വൃദ്ധനും, വൃദ്ധയും...

പ്രദീപ് പുറവങ്കര
ഇന്ന് ലോക വയോജന ദിനം. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ദീർഘായുസിന് വേണ്ടിയല്ല, മറിച്ച് സ്വച്ഛന്ദമരണത്തിന് വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് പറയാറുള്ള മുത്തശ്ശിയെ ഓർത്തുപോകുന്നു. ഈ കാഴ്ച്ചപ്പാടുകളെ വരച്ചിടുന്ന ഒരു കവിതയാണ് ഇന്ന് ഇവിടെ ഉൾപ്പെടുത്തുന്നത്. ബഹ്റൈൻ പ്രവാസിയും നല്ലൊരു എഴുത്തുക്കാരിയുമായ ശ്രീദേവി മേനോൻ അവരുടെ ഫേസ്ബുക്ക് വാളിൽ വൃദ്ധനും വൃദ്ധയും എന്ന പേരിൽ എഴുതിയ ഈ കുറിപ്പ് ഈ ദിനത്തിൽ നിങ്ങളെയും പലതും ഓർമ്മിപ്പിക്കും, തീർച്ച!!
അവർ വൃദ്ധനും വൃദ്ധയും
നരച്ച മുടിയുള്ളവർ.
മുടി കറുപ്പിച്ചു ഒടുവിൽ മുടിയിൽ മഞ്ഞപ്പു പടർന്നപ്പോൾ,
ആ ശ്രമമുപേക്ഷിച്ചവർ !
പല്ലിലും, നഖങ്ങളിലും കറ പിടിച്ചവർ.
കണ്ണിനു താഴെ നീർക്കെട്ട് പോലെ ചുളിവ് വീണവർ.
ഉറക്കത്തിൽ മൂന്ന് തവണയെഴുന്നേറ്റ് മൂത്രമൊഴിക്കുന്നവർ.
വൃദ്ധനും വൃദ്ധയും.
പഴയകാലത്തെ അവർ ഓർമ്മയിൽ അടുക്കി വെച്ചു.
തൊട്ടടുത്ത കാലത്തു നടന്നതെന്തും മറവിയിലേയ്ക്ക് തള്ളിയിട്ടു.
നീരിളക്കം ഭയന്നു
അപ്പോൾ വീട്ടിലുള്ള മരുന്നുകൾ പരിഭ്രാന്തിയോടെ കഴിച്ചു.
മരണത്തെ അവർ പ്രതീക്ഷിച്ചിരുന്നു.
ഉണർന്നിരിക്കുന്പോൾ −
ഉറക്കത്തിലും!
വൃദ്ധനും വൃദ്ധയും.
വൃദ്ധൻ വൃദ്ധയെയോ, വൃദ്ധ വൃദ്ധനെയോ സ്നേഹിച്ചില്ല.
പണ്ടെപ്പോഴോ അവർ പ്രണയത്തിലായിരുന്നുവെങ്കിലും !
ഇടയ്ക്ക് പഴയ ഓർമ്മകൾ വരുന്പോൾ വൃദ്ധൻ
കയ്യെത്തിച്ചു വൃദ്ധയുടെ ചുളിഞ്ഞ കയ്യിലൊന്നു തൊടും;
വൃദ്ധ പഴയപടി ഓട്ടക്കണ്ണിട്ടു അയാളെ ഒന്നുറ്റ് നോക്കും.
അടുത്ത നിമിഷം അവരാ സ്നേഹം മറക്കും.
അവർ രണ്ടുപേരും വൃദ്ധരായിരുന്നു.
രുചിയില്ലാത്ത ആഹാരങ്ങളുണ്ടാക്കി−
രുചിയറിയാതെ ഒന്നിച്ചിരുന്നു ഭക്ഷിച്ചു.
വെളിച്ചം കുറഞ്ഞ തീൻ മുറിയിലെ
പഴയൊരു മരമേശയ്ക്കിരുപുറവുമിരുന്ന്.
വേര് പിടിക്കാത്ത ചെടികൾക്ക് തടമെടുത്ത്, നനച്ച്
വൈകുന്നേരങ്ങളിൽ അവർ തോട്ടത്തിൽ ചുറ്റി നടന്നു!
വൃദ്ധനും വൃദ്ധയും.
കസേരകളിൽ നിന്ന് കട്ടിലിലേയ്ക്കും
കട്ടിലിൽ നിന്ന് കസേരയിലേയ്ക്കും
മാറി മാറിയിരുന്നവർ പകൽ തീർക്കും
രാത്രി അവർ ഒരേ കട്ടിലിൽ കിടന്നുറങ്ങും.
അവരുടെ കല്ല്യാണ തലേന്ന് വൃദ്ധൻ
കൂട്ടുകാരനുമൊത്തു പോയ് വാങ്ങിയ അതേ കട്ടിലിൽ.
അവർ രണ്ടുപേരും വൃദ്ധരായിരുന്നു.