വാടാതെ നിൽക്കട്ടെ സ്നേഹത്തിന്റെ കണിക്കൊന്നകൾ!

ഭൂതകാലക്കുളിര് നിറഞ്ഞു നിൽക്കുന്ന നിനവുകളാണ് ഏപ്രിൽ മാസവും അതിന്റെ മധ്യത്തിലായി പിറന്നു വീഴുന്ന കണിക്കൊന്നകൾ പുഷ്പിച്ച് സ്വാഗതമോതുന്ന വിഷുക്കാലവും.
പടക്കങ്ങളും കന്പിത്തിരികളും മത്താപ്പൂക്കളുമൊക്കെയായി ശബ്ദായനവും പ്രകാശപൂരിതവുമാകുന്ന ദിനരാത്രങ്ങൾ. കിടക്കപ്പായിൽ നിന്നും കണ്ണുകൾ തുറപ്പിക്കാതെ കണ്ണന് മുന്പിൽ കണി കാണാനായി കൊണ്ടുവരുന്ന മാതാവിന്റെയോ പിതാവിന്റെയോ സൗമ്യസാമീപ്യത്തിന്റെ ഓർമ്മകൾ ആരെയാണ് കോരിത്തരിപ്പിക്കാതിരിക്കുക.
പുളിയിട്ടു തേച്ചു മിനുക്കിയ ഓട്ടുരുളിയും നിലവിളക്കും കണ്ണാടിയും ഉണ്ണിക്കണ്ണന്റെ വെങ്കല പ്രതിമയും പിന്നെ വിത്തുകളും പഴങ്ങളും പച്ചക്കറികളും.... ഓട്ടുരുളിയിൽ പാതിഭാഗം അരിയും നെല്ലും കൊണ്ട് നിറയ്ക്കും. തേങ്ങാമുറിയിൽ എണ്ണ നിറച്ച് അലക്കിയ ശീലത്തുണ്ടിൽ അരി നിറച്ച് നാല് മൂലയും കൂട്ടിച്ചേർത്ത കിഴിയാണ് കത്തിക്കുക. നാളീകേര മുറികൾക്കപ്പുറത്ത് കിണ്ടിയിൽ അലക്കിയ വെള്ളമുണ്ട് ഞൊറിഞ്ഞുവെച്ച് അതിൽ വാൽക്കണ്ണാടി വെയ്ക്കും. കൊന്നപ്പൂക്കൾ കൊണ്ട് വാൽക്കണ്ണാടിയും ഉരുളിയുമെല്ലാം അലങ്കരിക്കും. പഴങ്ങൾക്കും പച്ചക്കറികൾക്കുമൊപ്പം മഹദ് ഗ്രന്ഥങ്ങളും കണിക്കായി വെക്കുന്ന പതിവുണ്ട്. സത്യത്തിൽ സമൃദ്ധിയുടെ പുതിയ പ്രഭാതത്തിലേയ്ക്കുള്ള മിഴിതുറക്കലാണ് ഓരോ വിഷുവും ഓർമ്മപ്പെടുത്തുന്നത്.
ആഘോഷങ്ങളെ അപരന്റെ ജീവിതങ്ങളിലേയ്ക്കും ആനയിച്ചു കൊണ്ടുപോവുക എന്ന മഹത്തായ നന്മ നിറഞ്ഞു നിൽക്കുന്ന നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്ന വ്യക്തിയാണ് ഞാൻ. ബാലേട്ടന്റെ വീട്ടിലേയ്ക്ക് കയറിവരുന്ന പെരുന്നാളും എന്റെ വാസസ്ഥലത്തേയ്ക്ക് സ്നേഹത്തോടെ വിരുന്നു വരുന്ന വിഷുവും പ്രവാസത്തിന്റെ വരണ്ട ജീവിതത്തിലും സ്നേഹത്തിന്റെ തെളിനീരുറവകൾ സമ്മാനിക്കുന്ന ഓർമ്മകളത്രേ.
