രാമകഥാമൃതം - ഭാഗം 2

എ. ശിവപ്രസാദ്
ശ്രീരാമദേവന്റെ ജനനത്തിന് ശേഷം അൽപ്പസമയത്തിനകം തന്നെ കൈകേയി ഭരതനും സുമിത്ര ലക്ഷ്മണ ശത്രുഘ്നന്മാർക്കും ജന്മം നൽകി. രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്നന്മാരുെട ജനനത്തോടെ അയോധ്യാനഗരം ആനന്ദത്തിൽ ആറാടി. സൂര്യവംശം നിലനിർത്താൻ പരന്പരയെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മുഴുവൻ കോസല രാജ്യവും.
രാജകുമാരന്മാർക്ക് വേദേതിഹാസങ്ങളിലും അസ്ത്രശസ്ത്രാദികളിലുമുള്ള വിദ്യാഭ്യാസം യഥാവിധി നൽകപ്പെട്ടു. നാലുപേരും നാനാവിഷയങ്ങളിൽ അതിനിപുണരായി വളർന്നു. ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ചായിരുന്നു എപ്പോഴും നടന്നിരുന്നത്. ഭരതനാകട്ടെ ശത്രുഘ്നന്റെ കൂടെയും. നാല് ബാലകന്മാരും സൂര്യചന്ദ്രന്മാരെപ്പോലെ അയോധ്യാനഗരിയിൽ വളർന്നു വന്നു.
ആയിടയ്ക്ക് ഒരുദിവസം വിശ്വാമിത്രമഹർഷി അയോധ്യയിലെത്തി. ദശരഥനെ കാണുകയായിരുന്നു അദ്ദേഹത്തിന്റ ലക്ഷ്യം. പരിചാരകർ അത്യാദരപൂർവ്വം വിശ്വാമിത്ര മഹർഷിയെ സ്വീകരിച്ച് ദശരഥ മഹാരാജാവിന്റെ മുന്നിലെത്തിച്ചു. മഹർഷിയെ ആദരവോടെ വരവേറ്റ ദശരഥൻ വിശ്വാമിത്ര മഹർഷിയോട് ആഗമനോദേശ്യം ആരാഞ്ഞു. താൻ ഒരു യാഗം ആരംഭിച്ചുവെന്നും എന്നാൽ ചില രാക്ഷസന്മാർ ആ യാഗം മുടക്കിക്കൊണ്ടിരിക്കുന്നുവെന്നും വിശ്വാമിത്രൻ ദശരഥനോട് പറഞ്ഞു. തനിക്ക് യാഗരക്ഷ ആവശ്യമാണെന്നും വിശ്വാമിത്രൻ പറഞ്ഞു. ഇതുകേട്ട ദശരഥൻ താൻ സ്വയം യാഗരക്ഷകനായി എത്തി രാക്ഷസന്മാരെ വധിച്ചുകൊള്ളാം എന്ന് പറഞ്ഞു. എന്നാൽ യാഗരക്ഷയ്ക്കായി ശ്രീരാമനെയാണ് അയയ്ക്കേണ്ടതെന്ന വിശ്വാമിത്രന്റെ വാക്കുകൾ കേട്ട് ദശരഥൻ ബോധരഹിതനായി നിലംപതിച്ചു. ഒരു മുഹൂർത്ത നേരം കഴിഞ്ഞ് ബോധം വീണ്ടെടുത്ത ദശരഥൻ വിശ്വാമിത്രമഹർഷിയോട് പറഞ്ഞു. “അല്ലയോ മഹാമുനേ, എന്റെ മകൻ ശ്രീരാമൻ ചെറിയ കുട്ടിയാണ്. കേവലം പതിനാറ് വയസുമാത്രമാണ് അവന് പ്രായം. ക്രൂരന്മാരായ രാക്ഷസരെ നേരിടാനുള്ള ശക്തി അവന് ഇല്ല. വേണമെങ്കിൽ ഞാൻ എന്റെ മുഴുവൻ സൈന്യസമേതം അങ്ങയുടെ യാഗരക്ഷയ്ക്കായി വരാം.”
പക്ഷെ വിശ്വാമിത്രൻ ശ്രീരാമനെ മാത്രം മതിയെന്ന വാക്കിൽ ഉറച്ചുനിന്നു. മഹാമുനിയായ വിശ്വാമിത്രന്റെ നിർബന്ധത്തിന് മുന്നിൽ ദശരഥന് വഴങ്ങേണ്ടി വന്നു. അങ്ങിനെ ശ്രീരാമനും ഒപ്പം ലക്ഷ്മണനും വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പുറപ്പെട്ടു. വിശ്വാമിത്രന്റെ ആശ്രമത്തിലേക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. അതിനാൽ വിശപ്പും ദാഹവും അറിയാതിരിക്കാൻ വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് ‘ബല, അതിബല’ എന്നീ മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. ഏറെ ദൂരം യാത്ര െചയ്ത അവർ ഒരു വനാന്തർഭാഗത്തെത്തി. വനത്തിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കെ അവർ അതിഘോരമായ ഒരു ശബ്ദം കേട്ടു. ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച കുമാരന്മാരോട് അത് അതിഘോര രൂപിണിയായ ‘താടക’ എന്ന രാക്ഷസിയാണെന്നും വനസഞ്ചാരികളെ പിടിച്ച് ഭക്ഷിച്ചു ജീവിക്കുന്നവളാണെന്നും വിശ്വാമിത്രൻ പറഞ്ഞു. അല്പസമയം കഴിഞ്ഞപ്പോൾ ഘോരരൂപിണിയായ താടക അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവരെ ഭക്ഷിപ്പാനായടുത്ത താടകയെ ശ്രീരാമൻ അസ്ത്രത്താൽ വധിച്ചു.
ഇവിടെ താടക എന്നുപറയുന്നത് അധർമ്മത്തിന്റെ പ്രതീകമാണ്. സമൂഹത്തിന്റെ നന്മകൾക്കെതിരെ യുദ്ധം ചെയ്യുന്ന താടകയും തിന്മകൾക്കെതിരെ യുദ്ധം ചെയ്യുന്ന അല്ലെങ്കിൽ തിന്മകളെ ഇല്ലാതാക്കുന്ന ശ്രീരാമനും ധർമ്മാധർമ്മങ്ങളെയാണ് വരച്ചുകാട്ടുന്നത്. ധർമ്മത്തിന്റെ പ്രതിപുരുഷനായ ശ്രീരാമചന്ദ്രന്റെ അധർമ്മത്തിനെതിരെയുള്ള ആദ്യത്തെ യുദ്ധമായിരുന്നു താടകാവധം. ജീവിതത്തിലുടനീളം ശ്രീരാമൻ നടത്തിയ ധർമ്മസംരക്ഷണത്തിന്റെ ആദ്യപടിയായി താടകാവധത്തെ നമുക്ക് കാണാൻ കഴിയും.