വനി­താ­ ബിൽ ഔദാ­ര്യമല്ല, അവകാ­ശമാ­ണ്!


ജെ. ബിന്ദുരാജ്

 

ണ്ടാം യുപിഎകാലത്ത് 2010−ൽ വനിതാ സംവരണ ബിൽ രാജ്യസഭയിൽ െവച്ചപ്പോൾ സമാജ്‌വാദി പാർട്ടിയുടെ നേതാവായ മുലായം സിംഗ് യാദവ് സ്ത്രീകളെക്കൊണ്ട് ചൂലെടുപ്പിക്കുന്ന ഒരു പരാമർശം നടത്തിയിരുന്നു. നിലവിലെ അവസ്ഥയിൽ വനിതാ സംവരണ ബിൽ പാസ്സാക്കിയാൽ പാർലമെന്റിൽ യുവാക്കൾ കൂവിയാർക്കുന്ന അവസ്ഥയുണ്ടാകുമെന്നായിരുന്നു ആ പരാമർശം. 2012−ൽ വീണ്ടും ബില്ലിന് അനുകൂലമായ തരംഗം യുപിഎ സൃഷ്ടിക്കാനൊരുങ്ങിയപ്പോൾ മുലായം ഇതിനേക്കാൾ കുറച്ചുകൂടി വഷളായ ഒരു പരാമർശമാണ് ഉത്തരപ്രദേശിലെ ഒരു പൊതുയോഗത്തിൽ വെച്ചു നടത്തിയത്. സന്പന്നകളായ പെണ്ണുങ്ങളെ അപേക്ഷിച്ച് ഗ്രാമീണ സ്ത്രീകൾ ഒട്ടും ആകർഷകമല്ലെന്നും അതിനാൽ സംവരണത്തിൽ നിന്നും അവർക്ക് നേട്ടമുണ്ടാകില്ലെന്നുമായിരുന്നു ലൈംഗികച്ചുവയുള്ള ആ പരാമർശം. പക്ഷേ പരാമർശം വിവാദമായപ്പോൾ ഈ താൻ ഉദ്ദേശിച്ചത് മറ്റൊന്നാണെന്നും സ്ത്രീ സംവരണത്തിൽ ദളിതർക്കും ആദിവാസികൾക്കും പിന്നാക്കവിഭാഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും അതുവഴി ഗ്രാമീണസ്ത്രീകളിലെ പിന്നാക്കാവസ്ഥയിലുള്ള പല വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യമാണെന്നും പറഞ്ഞ് തടിയൂരി. എന്തായാലും 1996−ൽ അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡയുടെ കാലം മുതൽ കേൾക്കാൻ തുടങ്ങിയ വനിതാ സംവരണ ബില്ലിനെ ആൺമേൽക്കോയ്മയിൽ വിശ്വസിക്കുന്ന അധികാരസമ്രാട്ടുകൾ അത്രയെളുപ്പമൊന്നും പാസ്സാകാൻ അനുവദിക്കില്ലെന്നുറപ്പാണ്. പാർലമെന്റിലും നിയമസഭയിലുമെല്ലാം 33 ശതമാനം സീറ്റ് സ്ത്രീകൾക്കായി മാറ്റിെവയ്ക്കണമെന്നു വന്നാൽ ജനപ്രതിനിധിയാകാൻ വർഷങ്ങളായി പാർട്ടികളുടെ മൂടുതാങ്ങി നിലകൊള്ളുന്ന പല പുരുഷപ്രജകളുടേയും സ്വപ്‌നങ്ങൾ കുഴിച്ചുമൂടപ്പെടും. രാജ്യസഭയിൽ വനിതാ ബിൽ യുപിഎ ഭരണകാലത്ത് കോൺഗ്രസിന്റേയും ബിജെപിയുടേയും ഇടതു പാർട്ടികളുടേയും പിന്തുണയോടെ പാസ്സാക്കിയെങ്കിലും ലോക്സഭയിലെത്തിക്കാനോ പാസ്സാക്കാനോ കഴിഞ്ഞില്ല. ഇക്കഴിഞ്ഞയാഴ്ച യുപിഎ ചെയർപേഴ്‌സൺ സോണിയാ ഗാന്ധി വനിതാബിൽ പാസ്സാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതിയതോടെ ജനപ്രാതിനിധ്യസഭകളിലെ വനിതാ സംവരണം വീണ്ടും സംവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്.

