തുടരുന്ന കായൽ കൈയേറ്റങ്ങൾ

ഒരു വമ്പൻ റിയൽ എേസ്റ്ററ്റ് ഗ്രൂപ്പിനെതിരെ കായൽ കൈയേറ്റത്തിന് ഹൈക്കോടതി ശക്തമായ നടപടി സ്വീകരിച്ചുവെങ്കിലും ജനപ്രതിനിധികളുടെ ഒത്താശയോടെ ഇപ്പോഴും പല റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകളും തീരദേശ പരിപാലന നിയമം പരസ്യമായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് തങ്ങളുടെ പുതിയ പദ്ധതിയുടെ പൂർത്തീകരണം വിളിച്ചോതാൻ കൊച്ചിയിൽ മാധ്യമപ്രവർത്തകർക്കായി ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. തങ്ങൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളൊക്കെ മാധ്യമപ്രവർത്തകർക്കു മുന്നിൽ വെളിവാക്കിയ അവർ പക്ഷേ പുഴയോരത്തു നിന്നും പദ്ധതിക്കുള്ള കുറഞ്ഞ ദൂരപരിധി തീര പരിപാലന നിയമത്തിന്റെ ലംഘനമാകില്ലേയെന്ന ചില പത്രപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും വിദഗ്ധമായാണ് ഒഴിഞ്ഞുമാറിയത്. തീര പരിപാലന നിയമചട്ടങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് കെട്ടിട സമുച്ചയം ഉണ്ടാക്കിയിരിക്കുന്നതെന്നും യാതൊരു ലംഘ
നവും നടന്നിട്ടില്ലെന്നുമായിരുന്നു അവരുടെ നിലപാട്. പക്ഷേ ഈ ചോദ്യോത്തര സമയം കഴിഞ്ഞിട്ടായിരുന്നു പ്രൊജക്ടിന്റെ പാർട്ണർമാരിലൊരാളുടെ വരവ്. വിരുന്നിനിടയിൽ ഒരു പത്രപ്രവർത്തകൻ പതിയെ അയാൾക്ക് അടുത്തെത്തി അയാളുടെ പാർട്‌ണറുടെ അടുത്ത സുഹൃത്തെന്ന മട്ടിൽ സ്വയം അവതരിപ്പിച്ചു. അനുഭാവപൂർണ്ണമായ വാക്കുകളും വർത്തമാനവുമൊക്കെയായപ്പോൾ പാർട്‌ണർ വീണു. സി.ആർ.ഇസഡ് ചട്ടങ്ങളുടെ ലംഘനങ്ങൾ കണ്ടില്ലെന്ന് വരുത്താൻ കുറേ തുക മുടക്കേണ്ടി വന്നല്ലേയെന്ന് സൽക്കാരത്തിനിടയിൽ പാർട്‌ണറോട് പത്രലേഖകന്റെ ചോദ്യം. പാർട്‌ണറുടെ അടുത്ത സുഹൃത്തെന്ന ലേബലിലായതിനാൽ പിന്നെ പുതുതായി എത്തിയ പാർട്‌ണർ ആ രഹസ്യം മറച്ചുവെച്ചില്ല എല്ലാ രാഷ്ട്രീയക്കാർക്കും ആൾബലമനുസരിച്ചും പ്രാതിനിധ്യമനുസരിച്ചും സാമാന്യം നല്ല വീതം കൊടുത്തുവെന്ന് വെളിപ്പെടുത്തൽ. പിന്നെ പ്രദേശത്തെ ഒട്ടുമിക്ക തുക്കടാ രാഷ്ട്രീയ നേതാക്കൾക്ക് വേറെയും നൽകി പണവും സമ്മാനങ്ങളും. റിയൽ എേസ്റ്ററ്റ് മുതലാളിയെ വിശ്വസിക്കാെമങ്കിൽ തീര പരിപാലന നിയമം അട്ടിമറിക്കാൻ റിയൽ എേസ്റ്ററ്റ് സംരംഭകനിൽ നിന്നും പണം വാങ്ങാത്തവരായി ആരുമില്ല. സംസ്ഥാനത്ത് എങ്ങനെയാണ് തീര പരിപാലന നിയമം റിയൽ എേസ്റ്ററ്റ് സംരംഭകർ ഇത്ര വ്യാപകമായി ലംഘിക്കുന്നതെന്നതിന്റെ നഗ്നമായ നഖചിത്രമാണ് അത്.
ഈ നിയമലംഘനം നമ്മുടെ നാട്ടിൽ ഇന്ന് സാധാരണയായി മാറുകയാണെന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മുടെ കായലോരങ്ങളിലെ വാട്ടർ ഫ്രണ്ടേജ് അപ്പാർട്ട്‌മെന്റുകൾ കായലോരങ്ങൾ കെട്ടിത്തിരിച്ച് അവിടെ സ്വകാര്യ സ്വിമ്മിങ്പൂളുകൾ വരെ നിർമ്മിച്ചിരിക്കുന്നു. മറ്റു ചിലയിടത്ത് ഭൂമി നികത്തി പാർക്കിങ് സൗകര്യം വിപുലീകരിച്ചിരിക്കുന്നു. സമീപകാലത്ത് അത്തരമൊരു കായൽ കൈയേറ്റം വലിയൊരു വിവാദത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് റിയൽ എേസ്റ്ററ്റ് സംരംഭകർ നടത്തുന്ന ഇത്തരം വ്യാപകമായ അനധികൃത കൈയേറ്റങ്ങളെപ്പറ്റി കേരളം തിരിച്ചറിഞ്ഞത്. കൊച്ചിയിലെ ചിലവന്നൂർ കായൽ തീരത്ത് ഡി.എൽ.എഫ് നടത്തിയ വന്പൻ കൈയേറ്റമാണ് വാർത്തയായത്. ഒന്നരക്കോടി രൂപ മുതൽ മൂന്നരക്കോടി രൂപ വരെയാണ് ചിലവന്നൂർ സകായൽ തീരത്തുള്ള ഡി.എൽ.എഫിന്റെ റിവർസൈഡ് എന്ന പടുകൂറ്റൻ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസയിടങ്ങളുടെ വില. ഇൻഫോപാർക്കിനും കിൻഫ്രാ പാർക്കിനും കൊച്ചിൻ എക്‌സ്‌പോർട്ട് സോണിനും സ്മാർട്ട് സിറ്റിക്കും തൊട്ടടുത്ത് അഞ്ച് ഏക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുകയാണ് അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെയുള്ള 185 അപ്പാർട്ട്‌മെന്റുകളുള്ള ഈ സമുച്ചയം. നിലവിൽ 130 അപ്പാർട്ട്‌മെന്റുകൾ ഇവിടെ വിറ്റുപോയിരിക്കുന്നു. എന്നാൽ തീരസംരക്ഷണചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ഡി.എൽ.എഫിന്റെ ഈ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനെതിരെ 2014 ജൂൺ 30ന് അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ സർക്കാരിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഈ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ വിൽപ്പനയിടപാടുകൾ പൂർണ്ണമായും നിർത്തിവെച്ചത്. ചിലവന്നൂർ കായൽ കൈയേറിയാണ് ഡി.എൽ.എഫ് അപ്പാർട്ട്‌മെന്റുകൾ നിർമ്മിച്ചതെന്ന പി.ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെ ജൂൺ 18ലെ അടിയന്തരപ്രമേയത്തെ തുടർന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയെ ഇതേപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ചത്. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാകട്ടെ ഡി.എൽ.എഫിന്റെ നിർമ്മാണം സി.ആർ.ഇസഡ് ക്ലിയറൻസ് കിട്ടാതെയാണ് ആരംഭിച്ചതെന്നും കെട്ടിടത്തിന്റെ ഒരു ഭാഗം കായലിലേക്ക് അനധികൃതമായി ഇറങ്ങിക്കിടക്കുന്നുണ്ടെന്നും ഇതുവരേയ്ക്കും പദ്ധതിക്ക് അംഗീകൃത ഏജൻസിയിൽ നിന്നും ക്ലിയറൻസ് ലഭിച്ചിട്ടില്ലാത്തതിനാൽ കെട്ടിടം അനധികൃതമാണെന്നും പറഞ്ഞിരുന്നു. 2014 ഡിസംബർ എട്ടിന് സി.ആർ.ഇസഡ് ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ഈ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പരിസ്ഥിതി ക്ലിയറൻസ് കൂടാതെ വന്പൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നവർക്കുള്ള വലിയ തിരിച്ചടിയായി അത് മാറുമെന്നാണ് നാം കരുതിയത്. ഡി.എൽ.എഫിന്റെ പാർട്‌ണറിങ് കന്പനിയായ അഡ്‌ലൈ ബിൽഡേഴ്‌സിന് പ്രദേശത്ത് ഇനി നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും സി.ആർ.ഇസഡ് ചട്ടങ്ങൾ ലംഘിച്ച കെട്ടിടം ഉടനടി പൊളിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകുന്നതുമായിരുന്നു ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ളയുടെ ഈ വിധിന്യായം. ചിലവന്നൂർ സ്വദേശിയായ എ ആന്റണിയാണ് (35) ഡി.എൽ.എഫിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ 2012ൽ ഒരു പൊതു താൽപര്യഹർജിയിലൂടെ കോടതിയെ സമീപിച്ചത്.
