തോൽപ്പിക്കേണ്ട തിന്മകൾ...

പ്രദീപ് പുറവങ്കര
ഹൈന്ദവ വിശ്വാസ പ്രകാരം നാല് യുഗങ്ങളാണ് ഉള്ളത്. അതിൽ ആദ്യത്തേത് സത്യയുഗമാണ്. ദേവലോകവും അസുര ലോകവും തമ്മിലുണ്ടായിരുന്ന സംഘർഷത്തിലൂടെയാണ് സത്യയുഗം സഞ്ചരിക്കുന്നത്. രണ്ടാമത്തെ യുഗം ത്രേതായുഗമാണ്. ഇതിലെ സംഘർഷം രാമനും രാവണനും തമ്മിലായിരുന്നു. ഒരു തരത്തിൽ നോക്കിയാൽ രണ്ട് രാജ്യങ്ങളിലെ ഭരണാധിപൻമാർ തമ്മിലുള്ള മത്സരം. മൂന്നാമത്തേതാണ് ദ്വാപരയുഗം. ഇവിടെ സംഘർഷമുണ്ടായത് ഒരേ കുടുംബത്തിൽ നിന്നുള്ളവരിൽ നിന്നാണ്. സഹോദരൻമാരായ പാണ്ധവരും, കൗരവരും അധികാരത്തിന് വേണ്ടി നടത്തിയ യുദ്ധങ്ങളാണ് മഹാഭാരതം എന്ന ഇതിഹാസം തന്നെ സമ്മാനിച്ചത്. ഇപ്പോൾ നമ്മൾ കടന്നുപോകുന്നത് കലിയുഗത്തിലൂടെയാണെന്ന് പുരാണങ്ങൾ പറയുന്നു.
ഈ ഒരു കാലത്ത് സംഘർഷങ്ങൾ ഉണ്ടാകുന്നത് പുറമേയുള്ള വ്യക്തികളിൽ നിന്നോ, രാജ്യങ്ങളിൽ നിന്നോ മാത്രമല്ല. മറിച്ച് നമ്മുടെയുള്ളിൽ തന്നെയുള്ള നന്മയും തിന്മയുമാണ് പരസ്പരം പോരടിക്കുന്നത്. അതു കൊണ്ടാണ് വളരെ നല്ല മനുഷ്യൻ എന്ന് കരുതുന്നവർ പോലും വലിയ കുറ്റങ്ങൾ ചെയ്തു പോകുന്നത്. അതു കൊണ്ടാണ് വളരെ മോശപ്പെട്ടവൻ എന്ന് വിചാരിച്ചയാൾ നന്മയുടെ നിറകുടമായി ആഘോഷിക്കപ്പെടുന്നത്. സ്വയം അറിയാനുള്ള ചിന്തയാണ് ഓരോ നവരാത്രി കാലവും പങ്കിടുന്നത്. ഓരോരുത്തരും തന്റെയുള്ളിലെ നന്മ തിന്മകൾ തിരിച്ചറിയുകയും, തിന്മകളെ നന്മ നിറഞ്ഞ ചിന്തകൾ കൊണ്ട് പരാജയപ്പെടുത്തുകയും ചെയ്താൽ ഈ ലോകം സുന്ദരമാകും. അവിടെ കരുണയും, സ്നേഹവും, ക്ഷമയും വിളയാടും. അങ്ങിനെയൊരു ലോകമുണ്ടാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ഏവർക്കും വിജയദശമിയുടെ ആശംസകൾ നേരുന്നു...