ഹൃ­­­ദയം, അത് നമ്മു­ടേ­താ­ണ്...


ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെന്പാടും പടർന്നുപിടിക്കുകയാണ്‌. ഇന്ന് മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിഞ്ഞെന്ന് സമീപകാല പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ്‌ എല്ലാ വർഷവും സപ്തംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്‌. ഈ വർഷം അത് 29 നാണ്‌. 

മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേയ്ക്കും രക്തം ശുദ്ധീകരിച്ച് പന്പ് ചെയ്യുകയാണ്‌ ഹൃദയത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70−72 തവണയും സ്ത്രീകൾക്ക് 78−82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കൽപിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പന്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പന്പ് ചെയ്യുന്നു. മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

കാലം മാറി, ഇന്ന് ഹൃദ്രോഗം വളരെയധികം വർദ്ധിച്ച് വരുന്ന അവസ്ഥയാണ് കാണുന്നത്. ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തിൽ കുറവാണ്‌.

ഹൃദ്രോഗ സാധ്യത അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഗർഭാശയത്തിലായിരിക്കുന്പോൾ സംഭവിക്കുന്ന പോഷകാഹാരക്കുറവ്‌, കുട്ടികൾക്ക് ശാരീരിക വൈകല്യങ്ങൾക്കും അതുവഴി ഭാവിയിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേയ്ക്കും വഴിതെളിക്കുമെന്ന്‌ കണ്ടുപിടിച്ചിട്ടുണ്ട്‌. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികൾക്ക്‌ പിൽക്കാലത്ത്‌ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മസ്തിഷ്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

 

ഹൃദ്രോഗം

ഹൃദ്രോഗം എന്നു കേൾ‍ക്കുന്പോൾ‍ ആദ്യം ഓർ‍ക്കുന്നത് ഹൃദയസ്തംഭനം അഥവാ ഹാർ‍ട്ടറ്റാക്കിനെക്കുറിച്ചാണ്. മരണകാരണമാകുന്ന പ്രധാന ഹൃദ്രോഗം ഹാർ‍ട്ടറ്റാക്കാണ്. അതുകൊണ്ട് എല്ലാവർ‍ക്കും അതിനെയാണ് ഏറ്റവും ഭയം മാത്രം. ഏറ്റവും ഗുരുതരമായതും ഹാർ‍ട്ടറ്റാക്ക് തന്നെ. എങ്കിലും പലതരം ഹൃദ്രോഗങ്ങൾ‍ വേറെയുമുണ്ട്.

 

ഹൃദയാഘാതം 

ഹൃദയപേശികളിലേയ്ക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ‍ കൊഴുപ്പടിയുകയോ രക്തം കട്ടിപിടിച്ച് തടസ്സമുണ്ടാവുകയോ ചെയ്യുന്പോൾ‍, വേണ്ടത്ര രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവർ‍ത്തനം മന്ദീഭവിക്കുന്നു. ചിലപ്പോൾ‍ ഹൃദയപേശികൾ‍ പ്രവർ‍ത്തിക്കാതാവുകതന്നെ ചെയ്യും. ഈ അവസ്ഥയാണ് ഹൃദയാഘാതം. കൊച്ചു കുട്ടികളിൽ‍ ജന്മനാ കാണുന്ന ചില ഹൃദയരോഗങ്ങളുണ്ട്. ഹൃദയഭിത്തിയിൽ‍ സുഷിരങ്ങളുണ്ടായിരിക്കുന്നതാണ് ഇതിൽ‍ പ്രധാനം. ശരീരത്തിനാകെ നീലനിറം വരുത്തുന്ന ചില ഹൃദ്രോഗങ്ങളും കുഞ്ഞുങ്ങളിൽ‍ ജന്മനാ കാണാറുണ്ട്. കൗമാരമെത്തും മുന്പ് കുട്ടികളിൽ‍ വാതപ്പനിയും അതിനെത്തുടർ‍ന്ന് ഹൃദയവാൽ‍വുകൾ‍ക്ക് തകരാറും ഉണ്ടാകാറുണ്ട്. രക്തസമ്മർ‍ദ്ദം കൂടുന്പോൾ‍ ഹൃദയത്തിന്റെ ജോലിഭാരം കൂടും. ഇത് ക്രമേണ ഹൃദയത്തിന്റെ പ്രവർ‍ത്തനശേഷി കുറയ്ക്കാനും അതുവഴി ഹൃദയസ്തംഭനത്തിലേക്കെത്താനും സാധ്യതയുണ്ട്. ഇതൊക്കെയാണ് ഹൃദയത്തെ ബാധിക്കുന്ന മറ്റു പ്രധാന പ്രശ്‌നങ്ങൾ‍.