എന്നാൽ ‘’എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് ഡി.എൽ.എഫ് കെട്ടിടം നിർമ്മിച്ചതെന്നാണ്’’ ഡി.എൽ.എഫിന്റെ വാദം. എന്നാൽ ഹൈക്കോടതി ഉത്തരവിൽ കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിയുടെ (കെ.സി.ഇസഡ്.എം.എ) നാൽപ്പതാമത്തെ യോഗത്തിൽ സി.ആർ.ഇസഡ് ക്ലിയറൻസ് തങ്ങൾക്ക് ലഭിച്ചുവെന്നാണ് കന്പനി അവകാശപ്പെടുന്നതെങ്കിലും യോഗത്തിന്റെ മിനിട്‌സ് പറയുന്നത് പദ്ധതി പരിസ്ഥിതി മന്ത്രാലയത്തിന് റഫർ ചെയ്യുന്ന കാര്യം മാത്രമാണെന്നും ഇത്തരത്തിൽ റഫർ ചെയ്യുന്നത് പ്രോജക്ട് അന്തിമമായി അംഗീകരിക്കപ്പെട്ടുവെന്നതിന് തെളിവല്ലെന്നും കോടതി കണ്ടെത്തി. പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിന്റെ മിനിട്‌സ് പ്രകാരവും പദ്ധതിക്ക് അവർ അംഗീകാരം നൽകിയതായി കാണുന്നില്ലെന്നും കോടതി കണ്ടെത്തി. ഡി.എൽ.എഫിന്റെ പാർട്‌ണറിങ് കന്പനിയായ അഡ്‌ലൈ ബിൽഡേഴ്‌സ് കെ. സി.ഇസഡ്.എം.എയോ പരിസ്ഥിതി മന്ത്രാലയത്തിന്റേയോ സി.ആർ.ഇസഡ് ക്ലിയറൻസ് നേടിയതായി ഒരു രേഖയും സമർപ്പിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്. എന്നാൽ വിധിക്കെതിരെ ഡിസംബർ 15ാം തീയതി ഡി.എൽ.എഫ് കോടതിയിൽ നൽകിയ അപ്പീലിൽ േസ്റ്ററ്റ് എൻവയൺമെന്റ് ഇംപാക്ട് അസൈസ്‌മെന്റ് അതോറിട്ടി (എസ്.ഇ.ഐ. എ.എ) പദ്ധതിക്ക് ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും 1986ലെ പരിസ്ഥിതി സംരക്ഷണനിയമം അനുസരിച്ച് നിർമ്മിക്കപ്പെട്ട ആ സ്ഥാപനത്തിനാണ് ക്ലിയറൻസ് നൽകാനുള്ള അംഗീകാരമുള്ളതെന്നും വാദിക്കുന്നു. ‘’2011 ഫെബ്രുവരി എട്ടിന് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ കെ.സി.ഇസഡ്.എം.എ റെക്കമൻഡേട്ടറി അതോറിട്ടി മാത്രമാണെന്നും എസ്.ഇ.ഐ.എ.എ ആണ് സി.ആർ.ഇസഡ് ക്ലിയറൻസ് നൽകുന്നതിൽ അന്തിമ അതോറിട്ടിയെന്നും പറയുന്നുണ്ട്. 2008ൽ പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കുന്പോൾ എസ്.ഇ.ഐ.എ.എയോ എസ്.ഇ.എ.സിയോ ഇല്ലാതിരുന്നതിനാലാണ് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള എക്‌സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റിക്ക് അപേക്ഷ നൽകിയത്,’’ അപ്പീലിൽ പറയുന്നു. എന്തായാലും ഡി.എൽ എഫിന്റെ ഹർജി കോടതി ഇനിയും പരിഗണിക്കാനിരിക്കുന്നതേയുള്ളു.
സി.ആർ ഇസഡ് സോൺ 2നു കീഴിൽ വരുന്നതാണ് ചിലവന്നൂർ പ്രദേശം. തീരം വരെയോ അതിനു തൊട്ടടുത്തു വരെയോ വികസനം നടത്തിയിട്ടുള്ള പ്രദേശങ്ങളാണ് സോൺ രണ്ടിൽ വരുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള, മുൻസിപ്പൽ പ്രദേശത്ത് വരുന്ന ‘’വികസിത’’ പ്രദേശങ്ങളാണ് ഇവ. 1991 ഫെബ്രുവരി 19ന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്പോൾ നിലവിലുണ്ടായിരുന്ന ദേശീയ നഗര പദ്ധതി ആസൂത്രണ ചട്ടങ്ങളിലെ നിബന്ധനക്കനുസരിച്ച് വേണം വികസനപുനർവികസന പ്രവർത്തനങ്ങൾ നടത്തുവാൻ എന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ഡി എൽ.എഫിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നാണ് കെ.സി.ഇസഡ്.എം.എ അധികൃതർ പറയുന്നത്. കേരളത്തിനായുള്ള സി. ആർ.ഇസഡ് പ്രകാരം കേരളത്തിലെ മുഴുവൻ കായൽ തൂരുത്തുകളും സി.ആർ ഇസഡ് വിജ്ഞാപനത്തിനു വിധേയമാണെന്നും വേലിയേറ്റ രേഖയിൽ നിന്നും കരയുടെ ഭാഗത്തേക്ക് 50 മീറ്റർ വീതിയിലുള്ള കായൽ തുരുത്തുകൾ സി.ആർ ഇസഡ് പ്രദേശമായിരിക്കുമെന്നും ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പറയു
ന്നുണ്ട്.
എന്നാൽ ഡി.എൽ.എഫിന്റെ സി.ആർ ഇസഡ് ലംഘനം ഒറ്റപ്പെട്ടതാണെന്ന് ധരിക്കരുത്. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം ചിലവന്നൂർ കായൽ പ്രദേശത്ത് മാത്രം എട്ട് ബിൽഡർമാരുടെ 19 കെട്ടിടങ്ങൾ കേന്ദ്ര പരിസ്ഥിതി വനംമന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കാതെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെ.സി.ഇസഡ്.എം.എ കൊച്ചി കോർപ്പറേഷനെ 13 കെട്ടിട നിർമ്മാതാക്കൾ നടത്തിയ ലംഘനങ്ങളെപ്പറ്റി 2011 ഫെബ്രുവരിയിൽ അറിയിച്ചിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോർപ്പേറഷൻ സെക്രട്ടറി ആദ്യം കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടങ്ങൾ പ്രകാരം ലംഘനങ്ങൾ കണ്ടെത്തി അനുമതി നൽകാതിരുന്ന പല കെട്ടിടങ്ങൾക്കും ടാൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പിന്നീട് അനുമതി നൽകിയതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ കെ.സി.ഇസഡ്.എം .എയിൽ സമ്മർദ്ദം ചെലുത്തി അധികൃത കെട്ടിടങ്ങൾക്ക് സി.ആർ.ഇസഡ് പ്രകാരം അനുമതി നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് അനുവദിച്ചുകൊടുക്കില്ലെന്നാണ് കെ.സി.ഇസഡ്.എം.എയുടെ നിലപാട്. വേന്പനാട്ട് കായലിനടുത്തുള്ള 33 കെട്ടിടങ്ങൾ സി.ആർ.ഇസഡ് ചട്ടങ്ങൾ ലംഘിച്ചതായി കെ.സി.ഇസഡ്.എം.എ കണ്ടെത്തിയിട്ടുണ്ടെങ്കിലും സി.എ.ജിയുടെ റിപ്പോർട്ടിൽ 19 കെട്ടിടങ്ങളുടെ വിവരങ്ങളാണ് എടുത്തു പറഞ്ഞിട്ടുള്ളത്. 13 നിലകളുള്ള 4 കെട്ടിടങ്ങൾ, 5 ബ്ലോക്കുകളുള്ള ചിലവന്നൂരിലെ റിവർസൈഡ് അപ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയാണ് അതിൽ പ്രധാനം. ‘’സി.ആർ.ഇസഡ് ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച കെട്ടിടങ്ങൾ നിയമാനുസൃതമാക്കി മാറ്റാൻ സർക്കാരിനാവില്ലെന്നും ചട്ടങ്ങൾ പാലിക്കാതെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിയുണ്ടാകുമെന്നുമാണ്’’ അന്ന് നഗരവികസന കാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞതെങ്കിലും അത്തരം നടപടികളൊന്നും തന്നെ ഉണ്ടായതായി ഈ ലേഖകന് അറിവില്ല. വേന്പനാട്ട് കായൽ പരിസരത്ത് സി.ആർ.ഇസഡ് ചട്ടം ലംഘിച്ച് നിർമ്മിച്ച 33 കെട്ടിടങ്ങൾക്കും എൻ.ഒ.സി നൽകുകയില്ലെന്നാണ് കെ.സി.ഇസഡ്.എം.എ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രദേശത്ത് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്പു തന്നെ കെട്ടിട നിർമ്മാതാവ് അതോറിട്ടിയിൽ നിന്നും അനുമതി വാങ്ങേണ്ടിയിരുന്നുവെന്നാണ് അവർ വ്യക്തമാക്കുന്നത്. ഡി.എൽ.എഫിന്റെ വന്പൻ പദ്ധതിക്കെതിരായ കോടതി വിധി സി.ആർ.ഇസഡ് ചട്ടങ്ങൾക്ക് അനുസൃതമായി മാത്രമേ കെട്ടിടങ്ങൾക്ക് അനുമതി നൽകാവൂ എന്ന നിബന്ധന പാലിക്കാൻ അവരെ ശക്തരാക്കിയിരിക്കുന്നു. മരട് മുൻസിപ്പാലിറ്റിയിലും കൊച്ചി കോർപ്പറേഷനിലുമായി നിലകൊള്ളുന്ന ഈ കെട്ടിടങ്ങളുടെ നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ കോർപ്പേറേഷനോടും മുൻസിപ്പാലിറ്റിയോടും ആവശ്യപ്പെട്ടുവെങ്കിലും അവർ തങ്ങളുടെ മെല്ലെപ്പോക്ക് സമീപനം തുടരുകയാണ്.
വൻകിടക്കാരായ റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകാരുടെ കൈയേറ്റത്തിന് രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന പല സംഭവങ്ങൾക്കും കേരളം നേരത്തെ തന്നെ സാക്ഷ്യം വഹിച്ചിട്ടുള്ളതുമാണ്. വേന്പനാട്ട് കായലിൽ നടത്തിയ തീരദേശ ചട്ട ലംഘനത്തിനെതിരെ സുപ്രീം കോടതിയിൽ സർക്കാർ നൽകേണ്ടുന്ന റിപ്പോർട്ടിൽ ടൂറിസത്തിന് ഹാനികരമാകാത്തവിധത്തിൽ നിലവിലുള്ള നിയമലംഘനങ്ങൾ അനുവദിച്ചു നൽകണമെന്നും അങ്ങനെയല്ലാത്തപക്ഷം 50,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഹോട്ടലുകളും റിസോർട്ടുകളും പൊളിക്കേണ്ടതായി വരുമെന്നും കാണിച്ച് 2013−ൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ഭരണപ്രതിപക്ഷ ഭേദമന്യേ 15 എം.എൽ.എമാരും എട്ട് ക്രിസ്ത്യൻ സഭാ വിഭാഗങ്ങളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയത്. കോൺഗ്രസിലേയും സി.പി.എമ്മിലേയും കേരളാ കോൺഗ്രസ് എമ്മിലേയും ജനതാ ദൾ സെക്യുലറിലേയുമൊക്കെ എം.എൽ.എമാർ ഈ നിവേദകസംഘത്തിലുണ്ടായിരുന്നുവെങ്കിലും സംഭവം വിവാദമായതിനെ തുടർന്ന് അവരെല്ലാം തന്നെ തങ്ങളുടെ അറിവില്ലായ്മ മൂലമാണ് നിവേദനത്തിൽ ഒപ്പുവെച്ചതെന്ന് പറഞ്ഞ് പിന്നീട് കൈകഴുകുകയായിരുന്നു. വേന്പനാട്ട് കായലിലെ രണ്ട് ദ്വീപുകളായ വെറ്റിലത്തുരുത്തിലേയും നെടിയംതുരുത്തിലേയും രണ്ട് അനധികൃത റിസോർട്ട് സമുച്ചയങ്ങൾ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന് തടയിടുകയായിരുന്നു ഈ ജനപ്രതിനിധികളുടെ ലക്ഷ്യം. ഗ്രീൻ ലഗൂൺ റിസോർട്ടുകളുടേയും (വാമിക ഐലണ്ട്) കാപ്പിക്കോ റിസോർട്ടുകളുടേയും നിയമലംഘനങ്ങളാണ് കോടതി അന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. കാപ്പിക്കോ റിസോർട്ട് പൊളിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ േസ്റ്റ നിലനിൽക്കുന്നുണ്ടെങ്കിലും വാമികയുടെ ഹർജി കോടതി തള്ളുകയായിരുന്നു.
ഉന്നതങ്ങളിൽ സ്വാധീനിച്ചുകൊണ്ട് ഉത്തരവുകൾ നേടിയെടുക്കാനാകുമെന്ന് കരുതുന്ന ഇത്തരക്കാർക്ക് ഓർക്കാപ്പുറത്ത് കിട്ടിയ ഒരു അടിയാണ് കൊച്ചിയിലേത്. പക്ഷേ കായൽ കൈയേറ്റങ്ങൾ ഇപ്പോൾ നിർബാധം തുടർന്നുകൊണ്ടിരിക്കുന്നുവെന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി ഈ കൈയേറ്റക്കാർക്ക് സഹായവാഗ്ദാനം നൽകി രംഗത്തുണ്ടെന്നതിന്റെ തെളിവാണ്. കേരളത്തിലെ 11 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ സി.ആർ.ഇസഡ് നിയമം എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്നല്ല മറിച്ച് വന്പന്മാർക്ക് എങ്ങനെ സഹായങ്ങൾ ചെയ്തുകൊടുക്കാമെന്നതിലാണ് നമ്മുടെ ജനപ്രതിനിധികളുടെ ശ്രദ്ധ. പുതുതായി കൊച്ചിയിൽ നിർമ്മിക്കപ്പെടുന്ന പല അപ്പാർട്ട്‌മെന്റുകളും അവരുടെ അനുബന്ധ സൗകര്യങ്ങളായ ക്ലബ് ഹൗസുകളുമൊക്കെ സി.ആർ.ഇസഡ് ലംഘനം സുവ്യക്തമായി നടത്തിയിട്ടും ഒരു ജനപ്രതിനിധിയും അവയ്‌ക്കെതിരെ രംഗത്ത് വരാതിരിക്കുന്നതിന്റെ പ്രധാന കാരണം റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകളിൽ നിന്നും അവരിലേയ്ക്ക് ഒഴുകുന്ന പണത്തിന്റേയും സേവനങ്ങളുടേയും വലുപ്പമാണ് വെളിവാക്കുന്നത്.