കെണിയിൽ വീണ കിളികൾ

ഇന്ത്യയിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി മെഡിക്കൽ പ്രവേശനത്തിന് അവസാനം ഒരു ഏകീകൃത പരീക്ഷ ഹൈക്കോടതി ഇടപെട്ട് നിലവിൽ വന്നിരിക്കുന്നു. ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്നും പ്രതിജ്ഞയെടുപ്പിക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ വിഭാഗക്കാർക്കും തുല്യനീതി നൽകുന്നതിൽ എന്നും പരാജയപ്പെട്ടിരിന്നു. ഇന്ത്യയെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും സംസ്ഥാനത്തിന്റെയും പേരിൽ വിഭജിക്കുകയാണ് വിദ്യാഭ്യാസ നയങ്ങൾ വഴി നാം ചെയ്തുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെയും ജാതിയുടേയും മതത്തിന്റെയും പേരിൽ വിവിധ നിയമങ്ങളാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലവിലുള്ളത്.സംവരണം എന്ന ആശയം തന്നെ വിദ്യഭ്യാസ മേഖലയിൽ തെറ്റായ ഒരു തീരുമാനമാണ്.
ഇന്ത്യയിൽ തന്നെ വ്യത്യസ്ത സിലബസുകളും സംസ്ഥാനത്തിന് അവരുടെതായ േസ്റ്ററ്റ് സിലബസും എന്തിനാണ് എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്. പണ്ട് ഭാഷയുടെയും ജാതിയുടെയും പേരിൽ വിഘടിച്ചു നിൽക്കുന്ന സംസ്ഥാനങ്ങൾ അവരുടേതായ പാഠ്യപദ്ധതിയും ചിട്ടപ്പെടുത്തി.
അഞ്ചാം ക്ലാസ് വരെയുള്ള പഠനത്തിൽ അതാത് സംസ്ഥാനത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠനഭാഗമാക്കുന്നത് നല്ലത് തന്നെ. പക്ഷെ പിന്നീട് ഇന്ത്യ എന്ന ഒറ്റ രാജ്യത്ത് ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനങ്ങളുടെ നിലവാരത്തിനനുസരിച്ചുള്ള സിലബസ് തികച്ചും യുക്തിയില്ലാത്ത കാര്യം തന്നെ. ബിഹാറിൽ 90 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥിയെയും കേരളത്തിൽ 90 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥിയെയും തമിഴ്നാട്ടിൽ ഇതേ മാർക്ക് ലഭിച്ച വിദ്യാർത്ഥിയെയും ഒരുമിച്ച് ഇന്റർവ്യൂ ചെയ്യുന്ന ഒരു വ്യക്തിക്ക് ഒരു നിമിഷത്തിനുള്ളിൽ തന്നെ അവരുടെ വിദ്യാഭ്യാസ നിലവാരം അളക്കുവാൻ പറ്റും. NCERT യുടെ വ്യവസ്ഥകൾക്ക് അനുസരിച്ചാണെങ്കിലും ഇപ്പോഴും വിവിധ സിലബസ് കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിൽ ആശയകുഴപ്പം മാത്രമാണ് നൽകുന്നത്.
ഇന്ത്യയിൽ മുഴുവൻ ഒരു സിലബസും ഒറ്റ പ്രവേശനപരീക്ഷയും മാത്രമാക്കുന്നതാണ് യുക്തി. ഇന്ത്യയിൽ ഡോക്ടർമാർ ആകുവാൻ പറ്റുന്ന ഏറ്റവും നല്ല വിദ്യാർത്ഥികളെ കണ്ടുപിടിക്കുകയും ഡോക്ടറാക്കുകയും ചെയ്താൽ അതിന്റെ ഗുണം ലഭിക്കുക ഇന്ത്യയിലെ രോഗികൾക്കാണ്. ഐ.എ.എസ് പോലുള്ള പ്രവേശന പരീക്ഷകൾ ഇതിനൊരു മാതൃകയാണ്. ജാതി സംവരണത്തിൽ ജോലി ലഭിച്ച ഒരു പോലീസ് പകുതി ദൂരം ഓടിയാൽ കള്ളനെ പിടിക്കുവാൻ പറ്റില്ല എന്നതും ഓർക്കുക !
പ്ലസ് ടു പാസാകുന്ന വിവിധ സിലബസിൽ പഠിച്ച വിദ്യാർത്ഥികളുടെ പഠനനിലവാരവും വ്യത്യസ്തമായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, േസ്റ്ററ്റ് ബോർഡ് എന്നിങ്ങനെയുള്ള വിവിധ സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ നേടുന്ന മാർക്ക് ആ സിലബസിന്റെ പഠനനിലവാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ കോളേജിൽ അഡ്മിഷനു വേണ്ടി പോകുന്പോൾ അവിടെ സിലബസിന്റെ നിലവാരം പരിഗണിക്കുന്നില്ല. പകരം മാർക്ക് മാത്രമാണ് പ്രധാനം. ഇന്ത്യ ഒറ്റ രാജ്യമെന്ന് ചിന്തിക്കുവാൻ കഴിയുന്ന ഒരേ ഒരു മാർഗ്ഗം വിദ്യാഭ്യാസം മാത്രമാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഐ.എ.എസ് ഓഫീസർമാർ സേവനമനുഷ്ഠിച്ച് നമ്മുടെ കൈയടി വാങ്ങിച്ചിട്ടുണ്ട്. ഇതുപോലെ നോർത്ത് ഇന്ത്യയിൽ ജോലി ചെയ്ത് കൈയ്യടി വാങ്ങിച്ച മലയാളി ഓഫീസർമാരും ധാരാളം.
