മാറേണ്ടത് കാഴ്ച്ചപ്പാടുകൾ...


നമ്മൾ കടന്നു പോകുന്ന കാലവും സ്ഥലവും ഒക്കെ വളരെ ചീത്തയാണ് എന്ന് പലപ്പോഴും തോന്നുമെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചില വാർത്തകൾ കേൾക്കുന്പോൾ ഹാ നമ്മളെന്ത് ഭാഗ്യവന്മാർ എന്ന് തോന്നിപോകും. കഴിഞ്ഞ ദിവസം വാട്സാപ്പിൽ ഒരു വീഡിയോ കിട്ടിയിരുന്നു. സത്യാവസ്ഥ എത്രയാണെന്നറിയില്ല. ഭീകരവാദികളെന്ന് തോന്നിക്കുന്ന ചിലർ മുഖംമൂടിക്കൊണ്ട് മധ്യേഷ്യയിലെ ഒരു രാജ്യത്തുള്ള തെരുവിൽ പത്തും പന്ത്രണ്ടും വയസ്സുള്ള കുറച്ച് പെൺകുട്ടികളെ ലേലം വിളിച്ച് വിൽക്കുന്നു. അന്പതും, നൂറും ഡോളറിന് പെൺകുട്ടികളെ ബലിമൃഗങ്ങൾ പോലെ വലിച്ചിഴച്ച് അതിന്റെ ഉടമസ്ഥർ തങ്ങളുടെ ലൈംഗികാവശ്യങ്ങളുടെ പൂർത്തീകരണത്തിന് കൊണ്ടുപോകുന്നു. കണ്ടപ്പോൾ ഹാ കഷ്ടം എന്നോർത്ത് വിലപിക്കാനേ വെറുമൊരു സാധാരണക്കാരനായ എന്റെ മനസ്സിനും കഴിഞ്ഞുള്ളു. 

ഈ ലോകത്ത് എന്ത് തന്നെ മോശം പ്രവർത്തികൾ നടന്നാലും അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും അധികം ഏറ്റുവാങ്ങുന്നവർ പാവം സ്ത്രീകൾ തന്നെ എന്നത് കാലം എത്രയോ തവണ തെളിയിച്ച കാര്യമാണ്.  മുന്പ് ഭർത്താവ് മരിച്ചാൽ കൂടെ ചാടി വെന്ത് ചത്ത് പാതിവ്രത്യം തെളിയിക്കേണ്ടി വന്നതും ഇതേ സ്ത്രീകൾക്ക് തന്നെ. മനുഷ്യൻ എന്നൊരു പരിഗണന പോലും മിക്ക വലിയ മതങ്ങളും സ്ത്രീകൾക്ക് നൽകാറില്ല എന്നതാണ് നഗ്നമായ സത്യം. വിശ്വാസികൾക്ക് ഈ വാദത്തെ ഖണ്ഠിക്കാൻ നിരവധി സൂക്തങ്ങളും, വാദങ്ങളും ഒക്കെയുണ്ടാകും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. പുരുഷൻ ഉണ്ടാക്കിയെടുത്ത കൈയ്യൂക്കിന്റെ ബലത്തിൽ ആ വിശ്വാസം കാലം കഴിയും തോറും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് വേദനാജനകം തന്നെ. 

വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നമ്മുടെ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. ‘സാരിക്കിടയിലൂടെ വയർ കാണുന്നില്ലല്ലോ’, ‘ദുപ്പട്ട സ്ഥാനത്തുതന്നെയല്ലേ’ −തുടങ്ങി പല പരിശോധനകളും സ്വയം നടത്തിയശേഷമാണ് ഓരോ മലയാളി സ്ത്രീയും ഇന്ന് വീട്ടിൽനിന്ന് ഇറങ്ങുന്നത്. പക്ഷേ, സ്വന്തം ശരീരത്തെ എങ്ങനെ കൊണ്ടുനടക്കണമെന്ന കാര്യത്തിൽ നമ്മുടെ പുരുഷൻമാർക്ക്് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. പടിഞ്ഞാറ് നിന്ന് വന്ന വസ്ത്രങ്ങളായ  ജീൻസ്, പാന്റ്സ്, ചെറിയ പാവാട −എന്നിവ ധരിച്ചാൽ നമ്മുടെ സ്ത്രീകൾ ‘ഭാരതീയ സംസ്കാര’ത്തിന് യോജിക്കാത്തവരാണെന്ന് നമ്മളിൽ പലരും കരുതുന്നു.  പുരുഷന്മാർക്ക് കോട്ടും സൂട്ടും ജീൻസും ഒക്കെയാകാം. അവർക്ക് മുണ്ടിനടിയിൽ അടിപ്പാവാടയും വേണ്ട. നേർത്ത ഷർട്ടിനടിയിൽ ബനിയൻ ഇടാതെയും നടക്കാം. കുട്ടിനിക്കറുമിട്ട്, കയ്യില്ലാത്ത ബനിയനും കയറ്റി റോഡിലൂടെ ഒന്ന് കറങ്ങാം. ഇതൊന്നും പക്ഷെ ‘ഭാരതീയ സംസ്കാര’ത്തിനു കുഴപ്പംവരുത്തില്ല. എന്നാൽ സ്ത്രീകൾ അതിന്റെ പകുതിവഴിയെത്തിയാൽ എല്ലാം നശിച്ചു! വാസ്തവത്തിൽ ഈ ഇരട്ടത്താപ്പ് ഏറിയോ കുറഞ്ഞോ ഈ ലോകത്ത് എല്ലായിടത്തുമുണ്ട്. 

