ഇക്വഡോറും ജപ്പാനും

വി.ആർ.സത്യദേവ്
ഏഷ്യാ വൻകരയോടു ചേർന്നു കിടക്കുന്ന രാജ്യമാണ് ജപ്പാൻ. ഇക്വഡോർ തെക്കേ അമേരിക്കൻ രാജ്യവും. നിരവധി ദ്വീപുകളടങ്ങിയ ഒരു ദ്വീപ സമൂഹമാണ് ജപ്പാൻ. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്താണ് ഇക്വഡോറിന്റെ സ്ഥാനം. വടക്ക് കൊളന്പിയയും തെക്കു കിഴക്കും തെക്കും പെറുവും അതിർത്തി പങ്കിടുന്നു. വൻകരയിലെ മണ്ണിനൊപ്പം പസഫിക് സമുദ്രത്തിലെ ചെറുതും വലുതുമായ നിരവധി ദ്വീപുകളും ഇക്വഡോറിന്റെ അതിർത്തിക്കുള്ളിലുണ്ട്. പരസ്പരം പതിനാലായിരത്തി അറുനൂറിലും അൽപ്പമധികം കിലോമീറ്ററിന്റെ അകലമുണ്ട് ഇരു രാജ്യങ്ങൾക്കും തമ്മിൽ. എങ്കിലും ശാന്ത സമുദ്രമെന്നു നമ്മൾ വിളിക്കുന്ന പസഫിക് ഓഷ്യനുമായി പൊതു അതിരു പങ്കു വെയ്ക്കുന്ന രാജ്യങ്ങളാണ് രണ്ടും. ഇപ്പോഴാവട്ടെ അടുത്തടുത്തുണ്ടായ ഭൂചലനങ്ങളിൽ സംഭവിച്ച കനത്ത ആൾനാശത്തിന്റെയും മറ്റു ദുരിതങ്ങളുടെയും സമാനമായ ദുഖം പങ്കു വയ്ക്കുകയാണ് ഇരു രാജ്യങ്ങളും.
ജപ്പാനാണ് ഇത്തവണ ദുരന്തത്തിന്റെ ആഘാതം ആദ്യം അനുഭവിച്ചത്. ജപ്പാന്റെ തെക്കു പടിഞ്ഞാറൻ ദ്വീപായ ക്യുഷുവിൽ ഏതാനും ദിവസങ്ങളായി ഭുചലനങ്ങളും തുടർ ചലനങ്ങളുമൊക്കെ തുടർക്കഥയാണ്. ഇതിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിലാണ് കൂടുതൽ ആൾനാശമുണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം മുപ്പത്തിരണ്ടു പേർ ഇവിടെ മരിച്ചതായാണ് കണക്ക്. ജനങ്ങൾ വീടുകളിൽ ഉറങ്ങുന്ന സമയത്ത് ഭൂകന്പമുണ്ടായതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. രണ്ടു ദിവസം മുന്പുണ്ടായ ഭൂചലനത്തിൽ ഇതേ മേഖലയിൽ 9 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. അന്നത്തെ ഭൂചലനത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ദ്വീപിൽ പ്രധാനമന്ത്രി ഷിൻസോ അബെ സന്ദർശനം നടത്താനിരിക്കെയായിരുന്നു ശനിയാഴ്ചത്തെ ഭൂചലനം. ഇതോടെ അബെ സന്ദർശനം മാറ്റിവച്ചിരിക്കുകയാണ്.
ക്യുഷു ദ്വീപിൽ ആദ്യമുണ്ടായ ഭൂചലനം 6.2 തീവ്രത രേഖപ്പടുത്തിയപ്പോൾ രണ്ടാമത്ത ചലനം അതിന്റെ മുപ്പതിരട്ടി ശക്തമായിരുന്നു. റിക്റ്റർ സ്കെയിലിൽ ഇത് 7 രേഖപ്പെടുത്തി. ജപ്പാനിൽ ഭൂകന്പങ്ങൾ അപൂർവ്വമല്ല. പ്രത്യേകിച്ച് ക്യുഷു ഉൾപ്പെടെയുള്ള നാലു ദ്വീപുകളിൽ. റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയമെന്നാണ് ഈ ദ്വീപുകൾ അറിയപ്പെടുന്നതു തന്നെ. ഭൂകന്പങ്ങളുടെയും ചില സജീവ അഗ്നിപർവ്വതങ്ങളുടെയുമൊക്കെ നാടാണ് ഇത്. ക്യുഷുവിന്റെ മദ്ധ്യത്തിലുള്ള കുമാമോട്ടോയിലായിരുന്നു ഇന്നലെ രാവിലത്തെ ഭൂകന്പം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. പ്രസിദ്ധമായ കുമാമോട്ടോ കൊട്ടാരത്തിൻെറ നാടാണ് ഇത്. ഏറെക്കാലം അഭേദ്യമെന്ന വിശേഷണത്തിനർഹമായിരുന്നു ഈ കൊട്ടാരം. ഭൂകന്പത്തിൽ കൊട്ടാരത്തിനും കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്.
