എംടി എന്ന കാലാതിവർ‍ത്തി...


ചില മനുഷ്യർ‍ തന്നെ ഒരു കാലമാണ്. ആ കാലത്ത് അവർ‍ക്കൊപ്പം ഒന്നിച്ച് ജീവിക്കുവാൻ‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യവും. എഴുത്തിനെ ജീവിതോപാധിയാക്കുന്നവർ‍ക്ക് ഗുരുസ്ഥാനീയനും, വലിയൊരു പാഠപുസ്തകവുമാണ് എംടി എന്ന രണ്ടക്ഷരം. ഇംഗ്ലീഷിൽ‍ വായിക്കുന്പോൾ‍ ഒഴിഞ്ഞത് എന്നാണ് ആ വാക്കുകളുടെ അർ‍ത്ഥം. എന്നാൽ‍ നമ്മുക്കത് നിറകുടമാണ്. അദ്ദേഹം എഴുതിയതൊക്കെ കാലാതിവർ‍ത്തിയായി വായനക്കാരന്റെ നെഞ്ചിലും മനസിലും ഒരു പോലെ പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു. നക്ഷത്രങ്ങൾ‍ പോലെ തിളങ്ങുന്ന വാക്കുകളും വാചകങ്ങളും എത്രയോ തലമുറകൾ‍ക്ക് അദ്ദേഹം കാത്ത് െവച്ചിരിക്കുന്നു. തന്റെ കർ‍മ്മമേഖലകളിലൊക്കെ സജീവമായ സംഭാവനകൾ‍ നൽ‍കിയിട്ടുള്ള ഈ അതുല്യപ്രതിഭ ഇന്ന് ആയിരം പൂർ‍ണ്ണചന്ദ്രൻമാരെ കണ്ടതിന്റെ സംതൃപ്തിയിലാണ്. 

1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടലൂരിൽ‍ പുന്നയൂർ‍ക്കുളം ടി നാരായണൻ‍ നായരുടെയും, അമ്മാളുഅമ്മയുടെയും നാലാൺ‍മക്കളിൽ‍ ഏറ്റവും ഇളയവനായി ജനിച്ച എംടി വാസുദേവൻ നായർ‍ തന്റെ ആത്മകഥാംശമുള്ള കഥകളിൽ‍ രേഖപ്പെടുത്തിയത് പോലെ ഇല്ലായ്മകളിലും വല്ലായ്മകളിലും തന്നെയാണ് തന്റെ ബാല്യം ചെലവഴിച്ചിരുന്നത്. 1957 മുതൽ‍ മാതൃഭൂമി പത്രത്തിൽ‍ സബ് എഡിറ്ററായി ജോലി ആരംഭിച്ചത് മുതൽ‍ക്കാണ് സ്കൂൾ‍ ജീവിതം മുതൽ‍ ആരംഭിച്ച അദ്ദേഹത്തിലെ എഴുത്തിന്റെ അസ്കിത സജീവമായി തുടങ്ങിയത്. 1958ൽ‍ പ്രസിദ്ധീകരിച്ച നാലുകെട്ടാണ് ആദ്യം പുസ്തകരൂപത്തിൽ‍ പുറത്ത് വരുന്നത്. അന്നത്തെ കാലത്ത് തകർ‍ന്നു പോയ്കൊണ്ടിരുന്ന നായർ‍ തറവാടുകളിലെ വൈകാരികമായ പ്രശ്നങ്ങളെ നേരിടുന്ന ക്ഷുഭിതവും തീഷ്ണവുമായ യൗവനങ്ങളുടെ കഥ പറഞ്ഞ ഈ നോവൽ‍ 1959ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഇങ്ങിനെ തനിക്ക് പരിചതമായ ലോകത്തെ കഥ പറഞ്ഞു കൊണ്ട് യാഥാർ‍ത്ഥ്യങ്ങളെ ഉൾ‍കൊണ്ടു കൊണ്ടാണ് പിന്നീടുള്ള കാലങ്ങളിൽ‍ അദ്ദേഹം മലയാളി ഏറ്റവും വായിച്ചു കൂട്ടിയിട്ടുള്ള കാലവും, അസുരവിത്തും, വിലാപയാത്രയും, മ‍ഞ്ഞും, രണ്ടാമൂഴവുമൊക്കെ എഴുതിതീർ‍ത്തത്. എഴുത്ത് കേവലം പുസ്തകങ്ങളിൽ‍ മാത്രമല്ല, സിനിമാ ലോകത്തിലേയ്ക്കും വ്യാപിപ്പിക്കാൻ‍ അദ്ദേഹത്തിനായി. അത് അദ്ദേഹത്തിന് ഒരു തുടർ‍ച്ച തന്നെയായിരുന്നു. സ്വന്തം കഥയായ മുറപ്പെണ്ണിന് തിരകഥയൊരുക്കിയാണ് സിനിമാ പ്രവേശനം അദ്ദേഹം നടത്തിയത്. പിന്നെ തിരക്കഥാകൃത്ത് എന്ന ഇടത്തിൽ‍ നിന്ന് അദ്ദേഹം സംവിധായകനായും ഉയർ‍ന്നു. നിർ‍മാല്യവും, ബന്ധനവും, മഞ്ഞും, വാരിക്കുഴിയും, കടവും, ചെറുപുഞ്ചിരിയും ഒക്കെ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞവയാണ്. രാജ്യംഅദ്ദേഹത്തെ ആദരിച്ചത് നിരവധി പുരസ്കാരങ്ങൾ‍ നൽ‍കിയാണ്. ജ്ഞാനപീഠവും, പത്മഭൂഷണും, കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി അവാർ‍ഡുകളും പിന്നെ എണ്ണമറ്റ മൂല്യമേറിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 

പാടവരന്പത്ത് കൂടെ വളരെ അനായസമായി നടക്കുന്ന കൃഷിക്കാരന്റെ ഭാവമാണ് അദ്ദേഹത്തിന്റെ എഴുത്തിനുള്ളത്. അതു പോലെ നടക്കാൻ‍ ആർ‍ക്കും സാധ്യമല്ല. ആ നടത്തം കണ്ട് ആസ്വദിക്കാം എന്നു മാത്രം. ആ ഭാഷാപ്രയോഗത്തിന്റെ വൈഭവത്തെ ഇങ്ങിനെ മാത്രമേ വിശേഷിപ്പിക്കാൻ‍ സാധിക്കൂ. പ്രണയം മുതൽ‍ കടുത്ത പക വരെ തന്റെ അക്ഷരങ്ങളിലൂടെ അദ്ദേഹം വരച്ചിടുന്പോൾ‍ അവ വായനക്കാരനെ ആവേശഭരിതനാക്കുന്നു. നമ്മുടെ ഗായകരുടെ ഇടയിൽ‍ ഒരു സംസാരമുണ്ട്. യേശുദാസിനെ പോലെ പാടുന്നവരും, അല്ലാത്തവരും. ഏകദേശം അതേ വിഭജനം മലയാള സാഹിത്യത്തിലും നിലനിൽ‍ക്കുന്നു. ഇവിടെ യേശുദാസിന് പകരം എംടിയെന്ന് മാത്രം. മൗനമാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ചുണ്ടിന്റെ ഒരു വശത്ത് കത്തിച്ച് വെച്ചിരിക്കുന്ന ബീഡി കുറ്റി പുകഞ്ഞുകൊണ്ടിരിക്കുന്പോഴും അളവിൽ‍ കൂടുതൽ‍ സംസാരിക്കില്ല. നിലപാടുകൾ‍ ഉറപ്പിക്കാൻ‍ വല്ലാതെ ശബ്ദമുയർ‍ത്തില്ല. പറയേണ്ടത് എഴുത്തിലൂടെ അദ്ദേഹം അറിയിക്കും.

കാലം കടന്നുപോകുന്പോൾ‍ ഒപ്പം പ്രായവും കടന്നു പോകുന്നു എന്ന് പറയാറുണ്ട്. അകലെയാണെങ്കിൽ‍ കൂടി എംടിയുടെ ഒപ്പം ഈ കാലത്തിലൂടെ നടന്നു നീങ്ങാൻ സാധിക്കുന്നതേ ഭാഗ്യം. മുന്പിൽ ആ മഹാമേരു നിൽ‍ക്കുന്പോൾ‍ പുറകിൽ‍ പുൽ‍നാന്പുകളായി തുടരാൻ‍ കഴിയുന്നതിലും സന്തോഷം. ഈ യാത്ര അദ്ദേഹത്തിന് ബുദ്ധിമുട്ടുകളില്ലാതെ തുടരാൻ‍ സാധിക്കട്ടെ എന്ന പ്രാർ‍ത്ഥന മാത്രം!!

You might also like

  • Straight Forward

Most Viewed