വികസനത്തിന്റെ വീരഗാഥകൾ പാടി നടക്കുന്നവരാരും തന്നെ കേൾക്കാനിഷ്ടപ്പെടാത്ത ചില കണക്കുകളുണ്ട് ഇന്ത്യയിൽ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷത്തിലും കഷ്ടതയിലും ദുരിതത്തിലും സാമൂഹ്യഅരക്ഷിതാവസ്ഥയിലും തന്നെയാണ് കഴിയുന്നതെന്ന കണക്കാണിത്. ദാരിദ്ര്യവും സാമൂഹികവും സാന്പത്തികവുമായ അസമത്വവും ജാതിമതശക്തികളുടെ നിയന്ത്രണങ്ങളിലും പെട്ട്, കേവലമായ ജീവിതം നയിച്ച് കേവലമായി ഒടുങ്ങാൻ വിധിക്കപ്പെട്ടവരാണ് അവർ. മാനവശേഷി വിഭവവികസന വകുപ്പിന്റെ കഴിഞ്ഞയാഴ്ച പുറത്തുവന്ന 2015-2016 കാലയളവിലെ വിവരങ്ങൾ തന്നെ നോക്കുക. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്ത്രീകളുടെ ശതമാനം വലിയ തോതിൽ വർദ്ധിക്കുന്നുണ്ടെങ്കിലും ഇന്നും തൊഴിൽരംഗത്തും രാഷ്ട്രീയത്തിലും അവരുടെ സാന്നിധ്യം തുലോം തുച്ഛമാണെന്നാണ് ആ റിപ്പോർട്ട് പറഞ്ഞത്. അതിനു കാരണം ലിംഗവിവേചനം തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. അതോടൊപ്പം തന്നെയാണ് ആൺമേധാവിത്തമുള്ള സമൂഹത്തിൽ അവർ നേരിടുന്ന കടുത്ത അസമത്വവും അനീതികളും. സെലിബ്രിറ്റികളായാൽ പോലും അധികാരത്തോടും ആൺകോയ്മയോടും ഏറ്റുമുട്ടിയാൽ അവരെ നിലംപരിശാക്കാൻ ആ വന്പന്മാരുടേയും കുറ്റവാളികളുടേയും സ്വാധീനത്തണലിൽ കഴിയുന്ന നിരുപദ്രവകാരികളെന്ന് നാം കരുതുന്ന പലരും രംഗപ്രവേശം ചെയ്യും. അവർ ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്നുവെന്നോതിക്കൊണ്ട് വേട്ടക്കാരനൊപ്പം നിലകൊള്ളാൻ ന്യായങ്ങൾ നിരത്തും. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീയെ പുച്ഛിക്കാൻ സോഷ്യൽ മീഡിയയിൽ അധമചിന്തകളിൽ അഭിരമിക്കുന്ന വനിതാ വക്കീലും ലേഖനമെഴുതി വേട്ടക്കാരനെ വിശുദ്ധനാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനായ വക്കീലും അതിനു ഉദാഹരണങ്ങളാണ്. തെറ്റായ കാര്യമാണ് താൻ ചെയ്തതെന്ന് പൂർണബോധ്യമുണ്ടായിട്ടും ആ രാഷ്ട്രീയക്കാരനായ വക്കീൽ അധികാരപ്രമത്തതയിൽ ആറാടി ഇരയ്‌ക്കൊപ്പം നിലകൊള്ളുന്ന തന്റെ സ്ഥാപനത്തിലെ സഹപ്രവർത്തകരെപ്പോലും നിഷ്‌കാസിതരാക്കി ആൺകോയ്മയുടെ അഹന്തയുടെ പുതിയ മുഖം വെളിവാക്കി. 65−കാരനായ മമ്മൂട്ടി അച്ഛൻ വേഷത്തിൽ തനിക്കൊപ്പം അഭിനയിച്ചോട്ടെയെന്ന് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ നടിക്കെതിരെ ആ നടന്റെ ഫാൻസ് എന്ന തെമ്മാടിക്കൂട്ടം അഴിഞ്ഞാടുന്നതും ആ നടി താരത്തോട് മാപ്പു പറയുന്നതും കണ്ടതാണ് കഴിഞ്ഞയാഴ്ചയിലെ മറ്റൊരു അശ്ലീലം. തങ്ങളുടെ പുരുഷവിഗ്രഹത്തെ തൊട്ടാൽ തങ്ങൾ വച്ചേക്കില്ലെന്ന മട്ടിലായിരുന്നു ആ തെമ്മാടിക്കൂട്ടത്തിന്റെ പെൺകുട്ടിയോടുള്ള പ്രതികരണം. ഇത്തരമൊരു നാട്ടിലെ അതിസാധാരണക്കാരികളുടെ അവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. മുലായങ്ങളും ലാലു പ്രസാദുമാരും മാത്രമല്ല, ഈ കൊച്ചുകേരളത്തിനുള്ളിൽ വിടർന്നു പരിലസിക്കുന്ന സക്കറിയമാരും സെബാസ്റ്റ്യൻ പോളുമാരുമൊക്കെ സ്ത്രീയുടെ ശത്രുഗണത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. എങ്ങനെ അവളെ ശാക്തീകരിക്കാമെന്നല്ല, എങ്ങനെ അവളെ ആണധികാരത്തിന്റെ നുകം വച്ചുകെട്ടി തങ്ങളുടെ നിലം ഉഴുവിക്കാമെന്നാണ് അവരൊക്കെ നോക്കുന്നത്. റിമാ കല്ലിങ്കലും രമ്യാ നന്പീശനും ദീദി ദാമോദരനുമൊക്കെയുള്ള ചെറുകൂട്ടത്തിന്റെ സ്വരം ഒരു വലിയ സ്വരമായി പരിണമിക്കാനും ആണധികാരത്തിന്റെ നെറുകയിൽ ചവിട്ടി പാതാളത്തിലേക്കതിനെ താഴ്ത്താനും അധികകാലമൊന്നും പക്ഷേ കാത്തിരിക്കേണ്ടി വരില്ല. അന്നും ന്യായീകരണത്തിന്റെ നനഞ്ഞ പടക്കവുമായി സക്കറിയമാരും സെബാസ്റ്റ്യൻ പോളുമാരും ഉണ്ടാകുമെങ്കിലും സ്വയം കൈപൊള്ളുമെന്ന് ഭയന്ന് അവരാരും അതിന് തീ കൊളുത്താൻ ശ്രമിക്കില്ലെന്നു മാത്രം.