ഭുകന്പത്തെ തുടർന്ന് ക്യുഷു ഭീതിയിലാണ് നിമിഷങ്ങൾ തള്ളി നീക്കുന്നത്. ഇതിനിടെയാണ് മേഖലയിലെ അസോ അഗ്നിപർവ്വതം സജീവമായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഭൂകന്പങ്ങളെ തുടർന്നാണ് ഇതെന്ന റിപ്പോർട്ട് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ഭൂകന്പത്തിൽ പതിനായിരക്കണക്കിനു വീടുകളാണു തകർന്നടിഞ്ഞത്. ചെറുതും വലുതുമായ തുടർചലനങ്ങൾ കുമാമോട്ടോയിൽ ഓരോ മണിക്കൂറുകളിലും ഉണ്ടാകുന്നു. വീടുകൾ മാത്രമല്ല ദേശീയ പാതകളും നിരവധി വാഹനങ്ങളുമൊക്കെ ഭൂചലനത്തിൽ നശിച്ചു. പലയിടത്തും വലിയ തോതിലുള്ള മണ്ണിടിച്ചിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഭൂസമാധിയായവരെക്കുറിച്ചൊക്കെ വ്യക്തമായി അറിയാൻ ഇനിയും കാലം ഒരുപാടെടുക്കും. ഒരുപക്ഷേ അവരെക്കുറിച്ചൊക്കെ ഇനിയും ആരുമൊന്നും അറിഞ്ഞില്ലെന്നു തന്നെയും വരാം.
ഭൂകന്പത്തെ തുടർന്ന് ഒരു ലക്ഷത്തോളമാൾക്കാരെയാണ് മേഖലയിൽ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇവരെ വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരെന്നും വീടുകൾക്ക് കേടുപാടില്ലാത്തവരെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വീടുകൾക്ക് കാര്യമായ കേടുപാടില്ലാത്തവരോട് സ്വന്തം വീടുകളിലേക്കു തിരിച്ചു പോകാൻ അധികൃതർ നിർബന്ധിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭീതി മൂലം പലരും അതിനു തയ്യാറാകുന്നില്ല. ജനങ്ങളിൽ ഭൂരിഭാഗവും അഭയ കേന്ദ്രങ്ങളിലെ താൽക്കാലിക ഷെഡ്ഡുകളുടെ സുരക്ഷിതത്വത്തിൽ കഴിയാനാണ് താൽപ്പര്യം. പ്രകടിപ്പിക്കുന്നത്. ഇവരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി സർക്കാർ 25000 സേനാംഗങ്ങളെക്കൂടി പ്രദേശത്തേയ്ക്കു നിയോഗിച്ചിട്ടുണ്ട്. ആറു പ്രത്യേക വിമാനങ്ങളും ഒന്പതു കപ്പലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അയച്ചു കഴിഞ്ഞു. ദുരിതാശ്വാസ പരിപാടികളിൽ അമേരിക്ക സഹായ വാഗ്ദാനവുമായി വന്നെങ്കിലും തൽക്കാലം പരസഹായം ആവശ്യമില്ലെന്ന നിലപാടിലാണ് ജപ്പാൻ.
ഭൂചലനങ്ങളെ തുടർന്ന് പ്രദേശത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ഭക്ഷ്യസാധന വിതരണം പൂർണ്ണമായും തകരാറിലായി. ഡിപ്പാർട്മെൻ്റ് സ്റ്റോറുകളിലെ റായ്ക്കുകൾ കാലിയാണ്. ഇതിനെല്ലാം മേലെയാണ് തുടരുന്ന മഴ വിതയ്ക്കുന്ന നാശം. മഴമൂലം രക്ഷാപ്രവർത്തനങ്ങളെല്ലാം അവതാളത്തിലാണ്. മഴ തുടരുന്നത് കൂടുതൽ ഭൂചലനങ്ങൾക്കുള്ള സൂചനയാണോയെന്ന് കുമാമോട്ടോയിലെ ജനങ്ങൾ ആശങ്കപ്പെടുന്നു. അവരുടെ സ്വപ്നങ്ങളും കുമാമോട്ടോയിലെ പേരെടുത്ത ചരിത്ര സ്മാരകങ്ങളുമെല്ലാം ഭൂകന്പം തച്ചു തകർത്തിരിക്കുന്നു. ലോകയുദ്ധങ്ങളെയും ആദ്യ അണുബോംബാക്രമണങ്ങളെയുമൊക്കെ അതിജീവിച്ച ജനതയാണ് ജപ്പാൻകാർ. ഭൂചലനം അവർക്ക് കൂടുതൽ ദുരിതങ്ങൾ വിതയ്ക്കാതിരിക്കട്ടെയെന്നും ദുരിതങ്ങളെ അവർ എത്രയും വേഗം അതിജീവിക്കട്ടെയെന്നും നമുക്കു പ്രത്യാശിയ്ക്കാം.
