അച്ഛനും ഒരു ഹൃദയമുണ്ട്...


ഇന്നെന്തോ മോഹനെട്ടനെ വല്ലാതെ ഓർ‍മ്മ വന്നു. ബഹ്റൈനിലെ ഏഷ്യാനെറ്റിന്റെ മുൻ‍ ക്യാമറമാൻ‍. 2006ലാണ് മോഹനേട്ടൻ‍ ഹൃദയത്തിന്റെ അവിചാരിതമായ പണിമുടക്കിൽ‍ പെട്ട് ഭൂമി വിട്ടുപോയത്. 2004ൽ‍ തന്നെ ജീവിതത്തിനോടൊപ്പം ഒത്തുപോകാൻ‍ തനിക്ക് വിഷമമുണ്ടെന്ന കാര്യം ഹൃദയം ആദ്യ അറ്റാക്ക് നൽ‍കി മോഹനേട്ടനോട് പറഞ്ഞിരുന്നു. അതിന് ശേഷം എല്ലാ കുരുത്തകേടുകളും മാറ്റി വെച്ച് നല്ലവനാകാൻ‍ തീരുമാനിക്കുകയും, അതിന്റെ ഭാഗമായി 38 വയസ്സിൽ‍ വിവാഹിതനാവുകയുമായിരുന്നു അദ്ദേഹം. തനിക്കൊരു കുഞ്ഞ് ജനിക്കാൻ‍ പോകുന്നു എന്ന കാര്യം കു‍‍ഞ്ഞുകൈയിലേയ്ക്കൊരു കളിപ്പാട്ടം കിട്ടിയാലുണ്ടാകുന്ന സന്തോഷത്തോടെയാണ് എന്നോട് പറഞ്ഞത്. കെട്ടിപിടിച്ച് വല്ലാത്തൊരു സന്തോഷത്തിൽ‍. ഭാര്യയോട് ആ സന്തോഷം പങ്കിടുന്നതും അതുവരെ കണ്ട് പരിചയിച്ച മോഹനേട്ടനായിരുന്നില്ല. തന്നെ പോലെയൊരാൾ‍ ഈ ഭൂമിയിലേയ്ക്ക് കടന്നു വരുന്നു എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ മാറ്റിയിരുന്നു. ഗുളികളൊക്കെ ശരിയായ സമയത്ത് കഴിച്ച്, വൈകുന്നേരങ്ങളിൽ‍ ഓടിയും നടന്നും, അമിത മേദസിനെ ഒഴുക്കി കളഞ്ഞും മോഹനേട്ടൻ‍ ആ കുഞ്ഞിന്റെ വരവിനായി കാത്തിരുന്നു. ഇതിനിടയിലാണ് ഞാൻ‍ നാട്ടിലേയ്ക്ക് അവധിക്ക് പോയത്. അതേ സമയത്ത് തന്നെ മോഹനേട്ടന്റെ കുട്ടിയും ജനിച്ചു. ഏകദേശം അവധിയുടെ കാലാവധി കഴിയാറുകുന്പോഴാണ് പിന്നീട് അദ്ദേഹം എന്നെ വിളിച്ചത്. കുറേ നേരം മോന്റെ വിശേഷങ്ങളായിരുന്നു പറഞ്ഞത്. ആദ്യത്തെ കണ്‍മണിയെ കാണാൻ‍ കൊതിക്കുന്ന ഒരച്ഛന്റെ മനസായിരുന്നു അതിൽ‍ നിറഞ്ഞത്. പക്ഷെ വിധി മറ്റൊന്നായി. പിറ്റേന്ന് കാലത്ത് മോഹനേട്ടൻ‍ കുളിമുറിയിൽ‍ വെച്ച് കുഴഞ്ഞുവീണു മരിച്ചു. നാട്ടിലായിരുന്നത് കൊണ്ട് വിമാനത്താവളത്തിൽ‍ ചെന്ന് ആ ശരീരം ഏറ്റുവാങ്ങാനും, സംസ്കാര ചടങ്ങുകളിൽ‍ പങ്കെടുക്കാനുമൊക്കെ പറ്റി. ആ ചെറിയ വീട്ടിലെ ചെറിയ മുറിയിൽ‍ തുണിതൊട്ടിലിൽ‍ ഒന്നുമറിയാതെ പുഞ്ചിരിച്ചു കൊണ്ടിരുന്ന ആ കുട്ടി അന്ന് അവിടെയുള്ളവരെയൊക്കെ വല്ലാതെ കണ്ണീരിലാഴ്ത്തിയതും ഓർ‍ക്കട്ടെ. 

ഇന്ന് മോഹനേട്ടനെ പറ്റി ഓർ‍ക്കാൻ‍ കാരണമാകുന്നത് മറ്റൊരു മരണത്തിന്റെ വാർ‍ത്തയാണ്. കണ്ണൂർ‍ സ്വദേശിയായ ഖാലിദ് എന്ന ചെറുപ്പക്കാരൻ‍ വാഹനപകടത്തിൽ‍ പെട്ട് മരണപ്പെട്ടിരിക്കുന്നു. വാഹനം എന്നു പറയുന്പോൾ‍ വലിയ ലക്ഷ്വറി വാഹനമൊന്നുമല്ല. തന്റെ ദീർ‍ഘനാളത്തെ പ്രവാസ ജീവിതത്തിൽ‍ സന്പാദിച്ച സൈക്കിളിനെയാണ് റോഡിലൂടെ കടന്നു പോയ വാഹനം ഇടിച്ചു തെറിപ്പിച്ചത്. ആ ഇടിയിൽ‍ ഇല്ലാതായത് ഖാലിദിന്റെ ഭാര്യയുടെയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുടെയും ജീവിതമാണെന്ന് സുഹൃത്തുക്കൾ‍ പറയുന്നു. അതിൽ‍ തന്നെ ഇളയ കുട്ടിയെ അദ്ദേഹം കണ്ടിട്ടില്ലെന്നും അറിയുന്നു. ഏറെ സങ്കടകരം. 

പലപ്പോഴും ജീവിതത്തിൽ‍ എല്ലാവരും അമ്മയുടെ സ്നേഹത്തെ പറ്റിയും വാത്സല്യത്തെ പറ്റിയും ഏറെ പറയാറുണ്ട്. അച്ഛന്റെ കാര്യം പലപ്പോഴും വിട്ടുപോകാറുമുണ്ട്. താരതമ്യപ്പെടുത്താനല്ല ഇവിടെ ശ്രമിക്കുന്നത്. പക്ഷെ അച്ഛനും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യനാണെന്നത് മറന്നുപോകുന്ന അവസ്ഥ നല്ലതല്ലെന്ന് ഓർ‍മ്മിക്കുന്നു എന്ന് മാത്രം. കഴിഞ്ഞ ദിവസം ഒരു വാർ‍ത്ത കണ്ടു. മുംബൈയിലെ ഒരു വിദേശ കന്പനിയായ സെയിൽ‍സ് ഫോഴ്സ് എന്നൊരു സ്ഥാപനം അവരുടെ ജീവനക്കാരായ പുരുഷന്‍മാർ‍ക്കും ശന്പളത്തോടെ പ്രസവാവധി നൽ‍കി. വിദേശത്ത് പലപ്പോഴും ഇത്തരം കാര്യങ്ങൾ‍ നടന്നിട്ടുണ്ടെങ്കിൽ‍ നമ്മുടെ നാട്ടിൽ‍ ഇതാദ്യമായാണ് ഇങ്ങിനെ ഒരവധി നൽ‍കുന്നത്. കുഞ്ഞുങ്ങളുടെ വളർ‍ച്ചയിൽ‍ അമ്മയെ പോലെ തന്നെ അച്ഛനും പങ്കുണ്ടെന്ന കാര്യം മുൻ‍നിർ‍ത്തിയാണ് ഇങ്ങിനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വിലയിരുത്താറിയിട്ടില്ലെങ്കിലും, തീർ‍ച്ചയായും വലിയൊരു ചിന്തയാണ് ഈ തീരുമാനം സമ്മാനിക്കുന്നത് എന്ന് പറയാതെ വയ്യ. അമ്മ കുട്ടിയെ വയറിലാണ് ഗർ‍ഭം ധരിക്കുന്നതെങ്കിൽ‍ അച്ഛൻ‍ ആ കുഞ്ഞിനെ തന്റെ തലയിലാണ് എടുത്തുനടക്കുതെന്ന ചിന്തയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണെന്ന ഓർ‍മ്മപ്പെടുത്തലോടെ... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed