തേ­ച്ച് മാ­യ്ക്കപ്പെ­ടു­ന്ന കളങ്കങ്ങൾ...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസങ്ങളിൽ‍ ദേശീയ രാഷ്ട്രീയത്തിൽ‍ തന്നെ വലിയ പ്രധാന്യം നേടിയിരിക്കുന്ന രണ്ട് വാർ‍ത്തകളുടെ കേന്ദ്രബിന്ദു നമ്മുടെ കേരളമാണ്. ഇതിൽ‍ രണ്ടിലും അഭിമാനിക്കാൻ നമുക്ക് ഒന്നുമില്ല എന്നതാണ് സങ്കടകരം. ആദ്യത്തേത് മെഡിക്കൽ‍ കോളേജിന്റെ ലൈസൻസിനായി സ്വാശ്രയമെഡിക്കൽ കോളേജ്‌ സംരംഭകനിൽ നിന്നും 5.6 കോടി കേരളത്തിലെ ബി.ജെ.പി നേതാക്കൾ‍ വാങ്ങിയെന്ന കോഴ കേസാണ്. മെഡിക്കൽ‍ കോളേജിനുള്ള മേടിക്കൽ‍ സംഭവം വിവാദമായതോടെ ഇതു വരെയും ധാർമ്‍മികരെന്ന് കരുതിയിരുന്ന പലരുടെയും മുകളിൽ‍ സംശയത്തിന്റെ നിഴൽ‍ വീണുകഴിഞ്ഞു. അതുപോലെ തന്നെ മറ്റൊന്ന് സ്ത്രീപീഡന കേസിൽ കോൺഗ്രസ്‌ എം.എൽ.എ റിമാൻഡിലായി എന്നതാണ്. ഇവർ‍ കുറ്റം ചെയ്തിട്ടുണ്ടോ അതോ ഇല്ലയോ എന്നത് നിയമവും കോടതിയും തെളിയിക്കേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ആ ചർ‍ച്ചയിലേയ്ക്ക് തോന്ന്യാക്ഷരം ഇന്ന് കടക്കുന്നില്ല. എന്നാൽ‍ അതേസമയം രാഷ്ട്രീയ ധാർമ്‍മികതയുടെ കാര്യങ്ങളിൽ‍ നിരന്തരമുണ്ടാകുന്ന ഇത്തരം ആശങ്കകളെ പറ്റി പറയാതിരിക്കാനും വയ്യ. 