നെഞ്ചുവേദന അഥവാ ആൻ‍ജൈന ഹൃദയാഘാതമുണ്ടാക്കണമെന്നില്ല. വേഗത്തിൽ‍ നടക്കുക, കയറ്റം കയറുക തുടങ്ങി ഏതെങ്കിലും കായികാദ്ധ്വാനത്തിൽ‍ ഏർ‍പ്പെടുന്പോൾ‍ ഹൃദയത്തിന് കൂടുതൽ‍ തീവ്രമായി പ്രവർ‍ത്തിക്കേണ്ടിവരും. ഇങ്ങനെ പ്രവർ‍ത്തിക്കാൻ‍ ഹൃദയപേശികൾ‍ക്ക് കൂടുതൽ‍ രക്തവും പ്രാണവായുവും ആവശ്യമുണ്ട്. എന്നാൽ‍ ധമനികൾ‍ ചുരുങ്ങിയിരിക്കുന്നതുകൊണ്ട് വേണ്ടത്ര രക്തവും പ്രാണവായുവും ഹൃദയപേശികളിലേയ്ക്ക് എത്താതെ പോകുന്നു. ഈ സമയത്ത്, കൂടുതൽ‍ പ്രാണവായു കിട്ടിയേ തീരൂ എന്നുള്ള അവസ്ഥ ഹൃദയപേശികൾക്കുണ്ടാകുന്പോഴാണ് അത് നെഞ്ചുവേദനയായി അനുഭവപ്പെടുന്നത്. കായികാദ്ധ്വാനം നിർ‍ത്തി തെല്ലു വിശ്രമിക്കുന്പോൾ‍, ഇടുങ്ങിയ ധമനികളിലൂടെത്തന്നെ രക്തപ്രവാഹമുണ്ടായി ഹൃദയപ്രവർ‍ത്തനം സാധാരണപോലെ നടക്കുന്നു.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് പലരിലും പലതരത്തിലാണ് നെഞ്ചുവേദന അനുഭവപ്പെടുക. നെഞ്ചിനകത്ത് വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ തോന്നുക, നെഞ്ചെരിച്ചിലുണ്ടാവുക, നെഞ്ച് വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നുക, കത്തി കൊണ്ട് കുത്തുംപോലെ തോന്നുക −ഇങ്ങനെയൊക്കെ. നെഞ്ചിനുള്ളിൽ‍ നിന്നു വേദന പ്രധാനമായി തോളുകളിലേക്കു പടരും. ഇടത് കൈയിൽ‍ വേദന വരുന്നതു ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് വിലയിരുത്തലുകൾ.

നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാകാം. ഇതിനെ നിശ്ശബ്ദ ഹൃദയാഘാതം എന്നാണ് പറയുക. ഇത്തരക്കാരിൽ‍ 20-60 ശതമാനം പേരിലും ഹൃദയാഘാതമുണ്ടായത് മനസ്സിലാക്കുന്നത് പിന്നീടെപ്പോഴെങ്കിലും മേറ്റെന്തെങ്കിലും ആവശ്യത്തിന് ഇ.സി.ജി എടുക്കുന്പോഴായിരിക്കും. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരിൽ‍ പലരും ഹൃദ്രോഗവിവരം അറിഞ്ഞില്ലെന്നു വരാം. സ്ത്രീകളിൽ‍ പൊതുവെ ഹൃദ്രോഗസാധ്യത കുറവാണെന്ന് ഒരു പൊതുധാരണയുണ്ട്. ഇതു ശരിയല്ലെന്നും സ്ത്രീകളിൽ‍ രോഗനിരക്കു കൂടിവരികയാണെന്നും 25 വർ‍ഷത്തിനിടെ കേരളത്തിൽ‍ നടത്തിയ ചില പഠനങ്ങൾ‍ സൂചിപ്പിക്കുന്നു. വീട്ടിലും സമൂഹത്തിലും പൊതുവെ അവഗണനയനുഭവിച്ചിരുന്ന സ്ത്രീകളുടെ ഹൃദ്രോഗം കാണാതെ കിടന്നതുകൊണ്ടാവാം അവരിൽ‍ ഈ രോഗമുണ്ടാവില്ല എന്ന പൊതുധാരണയുണ്ടായത്. ആർ‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളിൽ‍ ഹൃദ്രോഗസാധ്യത പ്രകടമാംവിധം കൂടുന്നുണ്ട്.

