കഥയാകാതെ പോയത്...

പി.ഉണ്ണികൃഷ്ണൻ
ആംഗ്യപാട്ട് പഠിക്കാതെ ക്ലാസ് മുറിയിൽ കയറാൻ ഭയപ്പെടുന്ന നാലാം ക്ലാസുകാരന്റെ വേവലാതിയായിരുന്നു മനസ്സിൽ. മലയാള സാഹിത്യത്തിന്റെ നാലുകെട്ടിൽ ഭീമനെ പോലെ തലയുയർത്തി നിൽക്കുന്ന അതികായനോട് ചോദ്യങ്ങൾ ചോദിക്കുവാൻ മാത്രം വളർന്നിട്ടില്ല എന്ന അപകർഷതാബോധം പേടിയായും നാണമായും ഒളിഞ്ഞും തെളിഞ്ഞും എന്റെ മുഖത്ത് പ്രകടമായിരുന്നു.
ഗണേഷ് ബീഡിയുടെ മണം മുറിക്കുള്ളിൽ ഏതോ എയർഫ്രഷ്ണറിന്റെ ഗന്ധവുമായി അവിഹിതമായി ഇണചേർന്നതിന്റെ രൂക്ഷഗന്ധം. രണ്ട് വരയുള്ള മുണ്ടും അരകൈയൻ ഷർട്ടുമിട്ട് വാച്ചിന്റെ പൊട്ടിയ സ്ട്രാപ്പ് നന്നാക്കുവാൻ ശ്രമിച്ചുകൊണ്ട് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി കടന്നുവന്നപ്പോൾ ആശ്വാസം തോന്നി. പൊട്ടിയ വാച്ചിന്റെ സ്ട്രാപ്പിലാണ് ശ്രദ്ധ. എന്തു ചോദിക്കണം, എവിടെ തുടങ്ങണമെന്നറിയാതെ പരുങ്ങി നിന്നപ്പോൾ കീശയിൽ നിന്നും ഗണേഷ് ബീഡിയെടുത്ത് കത്തിക്കാനുള്ള തത്രപ്പാടിലായി. വെളുത്ത പുക ചുരുളുകൾ മുറിയിൽ മഞ്ഞ് കണിക പോൽ ഒഴുകുന്പോൾ പറഞ്ഞു തുടങ്ങിയത് മാധ്യമധർമ്മത്തെ കുറിച്ച്. പത്രം സത്യം പറണം. എല്ലാ സത്യങ്ങളും പറയാൻ പറ്റുന്നില്ലെങ്കിലും പ്രശ്നമില്ല. പക്ഷെ പറയുന്നത് സത്യമേ ആകാവൂ. ഒരു മാധ്യമപ്രവർത്തകനുള്ള മന്ത്രം ഇങ്ങനെ ഒറ്റവാക്കിൽ ഒതുക്കിയപ്പോൾ അടുത്ത ചോദ്യം ഒരു പ്രമുഖദിന പത്രം അതിന്റെ ഓണപ്പതിപ്പിൽ ഷക്കീല എന്ന സിനിമാ നടിക്ക് വേണ്ടി കാൽഭാഗം പേജുകൾ നീക്കിവെച്ചതിനെ കുറിച്ചായി. ഇത് ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരം എഡിറ്റർ ഞാനായിരുന്നുവെങ്കിൽ അത്തരം ലേഖനങ്ങൾ എടുക്കില്ലായിരുന്നുവെന്നും പക്ഷേ, അത്തരം ലേഖനങ്ങൾ എടുത്തതിൽ തെറ്റില്ല എന്നുമായിരുന്നു. നളിനി ജമീലയുടെ ‘ഞാൻ ലൈംഗിക തൊഴിലാളി’ എന്ന പുസ്തകത്തെ കുറിച്ചും 1919ൽ മോണിക്ക ബാൾഡ്്്വിൻ എഴുതിയ ‘ഐ ലീപ് ഓവർ ദേ വോൾ’ എന്ന പുസ്തകത്തെക്കുറിച്ചും എം.ടി പരാമർശിച്ചു. ഇത്തരം വ്യക്തികളുടെ പ്രശ്നങ്ങളും ജനം അറിഞ്ഞിരിക്കണം. പത്രമുതലാളിമാർക്ക് സ്വാഭാവികമായി അവർ അച്ചടിക്കുന്നത് പത്രമായാലും വാരികയായാലും വിറ്റ് പോകണമെന്ന ആഗ്രഹങ്ങളും ഇത്തരം നിലപാടുകളിൽ കാണുമായിരിക്കും. എല്ലാ മാധ്യമങ്ങൾക്കും അവരുടേതായ താൽപര്യങ്ങൾ ഉണ്ട്. ഉടമസ്ഥരുടെ താൽപര്യം, പരസ്യക്കാരുടെ താൽപര്യം ഇങ്ങനെ പോകുന്നു അത്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും വാർഷിക പതിപ്പുകൾ ഒന്നും രണ്ടും മൂന്നും വാല്യങ്ങളായി പുറത്തിറക്കുന്നത്.
