കള്ളപ്പണത്തിന്റെ ആറാട്ടുകൾ


തങ്ങൾക്ക് ഗുണമില്ലാത്തിടത്ത് പണം മുടക്കാൻ ഏത് ബിസിനസ്സുകാരനാണ് തയ്യാറാകുക? ഏതൊരു ബിസിനസ്സും മികച്ച റിട്ടേൺസ് ലഭിച്ച് നിശ്ചിത കാലയളവിനിടയിൽ ബ്രേക്ക് ഈവൻ ആയില്ലെങ്കിൽപ്പിന്നെ ലാഭകരമായി മുന്നോട്ടുപോവില്ല. അധികാരത്തിലിരിക്കുന്നവർ തുണച്ചാൽ മാത്രമേ അതിവേഗം ബഹുദൂരം ഈ ബിസിനസ്സുകൾക്ക് മുന്നേറാനാകുകയുള്ളുവെന്ന് അവർക്കറിയാം. നയങ്ങളുടെ രൂപത്തിലോ ബിസിനസ്സുകൾക്ക് അനുകൂലമായ തീരുമാനങ്ങളുടെ രൂപത്തിലോ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമായി ഇപ്പോൾ ചെലവിടുന്ന പണം ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ട് ജയസാധ്യതയുള്ള രാഷ്ട്രീയ പാർട്ടികൾക്കും പിന്നീട് നിർണ്ണായക സ്വാധീനശക്തികളായി മാറാനിടയുള്ള രാഷ്ട്രീയകക്ഷികൾക്കോ ആയി ഇവിടെ ശക്തമായ പണമൊഴുക്ക് ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഹവാലപ്പണമായി ഓരോ സ്ഥാനാർത്ഥിക്കും പാർട്ടിക്കുമുള്ള തുക കൃത്യമായി വാഹനങ്ങളിൽ എത്തിച്ചേരും. കരിമണൽ ഖനനത്തിന് ഭാവി സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷിക്കുന്നവരും പൊതുമേഖലാസ്ഥാപനങ്ങളുടെ കരാറുകൾ നാളെ വിപ്ലവപാർട്ടി തങ്ങൾക്ക് അനുകൂലമായി വിധിക്കുമെന്ന് കരുതുന്നവരും സർക്കാരിന്റെ ഇപ്പോഴത്തെ മദ്യനയം തിരുത്തപ്പെടുമെന്ന് വിശ്വസിക്കുന്നവരും ഈ പണമൊഴുക്കിൽ പങ്കാളികളാകും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നും വിവിധ വാഹനങ്ങളായി കോടിക്കണക്കിനു രൂപയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികളിലേക്കും സ്ഥാനാർത്ഥികളിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നത്. അതിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടുന്ന തുകയൊക്കെ മഞ്ഞുമലയുടെ അഗ്രം മാത്രം! 

സർക്കാർ രൂപപ്പെടുത്തുന്ന നയങ്ങളും തീരുമാനങ്ങളും നിർദ്ദേശങ്ങളും വരെ ധനസന്പാദനത്തിനുള്ള മികച്ച ഉപാധികളാണെന്ന് വേറെ ചിലരൊക്കെ നേരത്തെ പുതിയ വിൽപ്പന സാന്പത്തികശാസ്ത്രം അവതരിപ്പിക്കുകയും ചെയ്തു. പാലായിലെ പഴയ മാണിക്യം എങ്ങനെ സംസ്ഥാന ബജറ്റ് വരെ ധനസന്പാദനത്തിനുള്ള മാർഗ്ഗമായി ഉപയോഗിച്ചുവെന്ന കഥകൾ ബാർ കോഴ വിവാദം പുറത്തുവന്നപ്പോൾ മുതൽ കേൾക്കുന്നതാണ്. കേൾക്കുന്പോൾ നിസ്സാരമെന്നു തോന്നുന്ന ഓരോ പ്രസ്താവ്യങ്ങൾക്കും പിന്നിൽ കോടികൾ തങ്ങളുടെ കീശകളിലേയ്ക്ക് എത്തിക്കാനുള്ള വ്യഗ്രത ഉണ്ടെന്നതാണ് സത്യം. ബാർ കോഴ വിവാദം കത്തിപ്പടരുന്ന സമയത്തുണ്ടായ പല വെളിപ്പെടുത്തലുകളും തെരഞ്ഞെടുപ്പ് സമയത്ത് വിവിധ രാഷ്ട്രീയപാർട്ടികൾക്കായി ബിസിനസ് താൽപര്യങ്ങളുള്ളവർ നടത്തുന്ന പല ഇടപാടുകളുടേയും കഥകൾ വെളിവാക്കിയിരുന്നുവെന്നത് പലരും മറന്നിട്ടുണ്ടാവില്ല. വില കുറഞ്ഞ മദ്യം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലൈറ്റുകൾ എത്തിച്ചതിന്റെ വകയിൽ മാത്രം എക്‌സൈസ് വകുപ്പിന് 103 കോടി രൂപ 2013−ൽ മാത്രം കമ്മീഷനായി ലഭിച്ചുവെന്നാണ് അതിലൊന്ന്. ആ വെളിപ്പെടുത്തൽ നടത്തിയതാകട്ടെ അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി ജോർജും. ജോർജ്ജിനെ വല്ല ചികിത്സയ്ക്കുമയക്കുകയേ രക്ഷയുള്ളുവെന്നായിരുന്നു ആരോപണത്തിനു മറുപടി നൽകാതെ മുങ്ങുകയും പിന്നീട് ബാർ കോഴക്കേസിൽ ആരോപണവിധേയനാകുകയും ചെയ്ത എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പ്രതികരണം. മൈദ മുതൽ സ്വർണം വരെയുള്ള വസ്തുക്കളുടെ ബജറ്റിലെ നികുതിവർധനയും കുറയ്ക്കലുമൊക്കെ കെ.എം മാണി എന്ന മുൻ ധനകാര്യമന്ത്രി എങ്ങനെയാണ് സ്വന്തം കീശയിലേക്ക് പണമെത്തിക്കാനുള്ള ചെപ്പടിവിദ്യയാക്കി മാറ്റിയതെന്ന് പല അസോസിയേഷൻ ഭാരവാഹികളും തന്നോട് പറഞ്ഞതായി ഒരു ബാർ മുതലാളി ആരോപിക്കുകയും ചെയ്തിരുന്നു. 

തെരഞ്ഞെടുപ്പിലേയ്ക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാൻ നടത്തിയ പരിശോധനകളിൽ കഴിഞ്ഞയാഴ്ച വരെ 18 കോടി രൂപ പിടിച്ചെടുത്തതായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇതിനു പുറമേ 78,500 സൗദി റിയാലും 665 അമേരിക്കൻ ഡോളറും 14,000 ലിറ്റർ അനധികൃത മദ്യവും 11.9 കിലോ സ്വർണവും പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ടത്രേ. കള്ളപ്പണം തെരഞ്ഞടുപ്പിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനു മുന്പ് പിടിച്ചെടുക്കപ്പെടുന്ന കള്ളപ്പണത്തിന്റെ തോത് വെളിവാക്കുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ ഇക്കഴിഞ്ഞയാഴ്ച പിടിച്ചെടുത്ത കള്ളപ്പണം തെരഞ്ഞെടുപ്പുകാലത്ത് ഇക്കാലമത്രയും പിടിച്ചെടുക്കപ്പെട്ട കള്ളപ്പണത്തേക്കാൾ വളരെ വലുതാണ്. രാജ്യത്തെ പൗരന്മാർ മറ്റു പലയിടങ്ങളിലും നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വീരവാദം മുഴക്കിയ സർക്കാർ പോലും അക്കാര്യത്തിൽ ഇന്ന് ആ രാജ്യങ്ങളുമായി കരാറുണ്ടാക്കാൻ മടിക്കുന്നതിനു പ്രധാന കാരണങ്ങളിലൊന്ന് ഭരണക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തനമൂലധനമായി ലഭിക്കുന്ന പണത്തിൽ വലിയൊരു പങ്കും കള്ളപ്പണമാണെന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ സംസ്ഥാനത്തുള്ള ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ 70 ലക്ഷം രൂപയും ചെറിയ സംസ്ഥാനത്ത് ഒരു സ്ഥാനാർത്ഥിക്ക് 54 ലക്ഷം രൂപയുമാണ് ചെലവഴിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വച്ചിരിക്കുന്ന ചെലവഴിക്കൽ പരിധി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 28 ലക്ഷം രൂപയാണ്. ഈ പരിധി കൂട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർത്ഥികൾ നൽകുന്ന കണക്കിൽ ആ തുകയുടെ 40 ശതമാനം പോലും വിനിയോഗിക്കുന്നതായി കാണിക്കുന്നില്ലാത്തതിനാൽ തുക കൂട്ടേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പരിഹസിക്കുകയും ചെയ്തിരുന്നു.  പക്ഷേ ഈ 28 ലക്ഷം രൂപയൊക്കെ കേരളത്തിലെ തന്നെ പല സ്ഥാനാർത്ഥികളും ഇപ്പോൾ തന്നെ മറികടന്നിട്ടുണ്ടെന്ന് അവരുടെ പ്രചാരണം കാണുന്പോൾ ബോധ്യപ്പെടും.

