ജിഎസ്ടി : സത്യവും മിഥ്യയും

ഇ.പി അനിൽ
epanil@gmail.com
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ നിമിഷങ്ങൾ നികുതി ബഹിഷ്ക്കരണമായിരുന്നു എന്ന് ആർക്കാണ് മറക്കുവാൻ കഴിയുക? ചന്പാരൻ സമരം, ഉപ്പുസത്യാഗ്രഹം, നിസ്സഹരണവും നിയമ ലംഘന സമരങ്ങളും ഒക്കെ വിവിധ ചുങ്കങ്ങൾക്കെതിരായി നടന്ന ചെറുത്തു നിൽപ്പുകളായിരുന്നു. ജനാധിപത്യ സംവിധാനങ്ങളിൽ നികുതി പിരിവിലൂടെ സർക്കാർ കണ്ടെത്തുന്ന പണം ജനകൾക്കായി ചിലവഴിക്കുകയും ഒപ്പം സർക്കാർ സംവിധാനങ്ങളെ ചലിപ്പിക്കുവാൻ ഉപയോഗിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ സന്പന്നരും ദരിദ്രരും തമ്മിലുള്ള (സാന്പത്തിക) വിടവുകൾ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനാധിപത്യ സർക്കാരുകൾ നികുതി ഘടന തീരുമാനിക്കുക. നിയമനിർമ്മാണ സഭകൾക്ക് പ്രാദേശികതാൽപ്പര്യങ്ങൾ പരിഗണിച്ച് നികുതി ചുമത്തുവാൻ അവസരം ഉണ്ട്. ഓരോ സംസ്ഥാനത്തെയും നികുതികൾ (സെയിൽസ് ടാക്സ്, എക്സൈസ് ടാക്സ്) അതാതു സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിമാർ അവതരിപ്പിക്കും. ഭരണ പ്രതിപക്ഷങ്ങളുടെ ചർച്ചകൾക്ക് ശേഷം നികുതി ഘടനയിൽ തീരുമാനമുണ്ടാകും. ജനങ്ങൾക്ക് തൃപ്തികരമാകാത്ത വിഷയങ്ങളിൽ അവർ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് നികുതി സംവിധാനത്തിൽ തിരുത്തലുകൾ വരുത്തിയ നിരവധി അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട്.(ദേശീയ തലത്തിലും ഇത്തരം പ്രവർത്തനമായിരുന്നു നടന്നുവന്നിരുന്നത്).
നാളിതുവരെയുള്ള നമ്മുടെ നികുതി രൂപത്തെ ആകെ തിരുത്തി എഴുതുന്ന ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് (ജി.എസ്.ടി) ജനാധിപത്യ സർക്കാരിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നു. രണ്ട് ഡസനിലധികം നികുതികൾക്ക് പകരം 0,5,12,18,28 എന്ന തരത്തിൽ അവ പരിമിതപ്പെടുത്തുവാൻ കേന്ദ്രീകൃതമായി എടുത്ത തീരുമാനവും, നികുതികൾ തീരുമാനിക്കുവാനുള്ള അധികാരം ദേശീയ കൗൺസിലിൽ (ജി.എസ്.ടി കൗൺസിൽ) നിക്ഷിപ്തമാകുക തുടങ്ങിയവയിലൂടെയും നിയമ നിർമ്മാണ സഭകൾക്ക് നികുതി നിർദ്ദേശങ്ങൾ തീരുമാനിക്കുവാനുള്ള അവകാശങ്ങൾ നഷ്ടപ്പെടുകയാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും, ജി.എസ്.ടി കൗൺസിൽ ശക്തമായ അവസരങ്ങൾ ലഭിക്കുകയില്ല. ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ 75% പങ്കാളിത്തം ഉണ്ടായിരിക്കണം. ഇത്തരം ഒരു നികുതി സംവിധാനം ലോകത്തിലെ 150ൽ പരം രാജ്യങ്ങളിൽ നടപ്പിൽ വരുത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്പോൾ ആരുടെ താൽപ്പര്യമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുക എന്നത് നമ്മൾ അറിയേണ്ടതുണ്ട്. 1986 മുതൽ ജി.എസ്.ടി നടപ്പിലാക്കിയ രാജ്യങ്ങളിൽ എന്ത് മാറ്റമാണ് മാർക്കറ്റിൽ ഉണ്ടായത്? വിലയിൽ എന്ത് ചലനമാണ് വന്നു ചേർന്നത് തുടങ്ങിയ വിഷയങ്ങൾ ഗൗരവതരമായി ചർച്ച ചെയ്യുവാൻ പ്രതിപക്ഷ പാർട്ടികൾ പോലും തയ്യാറായിട്ടില്ല. 1995ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ഡബ്ല്യു.ടി.ഒയുടെ ഭാഗമായ ഗാട്ടിൽ (ജനറൽ എഗ്രിമെന്റ് ഓഫ് താരിഫ് ആൻഡ് ട്രെയ്ഡ്) ചേർന്ന്, കച്ചവടവുമായി ബന്ധപ്പെട്ട കരാറുകൾക്കായി വിവിധ രാജ്യങ്ങളെ സാമ്രാജത്വ രാജ്യങ്ങൾ നിർബന്ധിക്കുകയാണ്. ഗാട്ട്സ്(ജനറൽ എഗ്രിമെന്റ് ഓൺ ട്രേയ്ഡ് ഇൻ സർവ്വീസ്), സേവന രംഗത്ത് നടപ്പിൽ വരുത്തുവാൻ നിർദ്ദേശിച്ച വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ് പരിഷ്കാരങ്ങൾ നാട്ടിൽ ഉണ്ടാക്കിയ അനുഭവങ്ങൾ എത്രമാത്രം ജന വിരുദ്ധമായാണ് ഇന്നു പ്രവർത്തിച്ചു വരുന്നത്.!
ആഗോള കുത്തകകൾക്കായി കച്ചവടങ്ങൾ കൊഴിപ്പിക്കുക എന്ന അജണ്ടയുമായി ദേശീയ സർക്കാരുകൾ പ്രവർത്തിക്കുന്നു എന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം. ജനങ്ങളുടെ അവകാശങ്ങളെ മറന്ന് അന്തർദേശീയ ദേശീയ കുത്തകകളെ മാത്രം പരിഗണിക്കുന്ന നിലപാടുകൾ ജന ജീവിതത്തെ ദുഷ്കരമാക്കി കൊണ്ടിരിക്കുന്നു. ലോക കുത്തകകളുടെ ആസ്തിയിൽ വൻ വർദ്ധന ഉണ്ടായ അവസാനത്തെ കാൽ നൂറ്റാണ്ടിനിടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാന്പത്തിക അന്തരം 120:1 എന്ന അവസ്ഥയിൽ എത്തി. (കഴിഞ്ഞ നൂറ്റാണ്ടുകളിൽ അത് 12:1, 32:1) തൊഴിലാളി വേതനം കുറയുകയും അവശ്യ വസ്തുക്കളുടെ വില കൂടുകയും ചെയ്തത് ആഫ്രിക്കക്കാരുടെ ആയുസ്സ് കുറച്ചു. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യലഭ്യതയിൽ ഇടിവുണ്ടാക്കി. വിവിധ രാജ്യങ്ങളിൽ സർക്കാർ നടപ്പിൽ വരുത്തുന്ന നിയമ പരിഷ്ക്കരണങ്ങൾ സ്വകാര്യ സ്ഥാപനങ്ങളുടെ താൽപ്പര്യങ്ങളെ സന്തോഷിപ്പിക്കുന്നു. അതിലെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് ജി.എസ്.ടിയും. നമ്മുടെ രാജ്യത്തെ നികുതികളെ രണ്ടായി തിരിക്കാം. പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും. സന്പന്നരായ ജനങ്ങൾ നൽകുന്ന പ്രത്യക്ഷ നികുതിയുടെ അടിസ്ഥാനം വ്യക്തിയുടെ സന്പത്തിക വരുമാനമാണ്. അതിൽ ഇൻകം കോർപ്പറേറ്റ്, എേസ്റ്ററ്റ് ഫാമിലി തുടങ്ങിയ നികുതികൾ ഉൾപ്പെട്ടിട്ടുണ്ട്. പരോക്ഷ നികുതിയിൽ എക്സൈസ് ടാക്സ്, വിവിധതരം സെയിൽ ടാക്സുകൾ, സെസുകൾ മുതലായവ ഉൾപ്പെടുന്നു. രണ്ടാമത്തെ നികുതി ഘടനയിൽ എല്ലാ ജനങ്ങളും പങ്കു ചേരുന്നുണ്ട്. പല വ്യഞ്ജനങ്ങളും, മരുന്നുകളും വാങ്ങുന്നതു മുതൽ വിമാനയാത്ര ചെയ്യുന്പോൾ വരെ എല്ലാ വ്യക്തികളും സർക്കാരിലേക്ക് നൽകുന്ന പണം പരോക്ഷ നികുതിയുടെ ഭാഗമാണ്. ഇന്ത്യയുടെ നികുതി ഘടനാ സംവിധാനം മാതൃകാപരമല്ല എന്ന വസ്തുത പൊതുവായി ഏവരും അംഗീകരിക്കുന്നു. അതിലെ താളപ്പിഴകൾ സാന്പത്തിക രംഗത്തെ അനാരോഗ്യകരമായ പ്രവണതകളിലേക്ക് രാജ്യത്തെ എത്തിച്ചു എന്നു മനസ്സിലാക്കാം.
വികസിത മുതലാളിത്ത രാജ്യങ്ങൾ നികുതി പിരിവിൽ ശുഷ്കാന്തി കാട്ടി വരുന്നവരാണ്. നികുതി നൽകുക, പകരം സർക്കാർ സംരക്ഷണ പദ്ധതികളിൽ പങ്കാളിയാകുക എന്നത് അവിടെ ഏവരുടെയും ഉത്തരവാദിത്തമായി പരിഗണിക്കുന്നു. നോറാഡിക് രാജ്യങ്ങളിൽ ക്രാഡിൽ ടു ഗ്രേയ്്വ് എന്ന പേരിൽ സർക്കാർ നടപ്പിലാക്കിയ പരിപാടികൾ വിജയകരമാക്കുവാൻ സർക്കാരുകളും ജനങ്ങളും വിജയിക്കുന്നത് നികുതി പിരിവിൽ അവർ കാട്ടുന്ന സഹകരണത്തിലൂടെയാണ്. ഫിൻലൻഡിൽ ജി.ഡി.പി യും നികുതിയും തമ്മിൽ ഉള്ള അനുപാതം 52%ആണ്. ഐസ്്ലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിലും അതിന്റെ അനുപാതം 50 ശതമാനത്തിനടുത്ത് വരുന്നു. ഫ്രാൻസിൽ തോത് 47% വരും. മുതലാളിത്തത്തിന്റെ പറുദീസയിൽ (യു.എസ്.എ) 37% കാണിക്കുന്നു. മാത്രവുമല്ല അമേരിക്കയിൽ 40% ആളുകൾ പ്രത്യക്ഷ നികുതിദായകരാണ്. അമേരിക്കയിലും യൂറോപ്പിലും നികുതി വെട്ടിപ്പു നടത്തുന്നവരെ വൻ തുകകൾ ചാർത്തി ശിക്ഷിക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ നികുതി പിരിവുകളുടെ അവസ്ഥ മറ്റൊന്നാണ്.
ലോകത്തെ മൂന്നാമത്തെ വൻ മാർക്കറ്റായ ഇന്ത്യയിൽ നികുതിയും ജി.ഡി.പിയും തമ്മിലുള്ള അനുപാതം 17% മാത്രമായി തുടരുന്നു. ബ്രസീൽ ജി.ഡി.പിയുടെ 27% നികുതി പിരിക്കുന്നു. ഇന്ത്യയെ പോലെ ദരിദ്രർ അധികമായിട്ടുള്ള നാട്ടിൽ വൻകിടക്കാരെ മുന്നിൽ കണ്ടു കൊണ്ടുള്ള നികുതി പിരിവുകൾ സജീവമല്ല. സാന്പത്തിക അസമത്വം മറ്റ് രാജ്യങ്ങളെക്കാൾ കൂടുതലായിട്ടുള്ള രാജ്യം എന്ന (ദുഷ്പേരിന്) ഇന്ത്യ അർഹയാണ്. ഇന്ത്യയിലെ 58% സ്വത്തും 1% ആളുകളുടെ നിയന്ത്രണതിൽ ആണ് എന്ന് പറഞ്ഞാൽ മുതലാളിത്ത നേതൃത്വം കൊണ്ടു നടക്കുന്ന രാജ്യങ്ങൾ പോലും അത്ഭുതം കൂറിപ്പോകും. (അമേരിക്കയിൽ ചരിത്രത്തിൽ ആദ്യമായി 10% ആളുകൾ 52% സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്നു എന്ന സംഭവത്തെ ഗൗരവതരമായി യു.എസ് പൊതു സമൂഹം വീക്ഷിക്കുന്നു.) 1991ന് ശേഷം ലോകത്തെ നികുതി ഘടനയെ പറ്റി നടന്ന ചർച്ചകളിൽ സന്പന്നരുടെ നികുതികൾ കുറയ്ക്കുന്ന നിലപാടുകളെ അംഗീകരിക്കുവാൻ ഇന്ത്യൻ സർക്കാരും താൽപ്പര്യം കാട്ടി. രാജ്യത്ത് നികുതി റിട്ടേണുകൾ കൊടുക്കേണ്ടവരായി സർക്കാർ പരിഗണിക്കുന്നവർ 4 കോടിയിൽ കുറവ്. (3% ആളുകൾ എന്നർത്ഥം) നികുതി അടക്കുന്നവർ ഒരു ശതമാനം മാത്രം. 10 ലക്ഷത്തിലധികം പ്രതിവർഷ വരുമാനമുള്ളവർ 32 ലക്ഷം ആളുകൾ. 10 കോടിക്ക് പുറത്ത് വരുമാനമുള്ളവർ 15,000ൽ താഴെ മാത്രം. ഈ കണക്കുകൾ വ്യക്തമാക്കുന്നത് രാജ്യത്തെ സന്പന്നരിൽ വളരെ കുറച്ചാളുകളെ പ്രത്യക്ഷ നികുതി കൊടുക്കുന്നുള്ളു എന്നാണ്. കഴിഞ്ഞ 25 വർഷമായി സന്പന്നരുടെ നികുതികൾ കുറയ്ക്കുവാൻ സർക്കാർ തയ്യാറായിരുന്നു. ഏറ്റവും അവസാനത്തെ ബജറ്റിലും 3 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിവർഷം വരുമാനമുള്ളവരിലേയ്ക്ക് നികുതി ഘടന ചുരുക്കുന്ന നിലപാട് തുടരുന്നതിനൊപ്പം നികുതിയിൽ കൂടുതൽ ഇളവുകൾ നൽകി എന്നു നമുക്കറിയാം. കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രത്യക്ഷ നികുതി ജി.ഡി.പി ബന്ധം 6.4 ശതമാനത്തിൽ നിന്നും 5.34% ആയി. പ്രത്യക്ഷ നികുതി വിഹിതം കുറയുകയും അതുവഴി സന്പന്നരുടെ ബാധ്യതകൾ കുറയുകയും ചെയ്തു എന്നാണിവിടെ മനസ്സിലാക്കുകുവാൻ കഴിയുക.
ഇന്ത്യാ രാജ്യത്തെ കഴിഞ്ഞ വർഷത്തെ നികുതി വരുമാനം 17.11 ലക്ഷം കോടി രൂപയാണ് അതിൽ പ്രത്യക്ഷ നികുതി 8.47 ലക്ഷം കോടിയും. പരോക്ഷ നികുതി 8.66 ലക്ഷം കോടി രൂപയും. പരോക്ഷ നികുതി വളർച്ച 22% ആണ്. പ്രത്യക്ഷ നികുതിയുടെ വളർച്ച കുറഞ്ഞു കുറഞ്ഞു വരുന്നു. സെസ്, എക്കണോമിക് കോറിഡോർ തുടങ്ങിയ സ്ഥലങ്ങളിൽ നികുതികൾ ഒഴിവാക്കി കോർപ്പറേറ്റുകളെ സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നതായി അവകാശപ്പെടുന്നുണ്ട്. രാജ്യത്തെ കള്ളപ്പണത്തിന്റെ പങ്കാളിത്തം 40% മുതൽ 70% വരെ എന്ന് അന്തർദേശീയ-ദേശീയ പഠനങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രാജ്യത്തെ പ്രതിവർഷ ജി.ഡി.പി വരുമാനത്തിൽ 130 ലക്ഷം കോടി രൂപയിൽ 50 ലക്ഷം കോടി രൂപ എങ്കിലും നികുതി കൊടുക്കാത്ത സ്വത്തുക്കൾ ആണെന്നാണ് വസ്തുത. അത്തരം നികുതി വെട്ടിപ്പുകൾ അവസാനിപ്പിക്കുവാൻ ശ്രീ. മോഡി കൊണ്ടുവന്ന നോട്ട് നിരോധനം എവിടെ എത്തി എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. സർക്കാർ 70,000 കോടി രൂപ കള്ളപ്പണമായി കണ്ടെത്തി എന്നവകാശപ്പെട്ടു. വിദേശത്തേയ്ക്ക് കള്ളപ്പണം കടത്തുന്ന സംഘങ്ങളിലെ പ്രധാനികൾ കോർപ്പറേറ്റുകളാണ്. അദാനി കന്പനി 