കോള മടങ്ങുന്പോൾ...

പ്രദീപ് പുറവങ്കര
സമീപകാലത്ത് നമ്മുടെ നാട്ടിൽ നടന്ന വലിയൊരു സമരത്തിന്റെ വിജയം കേരളത്തിനപ്പുറത്തേയ്ക്ക് വലുതായി ചർച്ച ചെയ്യപ്പെട്ടില്ല. അത് കൊക്കകോള കന്പനിയുടെ പ്രവർത്തനം പ്ലാച്ചിമടയിൽ അവസാനിച്ച സംഭവമാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ കോർപ്പറ്റേറ്റ് സ്ഥാപനങ്ങളിൽ ഒന്നായ കൊക്കകോളയ്ക്ക് പാലക്കാട് ജില്ലയിലെ പ്ലാച്ചിമട ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെയും, സന്നദ്ധപ്രവർത്തകരുടെയും മുന്പിൽ മുട്ട് മടക്കേണ്ടി വന്നത് ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് വലിയ പ്രത്യാശ നൽകുന്ന കാര്യം തന്നെയാണ്. 2004ൽ ജനങ്ങളുടെ പ്രതിഷേധം കാരണം പൂട്ടേണ്ടി വന്ന ഫാക്ടറി ഇനി തുറക്കാനില്ലെന്നാണ് കൊക്കകോള സുപ്രീംകോടതിയെ അറിയിച്ചത്.
1886ൽ പ്രവർത്തനമാരംഭിച്ച് ഇന്ന് ലോകമെന്പാടും പടർന്നു പന്തലിച്ച വലിയൊരു ശീതള പാനീയ കന്പനിയാണ് കൊക്കകോള. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽക്ക് തന്നെ ജലചൂഷണത്തിന്റെയും ആരോഗ്യ പ്രശ്നങ്ങളുടെയും പേരിൽ ഇവർ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഒരു ലിറ്റർ ശീതള പാനീയമുണ്ടാക്കാൻ മൂന്ന് ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കൊക്കകോളുടെ നിർമ്മാണ വേളയിൽ ഖരമാലിന്യങ്ങൾ നിറഞ്ഞ പാഴ്ജലമാണ് പുറത്തേയ്ക്ക് വിട്ടുകൊണ്ടിരിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ എത്രയോ കാലമായി ആരോപിക്കുന്നു. ആഗോള തലത്തിൽ തന്നെ വലിയ വേദികളിൽ ഈ കാര്യങ്ങളൊക്കെ ചർച്ചയായിട്ട് പോലും ആ എതിർപ്പുക്കളൊക്കെ കൊക്കകോളയുടെ പണവും, സ്വാധീനവും ഉപയോഗിച്ച് പരാജയപ്പെട്ട ചരിത്രമാണ് കൂടുതലും നമ്മൾ കേട്ടിട്ടുള്ളത്. അങ്ങിനെയുള്ള ഒരു ആഗോള വ്യാപരശക്തിയെ പ്ലാച്ചിമടയിലെ സാധാരണക്കാർ ചേർന്ന് പരാജയപ്പെടുത്തുന്പോൾ ആ സംഭവം പ്രകൃതി സംരക്ഷണം പ്രധാന ലക്ഷ്യമായി മുന്പോട്ട് പോകുന്നവർക്കെതിരെ വലിയൊരു പ്രചോദനമായി മാറുന്നു. 2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയ സമരം തികച്ചും ഗാന്ധിയൻ മാർഗത്തിലൂടെയാണ് സംഘടിപ്പിക്കപ്പെട്ടത് എന്നതും ഈ സമരവിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
വികസന വിരോധികളായിട്ടാണ് ഇന്നത്തെ കാലത്ത് പലപ്പോഴും പരിസ്ഥിതി പ്രവർത്തകരെ മിക്കവരും നോക്കികാണുന്നത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും ചിന്തകൾ മായുന്പോഴാണ് പരിസ്ഥിതിയും പ്രകൃതിയുമൊക്കെ വലിയ വിലയില്ലാത്ത സംഗതിയായി മാറുന്നത്. കേരളത്തിൽ കുറച്ച് കാലം മുന്പെങ്കിലും ഇങ്ങിനെയായിരുന്നില്ല സ്ഥിതി. വളരെ സജീവമായ ശാസ്ത്ര സാഹിത്യപരിഷത്ത് പോലെയുള്ള പരിസ്ഥിതി കൂട്ടായ്മകളും, യുവജന സംഘടനകളും, നമ്മുടെ നാടിന്റെ പ്രത്യേകതകളായിരുന്നു. തെരുവ് നാടകങ്ങൾ സംഘടിപ്പിച്ചും, ലഘുലേഖകൾ നൽകിയും. നാട്ടിൻപുറങ്ങളിൽ ക്യാന്പുകൾ ഉണ്ടാക്കിയും പ്രകൃതിയോട് മനുഷ്യനുണ്ടാകേണ്ട ഉത്തരവാദിത്വങ്ങളെ പറ്റി നമ്മൾ പരസ്പരം ഓർമ്മിപ്പിച്ചിരുന്നു. ഇന്ന് വർഷത്തിൽ ഒരു പ്രകൃതി ദിനമെത്തുന്പോൾ ഫേസ് ബുക്കിൽ മരം നട്ട് ലൈക്കുകൾക്കായി നമ്മൾ കാത്തിരിക്കുന്നവരായി മാറിയപ്പോൾ ചുറ്റും നടക്കുന്നതൊന്നും നമ്മൾ അറിയുന്നതേയില്ല. അത്തരമൊരു കാലത്ത് കൊക്കകോള പോലെയൊരു ബഹുരാഷ്ട്ര ഭീമന്‍ നമ്മുടെ നാട്ടിൽ നിന്ന് ഇനിയെങ്കിലും ജലചൂഷണം നടത്താൻ സാധിക്കാതെ മടങ്ങുന്നു എന്നത് വലിയ വാർത്തയാകേണ്ട സംഗതിയാണ്. കാരണം ഇത്തരം സമരങ്ങളൊക്കെ വർത്തമാനകാലത്തെ വെള്ളത്തിനും, മണ്ണിനും, ജീവജലത്തിനും വേണ്ടി മാത്രമുള്ളതല്ല, മറിച്ച് നാളെ ഇവിടെ ഉണ്ടാകാനുള്ള തലമുറയ്ക്ക് കൂടി വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഈ വിജയം ഭാവിയിലേയ്ക്കുള്ള വെളിച്ചം കൂടിയാണ്.