തെരഞ്ഞെടുപ്പുകളായാൽ എല്ലാ രാഷ്ട്രീയകക്ഷികളും തന്നെ കള്ളപ്പണക്കാരുടെ പിന്നാലെയാണ് സഞ്ചാരം. രാഷ്ട്രീയ പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യവും സാന്പത്തിക സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടായിരുന്നു ലോ കമ്മീഷണൻ ഓഫ് ഇന്ത്യ 1999 മേയിൽ അവരുടെ 170−ാമത് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഓർക്കണം. തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ പരിഷ്‌കരണത്തെപ്പറ്റിയായിരുന്നു കമ്മീഷന്റെ റിപ്പോർട്ട്. രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവും പ്രവർത്തനവും നിയമം മൂലം നിയന്ത്രിക്കപ്പെടേണ്ടതിന്റെ ആവശ്യകത കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനു പ്രധാന കാരണം കള്ളപ്പണക്കാരുടെ പണം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന ബോധ്യം മൂലമായിരുന്നു. 2015ൽ ലോ കമ്മീഷൻ തങ്ങളുടെ 255ാമത് തെരഞ്ഞെടുപ്പ് പരിഷ്‌കരണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അവർ പ്രധാനമായും ഊന്നൽ നൽകിയതും തെരഞ്ഞെടുപ്പ് സാന്പത്തിക കാര്യ പരിഷ്‌കരണത്തിനു തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിയും ചെലവാക്കുന്ന തുക അവർ അവർക്ക് ചെലവാക്കാനാകുന്ന തുകയുടെ 20−30 ശതമാനം വരെ കൂടുതലാണെന്ന് എൻ.സി.ആർ.ഡബ്ല്യു സി (ഭരണഘടനയുടെ പ്രവർത്തനം പുനപ്പരിശോധിക്കാനുള്ള ദേശീയ കമ്മീഷൻ) തെരഞ്ഞെടുപ്പു പരിഷ്‌കരണങ്ങളെപ്പറ്റി പറയുന്ന റിപ്പോർട്ടിലുണ്ടെന്ന് ലോ കമ്മീഷൻ അന്ന് വ്യക്തമാക്കുകയും തെരഞ്ഞെടുപ്പു ചെലവും സംഭാവനയും നിയന്ത്രിക്കുന്ന ചട്ടങ്ങളുടെ വരവു മൂലം കള്ളപ്പണത്തിന്റെ സംഭാവനയായി ലഭിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിച്ചുവെന്നും ഇതുമൂലം രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് ലഭിക്കുന്ന സംഭാവനകളുടെ യഥാർത്ഥ സ്രോതസ്സ് മറച്ചുവയ്ക്കുകയാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. 