സാമൂഹികമായും സംസ്‌കാരപരമായും മനുഷ്യൻ ഒരുമിച്ചുകഴിഞ്ഞു തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണ് ആൺമേൽകോയ്മയുടെ പ്രയോഗങ്ങൾ. ശാരീരികമായി സ്ത്രീയേക്കാൾ ശക്തിയുള്ളതുകൊണ്ടും പ്രസവവും പാലൂട്ടലുമൊക്കെ സ്ത്രീയെ തളച്ചിടുന്ന സാഹചര്യമുണ്ടാക്കിയതും സമൂഹികവ്യവസ്ഥയിൽ സ്ത്രീയെ പുരുഷന്റെ അടിമ കണക്കെയാക്കി മാറ്റി. പുരുഷകേന്ദ്രീകൃതമായ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന മതമാകട്ടെ സ്ത്രീയെ കൂടുതൽ കൂടുതൽ അടിമത്തത്തിലേക്ക് നയിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും ഫത്വവകളും നൽകിക്കൊണ്ടിരുന്നു. സ്ത്രീയ്ക്ക് വിദ്യാഭ്യാസം നിഷേധിച്ചതും സതി പോലുള്ള അനുഷ്ഠാനങ്ങൾ കൊണ്ടുവന്നതും പർദ്ദയാൽ അവളെ മറച്ചതുമൊക്കെ ഇതിന്റെ ഭാഗമായാണ്. മതപുസ്തകങ്ങൾ സ്ത്രീയെ ലൈംഗികവസ്തുവായി മാത്രം കണക്കാക്കുകയും പൊതിഞ്ഞു സൂക്ഷിക്കേണ്ട കേവലമൊരു വസ്തുവാണ് അവളെന്ന് കാലങ്ങളിലൂടെ ആവർത്തിച്ചുകൊണ്ടിരുന്നു. ഇതിനെല്ലാം പുറമേ, അവളെ സാമൂഹികമായി കൂടുതൽ തളർത്താനായി സ്ത്രീധനം പോലുള്ള രീതികൾ പരന്പരാഗതമായി തന്നെ അനുവർത്തിച്ചു പോരുകയും സ്ത്രീ ഒരു ബാധ്യതയാണെന്ന പൊതുധാരണസമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്തു. സമൂഹത്തിലെ സാന്പത്തിക അസ്ഥിരാവസ്ഥയും പട്ടിണിയുമൊക്കെ ഒരു സാധാരണക്കാരിയെ പുരുഷകേന്ദ്രീകൃതമായ ലോകത്ത് അവന്റെ നിഴലായി മാത്രം നിലകൊള്ളാൻ പ്രേരിപ്പിക്കുകയും ചെയ്തു. 

ആത്യന്തികമായി ഇന്ത്യൻ സ്ത്രീയെ ശാക്തീകരിക്കാൻ ഏറ്റവും അനിവാര്യമായ കാര്യം സാന്പത്തികഭദ്രത അവൾക്കുറപ്പാക്കുന്ന തൊഴിലുകളിൽ അവളെ എത്തിക്കുകയെന്നതാണ്. സ്വന്തം കാലിൽ നിൽക്കാൻ അവൾ പ്രാപ്തയാകുന്നതോടെ തന്നെ അടിമത്തത്തിന്റെ ചങ്ങലകൾ അവൾ പൊട്ടിച്ചെറിയാൻ തുടങ്ങും. പിന്നീടു വേണ്ടത് അധികാരമാണ്. ജനാധിപത്യത്തിലെ അധികാരം തന്നെ. ജനാധിപത്യത്തിൽ തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ സുവ്യക്തമായ നിയമങ്ങളും നയങ്ങളും രൂപീകരിക്കപ്പെടണമെങ്കിൽ നിയമനിർമ്മാണ സഭകളിലേക്ക് സ്ത്രീകൾ കൂടുതലായി എത്തപ്പെട്ടേ മതിയാകൂ. പക്ഷേ നിലവിലെ അവസ്ഥ പരിശോധിച്ചാൽ ഈ രണ്ടു മേഖലകളിലും പക്ഷേ സ്ത്രീ സാന്നിദ്ധ്യം ഇന്ത്യയിൽ തുലോം തുച്ഛമാണെന്ന് മനസ്സിലാകും. തൊഴിൽ ശക്തിയിൽ കേവലം 27 ശതമാനം പേർ മാത്രമാണ് സ്ത്രീകളെങ്കിൽ പാർലമെന്റിൽ അവർ കേവലം 11 ശതമാനവും സംസ്ഥാന നിയമസഭകളിൽ 8.8 ശതമാനവുമാണ്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ വനിതാ വിദ്യാർത്ഥികൾ ഇന്ന് 48 ശതമാനമാകുകയും യൂറോപ്യൻ യൂണിയനും (54 ശതമാനം) അമേരിക്കയ്ക്കും (55 ശതമാനം) ചൈനയ്ക്കും (54 ശതമാനം) ഏതാണ്ട് അടുത്തെത്തിയെങ്കിലും ഇപ്പോൾ മറ്റു മേഖലകളിൽ അവർ പിന്നാക്കാവസ്ഥയിൽ തന്നെ തുടരുകയാണിപ്പോഴും. 

തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം എംപിമാരും എംഎൽഎമാരുടേയും എണ്ണം 4896 ആണ്. ഇതിൽ കേവലം 418 പേർ അഥവാ ഒന്പതു ശതമാനം മാത്രമാണ് സ്ത്രീകൾ. ലോക്സഭയിലെ 543 എം പിമാരിൽ കേവലം 59 പേർ (11 ശതമാനം) മാത്രമാണ് സ്ത്രീകളെങ്കിൽ രാജ്യസഭയിലെ 233 എംപിമാരിൽ കേവലം 23 പേർ (10 ശതമാനം) മാത്രമാണ് വനിതകൾ. സംസ്ഥാന നിയമസഭകളിൽ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ളത് പശ്ചിമ ബംഗാളിലും (294 എംഎൽമാരിൽ 34 സ്ത്രീകൾ) ബീഹാറിലും (243 എംഎൽ എമാരിൽ 34 പേർ) ഉത്തരപ്രദേശിലും (403 എംഎൽഎമാരിൽ 32 പേർ) രാജസ്ഥാനിലും (200 എംഎൽ എമാരിൽ 28 പേർ) ആണ്. ശതമാനക്കണക്കിൽ ബീഹാറും രാജസ്ഥാനും 14 ശതമാനം വനിതാ എംഎൽഎമാരുമായി മുന്നിൽ നിൽക്കുന്നുവെങ്കിലും 33 ശതമാനം സീറ്റ് വനിതകൾക്ക് സംവരണം ചെയ്യുന്ന വനിതാബില്ലിന്റെ അടുത്തെങ്ങുമെത്തുന്നില്ല ഇത്. എംപിമാരുടേയും എംഎൽഎമാരും ചേർത്തുള്ള കണക്കെടുത്താൽ സ്ത്രീകളുടെ ശതമാനത്തിൽ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ നാഗാലാൻഡും പുതുച്ചേരിയും മിസോറമാണ്. (ഒറ്റ സ്ത്രീകൾ പോലുമില്ല ഈ സംസ്ഥാനങ്ങളിൽ നിന്നും). ജമ്മു കശ്മീരും മേഘാലയയും ഗോവയും അരുണാചൽ പ്രദേശുമാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കേവലം 3 ശതമാനം മാത്രമാണ് ഇവിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം. സാക്ഷര കേരളത്തിൽ ഇത് കേവലം ഏഴു ശതമാനം മാത്രമാണെന്നും അറിയുക. 

