ഒരു നേരമെങ്കിലും...

ഗുരുവായൂർ അന്പലനടയിൽ നിൽക്കുന്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്ന ചിന്ത ഗാനഗന്ധർവ്വൻ ദാസേട്ടനെ കുറിച്ചായിരിക്കും. ആ നേരത്ത് കണ്ണുമടച്ച് പ്രാർത്ഥിക്കുന്നതിന് പകരം കണ്ണും തുറന്ന് മനസ്സിൽ ചോദിക്കാറുള്ളത്, അല്ല എന്താണ് ഇവിടെ ശരിക്കുള്ള പ്രശ്നമെന്നാണ്.
ശങ്കരാചാര്യർ മുതൽ ശ്രീനാരായണ ഗുരുവരെ തേടിയത് ആത്മാവിനെയാണ്. തികച്ചും നശ്വരമായ ശരീരത്തിന് ഒരു വാടക വീടിന്റെ വേഷം മാത്രമേയുള്ളു എന്ന് വിശ്വസിച്ചവരായിരുന്നു ഇവർ. വൈക്കം സത്യാഗ്രഹത്തിലൂടെ മഹാത്മജിയടക്കമുള്ളവർ ലോകത്തോട് വിളിച്ച് പറഞ്ഞത് ഹൈന്ദവ സംസ്കാരം ജാതിമത ചിന്തകൾക്കപ്പുറമാണെന്ന സത്യം തന്നെ.
കേരളത്തിലെ ഒട്ടുമിക്ക അന്പലങ്ങളിലും അന്യമതസ്ഥർ പ്രവേശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഗുരുവായൂരന്പലത്തിലും ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടാതെ വിഭിന്ന മതസ്ഥർ പ്രവേശിക്കുന്നുണ്ട്. അതുകൊണ്ട് ഗുരുവായൂരപ്പനോ ഗുരുവായൂരന്പലത്തിലോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
കാലാകാലങ്ങളായി ഹൈന്ദവ സംസ്കാരത്തിലും ചിന്തകളിലും മാറ്റം വരികയും ആ മാറ്റങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ഹിന്ദു.
ക്രിസ്ത്യാനികൾ മാമോദിസ മുക്കുന്നതുപോലെ, ഇസ്ലാം വിശ്വാസികൾ സുന്നത്ത് നടത്തുന്ന പോലെ ഒരു മതപരമായ ചടങ്ങ് ഹിന്ദുക്കൾക്കിടയിൽ ഇല്ലാത്തത് അത് ഒരു മതമല്ലാത്തത് കൊണ്ട് തന്നെയാണ്.
ഗുരുവായൂരപ്പനെ കുറിച്ചും, അയ്യപ്പനെ കുറിച്ചും തികഞ്ഞ ഭക്തിയോടെ നിരവധി ഗാനങ്ങൾ ആലപിച്ച യേശുദാസിനെ പോലുള്ള ഒരു കലാകാരനെ ഗുരുവായൂർ അന്പലത്തിൽ കയറ്റില്ല എന്ന് ശഠിക്കുന്നവർ സത്യത്തിൽ യഥാർത്ഥ ഹിന്ദുവല്ല.
ഹൈന്ദവ ചിന്ത അല്ലെങ്കിൽ സംസ്കാരം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതിനെയൊരു മതത്തിന്റെ ചട്ടകൂടിലേയ്ക്ക് വലിച്ചിഴക്കാൻ പലരും ശ്രമിക്കുന്നു എന്നുള്ളതാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച്, തീരുമാനങ്ങൾ എടുക്കുവാൻ കെൽപ്പുള്ള നേതാക്കൾക്ക് മാത്രമെ തെറ്റ് തിരുത്താനും, അത് ചരിത്രത്തിന്റെ ഭാഗമാക്കാനും കഴിയുകയുള്ളൂ.
സതി നിർത്തലാക്കിയത് പോലെ, വൈക്കം ക്ഷേത്രത്തിൽ കീഴ് ജാതിക്കാർക്കും പ്രവേശനം അനുവദിച്ചത് പോലെ, ആദിവാസികളെ കൊണ്ട് വസ്ത്രം ധരിപ്പിച്ചത് പോലെ, കാലത്തിനനുസൃതമായി ഒരുമാറ്റം ഗുരുവായൂർ ദേവസ്വം ബോർഡും നടത്തിപ്പുകാരും കൊണ്ട് വരണം.
ഞാൻ ഇതെഴുതുന്നത് യേശുദാസ് എന്ന ഗായകനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല, അതിനപ്പുറം ഹൈന്ദവ സംസ്കാരത്തിലെ മാനുഷിക മൂല്യങ്ങളും തത്വ ശാസ്ത്രങ്ങളും ഉയർത്തുന്ന ചിന്തക്ക് എതിരായി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം ഇന്നും തെറ്റ് തിരുത്താതെ പഴയ നിലപാടിൽ തന്നെ നിൽക്കുന്നു എന്ന ദുഃഖസത്യം മനസ്സിലാക്കി കൊണ്ടാണ്.
