യാത്രകളിലും വേണ്ടേ തുല്യ നീതി...

പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം അമ്മയുമായി സംസാരിക്കുന്പോൾ പറഞ്ഞ ഒരു കാര്യമാണ് ഇന്നത്തെ തോന്ന്യാക്ഷരത്തിന്റെ ആധാരം. ഷഷ്ടിപൂർത്തിയോട് അടുക്കുന്ന അമ്മ കണ്ണൂരിൽ നിന്ന് അമ്മയുടെ വീടായ കാഞ്ഞങ്ങാട്ടേയ്ക്ക് തനിയെ പോകാൻ ശ്രമിച്ചതാണ് സംഭവം. അച്ഛന് മറ്റെന്തോ തിരക്ക് കാരണം കൂടെ പോകാൻ സാധിച്ചില്ല. അമ്മ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ അമ്മയുടെ എൺപത് വയസ് കഴിഞ്ഞ അമ്മ ഏകദേശം പത്തിലധികം തവണ ഫോൺ വിളിച്ച് അന്വേഷണം നടത്തി. എവിടെയെത്തി എന്നതും, മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലല്ലോ എന്നതുമായിരുന്നു ഈ ഫോൺകോളുകളുടെ പ്രധാന കാതൽ. ഏകദേശം ഒന്നരമണിക്കൂർ ദൂരമുള്ള യാത്രയിൽ എന്തിനാണ് ഇത്രയും കോളുകൾ എന്നതാണ് അമ്മയുടെ പരാതി. അവസാനം ഒരു ദീർഘനിശ്വാസത്തിൽ “പ്രായം അറുപതായി ഇനിയും എന്തിനാ ഈ അമ്മയ്ക്ക് ഇത്ര വേവലാതി” എന്ന് പറഞ്ഞ് എന്റെ അമ്മ നല്ലൊരു ചിരിയും പാസാക്കി.
ഫോൺ വെച്ച് കഴിഞ്ഞിട്ട് ഈ വിഷയത്തെ പറ്റി ഏറെ ചിന്തിച്ചു. നമ്മുടെ നാട്ടിൽ മഹാഭൂരിഭാഗം സ്ത്രീകളും ഈ പ്രശ്നത്തെ അവരുടെ ജീവിതകാലഘട്ടത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടാകും എന്നുറപ്പാണ്. പക്ഷെ പുരുഷന്മാരിൽ വളരെ കുറച്ച് പേർക്കേ അവരുടെ യാത്രകളിൽ ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരാറുള്ളൂ. നമ്മുടെ നാടിന്റേത് മാത്രമായ ഒരു വിചിത്ര തത്വമാണ് “ഇല തത്വം”. ബാല്യം മുതൽ ഓരോ പെൺകുട്ടിയും പലകുറി കേട്ട് തഴന്പിച്ചിരിക്കാൻ സാധ്യതയുള്ള തത്വമാണിത്. അതായത് ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്ക്കാണെന്ന ചിന്ത. വയസ് എത്രയായാലും ഈ ഒരു ചിന്തയാണ് സ്ത്രീകളുടെ സുരക്ഷയെ പറ്റി വല്ലാതെ വേവലാതിപ്പെടുന്നതിന്റെ മുഖ്യകാരണമെന്നാണ് എന്റെ തോന്നൽ. മലയാളത്തിലെ പ്രശസ്തനായ ഒരു മഹാനടന്റെ മകൻ തനിയെ ഒരു യാത്രയ്ക്ക് പോയ കഥ പലരും വായിച്ചിട്ടുണ്ടാകും. ഏകദേശം ഒരു വർഷത്തോളം ജീവിതം പഠിക്കാൻ ആ മകനെ സ്നേഹനിധിയായ അച്ഛൻ പറഞ്ഞു വിട്ടു എന്നാണ് പറയപ്പെടുന്നത്. ഹിമാലയം മുതൽ കന്യാകുമാരി വരെ ആ ചെറുപ്പക്കാരൻ യാത്ര ചെയ്തു. പല പല അനുഭവങ്ങൾ നേടി. എന്നാൽ അതേസമയം ആ മകനെ തനിയെ വിടാൻ കാണിച്ച ആ മനസ് തന്റെ മകളോട് കാണിക്കാനുള്ള ധൈര്യം മഹാനടൻ എന്നല്ല നമ്മുടെ നാട്ടിലെ 99 ശതമാനം പേരും കാണിക്കുമെന്ന് തോന്നുന്നില്ല.
ജീവിതമറിയാൻ യാത്ര ചെയ്യണമെന്ന് പറയാറുണ്ട്. ഒരു യാത്ര എന്നാൽ ആയിരം പേജുള്ള പുസ്തകങ്ങൾ വായിക്കുന്നതിന് സമാനമാണെന്നും പറയപ്പെടുന്നു. എന്നാൽ ഇത് പലപ്പോഴും പുരുഷന് മാത്രം വിധിക്കപ്പെട്ടതാണെന്ന തെറ്റിദ്ധാരണയിലാണ് ഞാനടക്കമുള്ള ഭൂരിഭാഗം പുരുഷകേസരികളും, മിക്ക സ്ത്രീജനങ്ങളും. സുരക്ഷയുടെ പേരിലാണ് സ്ത്രീകൾക്ക് ഈ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം ഒരു സുരക്ഷാ വലയത്തിൽ നിന്ന് പുറത്തിറങ്ങുന്പോഴാണ് സ്വന്തം കാര്യം നോക്കാൻ പഠിക്കുക എന്ന ചിന്തയും മിക്കവരും മറന്നു പോകുന്നു. അതുകൊണ്ട് തന്നെ ആത്മവിശ്വാസമുള്ള വ്യക്തികളായി സ്ത്രീകൾ മാറുന്നത് ഈ ലോകക്രമത്തിൽ ആളുകൾക്ക് താത്പര്യമില്ലാത്ത കാര്യമാണെന്ന് സ്ത്രീസ്വാതന്ത്ര്യത്തെ പറ്റി വാതോരാതെ മുറവിളി കൂട്ടുന്പോഴും തോന്നിപോകുന്നു. പലപ്പോഴും തനിയെ യാത്ര ചെയ്യുന്നത് പോയിട്ട് സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കാനുള്ള സമ്മതം പോലും സ്ത്രീകൾക്ക് കൊടുക്കാൻ മടിക്കാണിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇനി അഥവാ അങ്ങിനെ യാത്ര ചെയ്യുന്ന സ്ത്രീയാണെങ്കിൽ അവരെ പറ്റി പറയാൻ ബാക്കിയൊന്നും കാണില്ല നമ്മുടെ സമൂഹത്തിന്.
ശരിയാണ്, ഈ ലോകം വളരെ മോശമാണ്. കാലവും, ആളുകളും പ്രവചാനീതതവും. പക്ഷെ ഇവയൊക്കെ നേരിടേണ്ടത് ഓരോ വ്യക്തിയും തനിച്ചാണ് എന്നതാണ് ആത്യന്തികമായ സത്യം. വീട്ടിൽ പൂട്ടിയിടാറുള്ള പഞ്ചവർണ കിളികളെ ഓർത്തു പോകുന്നു. സ്നേഹവും, ഭക്ഷണവും കൊടുത്ത് അവരെ നമ്മൾ വളർത്തുന്നു. കുറേ കാലം കഴിയുന്പോൾ അവരെ തുറന്ന് വിട്ടാൽ പോലും പറക്കാൻ പോയിട്ട് നേരെ നിൽക്കാൻ പോലും ആ കിളികൾക്ക് സാധിക്കില്ല. പിന്നെ അവർ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യും. ഓർമ്മിപ്പിച്ചു എന്നുമാത്രം.