കഴിഞ്ഞ 20 വർഷക്കാലമായി പാസ്സാക്കാൻ ശ്രമിക്കുന്നതാണ് വനിതാ ബിൽ. 2010−ൽ രാജ്യസഭയിൽ പാസ്സാക്കാനായെങ്കിലും പിന്നീട് ബിൽ മുന്നോട്ടുപോയില്ല. 1996 സെപ്തംബർ 12−നാണ് അന്നത്തെ ദേവഗൗഡ സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കാനൊരുങ്ങിയത്. ലോക്സഭയിൽ പുരുഷന്മാരുടെ അഴിഞ്ഞാട്ടത്തിനാണ് ഓരോ അവതരണവും സാക്ഷ്യം വഹിച്ചത്. പ്രിസൈഡിങ് ഓഫീസർമാരിൽ നിന്നും മന്ത്രിമാരിൽ നിന്നും ബില്ലിന്റെ കരടുപോലും തട്ടിപ്പറിക്കുന്ന സന്ദർഭങ്ങൾ പലവട്ടം അരങ്ങേറി. കൈയേറ്റങ്ങളും അടിപിടികളുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഒന്നാം യുപിഎ മന്ത്രിസഭയിലെ എച്ച്ആർ ഭരദ്വാജ് ഈ ബിൽ അവതരിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ സീറ്റിന്റെ രണ്ടുവശത്തും വനിതാ മന്ത്രിമാർ സുരക്ഷാകവചമൊരുക്കുകയും ചില വനിതാ എംപിമാർ സുരക്ഷിതവലയം തീർത്തതുമെല്ലാം ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ നാണക്കേടായ സംഭവമായിരുന്നു. അടൽ ബിഹാരി വാജ്പേയിയുടെ എൻഡിഎ കാലത്ത് 12−ാം ലോക്സഭയിൽ മന്ത്രി എം തന്പിദുരെ 1998 ജൂലൈ 13−ന് ബിൽ അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോൾ ആർജെഡി എം പിയായ സുരേന്ദ്ര പ്രസാദ് അന്നത്തെ സ്പീക്കർ ജിഎംസി ബാലയോഗിയിൽ നിന്നും അത് തട്ടിപ്പറിച്ച് കീറിക്കളഞ്ഞ സംഭവം പോലുമുണ്ടായി. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന കാലയളവുകളിലും ബിൽ പാസ്സാക്കപ്പെടാതിരുന്നതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തിയെന്നല്ലാതെ ബില്ലിന്റെ കാര്യത്തിൽ നീക്കുപോക്കുണ്ടായില്ലെന്നതാണ് വാസ്തവം. ഇത്ര കാലമായിട്ടും ലോക്സഭയിൽ വനിതാ ബിൽ വോട്ടിനിടാൻ പോലും സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ലോക്സഭയിൽ ബിൽ പാസ്സാക്കപ്പെട്ടാൽ ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിൽ പകുതിയും അത് പാസ്സാക്കുകയും രാഷ്ട്രപതിയുടെ ഒപ്പു നേടുകയും വേണം. 

ഏറ്റവുമൊടുവിൽ വനിതാ ബിൽ അവതരിപ്പിക്കുന്പോൾ നൂറിലധികം ഭേദഗതികൾ അതിനകം അതിൽ വരുത്തിയിട്ടുണ്ടായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രാദേശികതലത്തിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം സീറ്റ് വാഗ്ദാനം ചെയ്യുന്നതായിരുന്നു ഒടുവിൽ അവതരിപ്പിച്ച ബിൽ. വനിതാ സംവരണം ലിംഗഅസമത്വത്തിന് ഇടയാക്കുമെന്നായിരുന്നു ബില്ലിനെ എതിർത്തവരുടെ മുഖ്യവിമർശനം. മാത്രവുമല്ല സംവരണം നൽകിയാൽ തന്നെയും സംവരണ സീറ്റുകളിൽ നിന്നും മത്സരിച്ച് നിയമസഭയിലോ പാർലെമന്റിലോ എത്തുന്നത് അവിടത്തെ പഴയ എംഎൽഎയുടെയോ എംപിയുടെയോ മകളോ ഭാര്യയോ തന്നെയാകുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. അതിൽ ഒരു പരിധി വരെ കാര്യമുണ്ടുതാനും. അഴിമതിക്കേസ്സിൽ ശിക്ഷിക്കപ്പെടുന്പോൾ പോലും ഭാര്യയെ മുഖ്യമന്ത്രിയാക്കി അധികാരം നിലനിർത്തിയ ലാലുപ്രസാദ് യാദവിനെപ്പോലുള്ളവരെ കണ്ട നാടാണല്ലോ ഇന്ത്യ. 

