പൂക്കുന്ന മരങ്ങൾ...


പൂക്കൾ ഒരു മരത്തിന്റെ ആഘോഷമാണ്. മക്കൾ മാതൃത്വത്തിന്റെയും. ലോകം ഇന്നലെ അമ്മ ദിനം ആഘോഷിച്ചു. അമ്മയെ പറ്റി എന്തെഴുതാൻ എന്നതിലുപരി അമ്മയെ പറ്റി എഴുതാൻ കേവലം ഞാൻ ആര് എന്നതാണ് പുതിയകാലം നമുക്ക് സമ്മാനിച്ചിരിക്കുന്ന ഓരോ മാതൃദിനത്തിലും എന്നെ അലട്ടുന്ന ചിന്ത.

അച്ഛനെയും അമ്മയെയും, മക്കളെയും, സുഹൃത്തിനെയും ഒക്കെ ഓർക്കാൻ നമുക്ക് എന്തിനാണ് ഇത്തരം ദിനങ്ങൾ എന്ന് ചോദിക്കുന്ന എത്രയോ പേർ നമ്മുടെ ഇടയിലുണ്ട്. യാന്ത്രികജീവിതത്തിന്റെ ഓട്ടപാച്ചിലിൽ നമ്മൾ  നമ്മളെ തന്നെ മറന്നുപോകുന്പോൾ ചുറ്റിലുമുള്ളവരെ ഒരു നിമിഷമെങ്കിലും സ്നേഹത്തോടെ ഓർക്കാൻ ഇത്തരം ദിനങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഇതിന്റെ ഉത്തരമെന്ന് തോന്നുന്നു. എന്തായാലും ചിന്തകൾ ആ വഴിക്ക് കൊണ്ടുപോകാതെ അമ്മ എന്ന നന്മമരത്തെ നമുക്കും ഓർക്കാം. 

ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങിനെ നമ്മുടെ സമൂഹത്തിനെ വിഭജിച്ചു നോക്കിയാൽ അമ്മയെന്ന വാക്കിന്റെ അർത്ഥവും പതുക്കെ മാറിവരുന്നുണ്ടെന്ന് കാണാം. ഇന്നലെകളിൽ അമ്മ എന്നാൽ സർവംസഹയായിരുന്നു. എന്തും ഏതും സഹിച്ചും, വിദ്യാഭ്യാസം ലഭിക്കാതെയും, പട്ടിണി കിടന്നും, മക്കളെ കഷ്ടപെട്ട് വളർത്തുന്ന സ്ത്രീയാണ് ആ പഴയ അമ്മ. ഭർത്താവിന്റെ അടിയും തൊഴിയും വാങ്ങി അടുക്കളയിലെ കരിയും പുകയും ജീവിതം മുഴുവൻ ഏറ്റുവാങ്ങുന്ന അമ്മ. 

എന്നാൽ പുതിയ തലമുറയിലെ അമ്മമാരിൽ ഭൂരിഭാഗവും അങ്ങിനെയില്ല. എന്തിനെയും നേരിടാൻ പ്രാപ്തയുള്ള സ്ത്രീകളാണവർ. ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം ഉണ്ട്. തന്റെ മക്കളെ എങ്ങിനെ വളർത്തണമെന്ന അടിസ്ഥാന അറിവുണ്ട്. കൂടാതെ ഭർത്താവിന്റെ പീഡനങ്ങളെന്തായാലും അത് സഹിച്ച് ജീവിക്കുവാൻ ഇന്നിന്റെ അമ്മയെ കിട്ടില്ല. അവർ ധൈര്യത്തോടെ തന്നെ മക്കളുടെ കൈയും പിടിച്ച് ഇറങ്ങിവരുന്നു. സ്വന്തമായി അദ്ധ്വാനിച്ച്, ജോലി ചെയ്ത് മക്കളെ വളർത്തി വലുതാക്കുന്നു, ഒപ്പം അവർ ജീവിതവും ആസ്വദിക്കുന്നു. നമ്മുടെ ചുറ്റും തന്നെ എത്രയോ ഇത്തരം ഉദാഹരണങ്ങൾ കാണാം. 

ഇനി വരാൻ പോകുന്ന നാളെകളിൽ അമ്മ എന്നാൽ മുന്പിൽ നിന്ന് ഈ സമൂഹത്തെ നയിക്കുന്ന നായികയായിരിക്കും. സ്വന്തം ചിന്തകളിൽ രാഷ്ട്രങ്ങളെ പോലും പടുത്തുയർത്തുന്നവരായിരിക്കാം. ആകാശസീമകൾക്ക് അപ്പുറത്തേയ്ക്ക് വരെ അവരുടെ സ്വപ്നങ്ങൾ അന്ന് പാറി നടന്നേക്കാം. അങ്ങിനെ കാലം കഴിയുന്പോൾ നമ്മുെട അമ്മമാർക്കും ഉണ്ടാകണം മാറ്റങ്ങൾ. 

അതുകൊണ്ട് ഇനിയെങ്കിലും അബലയാകരുത് ഒരമ്മയും. നമ്മുടെ വാക്കുകളിലോ ചിന്തകളിലോ പോലും സർവംസഹയാക്കി ഒതുങ്ങിപോകരുത് ഒരു മാതൃത്വവും. ആർത്തലയ്ക്കുന്ന കണ്ണീരിന്റെ പേമാരികളല്ല, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാകണം ഓരോ അമ്മമാരും. ശാപവചസുകൾ ഉതിരിടാൻ മാത്രം കഴിയുന്ന ദുർബലമായ അമ്മമാരെ അല്ല നമ്മുടെ സമൂഹത്തിന് ആവശ്യം. കൈക്കരുത്തിന്റെയും മനക്കരുത്തിന്റെയും ബലം അറിയിക്കാൻ സാധിക്കുന്ന ധീരരായ വനിതകളെയാണ് ഇനി ഇവിടെ വേണ്ടത്. 

അങ്ങിനെയെങ്കിൽ കെട്ടുറപ്പുള്ള കെട്ടിടങ്ങളില്ലെങ്കിലും, ചങ്കുറപ്പുള്ള ആങ്ങളമാരില്ലെങ്കിലും, നിയമം നടപ്പിലാക്കാൻ ഒരു സംവിധാനമില്ലെങ്കിലും, ഒരു ൈകയും നീളില്ല  ഒരു പെണ്ണിനെയും തൊടാൻ, ഒരു വാക്കും ചൊല്ലില്ല‍ അവളെ വേദനിപ്പിക്കാൻ, ഒരു കണ്ണും നോക്കില്ല അവളെ ദഹിപ്പിക്കാൻ. നടയിൽ തള്ളപ്പെടാൻ അല്ല, കുടുംബത്തിന്റെയും, സമൂഹത്തിന്റെയും നടുവിൽ കയറി ഇരിക്കാനാണ് ഓരോ അമ്മയും മുൻകൈയെടുക്കേണ്ടത്. അതിനാകട്ടെ ഇനിയുള്ള നാളുകൾ.. സ്നേഹത്തോടെ എല്ലാ ജനനികൾക്കും അമ്മ ദിനാശംസകൾ.

 

You might also like

Most Viewed