ഇന്നലെ രാത്രി വൈകി വാർത്തകൾ പരതുന്പോൾ ജപ്പാനിലെ ഭൂചലനം മാത്രം ലോകജാലകത്തിനു വിഷയമാക്കാമെന്നാണ് വിചാരിച്ചതെങ്കിൽ പ്രഭാതമായപ്പോഴേയ്ക്കും അതു തിരുത്തേണ്ടി വരുന്ന തരത്തിലുള്ളതായിരുന്ന ഇക്വഡോറിൽ നിന്നുള്ള ദുരന്ത വാർത്ത. ഇന്നത്തെ ലേഖനം എഴുതിത്തുടങ്ങുന്പോൾ ഇക്വഡോറിൽ ഭൂചലത്തിൽ 41 പേർ മരിച്ചു എന്നായിരുന്നു ലോക മാധ്യമങ്ങളുടെ തലക്കെട്ടുകൾ. ഇപ്പോഴത് 77 എന്നായിരിക്കുന്നു. മരണ സംഖ്യ ഉയരുന്നു എന്നാണ് ചിലരുടെ തലക്കെട്ട്. അത് ഇനിയുമുയരാൻ തന്നെയാണ് സാദ്ധ്യത. ഭുചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിരുന്നു. അത് ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. തീര നഗരമായ മൂയ്സിനടുത്താണ് ഭൂചലനത്തിൻെറ പ്രഭവ കേന്ദ്രം. രാജ്യത്തെ ആറു പ്രവശ്യകളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ഗോയാസ്, മനാബി, സാൻറോ ഡോമിംഗോ, ലോസ് റിയോസ്, എസ്മെറാൾഡാസ്, ഗലപ്പഗോസ് എന്നിവയാണവ. ഇതിൽ ഗലപ്പഗോസടക്കമുള്ളവ ജൈവവൈവിദ്ധ്യത്തിന് ലോക പ്രശസ്തമാണ്. പരിണാമ സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവായ സാക്ഷാൽ ചാൾസ് ഡാർവിൻ 1835ൽ ഗലപ്പഗോസിൽ സന്ദർശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രധാന ജൈവവൈവിദ്ധ്യങ്ങളുള്ള 17 രാജ്യങ്ങളിൽ ഒന്നാണ് ഇക്വഡോർ. അവയിൽ തന്നെ ജൈവവൈവിദ്ധ്യ സാന്ദ്രതയിൽ ഒന്നാം സ്ഥാനത്താണ് രാജ്യം. ഒട്ടേറെ അപൂർവ്വവും അത്യപൂർവ്വവുമായ സസ്യ ജന്തു ജാലങ്ങളുടെ ആവാസ ഭൂമിയാണ് ഇവിടം. ഇതിൽ പലതും വംശനാശ ഭീഷണിയിലുള്ളവയാണ്. ഗാലപ്പകോസടക്കമുള്ളിടങ്ങളിൽ ഉണ്ടായ ഭൂചലനം ഇതിൽ ചിലയിനങ്ങളെയെങ്കിലും ഇല്ലാതാക്കിയേക്കാമെന്ന ആശങ്കയും ശക്തമാണ്. ജപ്പാനിലുണ്ടായതിൻെറ പതിന്മടങ്ങു ശക്തമായിരുന്നു ഇക്വഡോറിലുണ്ടായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഇത് രാജ്യത്ത് 1987 നു ശേഷം ഉണ്ടായതിൽ ഏറ്റവും വലിയ ഭൂചലനമാണ്. 87ൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ ആയിരത്തിനടുത്താൾക്കാരാണ് മരിച്ചത്. എന്നാലന്ന് ഭൂചലനത്തിന്റെ ശേഷി 7.2 മാത്രമായിരുന്നു.
ഭൂചലനത്തെ തുടർന്ന് 6 പ്രവശ്യകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിൽ കുരുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ 10000 സൈനികരെ നിയോഗിച്ചിട്ടുണ്ട്. നാൽപ്പതു സെക്കൻ്റു നീണ്ട ഭൂചലനത്തിന്റെ യഥാർത്ഥ ചിത്രം വെളിവാകാൻ ഇനിയും സമയമെടുക്കും. അതു കൂടുതൽ കനത്തതാകാതിരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.