കൂടുതൽ കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതോടെ, തൊഴിൽ മേഖലകളിലും ഭരണപരമായ സ്ഥാനങ്ങളിലും ഉദ്യോഗസ്ഥതലത്തിലും ജനപ്രതിനിധി സഭകളിലുമെല്ലാം സ്വാഭാവികമായും സ്ത്രീകൾ എത്തപ്പെടുമെന്നാണ് സ്ത്രീ സംവരണത്തെ എതിർക്കുന്നവർ പറയുന്നത്. കഴിവും കാര്യശേഷിയുമുള്ള സ്ത്രീകൾ സ്വയം ആ സ്ഥാനങ്ങളിലെല്ലാം എത്തപ്പെടുമായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിലെ തൊഴിൽ രംഗത്തും നിയമനിർമ്മാണസഭകളിലുമെല്ലാം ഇത്രയും കുറഞ്ഞ ശതമാനം സ്ത്രീകളല്ല എത്തപ്പെടേണ്ടിയിരുന്നത്. അതിനർത്ഥം ഈ മേഖലകളിലെല്ലാം തന്നെ ഏതെങ്കിലും കാരണങ്ങളാൽ അവർ ഒഴിച്ചുനിർത്തപ്പെടുകയായിരുന്നുവെന്നു തന്നെയാണ്. വിദ്യാഭ്യാസം സിദ്ധിച്ച നമ്മുടെ സ്ത്രീകൾ വിവാഹത്തിനുശേഷം പുരുഷാധിപത്യത്തിനു വഴങ്ങി, തൊഴിൽ രംഗത്തു നിന്നും മാറ്റി നിർത്തപ്പെടുന്നുവെന്നത് ഒരു ഘടകം. പല സ്ഥാപനങ്ങളും വനിതാശേഷി തങ്ങളുടെ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തുന്നില്ലെന്നത് വേറെ ഘടകം. മതസംഘടനകൾ സ്ത്രീകൾ തൊഴിൽരംഗത്ത് പോകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ മറ്റൊരു ഘടകം. രാഷ്ട്രീയരംഗത്തേക്കാണെങ്കിൽ സ്ത്രീകൾ എത്തപ്പെടുന്പോൾ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന പുരുഷാധിപത്യം നിറഞ്ഞ ലോകത്തിന്റെ ഭയം. ഈ രംഗങ്ങളിലൊക്കെയുള്ള വിവേചനം അട്ടിമറിക്കാൻ ഏറ്റവും ആവശ്യമായിട്ടുള്ളത് അധികാരമാണ്. ആ അധികാരം നേടിയെടുക്കാൻ വനിതാ ബില്ലിലൂടെ സ്ത്രീകൾക്ക് നിയമനിർമ്മാണസഭകളിലേയ്ക്ക് 33 ശതമാനം സംവരണം നൽകിയേ തീരൂ. അതിനെ ചെറുക്കുന്നവർ സ്ത്രീകളുടെ നില എക്കാലത്തും പുരുഷനേക്കാൾ താഴെയായിരിക്കണമെന്ന് വിശ്വസിക്കുന്നവരാണ്. 

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം നിലവിലെ അവസ്ഥയിൽ നിന്നും മെച്ചപ്പെടണമെന്നാഗ്രഹിക്കുന്ന ഒരാളും വനിതാ ബില്ലിനെ എതിർക്കില്ലെന്നുറപ്പ്, സ്ത്രീ സമൂഹത്തിൽ നിന്നു തന്നെ അതിനായുള്ള ശക്തമായ സ്വരം ഇനിയെങ്കിലും ഉയർന്നുവന്നില്ലെങ്കിൽ ഒരു കാലത്തും നയപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും സ്ത്രീകൾക്കനുകൂലമായ നിലപാടുകൾ ഇവിടെ ഒരുകാലത്തും നിർമ്മിക്കപ്പെടുകയുമില്ല. നാട്ടിലും വീട്ടിലും എന്നും ഒരു അടിമവർഗമായി കഴിയാനാകും അവരുടെ വിധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed