ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം...


‘ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു’ (irrecoverably lost) എന്നത് റവന്യൂ വകുപ്പുകാരുടെ ഒരു പ്രയോഗമാണ്. സ‍ർട്ടിഫിക്കറ്റുകൾ, ഐഡന്റിറ്റി കാർഡുകൾ തുടങ്ങി ഏതെങ്കിലും രേഖ തിരിച്ചുകിട്ടാത്ത വിധം തീ കത്തിയോ ചിതലരിച്ചോ ഒക്കെ നഷ്ടപ്പെട്ടാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി സർക്കാരിൽ നിന്ന് ലഭിക്കണമെങ്കിൽ, അതിന് അപേക്ഷിക്കുവാൻ ബന്ധപ്പെട്ട രേഖ ഇങ്ങിനി തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടു എന്നൊരു സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥൻ നൽകണം. അത് കൂടി ചേർത്ത് വെച്ചു വേണം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുവാൻ. പക്ഷേ ഇതിനൊക്കെ ഒരു മുന്നുപാധിയുണ്ട്. ബന്ധപ്പെട്ട രേഖയുടെ ഡ്യൂപ്ലിക്കേറ്റ് നിങ്ങൾക്ക് നൽകാൻ പാകത്തിൽ ഇതിന്റെ ആധികാരിക വിവരങ്ങൾ സർക്കാരിന്റെ ശേഖരത്തിലുണ്ടാകണം എങ്കിലേ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാനാകൂ.

ഇപ്പോൾ കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടുകൊണ്ടുണ്ടാകുന്ന കാര്യങ്ങളും ഇങ്ങനെയാണ്. നാം പലപ്പോഴും താല്ക്കാലികമായി ഉണ്ടാവുന്ന പ്രയാസങ്ങളോ നഷ്ടങ്ങളോ മാത്രമേ പരിഗണിക്കാറുള്ളൂ. രണ്ട് വേനൽമഴ ശക്തമായി ലഭിച്ചാൽ നാമിതൊക്കെ മറക്കുകയും ചെയ്യും. പക്ഷേ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ നിമിത്തം ഉണ്ടാകുന്ന ദുരന്തങ്ങൾ അപരിഹാര്യമാണ്. ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളാകട്ടെ ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധമുള്ള നഷ്ടപ്പെടലുകളുമാണ്. മനുഷ്യന്റെ രേഖാശേഖരങ്ങളിലെ നഷ്ടപ്പെടലുകളെ നമുക്ക് മറ്റൊരിടത്ത് സൂക്ഷിച്ച രേഖകളിൽ നിന്ന് പകർത്തിയെടുത്ത് പുനഃസ്ഥാപിക്കാനാകും. പക്ഷേ ഭൂമിയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകൾക്കും കാലാവസ്ഥയ്ക്കും പകർപ്പുകൾ പ്രപഞ്ചനാഥൻ എന്നൊരാളുണ്ടെങ്കിൽ അയാൾ മറ്റെവിടെയെങ്കിലും സൂക്ഷിച്ചതായി അറിവില്ല. അതുകൊണ്ട് നഷ്ടപ്പെട്ടു പോയതൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണ്. അതിന് ഒരു തിരിച്ചുവരവില്ല. തിരിച്ചു തരാൻ ശേഷിയുള്ള ഒരു ശക്തിയും പ്രപഞ്ചത്തിൽ നിലനിൽക്കുന്നുമില്ല. ഇത് ശാസ്ത്രലോകം നേരത്തെ നൽകിയ മുന്നറിയിപ്പാണ് എന്നത് നാം ഇപ്പോഴും ഓ‍ർക്കുകയോ പരാമർശിക്കുകയോ ചെയ്യുന്നില്ല.

മനുഷ്യൻ ഇത്രമേൽ അഹന്തയുള്ളവനായത് എന്ന് മുതലാണ് എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ‘ചക്രവാളത്തിൽ മതിൽ കെട്ടിന്മേൽ‍ കൈയും കുത്തി നില്‍ക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിയ്ക്കുവാൻ’ എന്ന് വയലാർ കവിത രചിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ അതിന്റെ നിയമസംഹിതകൾക്കനുസരിച്ച് ജീവന്റെ ആദ്യകിരണങ്ങൾ പ്രത്യക്ഷപ്പെട്ട് കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണല്ലോ മനുഷ്യനുണ്ടാകുന്നത്. ഭൂമിയിൽ ജീവൻ ഉടലെടുത്തതിന്റെ ചരിത്രത്തെ കേവലം 12 മണിക്കൂർ സമയത്തിനകത്ത് ഒതുക്കിചുരുക്കി എഴുതിയാൽ മൂന്നു മണിക്കൂറിനുള്ളിൽ ആദ്യത്തെ ബാക്ടീയങ്ങൾ ഉത്ഭവിക്കും. രാവിലെ 10 മണിയാകുന്പോൾ ജല്ലി മത്സ്യങ്ങൾ, പരന്ന പുഴുക്കൾ ഒക്കെ വരും. 11.45 ആകുന്പോൾ ആദ്യത്തെ ദിനോസറുകൾ പ്രത്യക്ഷപ്പെടും. 12 മണിക്ക് ഒരു മിനുട്ട് മുന്പ് മാത്രമാണ് ആദ്യത്തെ മനുഷ്യന്റെ രൂപങ്ങൾ പ്രത്യക്ഷപ്പെടുക. ആദ്യത്തെ ബാക്ടീരിയങ്ങൾ 3500 ദശലക്ഷം വർഷങ്ങൾക്ക് മുന്പാണ് ഭൂമിയിൽ പ്രത്യക്ഷമായതെങ്കിൽ മനുഷ്യൻ കേവലം 23 ദശലക്ഷം വർഷം മുന്പ് മാത്രമാണ് ഉദയം ചെയ്തത്.

അതായത് ഭൂമുഖത്ത് ജീവൻ രൂപം കൊണ്ടതിലും അത് വികസിച്ചതിലുമൊന്നും മനുഷ്യൻ അത്ര പ്രധാനിയൊന്നുമല്ല. നമ്മുടെ മത തത്ത്വശാസ്ത്രങ്ങൾ (Theology) വിശദീകരിക്കുന്നതുപോലെ മനുഷ്യന് വേണ്ടി ദൈവം സൃഷ്ടിച്ചതല്ല ഈ പ്രകൃതിയിലുള്ളതൊന്നും. സ്വാഭാവിക പരിണാമങ്ങൾക്കിടയിൽ ജീവന്റെ ആദ്യമുകുളങ്ങൾ ജന്മമെടുക്കുകയും കോടാനുകോടി വ‍ർഷം കൊണ്ട് എണ്ണമറ്റ സസ്യജന്തുജാലങ്ങൾ പിറവിയെടുക്കുകയുമാണ് ചെയ്തത്. അവക്കൊടുവിലാണ്, താരതമ്യേന വളരെ അടുത്ത കാലത്താണ് ജീവപരിണാമത്തിലൂടെ മനുഷ്യൻ ഉണ്ടാവുന്നത്. അതായത് പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ അനിവാര്യമായ ജീവിയൊന്നുമല്ല. മനുഷ്യന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല ഈ ഭൂമിയിലുള്ളതൊന്നും. പക്ഷേ മനുഷ്യൻ എന്ന ഭസ്മാസുരൻ മറ്റനേക കോടി ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ട അവർക്ക് കൂടി നിലനിൽക്കാൻ അവകാശമുള്ള ഭൂമിയെ ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം നശിപ്പിക്കുകയാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും മഹാഭൂരിപക്ഷം മനുഷ്യർക്കും കഴിയുന്നില്ല.

മനുഷ്യനെന്നു മുതലാണ് ഇത്ര അഹന്തയുള്ളവനായി മാറി തീർന്നത് എന്ന ചോദ്യത്തിന് ചരിത്രപരമായി ഉത്തരമന്വേഷിച്ചാൽ അത് വൈജ്ഞാനിക വിപ്ലവത്തോടെയാണ് എന്ന് കണ്ടെത്താനാകും. 15ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമൊക്കെയായി സംഭവിക്കുന്ന വൈജ്ഞാനിക വിപ്ലവത്തിന്റെ തുടർച്ചയായി വ്യവസായിക വിപ്ലവം ആരംഭിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും വികാസം അനന്തമായി തീരുന്നു. അതോടെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് രൂപപ്പെട്ട് വള‍ർന്നു വന്ന അനേകമായിരം ജീവജാലങ്ങളിൽ ഒന്നു മാത്രമായിരുന്ന പ്രപഞ്ച നിയമങ്ങൾക്ക് വഴിപ്പെട്ട് മാത്രം ജീവിക്കാൻ കഴിയുന്ന മനുഷ്യന്റെ മനോഭാവങ്ങളിൽ മാറ്റങ്ങളുണ്ടാവുന്നു. താൻ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന തോന്നൽ തണുത്തുറഞ്ഞ് പോകുകയും അതിന് പകരം താൻ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവും നിയന്താവുമാണ് എന്ന തോന്നൽ ഉയർന്നുവരുന്നു. അപ്പോഴാണ് ‘ചക്രവാളത്തിൽ മതിൽ കെട്ടിന്മേൽ‍ കൈയും കുത്തി നില്‍ക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിയ്ക്കുവാൻ’ എന്ന് വയലാറിന് പാടേണ്ടി വന്നത്. വ്യവസായിക വിപ്ലവത്തോടെ സാങ്കേതിക വിദ്യകൾ അനന്തമായി വികസിക്കുകയും അനന്തമായ ഉല്പ്പന്നങ്ങൾ ഉപയോഗിക്കാൻ മനുഷ്യന് അവസരം കൈവരികയും ചെയ്യുന്നു. സ്വാഭാവികമായും അനന്തമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അനന്തമായ ഉല്പ്പന്നങ്ങൾ നിർമ്മിക്കുന്പോൾ അത് കൊണ്ടുനടക്കുന്നതിനാവശ്യമായ ഒരു ഉല്പ്പാദനവ്യവസ്ഥ അനിവാര്യമായി തീരുന്നു. അങ്ങിനെയാണ് മുതലാളിത്ത ഉല്പ്പാദന വ്യവസ്ഥ ആവിർഭവിക്കുന്നത്. മുതലാളിത്തം ലാഭാധിഷ്ഠിതമായ ഉല്പ്പാദന വ്യവസ്ഥയാണ്. ജീവിതത്തിന് അനുപേക്ഷണീയമായ ഉല്പ്പന്നങ്ങളല്ല മുതലാളിത്തം ഉണ്ടാക്കുന്നത്. മുതലാളിക്ക് ലാഭമുണ്ടാക്കാനാവശ്യമായ ഉല്പ്പന്നങ്ങളാണ്. അതോടെ വേണ്ടതും വേണ്ടാത്തതുമായ ഉല്പ്പന്നങ്ങൾ കൊണ്ട് ഭൂമുഖം നിറയുകയും ഭൂമി മലിനമാകുകയും ചെയ്യുന്നു. ഉല്പ്പാദന പ്രക്രിയയുടെ അനിവാര്യമായ നിലനിൽപ്പിന് അനന്തമായ ഊർജ്ജം ആവശ്യമായി തീരുന്നു. ഈ ഊ‍ർജം തേടിയുള്ള പരക്കം പാച്ചിലിലാണ് ഹൈഡ്രോ കാർബണുകളുടെ   (Hydro carbon) ഖനനം വൻതോതിൽ വർദ്ധിക്കുന്നത്. ഭൂമിയുടെ ചൂടും കാർബണിന്റെ അളവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു സെമിത്തേരിയിലെന്ന പോലെ ഭൂമിയുടെ അന്തർഭാഗത്ത് പ്രകൃതി തന്നെ അടക്കം ചെയ്ത ഹൈഡ്രോകോർബണുകളെ പെട്രോളിന്റെയും കൽക്കരിയുടെയും