രാമകഥാമൃതം - ഭാഗം 8

എ. ശിവപ്രസാദ്
വനത്തിലൂടെ യാത്ര തുടർന്ന രാമലക്ഷ്മണന്മാരും സീതാദേവിയും മുനിശ്രേഷ്ഠനായ ഭരദ്വാജന്റെ ആശ്രമത്തിലെത്തി. ഭരദ്വാജമഹർഷി അവരെ ആദരവോടെ സ്വീകരിച്ചു. ഫലമൂലാദികൾ കഴിച്ച് അല്പനേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടർന്ന അവർ പിന്നീട് എത്തിച്ചേർന്നത് വാത്മീകി മഹർഷിയുടെ ആശ്രമത്തിലായിരുന്നു. വാത്മീകിയുടെ ആശ്രമത്തിൽ നിന്നും യാത്ര ചെയ്ത് അവർ ചിത്രകൂടം എന്ന സ്ഥലത്ത് എത്തി. അത്യന്തം പ്രകൃതിരമണീയമായ സ്ഥലമായിരുന്നു ചിത്രകൂടം. ഒരു പർണ്ണശാല നിർമ്മിച്ച് രാമലക്ഷ്മണന്മാർ കുറച്ചു ദിവസം അവിടെ വസിച്ചു.
ഇങ്ങ് അയോധ്യയിലെ സ്ഥിതിഗതികൾ അത്യന്തം ശോചനീയമായിരുന്നു. പുത്രവിയോഗത്താൽ ദുഃഖിതനായ ദശരഥൻ ഭക്ഷണം പോലും ഉപേക്ഷിച്ച് കണ്ണുനീർ വാർത്തുകൊണ്ടിരുന്നു. കുറച്ചു ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം അതിരാവിലെ ദശരഥ മഹാരാജാവിനെ പള്ളിയുണർത്താൻ പോയ പരിചാരകർക്ക് ദശരഥന്റെ ചേതനയറ്റ ശരീരമാണ് കാണാൻ കഴിഞ്ഞത്. പുത്രശോകത്താൽ മനംനൊന്ത് ദശരഥമഹാരാജാവ് ഇഹലോകവാസം വെടിഞ്ഞു. ദശരഥന്റെ ചരമവാർത്ത അയോധ്യയിൽ കാട്ടുതീ പോലെ പരന്നു. ദശരഥന്റെ റാണിമാരും മറ്റ് കൊട്ടാരവാസികളും വാവിട്ടു കരഞ്ഞു. മുഴുവൻ കോസല രാജ്യവും ദുഃഖത്താൽ നിശ്ചലമായി. രാജാവ് മരിച്ചതറിഞ്ഞ അയോധ്യാ വാസികൾ കൊട്ടാരത്തിലേയ്ക്ക് എത്തിത്തുടങ്ങി. വസിഷ്ഠമുനിയുടെ നേതൃത്വത്തിൽ മന്ത്രിമാരും മറ്റ് പ്രധാന വ്യക്തികളും ഒത്തുകൂടി ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ആലോചന തുടങ്ങി. ഈ സമയത്ത് കേകേയ രാജ്യത്തായിരുന്ന ഭരതനെയും ശത്രുഘ്നയെയും ദൂതന്മാരെ അയച്ച് വിളിച്ചു വരുത്തി.
അയോധ്യാ കവാടത്തിലെത്തിയ ഭരതകുമാരൻ അന്പരന്നു. എങ്ങും നിശബ്ദത പരന്നിരിക്കുന്നു. ഉദ്യാനങ്ങളും നഗരവീഥികളും വിജനമായിരിക്കുന്നു. കൊട്ടാരത്തിനടുത്തെത്തിയപ്പോൾ കരഞ്ഞുകൊണ്ടിരുന്ന ജനങ്ങളെയാണ് ഭരതൻ കണ്ടത്. അതിവേഗം കൊട്ടാരത്തിലെത്തി തന്റെ മാതാവായ കൈകേയിയുടെ അടുത്തെത്തി പ്രണമിച്ചു. കൊട്ടാരത്തിലും പരിസരങ്ങളിലും കാണുന്ന വിചിത്രമായ രംഗത്തെക്കുറിച്ച് കൈകേയിയോട് ചോദിച്ചു. മകനെ ചേർത്തുപിടിച്ചു കൊണ്ട് കൈകേയി ശ്രീരാമന്റെ വനയാത്രയെക്കുറിച്ചും ദശരഥന്റെ ചരമഗതിയെക്കുറിച്ചും പറഞ്ഞു. ഈ വാർത്ത കേട്ട ഭരതൻ മോഹാലസ്യപ്പെട്ട് നിലത്തു വീണു. അല്പം നേരം കഴിഞ്ഞ് ബോധം വീണ്ടെടുത്ത ഭരതന് ദുഃഖവും ക്രോധവും ഒരുമിച്ചാണ് വന്നത്. തന്റെ പ്രാണനായ പിതാവിന്റെ വിയോഗവും ജീവന് തുല്യം സ്നേഹിക്കുന്ന ശ്രീരാമന്റെ വനയാത്രയും ഭരതനെ ഒരു ഭ്രാന്തമായ അവസ്ഥയിലെത്തിച്ചു. രണ്ടിനും കാരണക്കാരി തന്റെ മാതാവായ കൈകേയിയാണെന്നറിഞ്ഞ ഭരതൻ കൈകേയിക്കുമേൽ ശകാരവർഷം നടത്തി.
“ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ!
നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത മഹാപാപി ഞാനഹോ!
നിന്നോടുരിയാടരുതിനി ഞാൻ െചന്നു
വഹ്നിയിൽ വീണു മരിപ്പ, നല്ലായ്കിലോ
കാളകൂടം കുടിച്ചീടുവനല്ലായ്കിൽ
വാളെടുത്താശു കഴുത്തറത്തീടുവൻ.”
അടുത്ത ദിവസം തന്നെ ദശരഥമഹാരാജാവിന്റെ സംസ്കാര കർമ്മങ്ങൾ നടത്തി. അതിനുശേഷം വസിഷ്ഠമഹർഷി ഭരതകുമാരനെ കണ്ട് രാജാവായി വാഴണം എന്ന കാര്യം അറിയിച്ചു. എന്നാൽ താൻ രാജാവായി വാഴില്ലെന്നും ജ്യേഷ്ഠനായ ശ്രീരാമചന്ദ്രനെ തിരികെ കൊണ്ടുവന്ന് രാജാവായി കിരീടധാരണം നടത്തണമെന്നും ഭരതൻ അറിയിച്ചു. മുഴുവൻ രാജപരിവാരങ്ങളെയും കൂട്ടി വനത്തിൽ കഴിയുന്ന ശ്രീരാമചന്ദ്രനെ കൂട്ടിക്കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സുമന്ത്രരെ വിളിച്ചു വരുത്തിയ ഭരതൻ മുഴുവൻ രാജപരിവാരങ്ങളെയും സൈന്യസമേതം വനയാത്രക്ക് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.