അടിയന്തരാവസ്ഥയിൽ നിന്നും ഫാസിസവൽക്കരണത്തിലേയ്ക്കുള്ള ദൂരം

കെ എൻ രാമചന്ദ്രൻ
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‍റെ 42ാം വാർഷിക വേളയിൽ അതിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് എല്ലാ കോണുകളിൽ നിന്നും രാജ്യത്തുടനീളം ചർച്ചകൾ നടക്കുകയുണ്ടായി. ഇവയിൽ പ്രധാനമായും ഉയർന്നു വന്ന അടിസ്ഥാന പ്രശ്നം വർത്തമാന രാഷ്ട്രീയാവസ്ഥയുമായി അതിനെ ബന്ധപ്പെടുത്തുന്ന വിശകലനങ്ങളാണ്. സംഘപരിവാറിനെ വിമർശിക്കുന്നവരിൽ പലരും വർത്തമാനാവസ്ഥയെ ഒരു ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ ആണെന്നുപോലും സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. അല്ല, അത്തരം വിശദീകരണങ്ങൾ ഉപരിപ്ലവമായിപ്പോകുമെന്നും, വർത്തമാനാവസ്ഥ കൂടുതൽ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നുമുള്ള നിരവധി വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇത്തരം വ്യത്യസ്ഥ വീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചും വർത്തമാന, രാഷ്ട്രീയ, സാന്പത്തിക, സാമൂഹ്യാവസ്ഥയെക്കുറിച്ചും, വർത്തമാനാവസ്ഥ എങ്ങോട്ടാണ് രാജ്യത്തെ നയിക്കുകയെന്നും മറ്റുമുള്ള പ്രശ്നങ്ങൾ ഗൗരവ്വപൂർവ്വം ചർച്ച ചെയ്യേണ്ടത്.
1975−ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ഇന്ദിരാഗാന്ധിയുടെ അധികാര പ്രമത്തതയായിട്ടോ അല്ലെങ്കിൽ കൈത്തെറ്റായോ ഒക്കെ ചുരുക്കി കാണുന്നത് തെറ്റായിരിക്കും. ഏത് രാഷ്ട്രീയ പ്രക്രിയയിലും വ്യക്തിയുടെ പങ്കിന് പ്രാധാന്യം ഉണ്ടായിരിക്കും. പക്ഷേ, വ്യക്തിപ്രശ്നം മാത്രമായി അവയെ ചുരുക്കുന്നത് ആത്മനിഷ്ഠമായ വിശകലനങ്ങളിലേക്കായിരിക്കും എത്തിക്കുക. അലഹബാദ് കോടതി വിധിയിലേക്കും അതിനെ മറികടക്കാനുള്ള നീക്കമായും പ്രശ്നം ചുരുങ്ങിപ്പോകും. അടിയന്തരാവസ്ഥാ പ്രഖ്യപനത്തിലേക്ക് ഇന്ദിരാഗാന്ധി ഭരണത്തെ എത്തിച്ച വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങൾ അപ്പോൾ കാണാതെ പോകും. അധികാര കൈമാറ്റത്തെ തുടർന്ന് കോൺഗ്രസ് ഭരണം ഏറ്റെടുക്കുന്പോൾ അഖിലേന്ത്യാശക്തിയുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു അത്. സ്വാതന്ത്ര്യ സമരകാലത്ത് നൽകിയ നിരവധി വാഗ്ദാനങ്ങളുടെ തുടർച്ചയായി വലിയ പ്രതീക്ഷയായിരുന്നു കോൺഗ്രസ് ഭരണം ഉയർത്തിയത്. 2ാംലോക യുദ്ധാനന്തരം സോഷ്യലിസ്റ്റ് ചേരിയുടെ വന്‍പിച്ച മുന്നേറ്റത്തിലൂടെ പുതിയ ലോകത്തെക്കുറിച്ച് വൻ പ്രതീക്ഷകളായിരുന്നു എങ്ങും. പക്ഷേ 1947ൽ നിന്ന് 1967ലെ പൊതു തിരഞ്ഞെടുപ്പിൽ എത്തുന്പോഴേക്കും ഈ സ്ഥിതി മാറിയിരുന്നു. സാമ്രാജ്യത്വത്തോട് സന്ധിചെയ്തു പിന്‍തുടർന്ന പുത്തൻ അധിനിവേശത്തിൽ ഊന്നുന്ന നയങ്ങൾ വൻകിട മുതലാളി−ഭൂപ്രഭുവർഗ്ഗങ്ങളെ വളർത്തിയപ്പോൾ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും കർഷകരും ദളിതരും സ്ത്രീകളും ഉൾപ്പെടെ അധസ്ഥിത വർഗ്ഗങ്ങളും വിഭാഗങ്ങളും കൂടുതൽ ദരിദ്രരായി. ഇതുമൂലം രാജ്യത്തുടനീളം ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. ഇത് 67ലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചു. ഉത്തരേന്ത്യയിലുൾപ്പെടെ 9 സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടു. ലോകസഭയിലെ ഭൂരിപക്ഷം അതിലോലമായി.