5,500 കോടി രൂപ ദുബൈ വഴി വിദേശത്തേയ്ക്ക് എത്തിച്ചതിന് മൂന്നിരട്ടി പിഴ അടയ്ക്കണം എന്ന SIT തീരുമാനത്തെ സർക്കാർ മരവിപ്പിച്ചു. ഷെയർ മേഖലയിൽ നികുതി ഒഴിവാക്കലിലൂടെ ചൂതാട്ടരംഗത്തെ വന്പന്മാർക്ക് പ്രതിവർഷം 40,000 കോടി രൂപ അധിക വരുമാനം സർക്കാർ ഒരുക്കി എന്നു കാണാം. ഇത്തരം നിരവധി നികുതി ഇളവുകൾ സന്പന്നർക്ക് നൽകുന്പോൾ പരോക്ഷ നികുതി പിരിവ് ഘടനയിൽ മാത്രമായി നടപ്പിലാക്കേണ്ട പൊളിച്ചെഴുത്തലുകളെ പറ്റി കഴിഞ്ഞ കാൽ നൂറ്റാണ്ടായി സർക്കാരുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് സാധാരണ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായിട്ടല്ല.
സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന നിരവധി നികുതികളെ ഒരു പേരിനു പിന്നിൽ അണിനിരത്തുക എന്നതായിരുന്നു വാറ്റിന്റെ ലക്ഷ്യം. ലോകത്തെ നിരവധി രാജ്യങ്ങളിൽ കാൽ നൂറ്റാണ്ടിനിടെ നടപ്പിലാക്കിയ വാറ്റിന്, ആവർത്തന സ്വഭാവമുള്ള നികുതികൾ ഒഴിവാക്കുവാൻ കഴിയുന്നതുകൊണ്ട് നികുതി തോത് കുറയുകയും അതുവഴി സാധനങ്ങൾക്ക് വില ഇടിയും എന്നുമാണ് ഇടതു, കോൺഗ്രസ്സ്, ബി.ജെ.പി സർക്കാരുകൾ പ്രചരിപ്പിച്ചിരുന്നത്. (സാധനങ്ങൾ കൈമാറുന്പോൾ വില വ്യത്യാസത്തിന് മാത്രം ഓരോ ഘട്ടത്തിലും നികുതി നൽകലിനെയാണ് വാല്യു ആഡഡ് ടാക്സ് എന്നു പറയുന്നത്.) എന്നാൽ വാറ്റിന് ശേഷം നാട്ടിൽ എന്തു മാറ്റമാണ് ഉണ്ടായത് എന്ന് നമുക്കറിയാം. ഈ വിഷയത്തിൽ അമേരിക്ക കൈക്കൊണ്ട സമീപനം 25 വർഷത്തിന് ശേഷം വിലയിരുത്തേണ്ടതാണ്. വാറ്റ് വില വർദ്ധനവിന് കാരണമാകുമെന്നും തൊഴിൽ രാഹിത്യം വർദ്ധിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. ആയതിനാൽ വാറ്റ് നടപ്പിൽ വരുത്തുവാൻ അവർ തയ്യാറായില്ല. വാറ്റ് നടപ്പിൽ വരുത്തിയ യുറോപ്പിലെ രാജ്യങ്ങളിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിച്ച കാര്യം ഫ്രാൻസ്, ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ജി.എസ്.ടി വിഷയത്തിലും ഇതേ വിശദീകരണം നൽകികൊണ്ട് അമേരിക്ക ജി.എസ്.ടിയോട് മുഖം തിരിച്ചു. ഫെഡറൽ നിയമങ്ങളിൽ അടിയുറച്ചു നിൽക്കുന്ന യു.എസ്.എ അത്തരം സംവിധാനത്തിൽ വെള്ളം ചേർക്കുവാൻ അവസരം ഒരുക്കുന്ന ജി.എസ്.ടിയെ അംഗീകരിക്കുവാൻ തയ്യാറായിട്ടില്ല.