 

ഹൃദയധമനിയിലെ ബ്ലോക്കുകൾ

ചുരുങ്ങുന്നതുകൊണ്ടും കൊഴുപ്പ് അടിയുന്നതുകൊണ്ടും ഹൃദയധമനികളുടെ ഉൾ‍വ്യാസം കുറയും. രക്തത്തിലെ നിരവധി ഘടകങ്ങളുടെ കൂടുതൽ‍ കുറവുകൾ‍കൊണ്ടും ചില ഹോർ‍മോണുകളുടെ സ്വാധീനംകൊണ്ടും ഹൃദയധമനികളിൽ‍ രക്തം കട്ടപിടിച്ച് ബ്ലോക്കുണ്ടാകാം. ചിലരിൽ‍ കുറേ നാൾ‍കൊണ്ട് പതുക്കെപ്പതുക്കെയാണ് തടസ്സം ഉണ്ടാവുക. ചിലപ്പോൾ‍, കൊറോണറി ധമനിയുടെ ഉള്ളിലെ എൻ‍ഡോതീലിയം എന്ന നേർ‍ത്തസ്തരത്തിൽ‍ നേരിയൊരു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയും ചെയ്യും.

 

ഹൃദയാരോഗ്യ സംരക്ഷണം

ആരോഗ്യ പൂർണ്ണമായ ജീവിതരീതി, ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, നല്ല പോഷണം, ദുർമ്മേദസ്സ്‌ ഒഴിവാക്കൽ, പതിവായി വ്യായാമം.

 

തെറ്റായ ആരോഗ്യ ശീലങ്ങൾ

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ്‌ നമ്മൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്‌. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്‌? രുചിയുണ്ടെന്ന്‌ തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട്‌ മാറ്റേണ്ടിയിരിക്കുന്നു.

മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങ
ൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്‌. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുന്പോൾ ദുർമ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.

എണ്ണമറ്റ രോഗങ്ങളിലേയ്ക്ക്‌ നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്‌ വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്‌. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നൽകുന്നില്ല. സാരമായ ശാരീരികാദ്ധ്വാനത്തോടെ ചെയ്യേണ്ട ജോലികൾ ഇന്നു നന്നേ വിരളമാണ്‌.

ഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്‌, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ്‌ ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ്‌ വേണ്ടത്‌. ഇതിന്‌ മാരത്തോൺ ഓട്ടക്കാരനാകണമെന്നില്ല. കൃത്യമായി മേൽപ്പറഞ്ഞ വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട്‌ അറ്റാക്ക്‌ ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു. ഭൂരിപക്ഷം ആൾക്കാർക്കും വൈദ്യനിർദ്ദേശം കൂടാതെ വ്യായാമ പദ്ധതിയിലേർ‌പ്പെടാം.

ഡോക്ടറുടെ നിർദ്ദേശം തീർച്ചയായും തേടേണ്ട ചില സാഹചര്യങ്ങളുണ്ട്‌. ആയാസപ്പെടുന്പോൾ  നെഞ്ചുവേദനഉണ്ടാകുന്നവർ, ഹൃദ്രോഗമുണ്ടെന്ന്‌ രോഗനിർണയം ചെയ്യപ്പെട്ടവർ, ബൈപ്പാസ്‌ സർജറി കഴിഞ്ഞവർ, ഇടക്കിടെ തലകറക്കമോ ബോധ ക്ഷയമോ ഉണ്ടാകുന്നവർ, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നവർ, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുള്ളവർ, പ്രായം ചെന്നവർ ഇക്കൂട്ടരെല്ലാം വൈദ്യനിർദ്ദേശ പ്രകാരം മാത്രമേ വ്യായാമത്തിലേർപ്പെടാവൂ. പുകവലി നിർത്തുക, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘർഷം ലഘൂകരിക്കുക, മദ്യപാനം വർജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമെപ്പടാതിരിക്കാൻ നമ്മെ സഹായിക്കും. ഹൃദയം അത് നമ്മുടേത് മാത്രമാണെന്നും അതിനെ പരിപാലിക്കേണ്ടത് നമ്മൾ തന്നെയാണെന്നുമുള്ള ശരിയായ ബോധം ഹൃദ്രോഗങ്ങളിൽ നിന്നും നമ്മെ മുക്തമാക്കിയേക്കും...

You might also like

  • Lulu Exchange
  • Straight Forward

Most Viewed