ഈ രണ്ട് ദശകങ്ങളിൽ സോവിയറ്റ് യൂണിയൻ മുതലാളിത്ത പാതയിലേയ്ക്ക് അധഃപതിച്ച് സോഷ്യൽ സാമ്രാജ്യത്വശക്തിയായി മാറിയിരുന്നു. ലോകാധിപത്യത്തിനുവേണ്ടി അമേരിക്കൻ സാമ്രാജ്യത്വവുമായി മത്സരിക്കുന്ന വൻ ശക്തിയായി അത് മാറി. ഈ രണ്ട് വൻശക്തികളും തമ്മിലുള്ളവൈരാഗ്യം ഇന്ത്യയിലും പ്രതിഫലിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവിൽ സോവിയറ്റ് യൂണിയനായിരുന്നു മേൽകൈ. ഇത് തകർക്കാൻ സ്വതന്ത്ര പാർട്ടിയെപ്പോലെ തീവ്ര വലത് പക്ഷ പാർട്ടിയെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ പല തന്ത്രങ്ങളും അമേരിക്ക ഉപയോഗിച്ചു. കോൺഗ്രസ്സിനുള്ളിൽ തന്നെ സാമ്രാജ്യത്വ ചേരികൾ തമ്മിലുള്ള ഈ വൈരുദ്ധ്യം പ്രതിഫലിച്ചിരുന്നു. ഇതുൾപ്പെടെ സാന്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളും ഈ സമീപനങ്ങളിലെ വൈരുദ്ധ്യങ്ങളും 67−ലെ തിരഞ്ഞെടുപ്പിനെ തുടർന്ന് 69ൽ കോൺഗ്രസ്സിനെ പിളരുന്നതിലേക്കെത്തിച്ചു. ഈ കാലത്താണ് 67ലെ നക്സൽബാരി ഉയർത്തെഴുന്നേൽപ്പുൾപ്പെടെ ഭൂമിക്കും ഉപജീവനത്തിനും മറ്റാവശ്യങ്ങൾക്കും വേണ്ടി വന്പിച്ച ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുന്നത്.
ഈ വെല്ലുവിളികളെ ഭരണകൂടശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്പോൾ തന്നെ, സോവിയറ്റ് പക്ഷപാതിയായ ഇന്ദിരകോൺഗ്രസ് ബാങ്കുകൾ ദേശസാൽക്കരിക്കുന്നതുൾപ്പെടെ ജനങ്ങളെ സ്വാധീനിക്കാനുള്ള ചില പരിപാടികൾ നടപ്പിലാക്കി. അങ്ങനെ സി.പി.ഐ−സി.പി.എം പിന്തുണയോടെ പാർലമെന്‍റിൽ ഭൂരിപക്ഷം ഉറപ്പാക്കി. കിഴക്കേ പാകിസ്ഥാനിൽ ശക്തിപ്പെട്ട ജനകീയ പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തിൽ അങ്ങോട്ട് ഇന്ത്യൻ പട്ടാളത്തെവിട്ട് ബംഗ്ലാദേശ് രൂപീകരിക്കാനുള്ള സാഹചര്യമുണ്ടാക്കി. അമേരിക്കൻ ഭീഷണിയെ നേരിടാനെന്ന പേരിൽ 71ൽ സോവിയറ്റ് യൂണിയനുമായി സൗഹാർദ്ദ കരാറുണ്ടാക്കി. അക്കൊല്ലം നടന്ന തിരഞ്ഞെടുപ്പിൽ ‘ഗരീബി ഹഠാവോ’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി വൻ ഭൂരിപക്ഷം നേടി. പക്ഷേ, തുടർന്ന് പിന്തുടർന്ന മുതലാളി−ഭൂപ്രഭുവർഗ്ഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ജനകീയ സമരങ്ങളെ ശക്തിപ്പെടുത്തി. ഗുജറാത്തിലെ പ്രക്ഷോഭത്തെ തുടർന്ന് 74ൽ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ ബിഹാറിൽ ശക്തിപ്പെട്ട പ്രക്ഷോഭം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഈ സമയത്താണ് റയിൽവേ തൊഴിലാളികളുടെ പണിമുടക്ക് നടക്കുന്നത്. ഇക്കാലത്ത് ഇന്ത്യയിൽ പിടിമുറുക്കാനുള്ള അമേരിക്കൻ സോവിയറ്റ് ശണ്ഠയും ശക്തമായി. ഇവയെല്ലാം ചേർന്ന് തന്‍റെയും കോൺഗ്രസ്സിന്‍റെയും നിലനിൽപ്പുതന്നെ അപകടത്തിലാക്കുമെന്ന ഭീതിയും, സാമ്രാജ്യത്വ ആശ്രിത സന്പദ് വ്യവസ്ഥയുടെ പ്രതിസന്ധി മൂർച്ഛിച്ചതും ചേർന്നതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്.
തുടർന്ന് ‘നാവടക്കു പണിയെടുക്കു’ എന്ന ശാസനയോടെ അഭിപ്രായ പ്രകടനത്തിനും സമരം ചെ യ്യാനും മറ്റുമുള്ള എല്ലാ അവകാശങ്ങളും നിഷേധിച്ചു കുടുംബാസുത്രണത്തിന്‍റെയും ചേരി, നിർമ്മാർജ്ജനത്തിന്‍റെയും പേരിൽ ‘തുർക്കുമാൻ‘ ഗേറ്റുകൾ അരങ്ങേറി. കമ്മ്യൂണിസ്റ്റ് വിപ്ലകാരികളുടെയുൾപ്പെടെ നിരവധി സംഘടനകൾ നിരോധിക്കപ്പെട്ടു. മാധ്യമങ്ങളുടെ മേൽ സെൻസർഷിപ്പ് അടിച്ചേൽപ്പിച്ചു ഏതെങ്കിലും തരത്തിലുള്ള ചെറുത്ത് നിൽപ്പിന് തയ്യാറായ ശക്തികളെ ഭരണകൂട ഭീകരതക്കു കീഴിൽ പീഢിപ്പിച്ച് ഇല്ലാതാക്കി. ലക്ഷങ്ങളെ തടവുകാരാക്കി. ഈ സ്വേച്ഛാധിപത്യ വാഴ്ചയുടെ സാഹചര്യത്തിൽ 1976ൽ നടക്കേണ്ട തിരഞ്ഞെടുപ്പുകൂടി മാറ്റി വെച്ചതോടെ ജനകീയ പ്രതിഷേധം ശക്തിപ്പെടുകയും കോൺഗ്രസ്സിൽ തന്നെ പിളർപ്പുണ്ടാകുകയും ചെയ്തു. 77ൽ അടിയന്തരാവസ്ഥ പിൻവലിക്കാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇന്ദിരാഗാന്ധി നിർബന്ധിതയായി. ചരിത്രത്തിലാദ്യമായി കോൺഗ്രസ് പരാജയപ്പെട്ടു. വർഗ്ഗീയ−ജാതീയ പ്രീണനങ്ങളും യൂത്ത് കോൺഗ്രസ്സിന്‍റെ ആക്രമണങ്ങളും ചില പ്രദേശങ്ങളിൽ പ്രകടമായിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്ര ധാനമായും ഭരണകൂട ശകതികളെ ഉപയോഗിച്ചു കൊണ്ടുള്ള സ്വേച്ഛാധിപത്യവാഴ്ചയായിരുന്നു. ഈ കാലയളവിൽ ഭരണകൂട ശക്തികൾ കൂടുതൽ ശക്തിയാർജ്ജിച്ചു എന്നത് വസ്തുതയാണ്. പക്ഷേ ജനകീയ എതിർപ്പുകൾ ശക്തിപ്പെടുകയും ഭരണവർഗ്ഗത്തിൽ ഒരു വിഭാഗം തന്നെ എതിർപ്പ് ശക്തിപ്പെടുത്തുകയും ചെയ്തപ്പോൾ ഇന്ദിരാഗാന്ധിക്ക് പിടിച്ചു നിൽക്കാനായില്ല. അടിയന്തരാവസ്ഥയുടെ ഏറ്റവും പ്രകടമായ പ്രത്യാഘാതങ്ങൾ: (1) ഇന്ത്യൻ രാഷ്ട്രീയത്തിൽ അതോടെ അമേരിക്കൻ ചേരി കൂടുതൽ പിടിമുറുക്കുകയും, സംഘപരിവാർ ഉൾപ്പെടെ തീവ്ര വലതുപക്ഷ ശക്തികൾ കൂടുതൽ ശക്തിയാർജ്ജിക്കാൻ തുടങ്ങുകയും ചെയ്തു. (2) സംഘപരിവാറിന്‍റെ രാഷ്ട്രീയ പാർട്ടിയായി ബി.ജെ.പി 98ൽ അധികാരത്തിൽ വരുന്പോൾന്നെ എങ്ങനെയാണ് ആർ.എസ്.എസ്സിന്‍റെ ഹിന്ദു രാഷ്ട്ര സങ്കൽപ്പം നടപ്പിലാക്കാൻ പോകുന്നത് എന്നതിന്‍റെ തെളിവുകൾ അതിന്‍റെ പരിപാടികളിലൂടെ വ്യക്തമായിരുന്നു. 91ൽ കോൺഗ്രസ് തുടങ്ങിവെച്ച നവ ഉദാര നയങ്ങൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസാദി മേഖലകളിലെല്ലാം ബ്രാഹ്്മണീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കപ്പെട്ടു. പ ക്ഷേ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ എൻ.ഡി.എ സർക്കാർ ഹിന്ദു രാഷ്ട്രപ്രഭാവത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ചില മിതത്വം പ്രകടിപ്പിക്കുവാൻ നിർബന്ധിതരായി.
പക്ഷേ, 2014ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി എൻ.ഡി.എ സർക്കാർ രൂപീകരിച്ച ബി.ജെ.പി ഒരു ഭാഗത്ത് അഭൂതപൂർവ്വമായ വേഗത്തിൽ നവ ഉദാര നയങ്ങളും കോർപ്പറേറ്റ് വൽക്കരണവും എല്ലാ മണ്ധലങ്ങളുടെയും വ്യാപാരവൽക്കരണവും മുന്നോട്ടു കൊണ്ടു പോകുകയാണ്. മറു ഭാഗത്ത് ഇവയ്ക്കെതിരായി ജനകീയ പ്രക്ഷോഭങ്ങൾ വളർന്നു വരാതിരിക്കാൻവേണ്ടി ഹിന്ദുത്വ വൽക്കരണം അതിവേഗമാക്കുകയുമാണ്. എല്ലാ മണ്ധലങ്ങളും ഫാസിസവൽക്കരിക്കുന്ന അതിതീവ്ര വലതുപക്ഷ ലൈനാണ് അടിച്ചേൽപ്‍പിക്കപ്പെടുന്നത്. മുസ്ലീങ്ങളെയും ദളിതരെയും ആക്രമിച്ച് കശാപ്പുചെയ്യുന്ന സംഭവങ്ങളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. ഇത്തരം ആക്രമണങ്ങൾക്ക് സഹായകമായ രീതിയിൽ ആർ.എസ്.എസ് അണികൾക്കൊപ്പം ഡസൻ കണക്കിന് വിജിലന്‍റ് സംഘടനകളും അവയുടെ സ്ക്വാഡുകളും ഭരണകൂട ഒത്താശയോടെ ആക്രമണങ്ങൾ വർദ്ധിപ്പിക്കുകയാണ്. എല്ലാ അ ധഃസ്ഥിത വർഗ്ഗങ്ങൾക്കും വിഭാഗങ്ങൾക്കും എതിരെ ആക്രമണങ്ങൾ വ്യാപിപ്പിക്കുന്നു.
ഇതിനായി ചരിത്രത്തെത്തന്നെ മാറ്റിയെഴുതുകയാണ്. നവോത്ഥാന നേതാക്കളെപ്പോലും തങ്ങളുടെ ഹിന്ദുരാഷ്ട്രവിഭാഗത്തിന്‍റെ ഭാഗമായി ചുരുക്കുന്നു. ജമ്മു−കാശ്മീരിലെ ഭീകരമായ അധിനിവേശത്തെ എതിർക്കുന്നവർ, പട്ടാളത്തെ വിമർശിക്കുന്നവർ, പാകിസ്ഥാനെതിരായി അനുദിനം തീഷ്ണമാക്കുന്ന യുദ്ധഭ്രാന്തിനെ വിമർശിക്കുന്നവർ, തുടങ്ങിയവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. ഫാസിസവൽക്കരണം എന്നു പറയുന്പോൾ അതിനെ ഒരു ജർമ്മൻ, ഇറ്റാലിയൻ വാർപ്പുമാതൃകയായി ചുരുക്കുന്നത് തെറ്റായിരിക്കും. ഫാസിസവൽക്കരണത്തിലേക്ക് നയിക്കുന്ന ചില പൊതു ഘടകങ്ങളുണ്ട്. അവയിൽ പ്രാധാനം സാമ്രാജ്യത്വ സന്പദ് വ്യവസ്ഥയും മൂലധന ശക്തികളും നേരിടുന്ന, നിരന്തരം ശക്തിപ്പെടുന്ന പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ ഭരണകൂട ശക്തികളുടെ അധികാരം നിലനിർത്താൻ, ജനങ്ങളെയും പ്രകൃതിയേയും കൊള്ളചെയ്യാൻ ഭരണകൂട ശക്തികളെ കയറൂരിവിടാനുതകുന്ന തരത്തിൽ ഓരോ രാജ്യങ്ങളുടെയും വസ്തുനിഷ്ഠ സാ ഹചര്യങ്ങൾക്കനുസരിച്ച് ഫാസിസത്തിന്‍റെ മാതൃകകൾ അരങ്ങേറുകയാണ് ചെയ്യുന്നത്. അമേരിക്കയിൽ ട്രംപിന്‍റെ വരവോടെ ഈ പ്രക്രിയ ശക്തിപ്പെടുന്നതായി കാണാം. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് ആർ.എസ്.എസ് പ രിവാറും ഹിന്ദു രാഷ്ട്രവൽക്കരണത്തിന് വേണ്ടി ചെയ്യുന്നത് ഇതുതന്നെയാണ്. ഏറ്റവും അവസാനം പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വരെ സ്വീകരിച്ച മ്ലേച്ഛമായ രീതികൾ ഇത് വ്യക്തമാക്കുന്നു. 2002ൽ ഗുജറാത്തിലെ മുസ്ലീം കൂട്ടക്കൊലകളെ തുടർന്ന് ജനങ്ങളെ വിഡ്ഢികളാക്കാൻ അബ്ദുൾകലാമിനെ പ്രസിഡണ്ടാക്കിയതുപോലെ ഉനയിലും സഹാറന്‍പൂരിലും മറ്റ് നൂറുകണക്കിന് സ്ഥലങ്ങളിലും ദരിദ്രരെ കശാപ്പ് ചെയ്തതിന് ശേഷം ഒരു ദളിത് ആർ.എസ്.എസ്സുകാരനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി ജനങ്ങളെ വിഡ്ഢികളാക്കുന്നു.
മോഡി സർക്കാർ ദ്രുതഗതിയിൽ അടിച്ചേൽപ്പിക്കുന്നത് കോർപ്പറേറ്റ്വൽക്കരണവും അതിന് മറയിടാനായി ഹിന്ദുരാഷ്ട്രവൽക്കരണവുമാണ് ജനങ്ങൾ നേരിടുന്ന വെല്ലുവിളി. ഇതിനെ ചെറുക്കാൻ നേതൃത്വം കൊടുക്കുന്നവർ എന്നവകാശപ്പെടുന്ന പ്രമുഖ പാർട്ടികളൊന്നും കോർപ്പറേറ്റ് വൽക്കരണത്തേയോ വർഗ്ഗീയ ജാതീയ പ്രീണനത്തെയോ എതിർക്കാൻ തയ്യാറല്ല. അതേപോലെ മോഡി സർക്കാർ ഭരണകൂട ശക്തികളെ പട്ടാളത്തെയുൾപ്പെടെ ഫാസിസവൽക്കരിക്കുന്നതിനെതിരെ അവരൊന്നും രംഗത്തെത്തുന്നില്ല. മോഡി സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ശക്തിപ്പെടുന്ന അമർഷത്തിൽ നിന്നും മുതലെടുത്ത് എങ്ങനെയും അധികാരത്തിൽ തിരിച്ചെത്തുകയും പഴയ പിന്തിരിപ്പൻ നയങ്ങൾ തുടരുകയും ചെയ്യുക എന്നതാണ് അവരുടെ പരമാവധി അജണ്ട.
ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം വളർന്നുവരുന്ന ജനകീയ സമരങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ട് വിപ്ലവ സഘടനകളും ജനാധിപത്യ ശക്തികളും ഐക്യപ്പെട്ടുകൊണ്ട് അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവും ജനപക്ഷ വികസനവും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു ജനകീയ ബദൽ കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ വളർന്നുവരുന്ന സഘപരിവാർ ഭീഷണിയെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ കഴിയൂ. ഈ അർത്ഥത്തിലാണ് വർത്തമാനാവസ്ഥ അപ്രഖ്യാപിത അടിയന്തരാവസ്ഥയായി കാണുന്നത് ഒരു ചുരുക്കി കാണലാണെന്നും, മറിച്ച് അന്നത്തെ അടിയന്തരാവസ്ഥയെക്കാൾ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്ന ഫാസിസവൽക്കരണമാണെന്നും തിരിച്ചറിഞ്ഞ് അതിനെതിരായ സമരത്തെ ശക്തപ്പെടുത്തേണ്ടത്.
(സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)