അവൾ പുറത്ത് ഇറങ്ങി നടന്നാൽ ലോകം മുഴുവൻ കുലുങ്ങി താഴെ വീഴും, ഒപ്പം നമ്മുടെ തലയിൽ ഇടിത്തീയും, അവൾ അവന്റെ പിന്നാലെ മാത്രം നടക്കേണ്ടവളാണ്, ഉപയോഗിച്ച് ഉപേക്ഷിക്കേണ്ട വെറുമൊരു മാംസകഷ്ണമാണ് അവൾ എന്ന് തുടങ്ങി എല്ലാ മാസവും അവളുടെ ശരീരം ഉപേക്ഷിക്കുന്ന രക്തതുള്ളികൾ കാരണം ആ ദിവസങ്ങളിൽ അവളെ അറപ്പോടെ മാറ്റി നിർത്തേണ്ടതാണെന്ന് വരെ നമ്മളിൽ ബഹുഭൂരിഭാഗവും ഈ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലും വിശ്വസിക്കുന്നു. എന്നാൽ ഇത്രയും മോശപ്പെട്ട ഒരു ശരീരത്തിൽ നിന്നാണ് നമ്മളൊക്കെ പുറത്തിറങ്ങി വരുന്നതെന്ന് മാത്രം പറയാൻ സ്ത്രീകളെ പറ്റി ഗീർവാണം അടിക്കുന്ന സമൂഹത്തിന് വലിയ താത്പര്യമില്ല. പത്ത് മാസം ആ ഗർഭപാത്രത്തിന് അകത്തിരുന്നാണ് ഈ ന്യായം പറയാനുള്ള ത്രാണിയുണ്ടാക്കിയെതെന്നും തുറന്ന് സമ്മതിക്കാനുള്ള പൗരുഷവും ഇത്തരം പുരുഷകേസരികൾക്കില്ല. സ്ത്രീകളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന സ്ത്രീകൾക്ക് പോലും പലപ്പോഴും അവർക്ക് വേണ്ടി പോലും തുറന്ന സംവാദങ്ങൾ ആരംഭിക്കാനുള്ള ധൈര്യവും ലഭിക്കുന്നില്ല. 

നമ്മുടെ ഇടയിൽ ഇപ്പോൾ എല്ലാ സംവാദങ്ങളും ഒടുവിൽ എത്തിപ്പെടുന്നത് മതം എന്ന വലിയ വൃത്തത്തിനുള്ളിലേയ്ക്കാ
ണ്. അവിടെ ആളുടെ പേരും, ജാതിയും, മതവും നോക്കി പരസ്പരം കടിച്ചുകീറുന്ന ഈ ദുരവസ്ഥ  മാറേണ്ടതുണ്ട്. നമുക്ക് വേണ്ടത് മതസൗഹാർദ്ദമല്ല, മറിച്ച് മാനവ സൗഹാർദ്ദമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യന് വേണ്ടിയാണ് മതമെന്നും മറിച്ചല്ലെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇന്ന് നമ്മുടെ കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്തതാണ്. മുന്പൊരിക്കൽ ശ്രീ എം. മുകുന്ദൻ പറഞ്ഞത് പോലെ കേരളത്തിൽ വലിയ പ്രകൃതി ക്ഷോഭങ്ങളോ, മഹാമാരികളോ ഇല്ല. പട്ടിണി മരണങ്ങളും കുറഞ്ഞിരിക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം എന്തിന്റെയെങ്കിലും പേരിൽ ഒരു വിവാദം സൃഷ്ടിക്കാൻ മലയാളത്തിന്റെ പൊതുസമൂഹം എന്നും ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കെട്ടടങ്ങുന്നത് വരും ദിവസങ്ങളിൽ നമ്മൾ കാണും. പക്ഷെ അപ്പോഴേയ്ക്കും മുറിവേൽക്കണ്ട മനസ്സുകൾക്ക് മുറിഞ്ഞിരിക്കും എന്നത് തീർച്ച. അതാണ് വിവാദങ്ങൾക്ക് പിന്നിലെ ലക്ഷ്യവും എന്നതിന് യാതൊരു സംശയവും വേണ്ട!!

You might also like

  • Straight Forward

Most Viewed