നെറ്റിയിൽ ചന്ദനം പുരട്ടിയാലോ കഴുത്തിൽ രുദ്രാക്ഷ മാല ധരിച്ചാലോ മാത്രം ഒരാൾ ഹിന്ദുവാകില്ല. പകരം മനസ്സ് സമുദ്രം പോലെ പരന്നു കിടക്കണം. അതിലെ ചിന്തകൾ ആകാശം പോലെ അറ്റമില്ലാതെ ഒഴുകണം. അങ്ങനെ നാം വളരുന്പോൾ ഗുരുവായൂരപ്പന്റെ നടയിൽ പോയി കാലിൻ മേൽ കാൽ വെച്ച് കിടക്കാൻ പറ്റും. ഇതിനെ ചോദ്യം ചെയ്യുന്നവരോട് ഈശ്വരനില്ലാത്ത ഒരിടം കാണിച്ചു തരാൻ പറയും.
യേശുദാസ് ജാതി മത ചിന്തകൾക്കതീതമായി ചിന്തിക്കുന്ന മഹാമനസ്ക്കനാണ്. സ്വന്തം മക്കളെ വിവാഹം കഴിപ്പിക്കുന്പോൾവരെ ജാതിയും മതവും നോക്കാതെ തീരുമാനമെടുത്ത വ്യക്തിയാണ്. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും വിശാലമായ ചിന്തകൾ കൊണ്ട് നടന്ന് മറ്റുള്ളവർക്ക് അദ്ദേഹം ഒരു വഴികാട്ടിയായി നിൽക്കുന്പോൾ ഇതൊന്നും കാണാതെ കേൾക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ചിന്തിക്കുക, നിങ്ങൾ ചെയ്യുന്നത് പാപമാണ്.
ഇന്ന് സിറിയൻ അഭയാർഥികൾ പ്രാണരക്ഷാർത്ഥം ജർമ്മനിയിലേക്കും മാറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും പാലായനം ചെയ്തപ്പോൾ, വത്തിക്കാനും മാർപാപ്പയും അവരെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന സന്ദേശം ലോകത്തെന്പാടുമുള്ള ക്രൈസ്തവരോട് നൽകി. ഒരു മത
നേതാവിന്റെ സമയോചിതമായ ഒരു വാക്ക്, ഇടപെടൽ അത് ചരിത്രപര
മായ ഒരു മാറ്റത്തിന്റെ, ധ്വനികളാണ് സമൂഹത്തിൽ പടർത്തിയത്.
ആത്യന്തികമായി എല്ലാ മനുഷ്യ ജീവജാലങ്ങളും ദൈവത്തിന്റെ സൃഷ്ടാക്കളാണെന്നും ജാതിമത ചിന്തകൾക്കപ്പുറത്താണെന്നും മനസ്സിലാക്കുന്ന മതപുരോഹിതൻമാരെയാണ് നമുക്ക് ഇന്ന് ആവശ്യം. ആറര ലക്ഷത്തിലധികം സിറിയൻ നിവാസികൾ യൂറോപ്പിലേയ്ക്ക് കടന്ന് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ ജനങ്ങളും, സർക്കാരും ഇത്തരമൊരു പ്രതിസന്ധിയിൽ പറ്റാവുന്ന സഹകരണത്തോടെ പെരുമാറുന്നു എന്നത് ഇന്നത്തെ ലോകത്തിൽ വളരെ സന്തോഷത്തോടെ കാണേണ്ട വിഷയം തന്നെ.
അനന്തവും അജ്ഞാതവും അവർണനീയവുമായ ഈ പ്രപഞ്ചത്തിൽ തൂണിലും തുരുന്പിലും ഗുരുവായൂരപ്പൻ ഇരിക്കുന്നു എന്ന് വിശ്വസിക്കേണ്ട ഒരു ഹിന്ദു, ഗുരുവായൂരന്പലത്തിനകത്തേക്ക് മറ്റ് മതസ്ഥരെ കയറ്റില്ല എന്ന് പറയുന്പോൾ, ദേവസ്വം ബോർഡ് മുഷ്ടി ചുരുട്ടി അത് ഉറപ്പിക്കുന്പോൾ ഞാൻ ചിന്തിക്കുന്നത് ഇതെല്ലാം കണ്ടും കേട്ടും സാക്ഷാൽ കൃഷ്ണൻ ചിരിക്കുന്നതെങ്ങിനെ എന്ന് മാത്രം...!!!