ഏത് പ്രൊഫഷണൽ കോഴ്സിലേക്കുമുള്ള പ്രവേശന പരീക്ഷയുടെ രീതി ഇന്ത്യ മുഴുവൻ ഒന്നായിരിക്കണം. മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി കോഴ്സുകൾക്ക് അഡ്മിഷൻ നൽകുന്നതിന് പകരം അതും പ്രവേശനപരീക്ഷയിലൂടെ നൽകണം. അതല്ലെങ്കിൽ എല്ലാവരെയും ഒറ്റ സിലബസിൽ പരീക്ഷയെഴുതിപ്പിക്കണം.
ഇതുപോലെ നാം വർഷങ്ങളായി കൊണ്ടാടുന്ന ഒരു ദുരാചാരമാണ് ജാതിയും മതവും നോക്കി മാർക്കിളവ് നൽകി സീറ്റ് നൽകുന്ന സന്പ്രദായം. ഒരു ഉയർന്ന ജാതിയിൽ ജനിച്ചു എന്നത് കൊണ്ടു മാത്രം ഒരു വിദ്യാർത്ഥിയെ വിദ്യാഭ്യാസ വകുപ്പ് എന്തിനാണ് വർഷങ്ങളായി പീഡിപ്പിക്കുന്നത്. ഒരു മതത്തിലോ ജാതിയിലോ ജനിച്ചു പോയി എന്ന ഒറ്റകാരണം കൊണ്ട് സീറ്റ് തഴയപ്പെട്ടവരെക്കുറിച്ച് സർക്കാർ ചിന്തിച്ച് തുടങ്ങണം. യഥാർത്ഥത്തിൽ ഒരു തെറ്റായ വ്യവസ്ഥിതിയിലൂടെ കെണിയിൽ വീണ കിളികൾ ആണ് ഇവർ.
ഡോക്ടറായാലും എഞ്ചിനീയർ ആയാലും നമുക്ക് വേണ്ടത് ഏറ്റവും കഴിവുള്ളവരെയാണ്. ഒരുകാലത്ത് ചില ജാതിയിലുള്ള ഭൂരിഭാഗം പേരും പാവപ്പെട്ടവരായത് കൊണ്ടും വിദ്യാഭ്യാസം ലഭിക്കാത്തവരായത് കൊണ്ടും സാന്പത്തിക സ്ഥിതി അളക്കുവാനുള്ള സാങ്കേതികമായ സംവിധാനം സർക്കാറിന് ഇല്ലാത്തത് കൊണ്ടും നടപ്പാക്കിയ ജാതി സംവരണം ഇപ്പോഴും തുടരുന്നത് തികച്ചും പ്രാകൃതമാണ്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുകയാണ് സർക്കാരിന്റെ നയമെങ്കിൽ അതിന് ഏറ്റവും നല്ലത് സാന്പത്തിക സംവരണം അല്ലേ? സാന്പത്തിക സംവരണംവരെ ഒരു തെറ്റായ ഏർപ്പാടാണ്. സർക്കാർ ചെയ്യേണ്ടത് പഠിക്കുവാൻ കഴിവില്ലാത്തവരെ സാന്പത്തികമായി സഹായിക്കുകയോ, വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ട്യൂഷൻ നൽകുകയോ ആണ്. ജാതി മത സ്പർദ്ധകൾ ഒഴിവാക്കണമെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടത് ജനന സർട്ടിഫിക്കറ്റിൽ നിന്നും എസ്.എസ്.എൽ.സി ബുക്കിൽ നിന്നും ജാതിയും മതവും ഒഴിവാക്കുക എന്നതാണ്. മാർക്ക് വാങ്ങി നന്നായി പഠിച്ച, ബുദ്ധിയുള്ള ഒരു ഡോക്ടർ ചികിത്സിക്കുന്നതും തട്ടിമുട്ടി പാസായി സംവരണത്തിലൂടെ സീറ്റ് ലഭിച്ച ഡോക്ടർ ചികിത്സിക്കുന്നതും തമ്മിലുള്ള അന്തരം അറിയണമെങ്കിൽ ഒരു നിമിഷം നമ്മൾ രോഗിയാണെന്ന് ചിന്തിച്ചാൽ മാത്രം മതി.
സർക്കാരുകൾ ഇത്തരം പഴയ തെറ്റായ നിയമനങ്ങൾ തിരുത്താത്തത് വോട്ട് നഷ്ടപ്പെടും എന്ന് ഭയന്നിട്ടാണ്. ഇത്തരം മാറ്റങ്ങൾ വരുത്തുവാൻ ജുഡീഷറിക്ക് അവകാശം നൽകിയാൽ മാത്രമേ നീതി നടപ്പാക്കപ്പെടുകയുള്ളൂ. ജാതിയും മതവും എഴുതാത്ത വിദ്യാർത്ഥികൾക്ക് സംവരണം നൽകുന്ന ഒരു പുതിയ നിയമമാണ് പറ്റുമെങ്കിൽ ഇന്ത്യാ രാജ്യത്തെ ഒന്നാക്കുവാനും ജാതിമത ചിന്തകൾക്കതീതമായി ചിന്തിക്കുവാനും സർക്കാർ നടപ്പിലാക്കേണ്ടത്.