മറ്റും രൂപത്തിൽ മനുഷ്യൻ ചികഞ്ഞെടുത്ത് പുറത്തെത്തിക്കുന്നു. ഊർജത്തിനു വേണ്ടി ഇവ വൻതോതിൽ കത്തിക്കാനാരംഭിച്ചതോടെ വന്പിച്ച തോതിലുള്ള ചൂടും കാർബൺ ഡയോസൈഡും ഭൂമിയുടെ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നു. അന്നു മുതലാണ് ഭൂമിയുടെ ചൂട് കൂടാനാരംഭിച്ചത്. പക്ഷേ അതിന്ന് ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം, ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് അസാധ്യമാകും വിധം ലക്ഷ്മണ  രേഖ കടക്കാൻ തുടങ്ങിയിരിക്കുന്നു. വ്യവസായിക വിപ്ലവം ആരംഭിക്കുന്ന കാലത്ത് 200 പി.പി.എം (Parts per million) ആയിരുന്നു അന്തരീക്ഷത്തിൽ കാർബണിന്റെ അളവ്. എന്നാലിപ്പോൾ 400 പി.പി.എം ആയി. അതായത് ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. അതിനനുപാതികമായി ചൂടിന്റെ അളവും വർദ്ധിച്ചിരിക്കുന്നു. ശാസ്ത്രലോകം പറയുന്നത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 440 പി.പി.എം കവിഞ്ഞുപോയാൽ പിന്നീട് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം അപകടകരമായിരിക്കും എന്നാണ്. ഓരോ വർഷവും കാർബണിന്റെ അളവ് ഒന്നരയ്ക്കും രണ്ടിനും ഇടയിൽ വ‍ർദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്. അതായത് കാര്യങ്ങൾ ഇന്നത്തെ നിലയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ പത്ത് മുപ്പത് വർഷം കൊണ്ട് ഭൂമിയിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പ് അസാധ്യമാകും വിധം അപകട ഗർത്തത്തിന്റെ അരികിലാണ് നാം നിൽക്കുന്നത്. ആഗോളതാപനം വരുത്തുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകി സമുദ്രജലം നാല് മീറ്റർ വരെ ഉയർന്നേക്കും എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. അപ്പോൾ ആ ഒറ്റക്കാരണം കൊണ്ട് മാത്രം ഭൂമിയിൽ 600 കോടിയോളം മനുഷ്യർക്ക് ആവാസ സൗകര്യങ്ങൾ നഷ്ടപ്പെടാം.

ഇപ്പോൾ തന്നെ ഇന്ത്യയിൽ എല്ലാ നദികളും വറ്റിവരണ്ട് കുടിവെള്ളം കിട്ടാക്കനിയായി തീരുന്പോൾ ബ്രഹ്മപുത്രാ തടങ്ങളിൽ കടുത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. ഹിമാലയത്തിലെ മഞ്ഞുമലകൾ ഉരുകുന്നതാണ് കാരണം. 