നാരായണിയേട്ടത്തിയുടെ കരവിരുതിൽ തയ്യാറാക്കപ്പെടുന്ന ഓർക്കുന്പോൾ തന്നെ രുചിമുകുളങ്ങൾ ഉന്മാദാവസ്ഥയിലെത്തപ്പെടുന്ന ലക്ഷണമൊത്ത സാന്പാറും എന്റെ മാതാവിന്റെ കോഴിക്കറിയും അങ്ങോട്ടുമിങ്ങോട്ടും പടി കയറിവരുന്പോൾ അവിടെ തകർന്നു വീഴുന്നത് വർഗ്ഗീയതയും വിഭാഗീയതയും ഇന്ന് നാം നാല് വോട്ടിന് വേണ്ടി ഉണ്ടാക്കാൻ ശ്രമിക്കുന്ന മറ്റെന്തൊക്കയോ മതിൽക്കെട്ടുകളാണ്. കൊടുക്കൽ വാങ്ങലുകൾക്കിടയിൽ തകർന്നു വീഴാനുള്ള കരുത്തേ അവയ്ക്കെല്ലാം ഉള്ളൂ എന്ന തിരിച്ചറിവാണ് യഥാർത്ഥ മാനവികതയും മനുഷ്യത്വവും.
മതപരവും ജാതീയവുമായ േവലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഒരു നാട് മുഴുവൻ ഒരു സ്ഥലത്ത് ഒത്തുകൂടുന്ന പരിപാടികളായിരുന്നു പണ്ട് ആഘോഷങ്ങളുടെയൊക്കെ കേന്ദ്രബിന്ദു. ഓണാഘോഷം, വിഷു പ്രോഗ്രാം, ഈദ്നൈറ്റ് തുടങ്ങി ഒരു ജനത ഒന്നിച്ചാസ്വദിച്ച കലാപരിപാടികൾ. ചൂട്ടു വീശി കല്യാണിയും, കുഞ്ഞാമിനയും, കുഞ്ഞിരാമനും, കുഞ്ഞിമൊയ്തീനും മനസ് തുറന്ന് സംസാരിച്ച് വീടണഞ്ഞ പാതിരാവുകൾ.
എല്ലാ വേലിക്കെട്ടുകളും പൊളിച്ച് ഒരു നാടിനെ ഒരേ പായയിലിരുത്താൻ അന്നത്തെ കലാപരിപാടികൾക്ക് സാധിച്ചിരുന്നുവെങ്കിൽ ഇന്ന് ചെറുതും വലുതുമായ സ്ക്രീനുകൾ നമ്മെ ഒറ്റപ്പെട്ട തുരുത്താക്കി അനുദിനം മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ എന്ന വിശാലതയിൽ നിന്നും ഞങ്ങൾ നിങ്ങൾ എന്ന വർഗ്ഗീയതയുടെ ഇരുട്ടിലേയ്ക്ക് വഴിനടത്താൻ ശ്രമിക്കുന്നവർക്ക് മുന്പിൽ ‘മനുഷ്യാ നീ ഒന്നാണ്’ എന്ന സന്ദേശമുണർത്തുന്ന മാനവികതയുടെ ടോർച്ചടിച്ചു കൊടുക്കുന്നതിൽ കലയും, ആഘോഷങ്ങളുമെല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇന്നലെകളുടെ നന്മകൾ തിരിച്ചു പിടിക്കുന്നതായി ഓരോ ആഘോഷവും പരിപാടികളും മാറ്റിത്തീർക്കുക എന്നതാണ് പുതുതലമുറ ഏറ്റെടുക്കേണ്ട വെല്ലുവിളി.
ഒരായിരം സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും കണിക്കൊന്നകൾ മനസുകളിൽ പുഷ്പിച്ചു നിൽക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് പ്രിയപ്പെട്ട വായനക്കാർക്ക് സമൃദ്ധിയുടെ ഒരു നല്ല നാളെ ആശംസിച്ചു കൊണ്ട് ഹൃദയത്തിൽ ചേർത്തു വെച്ചു കൊണ്ടുള്ള വിഷു ആശംസകൾ.
‘നിങ്ങൾ ഒന്നായിപ്പോവുക, നിങ്ങളുടെ മനസ് ഒന്നാകട്ടെ’ ഋഗ്വേദത്തിലെ അവസാന സംജ്ഞന മന്ത്രം.