ഗൂഡ്സ് ആൻഡ് സർവ്വീസ് ടാക്സ് എന്ന സംവിധാനം ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന കേന്ദ്ര നികുതികളെയും വാറ്റ് എന്ന സംസ്ഥാന നികുതിയെയും ഒരു നികുതി ഘടനയിൽ കൊണ്ടുവരും എന്നുകേൾക്കുന്പോൾ നികുതി ഭാരം കുറയും എന്ന് ജനം പ്രതീക്ഷിക്കും. നികുതി നടപ്പിൽ വരുത്തിയ ജൂലൈ ഒന്നിനു ശേഷം പുറത്തു വരുന്ന വാർത്തകൾ വ്യത്യസ്തമാണ്. നിത്യോപയോഗ സാധനങ്ങളെ 0% നികുതിയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ അവ പാക്കറ്റിൽ എത്തിയാൽ 5% നികുതിയുടെ പട്ടികയിൽ പെടുന്നു. ഒട്ടുമിക്ക ഭക്ഷ്യസാധനങ്ങളും (കുടുംബശ്രീകൾ ഉൾപ്പെടെ) ലേബലുള്ള കൂടിൽ എത്തിക്കുന്നതിനാൽ അവയ്ക്ക് 5% നികുതി നൽകണം.
പുതിയ നികുതി ഘടന കേരളത്തിലെ ഹോട്ടൽ ഭക്ഷണവില വില വർദ്ധിപ്പിച്ചു. 20 ലക്ഷം മുതൽ 70 ലക്ഷം വരെ കച്ചവടം നടക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിന് 5% നികുതി നൽകണമെന്ന് ജി.എസ്.ടി പറയുന്നു. (പണ്ട് 0.5% ആയിരുന്നു നികുതി ഘടന.) 5,500 രൂപ പ്രതിദിനം കച്ചവടം ഉള്ള ഭക്ഷണശാലകളിൽ മുതൽ 5% വില വർദ്ധന ഉണ്ടായി. 70 ലക്ഷത്തിലധികം വിറ്റുവരവുള്ള കടകളിൽ നിന്ന് 12% നികുതി പിരിക്കണം. ഭക്ഷണത്തിന് മുന്തിയ ഹോട്ടലിൽ 28% നികുതി കൊടുക്കേണ്ടി വരുന്നു. കോഴി ഇറച്ചിക്ക് മുൻ കാലങ്ങളിൽ 14% നികുതി ഉണ്ടായിരുന്നത് 0% ആയപ്പാഴും കോഴി ഇറച്ചിയുടെ വില കുറഞ്ഞില്ല.
അവശ്യ മരുന്നുകളിൽ ഇൻസുലിൻ ഒഴികെ മരുന്നുകൾക്ക് നികുതി 12% ആണ്. സ്വർണ്ണ നികുതി 3% ത്തിൽ ഒതുക്കി. വളങ്ങളുടെ നികുതി 12% എന്ന് തീരുമാനിച്ചത് പ്രതിക്ഷേധത്തെ തുടർന്ന് 5% ആക്കി. കാർഷിക രംഗത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ കുറേക്കൂടി പ്രതിസന്ധികൾ വരുത്തിവെക്കും. മത്സ്യ രംഗത്തെ നികുതി നിർദ്ദേശങ്ങൾ പ്രതിസന്ധികൾ രൂക്ഷമാക്കുവാൻ അവസരം ഒരുക്കുകയാണ്. മത്സ്യ വലയ്ക്ക് 5% വും കയറിന് 18%വും ഔട്ട് വാർഡ് എഞ്ചിനുകൾക്ക് 28%വും നികുതികൾ ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കുകയാണ്. ഇലക്ട്രിക്ക് സാധന സാമഗ്രികളുടെ വിലയിൽ 20%ത്തിലധികം വർദ്ധന ഉണ്ടാകുന്നതാണ് ജി.എസ്.ടി എന്ന നികുതി ഘടന. ഫാനിനും എയർ കണ്ടീഷനർക്കും ഒരേ നികുതി എന്നു പറഞ്ഞാൽ എന്താണ് മനസ്സിലാക്കേണ്ടത്? ചെറിയ കാറുകളുടെ വിലയിൽ വർദ്ധനയും എസ്.യു.വി പട്ടികയിൽ പെട്ടവയുടെ വില കുറയുകയും ചെയ്യുന്നതിലൂടെ നമുക്ക് നൽകുന്ന സന്ദേശമെന്താണ് ? ജി.എസ്.ടി കൊണ്ട് സർക്കാർ ലക്ഷ്യം വെക്കുന്നത് ജനങ്ങളുടെ നികുതിഭാരം കുറയ്ക്കലാണെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ, പെട്രോൾ വിഭവങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുവാൻ മടിക്കുന്നത്? പെട്രോളിനും ഡീസലിനും 25 രൂപയ്ക്കടുത്ത് മാത്രമെ വരുന്നുള്ളൂ. (ബാരൽ വില 50 ഡോളർ ആണെങ്കിൽ പന്പുകളിൽ എത്തിക്കുന്പോൾ വരുന്ന വില) അവയ്ക്ക് മുകളിൽ ഇരട്ടിയിലധികം നികുതി ഈടാക്കുന്നതിലൂടെ കടത്തുകൂലി ചിലവ് വർദ്ധിക്കുന്നു. സർക്കാർ 1.70 ലക്ഷം കോടി രൂപയിലധികം ജനങ്ങളിൽ നിന്നും ഇന്ധനങ്ങളിലൂടെ പിരിച്ചെടുക്കുന്പോൾ അവയുടെ 200%ത്തോളം വരുന്ന നികുതികൾ ജി.എസ്.ടിയിൽ നിന്നൊഴിവാക്കി നിർത്തിയിത് ജനങ്ങളെ സഹായിക്കുവാനല്ല എന്നു വ്യക്തം.
ബഹുസ്വരത കൊണ്ട് സന്പന്നമായ ഇന്ത്യയിൽ ഓരോ പ്രദേശത്തിനും അവിടുത്തെ ജനങ്ങൾക്കും അവരുടെ ഉപഭോഗ ശീലത്തിനും വലിയ അന്തരങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയിരിക്കെ രാജ്യത്തെ ഉൽപ്പന്നങ്ങൾക്കാകെ ഒരേ നികുതി, ഒരേ വില എന്നത് ജനങ്ങളെ സംബന്ധിച്ച് കേൾക്കും പോലെ അത്ര സുഖകരമായി അനുഭവപ്പെടുകയില്ല. വെളിച്ചണ്ണയുടെ കാര്യം എടുത്താൽ കേരള സംസ്ഥാനം വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കാണുന്പോൾ കേന്ദ്ര സർക്കാരിനും മറ്റ് സംസ്ഥാനങ്ങൾക്കും അത് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന എണ്ണയാണ്. സ്വാഭാവികമായും നിലവിലെ വെളിച്ചെണ്ണയുടെ നികുതി 5%ത്തിൽ നിന്നും 28% വരെ ആകുവാൻ സാധ്യതയുണ്ട്. നികുതി ഘടന പൊളിച്ചെഴുതണമെന്ന കാര്യത്തിൽ ആർക്കും തന്നെ തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ എങ്ങനെയായിരിക്കണം, ആരെ ആയിരിക്കണം ലക്ഷ്യം വെക്കേണ്ടത് എന്നതു മാത്രമാണം വിഷയം. ഒരു വശത്ത് സന്പന്നരുടെ നികുതി കുറയ്ക്കുന്നതിൽ സർക്കാർ ശ്രദ്ധാലുക്കളാണ്. 30 കോടി ദരിദ്രർ പ്രതിദിനം കൊടുക്കുന്ന പരോക്ഷ നികുതിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന സർക്കാർ താൽപ്പര്യം ജനവിരുദ്ധം മാത്രമാണ്. അമിത അധികാര പ്രവണതകൾ കാട്ടുന്ന ശ്രീ മോഡി സർക്കാർ, ഒരിക്കൽ തങ്ങൾ തന്നെ തള്ളിപ്പറഞ്ഞ ജി.എസ്.ടിയെ, വൻ പ്രതീക്ഷകളുടെ മറവിൽ നടപ്പിൽ വരുത്തുന്നതിന് പിന്നിൽ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ഫെഡറലിസത്തിനെ നിരുത്സാഹപ്പെടുത്തുന്ന ജി.എസ്.ടി, കേരളത്തിൽ ഇടതു സർക്കാർ നടപ്പിൽ കൊണ്ട് വരുവാൻ കാട്ടുന്ന ഇഷ്ടത്തിന് പിന്നിൽ ഭരണ കൂട നിലപാടുകളുടെ ആവർത്തനമാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാം.