ആരോഗ്യ രംഗത്തെ അടിയന്തരാവസ്ഥ തുടരുന്പോൾ...

കേരളത്തിൽ നമ്മുടെ ചാനലുകളിൽ ഇപ്പോൾ കാണിക്കുന്നത് പോലെ പ്രമുഖ നടന്റെയും നടിയുടെയും ഇടയിലുണ്ടായ പ്രശ്നങ്ങളും, തുടർന്നുണ്ടായ ഗൂഢാലോചനകളും മാത്രമല്ല നടക്കുന്നത്. പനി പിടിച്ച് കുറേ പേർ മരിച്ച് വീഴുന്നുമുണ്ട്. സർക്കാർ ആശുപത്രികൾ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും രോഗികൾ നിറഞ്ഞിരിക്കുന്നു. കിടത്താൻ സ്ഥലമില്ലാത്തതിനാൽ ആശുപത്രി അധികൃതർ പല രോഗികളെയും കിടത്തി ചികിത്സിക്കാതെ പ്രാഥമിക ശുശ്രൂഷയും ഇഞ്ചക്ഷനുകളും മരുന്നും നൽകി വീടുകളിലേയ്ക്ക് മടക്കി അയക്കുന്നുമുണ്ട്. ഈ നേരത്ത് നഴ്സുമാർ ആരംഭിച്ചിരിക്കുന്ന സമരം വളരെയേറെ പ്രശ്നങ്ങളിലേയ്ക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. അതേസമയം ഭൂമിയിലെ മാലാഖമാർ എന്ന വിശേഷണത്തിനപ്പുറം ജീവിതപ്രാരബ്ധങ്ങളിൽ പെട്ടുഴലുന്ന പച്ച മനുഷ്യരാണെന്നും അവർ പറയുന്പോൾ അത് തള്ളി കളയാൻ സാധിക്കില്ല.
ഇവരുടെ തൊഴിൽ സാഹചര്യങ്ങൾ തന്നെയാണ് ഈ പനിക്കാലത്ത് അവരെ കൊണ്ട് പണിമുടക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നത്. ഈ നഴ്സുമാരുടെ സേവനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നത് നാട്ടിലെ സ്വകാര്യ ആശുപത്രികളാണ്. മുക്കിന് മുക്കിന് സൂപ്പർ സ്പെഷ്യാലിറ്റികൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം നാട് മുഴുവൻ ആരോഗ്യ സമൃദ്ധി ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ട് മാത്രമല്ല മറിച്ച് അവിടെ നിന്നുണ്ടാകുന്ന കോടികണക്കിന് രൂപയുടെ ലാഭം കൂടി കണക്കിലെടുത്താണ്. ഒരാഴ്ച്ച ആശുപത്രിയിൽ പനി പിടിച്ച് കിടക്കുന്നവന് പോലും ഇവിടെ നിന്ന് ലഭിക്കുന്നത് ലക്ഷങ്ങളുടെ ബില്ലാണ്. ഇങ്ങിനെ ഒരേ സമയം ജീവനക്കാരെയും, ഉപഭോക്താക്കളെയും ഒരു പോലെ ചൂഷണം ചെയ്യുന്നവരാണ് നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികൾ എന്ന് പറയാതിരിക്കാൻ വയ്യ.
ആരോഗ്യവും, വിദ്യാഭ്യാസവും ഏറ്റവുമെളുപ്പത്തിൽ പണമുണ്ടാക്കാൻ സാധിക്കുന്ന മേഖലകളാണ് എന്നതിന്റെ തെളിവുകളാണ് പ്രവർത്തനമാരംഭിച്ച് വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ ഈ രണ്ടിടങ്ങളിലും ഉണ്ടാകുന്ന വളർച്ച. ഇവിടെ ജനങ്ങൾ കൂടുതലായി എത്താൻ കാരണമാകുന്നത് പണം കൊടുത്താലും സാരമില്ല കൂടുതൽ നല്ല സേവനങ്ങൾ ലഭിക്കുന്നു എന്ന തോന്നൽ ഉള്ളതു കൊണ്ടാണ്. ഇപ്പോൾ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള നീക്കിത്തിനെതിരെ ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ സേവനങ്ങൾ പരിമിതപ്പെടുത്തി ആശുപത്രികൾ അടച്ചിടാനാണ് ഇതിന്റെ മുതലാളിമാർ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമേ ഇനി ആശുപത്രിയിൽ കിടത്തി ചികിത്സ നൽകൂ. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശനമുണ്ടാകില്ല. ഹൃദ്രോഗികൾക്ക് ആൻജിയോപ്ലാസ്റ്റിക്ക് അപ്പുറമുള്ള ചികിത്സകൾ നൽകില്ല.
ഇത്തരമൊരു തീരുമാനത്തിലൂടെ സ്വാകര്യ ആശുപത്രി മാനേജ്മെന്റ് വെല്ലുവിളിക്കുന്നത് ന്യായമായ ശന്പള വർദ്ധനവ് ആവശ്യപ്പെടുന്ന നഴ്സുമാരെയും, ചെറിയ രോഗങ്ങൾക്ക് വരെ പതിനിയാരക്കണക്കിന് രൂപ ബിൽ അടക്കേണ്ടി വരുന്ന പാവം ജനങ്ങളെയുമാണ്. ലാഭമില്ലാത്ത ഒരു കച്ചവടത്തിൽ നിന്ന് നഷ്ടം സഹിച്ച് ശന്പളം കൂട്ടിനൽകാനല്ല ഇവിടെ ആവശ്യമുയരുന്നത്. കാരണം നഷ്ടത്തിലായെന്ന് പറഞ്ഞ് ഒരു ആശുപത്രിയും അടച്ചു പൂട്ടിയ ചരിത്രം കേരളത്തിലില്ല. കൂടാതെ ഒട്ടുമിക്ക ആശുപത്രികളിലും രോഗികളിൽ നിന്നും ബില്ലിനൊപ്പം നഴ്സിംഗ് അസിസ്റ്റന്റ് ഫീസ് എന്ന പേരിൽ വൻതുക ഈടാക്കുന്നുണ്ട്. ഈ ഫീസിന്റെ പാതിയെങ്കിലും നഴ്സുമാരുടെ ശന്പളത്തിനൊപ്പം അവർക്ക് തന്നെ കൊടുത്താൽ തീരുന്ന പ്രശ്നങ്ങളേ സത്യത്തിൽ നിലവിലുള്ളൂ.
ഇതോടൊപ്പം പൊതുമേഖലയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഗുണമേന്മയുള്ള സേവനങ്ങൾ നൽകാൻ സാധിക്കാത്തതാണ് സ്വകര്യമേഖലയിൽ ഇത്തരം കഴുത്തറപ്പൻ കച്ചവടങ്ങൾ നടക്കാനുള്ള പ്രധാന കാരണമെന്ന തിരിച്ചറിവും ഇക്കാലത്ത് സർക്കാറിനുണ്ടാകേണ്ടതുണ്ട്.