സാമൂഹ്യജീവിതത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന രാഷ്ട്രീയ അഴിമതി, സ്ത്രീവിരുദ്ധത തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ നിരന്തരം പൊരുതുമെന്നാണ്‌ ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌. ആ പ്രതീക്ഷയാണ്‌ ഇത്തരം സംഭവങ്ങളിലും തകർ‍ന്നുപോകുന്നത്. ഇപ്പോഴത്തെ സംഭവങ്ങളിൽ‍ ഒന്നുണ്ടായിരിക്കുന്നത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയിൽ‍ നിന്നാണെങ്കിൽ‍ രണ്ടാമത്തെതിൽ‍ മുഖ്യ പ്രതിയായിരിക്കുന്നത് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺ‍ഗ്രസ്സിന്റെ ജനപ്രതിനിധിയാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ ബലത്തിലാണ് ബി.ജെ.പി അധികാരത്തിലേറിയത്. പക്ഷെ മുന്പ് നടന്ന പല സംഭവങ്ങളും അവരുടെ ഈ അവകാശവാദത്തിന് കടകവിരുദ്ധമായി സംഭവിച്ചിട്ടുണ്ട്. ബി.ജെ.പി പ്രസിഡണ്ടായിരുന്ന ബംഗാരു ലക്ഷ്മൺ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ മുതൽ കാർഗിൽ യുദ്ധത്തിന്റെ പേരിൽ നടന്ന ശവപ്പെട്ടി കുംഭകോണം, യെദ്യൂരപ്പയുടെ ഖനി കുംഭകോണം, അനേകംപേരുടെ അസ്വഭാവിക മരണത്തിനിടയാക്കിയ വ്യാപം, മഹാരാഷ്ട്രയിലെ ജലസേചന അഴിമതി,  വിജയ്മല്യയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ‍, ലളിത്‌ മോഡി ഉൾപ്പെട്ട ഐ.പി.എൽ കുംഭകോണം തുടങ്ങി നിരവധി അഴിമതി കേസുകൾ‍ ചർ‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ അവസ്ഥ കോൺ‍ഗ്രസ് പാർ‍ട്ടിയിലും ഏറെയുണ്ടായിട്ടുണ്ട്. അതോടൊപ്പം ഈ പാളയത്തിലുള്ള നേതാക്കന്‍മാരുടെ സ്ത്രീപീഢന, സ്ത്രീ വിരുദ്ധ നിലപാടുകളും ഏറെ ചർ‍ച്ചയായിട്ടുണ്ട്. വയോവൃദ്ധനായ എൻ.ഡി തിവാരിയുടെ  രാസലീലകൾ മുതൽ ശശിതരൂർ എം.പിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്ന സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം വരെ അതിൽ‍ പെടുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി ഭരണത്തിൽ‍ കേരളത്തിൽ‍ നടനമാടിയ സരിതാകാണ്ഠം നാടകവും ഇതോടൊപ്പം ചേർ‍ത്ത് വെക്കാവുന്നതാണ്. വ്യക്തിപരമായ പാളിച്ചകളാണ് ഇത്തരം വിഷയങ്ങളിൽ‍ വീണുപോകാൻ ഇടയാക്കുന്നതെന്ന് ന്യായീകരിക്കാമെങ്കിലും, കുറ്റം ആരോപിക്കപ്പെടുന്ന കാലത്ത് ഏറ്റവും കുറഞ്ഞത് അവർ‍ വഹിക്കുന്ന ഉന്നതപദവികളിൽ‍ നിന്ന് മാറ്റിനിർ‍ത്താനുള്ള ശ്രമം പോലും ഈ രണ്ട് പാർ‍ട്ടികളും സ്വതവേ നടത്താറില്ല. ഇത് വളരെയേറെ തെറ്റായ ഒരു സന്ദേശം തന്നെയാണ് ജനങ്ങൾ‍ക്ക് നൽ‍കുന്നത്. രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും ജനങ്ങളിൽ പുച്ഛം വളർത്താനെ ഇത്തരം നടപടികൾ ഉപകരിക്കൂ.

അതേ സമയം അഴിമതിയും, കുറ്റകൃത്യങ്ങളും, പീഢനങ്ങളുമൊന്നും ഇന്ത്യാ മഹാരാജ്യത്ത് ആദ്യമായിട്ടല്ല സംഭവിക്കുന്നത് എന്നത് ശരിയാണ്.  
മാത്രമല്ല എല്ലാ പാർ‍ട്ടികളിലെയും ചിലർ‍ എല്ലാ കാലത്തും ഇത്തരം ആരോപണങ്ങളെ നേരിട്ടിട്ടുമുണ്ട്.  സമൂഹത്തിൽ നിലനിൽക്കുന്നതും അ നുദിനം വർദ്ധിച്ചുവരുന്നതുമായ ദുഷ്പ്രവണതകളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ മാത്രം മുക്തമാകുമെന്നതും വെറും സ്വപ്നം മാത്രമാണ്. അതേസമയം പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളും ആരോപണങ്ങളും കുറച്ച് കാലം വായുവിൽ‍ തത്തികളിച്ചതിന് ശേഷം അതില്ലാതെയാകുന്ന മായാജലാത്തെയാണ് സത്യത്തിൽ‍ പൊതുസമൂഹം ആശങ്കപ്പെടേണ്ടത് !! 

You might also like

  • Lulu Exchange
  • Straight Forward

Most Viewed