അനാഥരായ രണ്ട് ബാല്യങ്ങൾ

മുറ്റമടിച്ച് നടുവൊടിഞ്ഞ അമ്മമാരെയും അടുപ്പിൽ തീയൂതി ആസ്ത്്മ രോഗം വന്ന അമ്മൂമ്മമാരെയും മണ്ണെണ്ണ വാങ്ങാൻ കാശില്ലാതെ വഴിവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച ചേട്ടന്മാരെയും വിശപ്പിന്റെ വിളി സഹിക്കാതെ വരുന്പോൾ മുണ്ട് മുറുക്കി കെട്ടിയ ഗൃഹനാഥന്മാരെയും ഒരുകാലത്ത് ചിരിക്കാനും ചിന്തിപ്പിക്കാനും പിന്നീട് ചിന്തിച്ച് ചിരിക്കാനും പഠിപ്പിച്ചത് മലയാള മനോരമ വാരികയിലെ അവസാനത്തെ പേജിലെ രണ്ട് രസക്കുടുക്കകളായിരുന്നു.
മുട്ടോളമെത്തുന്ന മുണ്ടുമിട്ട് നാട് നന്നാക്കുവാൻ നടക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടും കുളിക്കാതെ പല്ല് തേയ്ക്കാതെ, പ്രേമിക്കാൻ നടക്കുന്ന അപ്പിഹിപ്പിയും, കേസില്ലാ വക്കീലും ഒരു ഗ്രാമത്തിന്റെ കഥ പറഞ്‍ഞപ്പോൾ, ജനം കൂടെ കൈപിടിച്ച് നടത്തിയത് ഒരിക്കലും പ്രായമാകാത്ത ബോബനും മോളിയെയും ആയിരുന്നു.
മലയാളിയുടെ വായനശീലം ഒരു വാരികയുടെ പിറകിലെ പേജിൽ നിന്നാക്കിയതും ഈ പംക്തിയിലെ നർമ്മചിന്തകൾ തന്നെയാണ്. ടോംസിന്റെ തന്നെ വേറൊരു ചിരിക്കുടുക്കയായ ഉണ്ണിക്കുട്ടനോട്, അവന്റെ അച്ഛൻ അതിരാവിലെ മൂടിപ്പുതച്ചുറങ്ങാതെ എഴുന്നേൽക്കാൻ പറയുന്ന ഒരു കാർട്ടൂൺ ഇപ്പോഴും എന്റെ മനസിൽ ചിരി പടർത്തുന്നു.
‘അതിരാവിലെ എഴുന്നേൽക്കുന്ന പക്ഷിക്ക് മാത്രമേ ഇരയെ കിട്ടുകയുള്ളൂ’ എന്ന് ഉണ്ണിക്കുട്ടനെ അച്ഛൻ ഓർമ്മിപ്പിക്കുന്പോൾ ഉണ്ണിക്കുട്ടന്റെ മറുപടി ‘അതിന് ഇരയും രാവിലെ എന്നെപ്പോലെ മടിപിടിച്ച് ഉറങ്ങുകയാണോ?’ എന്നായിരുന്നു.
ഇതേപോലെ ബോബനും മോളിയും പഴക്കുല വിൽക്കാൻ മാർക്കറ്റിൽ പോയ ഒരു കാർട്ടൂണിലൂടെ ടോംസ് പറഞ്ഞത് ബിസിനസിന്റെ ചില സ്റ്റാട്രജികളെ കുറിച്ചാണ്.
ഒരു പഴക്കുലയിലെ പഴം 10 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ബോബനും മോളിയും പിന്നീട് ചെയ്തത് പഴക്കുല രണ്ടായി പകുത്ത് രണ്ട് വരന്പത്ത് വെച്ച് വിൽക്കുകയായിരുന്നു. ബോബൻ തന്റെ കൈയിലുള്ള പഴക്കുലയിലെ പഴത്തിന് പതിനഞ്ച് രൂപ എന്ന് പറയുന്പോൾ മോളി തൊട്ടടുത്തിരുന്ന് 10 രൂപ ആദായ വിലയെന്ന് വിളിച്ച് പറയുന്നു. ഇത് കേട്ട ജനം പഴം ഒറ്റയടിക്ക് വാങ്ങി തീർക്കുന്പോൾ ടോംസ് കളിയാക്കുന്നതും ചിന്തിപ്പിക്കുന്നതും കച്ചവടത്തിലെ കള്ളക്കളികളെക്കുറിച്ചാണ്.
ജീവിതത്തിലെ ഓരോ മേഖലയിലും അത് രാഷ്ട്രീയമായാലും കുടുംബപരമായ പ്രശ്നങ്ങളായാലും സാമൂഹിക പ്രശ്നമായാലും ചിരിയിലൂടെ പറയുന്പോൾ അത് ആരെയും വേദനിപ്പിക്കുന്നില്ല. ഒപ്പം അത്തരം കാർട്ടൂണുകൾ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ടോംസ് മനോരമ വിട്ട് കലാകൗമുദിയിൽ ബോബനും മോളിയും നൽകി തുടങ്ങിയപ്പോഴാണ് മനോരമ ഇതിനെതിരെ കോടതി കയറിയത്. പ്രസ്തുത കാർട്ടൂൺ ടോംസിന്റെ മാത്രമല്ല പകരം ഒരു കൂട്ടായ പ്രവർത്തനമായിരുന്നു എന്നാണ് മനോരമ വാദിച്ചത്. ഒപ്പം പ്രതിഫലം നൽകി വരപ്പിച്ച കാർട്ടൂൺ പത്രസ്ഥാപനത്തിന്റെതാണെന്നും മനോരമ വാദിച്ചു. ഗായകൻ പാടിയ പാട്ട് അത് നിർമ്മിച്ച കന്പനിക്കുള്ളതാണെന്നും അതുപോലെ സിനിമയുടെ അവകാശം അതിന്റെ നിർമ്മാതാവിന്റെ കൈകളിലാണെന്നും അല്ലാതെ നടന്റെയും സംവിധായകരുടെതുമല്ലെന്നും അന്ന് ചൂണ്ടികാട്ടുകയുണ്ടായി.
ഇതിനെതിരെ ടോംസ് ഹൈക്കോടതി കയറിയപ്പോൾ, പഴയ കാർട്ടൂണിന്റെ അവകാശം മലയാള മനോരമയ്ക്കും ഒപ്പം തുടർന്ന് ബോബനും മോളിയും വരക്കാനുള്ള അവകാശം ടോംസിനും നൽകി. ഇതിനുശേഷം പ്രസ്തുത കാർട്ടൂൺ പുസ്തക രൂപത്തിലിറങ്ങുകയും പിന്നീട്, ടി.വിയിൽ കാർട്ടൂൺ രൂപത്തിൽ വരികയും ഉണ്ടായി. മലയാള മനോരമയുടെ പ്രത്യേകിച്ച് വാരികയുടെ പ്രചരണത്തിനും മൂല്യത്തിനും വളരെയധികം സഹായിച്ച വ്യക്തി തന്നെയാണ് കാർട്ടൂണിന്റെ ഈ കുലപതി എന്നതിൽ യാതൊരു സംശയവുമില്ല.
കേരളത്തെയാകെ ചിരിപ്പിച്ച, സന്തോഷിപ്പിച്ച, ചിന്തിപ്പിച്ച ടോംസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്പോൾ മനസ്സിനെ മദിക്കുന്ന വേറൊരു വേദനയും ഇനി ബോബനെയും മോളിയെയും ആരു നോക്കും എന്നത് മാത്രം...