സാമൂഹിക പ്രശ്നങ്ങളിൽ എന്തുകൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യത്തിന് പറ്റാവുന്ന സ്ഥലങ്ങളിൽ താൽപര്യമുള്ള വ്യക്തികളോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടെന്നും മണൽ ഖനനത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു തീരുന്പോഴേയ്ക്കും ബീഡി പാക്കറ്റിൽ നിന്ന് മൂന്ന് ബീഡിയുടെ ആയുസ് എരിഞ്ഞു തീർന്നിരുന്നു. ചോദ്യത്തിനിടയിലെ മൗനം തകർക്കുവാൻ ശ്രമിക്കുന്പോൾ ഒഴുക്കിനൊത്ത് നീന്തുക എന്ന തന്ത്രമായിരുന്നു ഞാൻ കൈക്കൊണ്ടത്. എം.ടിയുടെ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പലരും യഥേഷ്ടം എഴുതിയിട്ടുണ്ട്. പല ദൃശ്യമാധ്യമങ്ങളിലും അവയൊക്കെ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഗൾഫിനെക്കുറിച്ച് എന്തുകൊണ്ട് എഴുതുന്നില്ല എന്ന ചോദ്യത്തിന് അറിയുന്ന കാര്യങ്ങളെ കുറിച്ചല്ലേ എഴുതാൻ പറ്റുകയുള്ളൂ എന്ന പരുക്കൻ മറുപടി വന്നു. അറിയുന്ന കാര്യങ്ങൾ മാത്രം എഴുതുന്നുവെങ്കിൽ ഭാവനയും സാങ്കൽപിക കഥാപാത്രങ്ങളും എഴുത്തിൽ വേണ്ടേ എന്നായി എന്റെ ചോദ്യം. എല്ലാ എഴുത്തും യാഥാർത്ഥ്യവും സങ്കൽപങ്ങളും കലർന്നതാണ്. അമേരിക്കയിൽ എട്ട് പ്രാവശ്യം സന്ദർശിച്ചിട്ടും ആ സാഹചര്യത്തിലുള്ള ഒറ്റ കഥ മാത്രമേ എഴുതിയിട്ടുള്ളുവെന്നും അതുപോലും എട്ട് കൊല്ലം കഴിഞ്ഞായിരുന്നുവെന്നും ഓർമ്മപ്പെടുത്തുന്പോൾ അഞ്ചാമത്തെ ബീഡി അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ഇടംപിടിച്ചിരുന്നു.
ബീഡിയുടെ പുകചുരുൾ വീണ്ടും ഊതി പറത്തുന്പോൾ ചോദ്യം ബീഡിയെക്കുറിച്ചായി. എപ്പോഴും ബീഡി വലിക്കുമോ? ഉത്തരം “എഴുതുന്പോൾ പ്രധാനമായി. പക്ഷെ ജീവിതത്തിൽ മിക്കവാറും എഴുതുക തന്നെയാണ് പതിവ്.” ആരോഗ്യത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് ബീഡി വലിക്കാത്ത തന്റെ പല സുഹൃത്തുക്കളും മരിച്ചുപോയി എന്ന് എം.ടി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. എം.ടി ഒഴികെ. ചോദിക്കണമെന്നുണ്ടായിരുന്നു ചിരിക്കാൻ എന്തേ ഇത്ര പിശുക്ക് എന്ന്. ഉത്തരവും മനസിലുണ്ട്. ചിരിച്ചില്ലെങ്കിൽ എന്താ പ്രശ്നമെന്ന്. കുറ്റി ബീഡി കുത്തികെടുത്തിയ കുഞ്ഞുപാത്രത്തിൽ ബീഡിയുടെ ചാരം വിന്റോ ഏ.സിയുടെ തലോടലേറ്റ് വിവിധ ഭാവങ്ങൾ തീർത്ത് തുടങ്ങിയിരുന്നു.
ഇംഗ്ലീഷിൽ എഴുതുന്നവർക്ക് മാത്രമല്ലേ ബുക്കർ പ്രൈസും നോബൽ പ്രൈസും ലഭിക്കുന്നുള്ളൂ എന്ന ചോദ്യത്തിന് എഴുതുന്നത് അവാർഡിന് വേണ്ടി അല്ലല്ലോ എന്നതായിരുന്നു ഉത്തരം. എഴുത്തുകാരന്റെയും വായനക്കാരന്റെയും സന്തോഷത്തിന് വേണ്ടിയാണ് എഴുതുന്നതെന്നും വൈലോപ്പിള്ളിയുടെ കുടിയൊഴിപ്പിക്കൽ, വി.ടിയുടെ ആത്മകഥ പോലുള്ള ഗ്രന്ഥങ്ങൾ ഏത് ലോക ക്ലാസിക്കുകൾക്കും മുകളിലാണ് എന്ന ഓർമ്മിപ്പിക്കലും വന്നു. ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യുന്പോൾ കൃതിയുടെ രചനാപരമായ ഘടനയിലും ശൈലിയിലും വ്യത്യാസങ്ങൾ വരുന്നത് ഒഴിവാക്കുന്നത് പ്രയാസം തന്നെയാണെന്ന അഭിപ്രായത്തോടൊപ്പം വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയുടെ മുപ്പതോളം പേജുകൾ നല്ല കൈയക്ഷരത്തിൽ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഓർമ്മിപ്പിച്ചപ്പോൾ എന്തുകൊണ്ട് താങ്കൾ ഇംഗ്ലീഷിൽ എഴുതിയില്ല എന്ന ചോദ്യം ഉന്നയിച്ചു. എന്റെ ഭാഷയും കഥാപാത്രവും മലയാളികളാണ്. മലയാളത്തിൽ എഴുതുന്പോഴാണ് ഒരു കഥാകാരൻ എന്ന നിലയിൽ തനിക്ക് കൂടുതൽ ആത്മസന്തോഷം തോന്നുന്നത് എന്നായിരുന്നു മറുപടി. മിലൻ കുന്തേര എന്ന നോബൽ പ്രൈസിന് പരിഗണിക്കപ്പെട്ട ചെക്ക് എഴുത്തുകാരന്റെ ആദ്യ നോവലായ ‘ദ ജോക്ക്’ വിവർത്തനം ചെയ്തപ്പോൾ നോവലിസ്റ്റ് വളരെയധികം സന്തോഷിച്ചിരുന്നുവെങ്കിലും പിന്നീട് മിലൻ ഇംഗ്ലീഷ് അഭ്യസിച്ചതിനു ശേഷം പഴയ ഇംഗ്ലീഷ് തർജ്ജമ വായിച്ചപ്പോഴാണ് അതിലെ അപകടം മനസിലായതും സങ്കടപ്പെട്ട് പോയതും എന്ന കാര്യവും അദ്ദേഹം വിവരിച്ചു.
ബീഡി കുറ്റി പാത്രത്തിൽ കുത്തിയമർത്തി എം.ടി തുടർന്നു. രണ്ടാമൂഴം ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത് കഴിഞ്ഞിട്ട് ഏഴ് കൊല്ലം കഴിഞ്ഞു. നാൽപ്പത്തിയൊന്ന് എഡിഷനുകൾ ഇതിനകം വിറ്റ് കഴിഞ്ഞുവെന്നതും വായന നശിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. നാലുകെട്ടും ഇംഗ്ലീഷിലേയ്ക്ക് നിരവധി തവണ തർജ്ജമ ചെയ്തിട്ടുണ്ട്. പതിമൂന്നാമത്തെ എഡിഷൻ തർജ്ജമ ചെയ്തിരിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ്. പബ്ലിഷേഴ്സ് പലപ്പോഴും പുസ്തകം വിറ്റ് പോകുന്നില്ലെന്ന് നിലവിളിക്കുന്പോഴും വായനക്കാരുടെ എണ്ണം ഗണ്യമായി കൂടുന്നുവെന്ന് തന്നെയാണ് യാഥാർത്ഥ്യം. രണ്ടാമൂഴം സിനിമയാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത്തരമൊരു കൃതി രണ്ടര മണിക്കൂറിനുള്ളിൽ ഒതുക്കിത്തീർക്കുന്പോൾ സാങ്കേതിക പ്രയാസങ്ങൾക്കുപരി പുസ്തകത്തിന്റെ ആത്മാവ് നഷ്ടപ്പെടുമെന്ന ഭീതിയുണ്ടെന്നും അതുകൊണ്ടാണ് അത്തരമൊരു കോന്പ്രമൈസിന് തയ്യാറാകാത്തതെന്നുമായിരുന്നു മറുപടി. സിനിമ ആക്കാതെ തന്നെ വിവിധ ഭാഷകളിൽ പുസ്തകം യഥേഷ്ടം വിറ്റുപോകുന്നുണ്ട്.
ഒ.വി വിജയൻ, വൈക്കം മുഹമ്മദ് ബഷീർ, എം. മുകുന്ദൻ, എം.ടി എന്നിവരെ പോലെ പുതുതലമുറയിലെ എഴുത്തുകാരെക്കുറിച്ച് ആരും അധികം ചർച്ച ചെയ്യുന്നില്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരം ഒരു നിമിഷത്തെ മൗനമായിരുന്നു. വീണ്ടും ആത്മാവിനെ പുകയ്ക്കുവാൻ ഗണേഷ് ബീഡി ചുണ്ടിൽ വെച്ച് ഉത്തരം വന്നു.
അങ്ങിനെയൊന്നുമില്ല. സുഭാഷ് ചന്ദ്രനെക്കുറിച്ചും ബെന്യാമിനെക്കുറിച്ചും സന്തോഷിനെക്കുറിച്ചും ജനം സംസാരിക്കുന്നുണ്ട്. അവരുടെ പുസ്തകം വിറ്റുപോകുന്നുമുണ്ട്. സ്വന്തം ചിലവിൽ തിരൂരിൽ തുടങ്ങിയ കുട്ടികൾക്കായുള്ള വായനശാലയിൽ ഇവരുടെ പുസ്തകങ്ങൾ വേണമെന്ന് കുട്ടികൾ ആവശ്യപ്പെടാറുണ്ടെന്നും പുതുതലമുറയെ ചെറുതാക്കി കാണരുതെന്നും അവർ കന്പ്യൂട്ടർ വഴിയും ഇന്റർനെറ്റിന്റെ സഹായത്തോടെയും സാഹിത്യലോകത്തിലേക്ക് കടക്കുന്നുണ്ട് എന്നാണ് കരുതുന്നതെന്നും എം.ടി പറഞ്ഞപ്പോൾ പ്രതീക്ഷയുടെ ഒരു മിന്നലാട്ടം അദ്ദേഹത്തിന്റെ മുഖത്തും ദൃശ്യമായി.
സംസാരത്തിനിടെ കലാമണ്ധലം സരസ്വതി ടീച്ചർ ഒത്തുചേർന്നപ്പോൾ വിദേശരാജ്യത്ത് പോയപ്പോൾ സമ്മാനമായി ലഭിച്ച ഫോണിന്റെ കഥയാണ് എം.ടി പറഞ്ഞത്. 46,000 രൂപ വിലയുള്ള സെൽഫോൺ വീട്ടിലെ കൊച്ചു കുട്ടിയായ കുഞ്ചുവാണ് കൂടുതൽ സമയവും ഉപയോഗിക്കുന്നതെന്നും കുഞ്ചുവിന് തന്നെക്കാൾ മൊബൈലിലെ പല സംഗതികളും അറിയാമെന്നും ചൂണ്ടിക്കാട്ടിയപ്പോൾ സരസ്വതി ടീച്ചറും ശരിയാണെന്ന രീതിയിൽ തലയാട്ടി.
സാഹിത്യകാരന്റെ കൃതിയിൽ സാമൂഹിക പ്രതിബദ്ധത വേണ്ടേ എന്ന ചോദ്യത്തിന് സാഹിത്യകാരന് ആരെയും നന്നാക്കാൻ പറ്റില്ലെന്നായിരുന്നു മറുപടി. സന്മനസുകളായ സുഹൃത്തുക്കൾ വഴി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും പരത്തുകയും െചയ്യുക. ഡോക്ടറായാലും പുരോഹിതനായാലും രാഷ്ട്രീയക്കാരനായാലുമെല്ലാം പറയുന്നത് നിങ്ങളെ രക്ഷിക്കാം എന്ന വാഗ്ദാനമാണ്. സാഹിത്യകാരനും അത്തരം കപട വക്താവാകാതിരിക്കുന്നതാണ് നല്ലത്. ബീഡിയുടെ പുക ശ്വാസതടസം വരുത്തിയപ്പോൾ ഒന്നു നിർത്തി. പിന്നീട് ചെറിയ ഒരു മൗനത്തിനു ശേഷം എന്തോ ആലോചിച്ചിട്ട് വീണ്ടും തുടർന്നു. വി.ടി ഭട്ടതിരിപ്പാടിനെ പോലുള്ളവർ എഴുത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ബ്രാഹ്മണരുടെ മനകളിൽ അവരുടെ പ്രതിഷേധം വകവെയ്ക്കാതെ അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന നാടകം കളിക്കുക വഴി ഒരു കാലഘട്ടത്തിലെ കീഴ്്വഴക്കങ്ങളെ വി.ടി മാറ്റിമറിച്ചിരുന്നു. ഭട്ടതിരിപ്പാട് ‘ബാലികാസദനം’ എഴുതിയതിനു ശേഷം നടന്ന യാചനാ യാത്ര കടന്നുപോകുന്പോൾ അന്തർജ്ജനങ്ങൾ അരമനകളിൽ ഒളിച്ചിരുന്ന് ഓട്ടുവളകൾ സംഭാവന ചെയ്ത കഥകളും സാഹിത്യത്തിലൂടെ സാമൂഹിക പരിവർത്തനം നടത്തിയതിന്റെ തെളിവുകൾ തന്നെ.
ഇന്ന് പഠനവിഷയത്തിൽ നിന്ന് കവിതയും കഥയുമൊക്കെ എടുത്ത് മാറ്റാനാണ് പുതിയ പാഠപുസ്തക കമ്മിറ്റി അംഗങ്ങൾ പോലും തീരുമാനിക്കുന്നത്. അത്തരം വ്യക്തികളും കുട്ടികളും ചരിത്രം പഠിക്കണം. സാഹിത്യം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ തിരിച്ചറിയണം. എം.ടിയുടെ കണ്ണുകളിൽ ചെറിയ ഒരു നിസ്സംഗത കണ്ടു തുടങ്ങിയപ്പോൾ ചോദ്യം വീണ്ടും സാഹിത്യത്തിലേക്ക് തിരിഞ്ഞു. യഥാർത്ഥ സംഭവങ്ങളാണോ ഭാവനയിലുള്ള കഥകളാണോ ശുദ്ധസാഹിത്യം എന്ന ചോദ്യത്തിന് മറുപടി ഒരു കഥയായിരുന്നു. പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിൽ ഫിക്ഷനും റിയലിസവും തമ്മിലുള്ള മിശ്രിതമാണ് കാണാൻ സാധിക്കുക. ലാറ്റിൻ അമേരിക്കൻ കൃതികളിൽ റിയലിസം വേണ്ടേ എന്ന് ചോദിച്ചാൽ അവിടെയുള്ള പല എഴുത്തുകാരും പറയുക അവരുടെ ചരിത്ര സംഭവങ്ങൾ ഫിക്ഷനുകളെക്കാൾ മാജിക്കൽ റിയലിസത്തിനുമപ്പുറമാണ് എന്നാണ്.
ക്രൂരനായ ഒരു ഭരണാധികാരി ഒരിക്കൽ മരിച്ച പോലെ അഭിനയിച്ചു. കൊട്ടാരത്തിലുള്ളവരിൽ പലരും രാജാവ് മരിച്ച സന്തോഷത്തിൽ ആനന്ദനൃത്തം ചെയ്തു. പിന്നീട് നൃത്തം ചെയ്തവരെ രാജാവ് വെടിവെച്ച് കൊന്നു. വർഷങ്ങൾക്ക് ശേഷം രാജാവ് യഥാർത്ഥത്തിൽ മരിച്ച് ഭൗതിക ശരീരം അടക്കിയിട്ടും ആനന്ദിക്കുവാൻ കൊട്ടാരം സൂക്ഷിക്കുന്നവർക്ക് ഭയമായിരുന്നു. അതുപോലെ ആഫ്രിക്ക സന്ദർശിച്ചില്ലെങ്കിലും അവിടുത്തെ ഗോത്രവർഗ്ഗക്കാരുടെ രീതിയും കഥകളെക്കാൾ വിസ്മയിപ്പിക്കുന്നതാണ്. മുടന്തനായ വ്യക്തിയാണ് രാജാവായി വരുന്നതെങ്കിൽ മൊത്തം കൊട്ടാരം ജീവനക്കാരുടെയും കാലടിച്ച് പൊട്ടിച്ച് മുടന്തന്മാരാക്കും. ചരിത്രത്തിൽ യഥാർത്ഥത്തിൽ നടന്ന പല സംഭവങ്ങളും കഥകളെക്കാൾ ഭീകരമാണ്. അതുകൊണ്ട് തന്നെ ഭാവനയും യാഥാർത്ഥ്യവും ജീവിതത്തിലും കഥയിലും വേർതിരിക്കുവാൻ പറ്റില്ല.
വീണ്ടും സാമൂഹ്യപ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ എൻഡോസൾഫാൻ പ്രശ്നത്തിൽ റഹ്്മാനും അംബികാ സുധൻ മങ്ങാടും ലീലാ കുമാരിയേയും പോലുള്ളവർ എഴുതിയും പ്രതികരിച്ചും പ്രതിഷേധിക്കുന്നതിനെ പറ്റി എം.ടി ഓർമ്മിച്ചു.
വറ്റിപ്പോകുന്ന ഭാരതപ്പുഴയെ പറ്റി എഴുപത്തിയേഴ് മുതൽ എഴുതിയിട്ടും ഇപ്പോഴും മണൽ വാരുന്നു. പുഴ വറ്റുന്നു. പോലീസുകാരും രാഷ്ട്രീയക്കാരും മണൽ മാഫിയയും കൊള്ള തുടരുന്നു. എം.ടിയുടെ നിരാശ കലർന്ന സ്വരം. തികഞ്ഞ നിശബ്ദത. പാക്കറ്റിൽ ബാക്കി വിരലിലെണ്ണാവുന്ന ബീഡികൾ മാത്രം. ബീഡി പാക്കറ്റിലേക്ക് നോക്കി ചെറുതായൊന്ന് ചിരിക്കുന്പോൾ എം.ടി ഗൗരവത്തോടെ പറഞ്ഞു. “ചിലർ ഇന്റർവ്യൂ എടുക്കുവാൻ വന്നാൽ ഫോട്ടെയെടുക്കുന്പോൾ ഒരു ബീഡി വലിക്കാൻ പറയും. അവർക്ക് വേണ്ടത് നല്ല പോസ്സാണ്.”
അവസാന ചോദ്യമെറിഞ്ഞു. രാഷ്ട്രീയം? കാരശ്ശേരിയും സാറാ ജോസഫുമൊക്കെ ആം ആദ്മിയിൽ ചേരുന്നു എന്നറിഞ്ഞു. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനം. എന്റെ ചെറുപ്പത്തിൽ കൂഡല്ലൂരിലോ വാരനെല്ലൂരിലോ രാഷ്ട്രീയ സംഘടനകൾ കുറവായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായിട്ടില്ല. ഇനി അതിന്റെ പ്രായവുമല്ല.
എം.ടിയുടെ മേച്ചിൽ സ്ഥലങ്ങൾ എവിടെയും അവസാനിക്കുന്നില്ല. അഴുക്കുചാലുകളും ഇളം കാലടികൾക്ക് തട്ടിത്തെറിപ്പിക്കാൻ വെള്ളമൊരുക്കി നിൽക്കുന്ന പുൽത്തകിടുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്പ്പുണ്ട്. പ്രിയപ്പെട്ടവരെ, മലയാള സാഹിത്യത്തിന്റെ ഒറ്റയടിപ്പാതയിൽ എം.ടി ഇനിയും നടക്കും. നമ്മെ കരയിപ്പിച്ചും സന്തോഷിപ്പിച്ചും ചിന്തിപ്പിച്ചും...
21 കേരള േസ്റ്ററ്റ് ഫിലിം അവാർഡ്, മൂന്ന് തവണ കേരള സാഹിത്യ അക്കാദമി അവാർഡ്, ഏഴ് നാഷണൽ ഫിലിം അവാർഡ് അതിലുപരി ഇന്ത്യയിലെ സാഹിത്യമേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ജ്ഞാനപീഠം വരെ നേടിയ മലയാളത്തിന്റെ മഹാനായ കഥാകാരനോട് കഥ പറയാതെ കാര്യം പറഞ്ഞ് പിരിയുന്പോൾ മനസിൽ പറഞ്ഞത് ഈ കൂടല്ലൂർക്കാരന് ലോക സാഹിത്യത്തിൽ ഇനിയും സംഭാവനകൾ ചെയ്യാനുള്ള ബാല്യം ഏറെ ബാക്കിയുണ്ട് എന്ന സത്യം തന്നെ.
(2014ൽ ബഹ്റൈൻ സന്ദർശിച്ചപ്പോൾ എംടി 4പിഎമ്മിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്)