ഇത് നൂറു ശതമാനം വാസ്തവമാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് ലഭിക്കുന്ന വരുമാനം പുതിയ പല ചട്ടങ്ങൾ വന്നിട്ടും ഇപ്പോഴും മറച്ചുെവയ്ക്കുകയാണെന്നതാണ് വാസ്തവം. ജനപ്രാതിനിധ്യ നിയവും ആദായനികുതി നിയമവും കന്പനി നിയമവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതാ മാർഗനിർദ്ദേശ ചട്ടങ്ങളും അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വിവരാവകാശ നിയമം രാഷ്ട്രീയ പാർട്ടികൾക്ക് കർശനമായി ബാധകമാക്കുകയും ചെയ്യാൻ കമ്മീഷൻ ശുപാർശ ചെയ്തതിന്റെ പ്രധാന കാരണമിതാണ്. എന്നാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി കൊടുക്കണമെന്നായിരുന്നു പാർട്ടികളുടെ അടുത്ത പരിദേവനം. ആദായനികുതി വകുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ചിട്ടുള്ള വരുമാനക്കണക്കുകളെല്ലാം തന്നെ വ്യാജമാണെന്നതിന്റെ തെളിവുകൾ താമസിയാതെ തന്നെ മറനീങ്ങി പുറത്തുവരുന്നതിന് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ വിവരാവകാശ അപേക്ഷ വഴിെവയ്ക്കുകയും ചെയ്തു. സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസിന് 2006ലാണ് ഒ.ഡി.ആർ 22 രാഷ്ട്രീയ പാർട്ടികളുെട ആദായനികുതി റിട്ടേൺസിന്റെ (ഐ.ടി. ആർ) കോപ്പി ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ അപേക്ഷ നൽകുന്നത്. ഈ ഐ.ടി.ആറുകളുടെ പകർപ്പുകളുടെ പരിശോധനയിൽ കോടിക്കണക്കിനു രൂപയുടെ വരുമാനം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഭൂരിപക്ഷം പാർട്ടികളും തന്നെ 13 എ വകുപ്പു പ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ചെയ്തവരുടെ പേരു വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു. മൊത്തം വെളിെപ്പടുത്തിയ വരുമാനത്തിന്റെ 25−30 ശതമാനം മാത്രമേ രാഷ്ട്രീയ പാർട്ടികൾ ആ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയവരുടെ പട്ടികയിലുള്ളു. ബാക്കിയുള്ളവർ മുഴുവനും തന്നെ 20,000 രൂപയിൽ താഴെ മാത്രമേ സംഭാവന നൽകിയിട്ടുള്ളുവെന്നായിരുന്നു അവരുടെ വാദം. അതിൽ നിന്നും എ.ഡി.ആറിന് ഒരു കാര്യം പകൽ പോലെ വ്യക്തമായി. രാഷ്ട്രീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തോളം വരുന്നത് അജ്ഞാതരായി നിലകൊള്ളുന്നവരിൽ നിന്നോ കള്ളപ്പണക്കാരിൽ നിന്നോ ആണെന്ന കാര്യം. 

ഈ 80 ശതമാനം വരുന്ന വരുമാനത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്നാശ്യപ്പെട്ട് എ.ഡി. ആർ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിവരാവകാശ അപേക്ഷ നൽകിയെങ്കിൽ തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നവരല്ലെന്നു പറഞ്ഞ് 2010ൽ രാഷ്ട്രീയ പാർട്ടികൾ അപേക്ഷകൾക്ക് മറുപടി നൽകിയില്ല. എന്നാൽ ആറ് ദേശീയ രാഷ്ട്രീയ പാർട്ടികളെ പബ്ലിക് അതോറിട്ടികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അവർ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ പരാതി നൽകി. ഈ പാർട്ടികൾ ഇതിനെ ആദ്യം ശക്തമായി എതിർത്തുവെങ്കിലും 2013 ജൂൺ മൂന്നിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ബി.ജെ.പിയേയും സി.പി.ഐ.എമ്മിനേയും സി. പി.ഐയേയും എൻ.സി.പിയേയും ബി.എസ്.പിയേയും പബ്ലിക് അതോറിട്ടികളായി വിവരാവകാശ നിയമത്തിന്റെ 2(എച്ച്) പ്രകാരം കമ്മീഷൻ പ്രഖ്യാപിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ അവരുെട സ്വത്തുവിവരം വെളിപ്പെടുത്താൻ അപ്പോഴും തയ്യാറാകാതിരുന്നതിനെ തുടർന്ന് വിവരാവകാശ കമ്മീഷൻ അവരെ ഹിയറിങ്ങിന് പലവട്ടം വിളിച്ചെങ്കിലും അവർ ഹാജരായതുമില്ല. രാഷ്ട്രീയ പാർട്ടികൾ വിവരം നൽകാത്തപക്ഷം കോടതിയെ സമീപിക്കാൻ അപേക്ഷകന് അധികാരമുണ്ടെന്ന് 2015 മാർച്ച് 16ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. ഇതേ തുടർന്നാണ് എ.ഡി.ആറും വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാളും 2015 ജൂലൈ ഏഴിന് ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. 

1999−ൽ രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവും പ്രവർത്തനവും നിയമം മൂലം നിയന്ത്രിക്കേണ്ടതാണെന്ന് ലോ കമ്മീഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയതിന്റെ കാരണം തന്നെ കള്ളപ്പണത്തിന്റെ ഒഴുക്ക് എങ്ങനെ ജനാധിപത്യത്തെ അഴിമതിയുടെ വിഹാരകേന്ദ്രമാക്കുന്നുവെന്ന തിരിച്ചറിവായിരുന്നു. പക്ഷേ രാഷ്ട്രീയ പാർട്ടികളുടെ നിലവിലുള്ള പോക്കിന് വിഘാതമാകുന്ന ഒരു സമീപനവും രാഷ്ട്രീയ പാർട്ടികളിലൂടെ ജനപ്രതിനിധികളാകുന്നവർ നിയമമാക്കാൻ ആഗ്രഹിക്കില്ലെന്നതാണ് വാസ്തവം. ജനകീയ സമ്മർദ്ദം ഇക്കാര്യത്തിൽ കടുക്കുന്ന പക്ഷം മാത്രമേ നിയമത്തെപ്പറ്റി നമ്മുടെ ജനപ്രതിനിധികൾ ചിന്തിക്കുകയുള്ളുവെന്നത് വേറെ കാര്യം. അത്തരമൊരു ജനകീയ സമ്മർദ്ദം ആം ആദ്മി പാർട്ടി പോലുള്ള പാർട്ടികളിലൂടെ ശക്തിപ്പെടുന്നപക്ഷം രാഷ്ട്രീയ പാർട്ടികൾ മാറിച്ചിന്തിക്കലിന് തയ്യാറാകേണ്ടി വരും. 

ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും തന്നെ കള്ളപ്പണം തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ഒരു പരമാർത്ഥമാണ്. 2014−ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ 300 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം പിടിക്കപ്പെട്ടത് ആന്ധ്രാപ്രദേശിൽ നിന്നായിരുന്നു (120 കോടി രൂപ). തമിഴ്‌നാടും മഹാരാഷ്ട്രയും ഉത്തർപ്രദേശും പഞ്ചാബുമായിരുന്നു കള്ളപ്പണം വൻതോതിൽ പിടിക്കപ്പെട്ട മറ്റു സംസ്ഥാനങ്ങൾ. കഴിഞ്ഞയാഴ്ച കേരളത്തിൽ നിന്നും 18 കോടി രൂപയുടെ കള്ളപ്പണം പിടിക്കപ്പെട്ടത് വാസ്തവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ അന്പരപ്പിച്ചുകളഞ്ഞു. കാരണം 2014−ലെ തെരഞ്ഞെടുപ്പിൽ കള്ളപ്പണം പിടിച്ചെടുക്കലിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്‌നാട്ടിൽ പിടിച്ചെടുക്കെപ്പട്ട അതേ തുകയാണ് ഒരാഴ്ചയിൽ മാത്രം കേരളത്തിൽ നിന്നും പിടിച്ചെടുക്കപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കപ്പെട്ട 30,000 കോടി രൂപയിൽ 8000 കോടി രൂപ മാത്രമാണ് സർക്കാരിന്റെ വിഹിതമെന്നിരിക്കേ, രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെലവഴിച്ച ഭീമമായ തുക എത്രയെന്നും അവ എവിടെ നിന്നാണ് വന്നതെന്നും ഊഹിക്കാമല്ലോ. ബി.ജെ.പി പരസ്യപ്രചാരണത്തിനായി ഏതാണ്ട് 5000 കോടി രൂപയും കോൺഗ്രസ് 500 കോടി രൂപയും 2014−ൽ ചെലവിട്ടതായാണ് അനൗദ്ദ്യോഗിക റിപ്പോർട്ടുകൾ. ഇങ്ങനെ ചെലവഴിക്കപ്പെടുന്ന ഓരോ തുകയ്ക്കും ഭരണത്തിലേറുന്ന രാഷ്ട്രീയ പാർട്ടി ബിസിനസുകാരോട് ബാധ്യതപ്പെട്ടിരിക്കുന്നുവെന്നതാണ് ദയനീയം. നയതീരുമാനങ്ങൾ അത്തരക്കാർക്ക് അനുകൂലമായി മാറുന്പോൾ സാധാരണക്കാരന്റെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമായി മാറുമെന്നതാണ് വാസ്തവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed