ശോ..ഇതെന്തൊരു ചൂട്...

ഭാരതപുഴ എന്നത് ഓരോ മലയാളിയുടെയും വേദനയായി മാറിയിട്ട് കാലം ഏറെയായിരിക്കുന്നു. അതിന്ന് വെറും മണൽപരപ്പാണ്. രക്തയോട്ടം പാതി നിലച്ച ജലവാർദ്ധക്യം. ഇത് കേവലം ഒരു ഭാരതപുഴയുടെ മാത്രം അവസ്ഥയല്ല, മറിച്ച് മുഴുവൻ കേരളവും ഇന്ന് വെന്തുരുകുകയാണ്. ഈ വേനൽകാലത്ത് അസാമാന്യമായ ചൂടാണ് മലയാളിക്ക് ദുരിതം സമ്മാനിക്കുന്നത്. ചൂട് വിയർപ്പിന്റെ മണമാണ് ഓരോ കവലയിലും നിറയുന്നത്. ഒരു മഴ പെയ്തെങ്കിൽ എന്ന് വേഴാന്പലിനെ പോലെ ഓരോ മനുഷ്യരും തീവ്രമായി ആഗ്രഹിക്കുന്നു. എയർകണ്ടീഷൻ ഇന്ന് ഇവിടെ ആഡംബരമല്ല മറിച്ച് അത്യാവശ്യമാണ്. അതില്ലാത്തവൻ കട്ടിലിൽ കിടക്കാതെ നിലത്ത് കിടന്ന് എങ്ങിനെയെങ്കിലും ഒന്നുരുണ്ട് ഉറങ്ങാൻ ശ്രമിക്കുന്നു. കുളിക്കാൻ മടിയുള്ളവർ പോലും മൂന്നും നാലും തവണ ശരീരത്തെ നനയ്ക്കുന്നു. കഴിഞ്‍ഞ ദിവസം തിരുവനന്തപുരത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹം ഉപയോഗിക്കുന്ന രണ്ടു മൂന്ന് തരം പുതിയ ബ്രാൻഡഡ് ഷൂസുകളുടെ സോൾ കനത്ത ചൂടുകാരണം ഇളകിവന്ന് ഉപയോഗ ശൂന്യമായി എന്ന് പറഞ്ഞതും ഓർക്കട്ടെ.
നിർജലീകരണവും അതുവഴി മരണമടയുകയും ചെയ്യുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കഴിഞ്ഞ 30 വർഷമായി ഓരോ വർഷവും വർദ്ധിച്ചുവരികയാണ്. കേരളത്തിൽ ഇപ്പോൾ പരമാവധി 40 ഡിഗ്രീ സെൽഷ്യസ് വരെയാണ് ചൂട് അനുഭവപ്പെടുന്നത്. ഇതേ ചൂട് പത്ത് വർഷം മുന്പും ഉണ്ടായിട്ടുണ്ടെങ്കിലും അന്നില്ലാത്ത ശാരീരിക അസ്വസ്ഥതകളാണ് ഇന്ന് നമ്മുക്ക് അനുഭവപ്പെടുന്നത്. വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനവും അമിത ബാഷ്പീകരണവും തുടർച്ചയായുള്ള ഉഷ്ണക്കാറ്റും മറ്റും അന്തരീക്ഷത്തെ വരണ്ടതാക്കി തീർക്കുകയും ശരീരത്തിലെ ജലകണങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺഡയോക്സയിഡ്, കാർബൺ മോണോക്സയിഡ് തുടങ്ങി വിഷലിപ്ത വാതകങ്ങൾ അന്തരീക്ഷ പാളികളിൽ തങ്ങിനിൽക്കുകയും ശ്വാസോച്ഛാസ പ്രക്രിയയിൽ ഈ സൂക്ഷ്മ കണങ്ങൾ ശ്വാസനാളങ്ങളുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ താറുമാറാക്കുകയും, ഉഷ്ണത്തോടുകൂടി ശാരീരിക അസ്വസ്ഥതയും സൃഷ്ടിക്കുന്നു എന്നതാണ് പുതിയ പ്രതിഭാസം. ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് അവർക്ക് ശ്വസിക്കുന്നതിനാവശ്യമായ ശുദ്ധമായ വായു നൽകുന്ന ഇവിടെ വൃക്ഷങ്ങൾ വർദ്ധിക്കുന്നില്ല എന്നത് ഉഷ്ണം വർദ്ധിക്കുന്നതിന് പ്രധാന കാരണമായിത്തീരുന്നു.
ഇങ്ങിനെ അടി മുതൽ മുടി വരെ ഉഷ്ണിച്ച് മനുഷ്യൻ ക്ഷീണിക്കുന്പോൾ എങ്ങിനെയാണ് ഇതിനെ നേരിടേണ്ടത് എന്നതിനെ പറ്റി നമ്മുടെ വിധി വിധാതാക്കളായ ഗവൺമെന്റോ അതോ ഈ ദുരിതം അനുഭവിക്കുന്ന പൊതുജനമോ ചിന്തിക്കുന്നില്ല എന്നത് തന്നെയാണ് മനസിലാക്കാൻ സാധിക്കുന്ന ഒരു കാര്യം. സാമൂഹ്യവനവത്കരണ പരിപാടികൾ മുതൽ പാരിസ്ഥിതിക ബോധവത്കരണ പരിപാടികളെല്ലാം തന്നെ നമ്മുടെ നാട്ടിൽ ഇന്ന് കേവലം വഴിപാടുകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അവയെ ശക്തമായി തിരിച്ചു കൊണ്ടുവരുന്നതിനൊപ്പം, ഓരോ കിലോമീറ്ററിലും സൗജന്യ ദാഹശമനി കേന്ദ്രങ്ങൾ ഉണ്ടാക്കിയും, എടിഎം കൗണ്ടർ പോലെയുള്ള ചെറിയ ശീതീകരണ കേന്ദ്രങ്ങൾ പ്രധാന കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിർമ്മിച്ചും, അടുത്ത മഴ എത്തുന്നത് വരെയെങ്കിലും നമുക്ക് പിടിച്ചുനിൽക്കേണ്ടതുണ്ട്. ഇത്തവണ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തുറന്നിരിക്കുന്ന അവരുടെ ഇലക്ഷൻ ഓഫീസുകളിൽ തന്നെ ഇത്തരം സൗകര്യങ്ങൾ നൽകുകയാണെങ്കിൽ അത് ഏറെ പ്രശംസനീയമായി തീരുമെന്നതും ഉറപ്പ്. ഇല്ലെങ്കിൽ സൂര്യാഘാതം കാരണം മരണപ്പെടുന്നവരുടെ എണ്ണം കേരളത്തിലും വർദ്ധിക്കുമെന്നത് തീർച്ചയാണ്.
വേനൽ ചൂടുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിൽ കണ്ട ഏറെ ഹൃദയസ്പർശിയായ വാചകം : നിങ്ങൾ മുറിച്ച് മാറ്റിയ മരങ്ങളും, കിളച്ച് മാറ്റിയ മലകളും, വാരിയെടുത്ത മണലും, തിരികെ നൽകിയാൽ ഞാൻ മടങ്ങിപോയ്ക്കോളാമെന്ന് വേനൽചൂട് !!