2050ഓടെ (അന്ന് ഇന്ത്യയിൽ ആരൊക്കെ അവശേഷിക്കും എന്നത് വേറെ കാര്യം) ഇന്ത്യയിലേയ്ക്ക് കുടിവെള്ളം ഇറക്കുമതി ചെയ്യേണ്ടി വരും എന്ന മുന്നറിയിപ്പും ഇപ്പോൾ ശാസ്ത്രലോകം നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നെ മറാത്തവാഡയിലേക്ക് തീവണ്ടിയിലാണ് വെള്ളമെത്തിക്കുന്നത്. ആഴ്ചയിൽ ലഭിക്കുന്നത് ഒന്നോ രണ്ടോ പാത്രം വെള്ളം. ഓടകളിൽ നിന്ന് ഊറ്റിയെടുക്കുന്ന വെള്ളം ഉപയോഗിച്ചത് കാരണം ഭക്ഷ്യവിഷബാധയെ തുടർന്ന് ധാരാളം മരണങ്ങൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളത്തിനു വേണ്ടിയുള്ള സംഘർഷങ്ങളും നിത്യസംഭവങ്ങളാകുന്നു. ഗ്രാമീണർ തങ്ങളുടെ ഭൂമിയും മണ്ണും ഉപേക്ഷിച്ച് ഗത്യന്തരമില്ലാതെ നഗരങ്ങളിലെ തെരുവുകളിലേയ്ക്ക് കുടിയേറുന്നു. ഇതിനി എവിടെ ചെന്നാണ് അവസാനിക്കാൻ പോകുന്നത്? ഉത്തരേന്ത്യയിലെ കാർഷിക വിളകളെയാകെ വരൾച്ച അതിഗുരുതരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. അതിഗുരുതരമായ ഭക്ഷ്യദൗർലഭ്യങ്ങളുടെയും വിലക്കയറ്റത്തിന്റെയും നാളുകളിലേക്കാണ് നാം പ്രവേശിക്കുന്നത് എന്ന് ചുരുക്കം. നവഉദാരവൽക്കരണം നടുവൊടിച്ചത് കാരണം ആത്മഹത്യയിൽ അഭയം തേടിയവരാണ് ഇന്ത്യൻ കർഷകർ. അവരോട് ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നത് നിങ്ങൾ വെള്ളം കൂടുതൽ ആവശ്യമുള്ള കരിന്പു പോലുള്ള കൃഷികൾ ഉപേക്ഷിച്ച് സോയാബീൻ പോലെ െവള്ളം കുറവ് മതിയാകുന്ന കൃഷിയിലേക്ക് തിരിയണം എന്നാണ്. ആ പറഞ്ഞതിന്റെ അർത്ഥം എന്താണ് എന്ന് പ്രധാനമന്ത്രി പോലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. അതേതായാലും ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ നടുവൊടിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

കേരളത്തിലേയ്ക്ക് വന്നാൽ കാര്യങ്ങൾ കുറേക്കൂടി കുഴഞ്ഞുമറിഞ്ഞതാണ്. മഴക്കാലത്ത് കേരളത്തിൽ ഒരിടത്ത് പെയ്യുന്ന വെള്ളം അവിടെ തന്നെ തടഞ്ഞു നിർത്തിയാൽ ഒരാന മുങ്ങിച്ചാകാൻ വേണ്ടത്ര ഉയരത്തിൽ വെള്ളം പൊങ്ങും എന്നാണ് കണക്ക്. 44 നദികളുണ്ട് നമുക്ക്. കായലും പാടങ്ങളും കുളങ്ങളുമായി അനന്തമായ ജലസ്രോതസ്സുകളുണ്ടായിരുന്നു. എല്ലാം നാം നികത്തിയെടുത്തു. അവശേഷിക്കുന്ന മെത്രാൻ കായലും കടമക്കുടി കായലുമൊക്കെ നികത്തിയെടുക്കാൻ കഴിയാത്തതിലുളള കലിപ്പിലാണ് നാം. പക്ഷേ ഇപ്പോൾ തന്നെ നദികൾ കുഴിച്ചാണ് ഗോത്രജനതയും മറ്റും കുടിവെള്ളം ശേഖരിക്കുന്നത്. എല്ലാം വില കൊടുത്ത് വാങ്ങാം എന്ന അഹന്തക്ക് ഒരു കുറവും മലയാളിക്ക് ഇപ്പോഴും വന്നിട്ടില്ല. തങ്ങളുടെ കൈയിൽ കാശുണ്ട്. അതുകൊണ്ട് വലിയ കുപ്പിവെള്ളം വാങ്ങി ഞങ്ങൾ കഴിഞ്ഞോളാം എന്നാണവരിൽ പലരുടെയും ധാരണ. കേരളത്തിൽ ഇന്ന് ഏറ്റവും അധികം വിറ്റുപോകുന്നത് എയർകണ്ടീഷണറുകളാണ്. ഉള്ള പത്ത് സെന്റ് ബാങ്കിൽ പണയപ്പെടുത്തിയായാലും എല്ലാവരും എയർകണ്ടീഷണറുകൾ വാങ്ങി ഫിറ്റ് ചെയ്യുകയാണ്. വൈദ്യുതിയുടെ ഉപയോഗം സ‍ർവ്വകാല റെക്കോഡായ ആറ് ലക്ഷം കോടി യൂണിറ്റിലേയ്ക്ക് എത്തിയിരിക്കുകയാണത്രേ! ഇന്നത്തെ നിലയിൽ ഇതിനിയും കൂടാനാണ് സാധ്യത. വൈദ്യുതി എങ്ങിനെ ഉണ്ടാകും എന്നതൊന്നും ആർക്കും പ്രശ്നമല്ല. പക്ഷേ ഓരോ എ.സിയും കൂടുതലായി പ്രവർത്തിച്ചു തുടങ്ങുന്നതോടെ അത് പുറം തള്ളുന്ന ചൂട് കൊണ്ട് അന്തരീക്ഷം കൂടുതൽ ചൂട് പിടിക്കുകയാണ്. അതായത് പണമുള്ളവനെ തണുപ്പിക്കാൻ പാവപ്പെട്ടവൻ ചുട്ടുപൊള്ളണം എന്ന്. ചൂടിൽ നിന്ന് രക്ഷ നേടാൻ എ.സി കാറിൽ നിരന്തരമായി കറങ്ങി നടക്കുന്നവരുമുണ്ട്. ഇനിയും ചിലർ തണുത്ത പ്രദേശങ്ങളിലേയ്ക്ക് യാത്ര പോകുന്നു. അവിടെ മദ്യവും മദിരാക്ഷിയും ആഡംബര ഉല്പ്പന്നങ്ങളുമായി മലീമസമാക്കുന്നു. കാര്യങ്ങൾ ഇത്രയൊക്കെ അപകടകരമായിട്ടും പാടം നികത്തി സിമന്റു കൊട്ടാരം പണിയാൻ ഓടി നടക്കുന്നവർക്ക് കുറവൊന്നുമില്ല കേരളത്തിൽ. ഇപ്പോൾ തന്നെ കന്നുകാലികൾ അപൂ‍‍ർവ്വമായ ഇവിടെ ഉള്ളവ ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടം കുഴിച്ച് മറിച്ച് പാറമടകൾ തീർത്ത് അതാകെ കൊത്തിമാന്തി വയലുകളും തണ്ണീർതടങ്ങളും തൂർത്തെടുക്കുന്നു. ഇതൊക്കെ മലയോര കർഷകർക്കു വേണ്ടിയാണ് എന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്. കന്നുകാലികൾ കുറ്റിയറ്റുപോയ, കാടും പച്ചപ്പും നശിച്ച, ഗ്യാസടുപ്പുകൾ മാത്രം കത്തിക്കുന്ന കേരളത്തിൽ കാലിവളവും പച്ചിലത്തൂപ്പും ചാരവും ഉപയോഗിച്ചു നടത്തേണ്ട ജൈവകൃഷി നാം മൈക്കും കോളാന്പിയും ഉപയോഗിച്ചു നടത്തുന്നു. ഈ വെന്തുനീറുന്ന ചൂടിൽ അസംഖ്യം പക്ഷികളും ചിത്രശലഭങ്ങളും മണ്ണിരയും മണ്ണട്ടയും സൂക്ഷ്മജീവികളും എന്നെന്നേക്കുമായി നശിക്കുകയാണ്. ഇത് പ്രകൃതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും. ചൂട് ഉച്ചസ്ഥായിലെത്തുകയും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് (humidity) കൂടുകയും ചെയ്യുന്പോൾ ചൂട് അസഹ്യമായി തീരും. അത്തരം അവസ്ഥയിൽ സംഭവിക്കുന്ന മറ്റൊരു അപകടമുണ്ട്. രോഗകാരികളായ ചില പ്രത്യേകതരം വൈറസുകളും ബാക്ടീരങ്ങളുമൊക്കെ പെരുകും. രോഗങ്ങൾ പടർന്നുപിടിക്കും. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്ന പ്രധാന പങ്ക് വഹിക്കുന്ന ജീവജാലങ്ങളാണ് തവളകൾ. അവ സാധാരണയായി വേനൽക്കാലത്ത് മണ്ണിനടിയിലെ ചളിയിൽ പുത‍ഞ്ഞ് കിടക്കുകയാണ് ചെയ്യുക. (ശിശിര നിദ്ര) പക്ഷെ ഇപ്പോൾ ശിശിര നിദ്രയിലുള്ള തവളകൾ മിക്കവാറും ചത്തൊടുങ്ങി കഴിഞ്ഞു. പ്രകൃതിയിലുണ്ടാവുന്ന നാശം ‘ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം’ ഉള്ള നഷ്ടമായി തീരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed