ്യതിചലിച്ച് ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത വാർത്തകൾ നൽകിയും കാണിച്ചും പീഢിപ്പിക്കുന്പോൾ അത് ഏറ്റവും വലിയ കുറ്റകൃത്യമായി മാറുന്നു എന്നതാണ് സത്യം.
മാധ്യമപ്രവർത്തനം എന്നാൽ ഏറ്റവും വിശുദ്ധമായ കർമ്മമാണെന്ന് വിചാരിക്കുന്നത് കൊണ്ടാണ് ഇന്നും ഈ തൊഴിലിൽ തുടരാൻ സാധിക്കുന്നത്. കുറിക്കുന്ന അക്ഷരങ്ങൾ ചിലപ്പോൾ എത്രയോ ജീവിതങ്ങളെ മാറ്റി മറിച്ചേക്കാം. ചിലരുടെയെങ്കിലും കണ്ണീര് ഒപ്പാൻ അത് സഹായിച്ചേക്കാം. എന്നാൽ ഇന്നത്തെ പോക്ക് കാണുന്പോൾ, പ്രത്യേകിച്ച് ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ പ്രവർത്തനം കാണുന്പോൾ സമീപകാലത്ത് തന്നെ ഒരു മുന്നറിയിപ്പ് നമ്മൾ കാണേണ്ടി വരുമെന്നാണ് തോന്നുന്നത്. അത് ഇങ്ങിനെയായിരിക്കാം.
“വാർത്ത കാണുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം”