തിരഞ്ഞെടുപ്പുകൾ ജനകീയം തന്നെയോ

നമ്മുടെ രാഷ്ട്രീയപാർട്ടികളെല്ലാം ചില മൂല്യസംരക്ഷണങ്ങൾക്കും ലക്ഷ്യങ്ങൾക്കുമായി രൂപപ്പെട്ട പ്രസ്ഥാനങ്ങളാണ്. പക്ഷേ പ്രസ്ഥാനങ്ങളായി രൂപപ്പെട്ട അവയൊക്കെ നടന്നുകയറിയത് വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളായാണ്. കോൺഗ്രസും, സോഷ്യലിസ്റ്റ് പാർട്ടികളും ജനസംഘവും കമ്യൂണിസ്റ്റുപാർട്ടികളുമെല്ലാം അതെ. എന്തുകൊണ്ടാണ് പ്രസ്ഥാനങ്ങളിൽ നിന്ന് സ്ഥാപനങ്ങളിലേക്ക് ഇവ സഞ്ചരിച്ചെത്തുന്നത്? തിരഞ്ഞെടുപ്പ് പ്രവർത്തനപരിപാടികൾ മാത്രം പരിശോധിച്ചാൽ നമുക്കീ പരിണാമത്തെ മനസ്സിലാക്കുവാൻ കഴിയും.
കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരംഭിച്ചത് ആർക്കെങ്കിലും എം.എൽ.എയും എം.പിയും ആകാനായിരുന്നില്ല. സ്വരാജുമായി ബന്ധപ്പെട്ട മഹത്തായ ചില ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനുള്ള ഉപാധികളിൽ ഒന്നുമാത്രമായിരുന്നു അവർക്ക് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് മത്സരങ്ങൾ ആരംഭിക്കുന്ന കാലത്ത് മത്സരത്തിന് ആളെ കിട്ടാത്ത നിലയുണ്ടായിരുന്നു. എല്ലാ പാർട്ടികളിലും ഇതായിരുന്നു സ്ഥിതി. കമ്യൂണിസ്റ്റ് പാർട്ടികളിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്നത് വലിയ ചർച്ചാ വിഷയമായിരുന്നു. കാരണം അവർ നിലവിലുള്ള വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. നിലനിൽക്കുന്നത്, സ്വത്തുടമാ വർഗത്തിന് ആധിപത്യമുള്ള വ്യവസ്ഥയാണ്. ഇത് തകർക്കണം ഇത് തച്ചുടച്ച് കത്തിച്ചു കളഞ്ഞ ചാരത്തിൽ നിന്ന് അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പുതിയ ഒരു വ്യവസ്ഥ ആവിർഭവിക്കണം. അതിനുള്ള സമരങ്ങളിൽ ഒന്നുമാത്രമാണ് പാർലമെന്ററി സമരമാർഗം. അതല്ലാതെ പാർലമെന്റും അസംബ്ലിയുമൊന്നും ഈ നിലയിൽ നിലനിർത്തിക്കൊണ്ട് ഇവിടെ തൊഴിലാളി വർഗ സർവ്വാധിപത്യം നടപ്പിലാക്കാൻ കഴിയില്ല. പാർലമെന്ററി സംവിധാനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയില്ല. നാം സംഘടനാ മാർക്സിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കുന്ന വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികളൊക്കെ തങ്ങളുടെ ആത്യന്തികവും ആധികാരികവുമായ നിലപാടുകൾക്ക് വി.ഐ ലെനിനെയാണ് പ്രമാണമാക്കുക. ലെനിനാകട്ടെ പാർലമെന്റിനെ ‘പന്നിക്കൂട്’ ‘സൊള്ളൽ കട’ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. മുതലാളിത്ത പന്നികൾ കൊഴുത്തു പുളയ്ക്കുന്ന പാർലമെന്റിൽ കമ്യൂണിസ്റ്റുകാർ എന്തുചെയ്യാനാണ്? അവരുടെ സൊള്ളൽ കടകളിൽ സമയം ചെലവഴിച്ചിട്ട് തൊഴിലാളി വർഗ്ഗത്തിന് എന്ത് കിട്ടാനാണ്? അതുകൊണ്ടാണ് തിരഞ്‍ഞെടുപ്പുകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ലെനിൻ നൽകിയത്. പക്ഷേ അതേ ലെനിൻ തന്നെ വിപ്ലവം തണുത്തുറഞ്ഞു നിൽക്കുന്ന കാലത്ത് പാർലമെന്റിനകത്ത് കയറിയും തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയും, തങ്ങൾക്കനുകൂലമായ രാഷ്ട്രീയ പ്രചാരണം നടത്താൻ അഹ്വാനം ചെയ്തിട്ടുണ്ട്. റഷ്യൻ പാർലമെന്റായ ഡ്യൂമയിലേയ്ക്ക് ലെനിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയും (RSDLP) പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയേറ്റ് യൂനിയൻ−−ബോൾഷേവിക്കും (CPSU- B) മത്സരിച്ചിട്ടുണ്ട്. പാർലമെന്ററി സ്ഥാനങ്ങൾ നേടിയെടുക്കുകയും ഡ്യൂമക്കകത്ത് വലിയ സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. തങ്ങൾ കൈയടക്കിയ പാർലമെന്ററി സ്ഥാനങ്ങൾ പുല്ലുപോലെ വലിച്ചെറിഞ്ഞ്, രാജിവെച്ച് ജനങ്ങളിലേക്കിറങ്ങി തൊഴിലാളികളുടെയും കർഷകരുടെയും വലിയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുമുണ്ട്. അതുകൊണ്ട് കമ്യൂണിസ്റ്റുകാർക്ക് പാർലമെന്റും അസംബ്ലിയുമൊക്കെ എന്നും ഒരിടത്താവളം മാത്രമായിരുന്നു. ഇന്ത്യയിലെ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികളൊക്കെ ലെനിനെ പിടിച്ച് എല്ലാ കാര്യത്തിനും ആണയിടുന്നവരാണ്. സി.പി.ഐ, സി.പി.ഐ(എം), ആർ.എസ്.പി, എസ്.യു.സി.ഐ, ഫോർവേഡ് ബ്ലോക് തുടങ്ങി മാർക്സിസം പ്രമാണവാദമായി സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കൊക്കെ, അവരുടെ ആധികാരിക രേഖകൾ പ്രകാരം പാർലമെന്റും നിയമസഭയുമൊന്നും ആത്യന്തിക ലക്ഷ്യങ്ങളല്ല. ഇടത്താവളങ്ങൾ മാത്രമാണ്. എപ്പോഴും വിട്ടെറിഞ്ഞ് പോരേണ്ട ഒരിടം. അവിടെ ചടഞ്ഞു കൂടുന്നതും അതിനെ ആത്യന്തിക ലക്ഷ്യമായി സ്വീകരിക്കുന്നതും അത്തരം സ്ഥാനമാനങ്ങൾക്കായി ആർത്തി ഉണ്ടാകുന്നതുമൊക്കെ പാർലമെന്ററി അവസരവാദമാണ്. അതിനായി പരിശ്രമിക്കുന്നവരും അതുപേക്ഷിക്കാൻ വിമുഖതയുള്ളവരും പാർലമെന്ററി അവസരവാദത്തിന്റെ ചളിക്കുണ്ടിൽ ആണ്ടുപോയവരാണ്. അവരെ രക്ഷിക്കുക പ്രയാസം തന്നെയാണ്. വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാർട്ടികൾക്ക് ഇപ്പോൾ പാർലമെന്ററി സമരമല്ലാതെ മറ്റെന്തെങ്കിലും സമരപരിപാടിയുണ്ടോ? അത്തരം സ്ഥാനമാനങ്ങൾക്കുള്ള ആർത്തിയല്ലാതെ മറ്റെന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കൊക്കെ ഇന്നെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നത് വേറെ കാര്യം. ഇനി പാർലമെന്ററി പന്നിക്കൂട്ടിനകത്തും സൊള്ളൽ കടക്കകത്തും കയറുന്നതുതന്നെ അക്ഷന്തവ്യമായ പാപമായി കരുതുന്ന ‘വിപ്ലവകാരി’കളും ഇന്ത്യയിലുണ്ട്. നമ്മുടെ മാവോയിസ്റ്റുകളിലും നക്സലൈറ്റുകളിലും ഒരു വിഭാഗം അത്തരക്കാരാണ്. ‘പാർലമെന്റുകൾ ബഹിഷ്കരിക്കുക’, ‘തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക’ എന്നതാണവരുടെ മുദ്രാവാക്യം. ഇതൊക്കെ ബഹിഷ്കരിച്ച് എന്തു ചെയ്യണം എന്ന ചോദ്യത്തിന് അവർക്ക് കൃത്യമായ ഉത്തരമുണ്ട്. സായുധ വിപ്ലവമാണ് ഇന്ത്യയുടെ മോചനമാർഗം എന്നവർ പറയും. ‘ആയുധമേന്താത്ത ജനത മോചനമർഹിക്കുന്നില്ല’ എന്ന ലെിനിന്റെ സൂക്തം അവർ ചുമരുകളിൽ എഴുതി വെക്കും. ‘ബലപ്രയോഗം വിപ്ലവത്തിന്റെ വയറ്റാട്ടിയാണ്’ എന്നും അവർക്ക് പ്രമാണമുണ്ട്. എന്നാൽ ഇതൊന്നും പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരംഭിച്ച ഗ്രൂപ്പുകളും ഇന്ത്യയിലുണ്ട്. ചുവപ്പുസേനയിലൂടെ ചുവന്ന ഇടനാഴികൾ സൃഷ്ടിച്ച് ആയിരക്കണക്കിന് ഗ്രാമങ്ങളുടെ ഭരണം മാവോയിസ്റ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. അവിടെ സ്ഥാപിക്കപ്പെട്ട ജനകീയ അധികാരവും കാലാന്തരത്തിൽ സ്ഥാപനവൽക്കരിക്കപ്പെടുന്നതായും അവരുടെ നേതാക്കൾ ഖനി മുതലാളിമാരിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക ചുങ്കം പിരിച്ച് ആഡംബരജീവിതം നയിക്കുന്നതായും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.
നമ്മുെട സംഘപരിവാറുകാർക്കാകട്ടെ ബി.ജെ.പി അവരുടെ ഒരു പാർലമെന്ററി ഉപകരണം മാത്രമാണ്. ആധുനിക ജനാധിപത്യം, മതനിരപേക്ഷത എന്നിവയൊക്കെ കാപട്യമാണ് എന്നാണവരുടെ ആധികാരിക ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നത്. പഴയ ചാതുർവർണ്യത്തിലധിഷ്ഠിതമായ സവർണ്ണാധിപത്യ ഹൈന്ദവ ധർമ്മമാണവരുടെ ആന്ത്യന്തിക ലക്ഷ്യം എന്നും വ്യക്തമാക്കപ്പട്ടിട്ടുണ്ട്. അതിനവർ ഒരു തത്ത്വശാസ്ത്രം തന്നെ പടച്ചിട്ടുണ്ട്. ‘ഏകാത്മക മാനവദർശനം’ എന്നാണതിന്റെ പേര്. ദീനദയാൽ ഉപധ്യായ ആണതിന്റെ കർത്താവ്. പുതിയയെന്തോ ആണ് എന്ന് കരുതി ഈ ലേഖകൻ അത് വായിച്ചു നോക്കിയിട്ടുണ്ട്. പഴയ പുളിച്ചു നാറിയ ചാതുർവർണ്യത്തിൽ നിന്ന് വ്യത്യസ്തമായതൊന്നും അതിലില്ലെന്നത് വാസ്തവം. ലോഹ്യാവാദികളും പാർലമെന്റിനെ പ്രമാണമായി കാണുന്നവരല്ല. അതായത് നമ്മുടെ രാഷ്ട്രീയ പാർട്ടികളൊക്കെ മഹത്തായ ലക്ഷ്യങ്ങൾ കിത്താബുകളിൽ രേഖപ്പെടുത്തിയവ തന്നെയാണ്. പക്ഷേ ഏതൊരു ദർശനവും ഏട്ടിലെ പശുവായിരിക്കുന്നിടത്തോളം കാലം അത് പുല്ല് തിന്നുകയില്ല. പ്രയോഗത്തിൽ അതെന്തായിരിക്കുന്നു എന്ന് അപ്പോൾ അന്വേഷിക്കേണ്ടി വരും. അപ്പോൾ നാം കണ്ടെത്തുന്ന ഒരു യാഥാർത്ഥ്യമുണ്ട്. പാർലമെന്ററി അധികാരവും സ്ഥാനമാനങ്ങളും എന്നതിനിപ്പുറം എന്തെങ്കിലും ലക്ഷ്യങ്ങളോ പ്രവർത്തന പരിപാടിയോ ഇത്തരം രാഷ്ട്രീയ പാർട്ടികൾക്കൊന്നും ഇപ്പോൾ പ്രായോഗികമായി മുന്നോട്ടു വെക്കാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങളിൽ നിന്നുള്ള അന്യവൽക്കരണം ഇവയിലൊക്കെ സംഭവിക്കുന്നുമുണ്ട്. ഒരുപക്ഷേ അവർ വോട്ടു രേഖപ്പെടുത്തുകയും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ശരി തന്നെ. പക്ഷേ അതൊക്കെ തങ്ങൾക്ക് മുന്പിൽ മറ്റു സാധ്യതകളില്ല (Option) എന്ന വിപരീതമായ തിരിച്ചറിവിൽ (Negative consious) നിന്നുമാണ്.
കേരളത്തിലെ എല്ലാ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. തിരഞ്ഞെടുപ്പുകളെ ജനങ്ങൾ ഏറ്റവും വലിയ രാഷ്ട്രീയ ഔത്സുക്യത്തോടെ നോക്കിക്കണ്ട ഒരു കാലം കേരളത്തിലെങ്കിലും ഉണ്ടായിരുന്നു. ജനങ്ങളുടെ ഒരു ഉത്സവമായിരുന്നു തിരഞ്ഞെടുപ്പുകൾ. എല്ലാവിഭാഗം ജനങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പുമായി കണ്ണി ചേർക്കപ്പെടുമായിരുന്നു. ഓരോ ഗ്രാമത്തിലും നൂറു കണക്കിനാളുകൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് അണിനിരക്കും. അതുവഴിയുള്ള രാഷ്ട്രീയ പ്രബുദ്ധതയ്ക്കും തിരഞ്ഞെടുപ്പുകൾ കളമൊരുക്കിയിട്ടുണ്ട്. തിരിഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുന്പു തന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും. സ്ഥാനാർത്ഥികളെ കുറിച്ചും മാസങ്ങൾക്ക് മുന്പു തന്നെ ഏകദേശ ധാരണയുണ്ടാകും. വാർഡടിസ്ഥാനത്തിലും ബൂത്തടിസ്ഥാനത്തിലുമൊക്കെയുള്ള ജനങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകൃതമാകും. പ്രദേശത്തെ ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ വീടുകളിലോ ഒക്കെയാവും ഇത്തരം തിരഞ്ഞെടുപ്പ് കമ്മിറ്റികൾ വിളിച്ചു ചേർക്കുക. ഇതിൽ ആളുകളെ പങ്കെടുപ്പിക്കുന്നതിന് തന്നെ കടുത്ത വാശിയും മത്സരവുമുണ്ടാകും. നൂറുകണക്കിന് സ്ത്രീപുരുഷന്മാരെ ഇത്തരം യോഗങ്ങളിൽ പങ്കെടുപ്പിച്ച് നല്ല അടിത്തറയുള്ള രാഷ്ട്രീയ വിശദീകരണങ്ങൾ നടത്തും. ഓരോ സ്ഥാനാർത്ഥിക്കും എന്തിന് വോട്ട് ചെയ്യണം എന്നത് സംബന്ധിച്ച് സുവ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കാൻ ഇത്തരം വിശദീകരണങ്ങൾ സഹായമാകും. തുടർന്ന് ഗ്രാമത്തിലെ എല്ലാ മതിലുകളിലും പീടിക ചുമരുകളുമൊക്കെ ചുണ്ണാന്പ് അടിച്ച് വൃത്തിയാക്കും. മൺചുമരുകളിലൊക്കെ ചുണ്ണാന്പ് കൊണ്ട് തന്നെയാണെഴുതുക. സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും മാത്രമല്ല നല്ല മുദ്രാവാക്യങ്ങളും അങ്ങനെ മതിലുകളിൽ നിറയും. പടുമരങ്ങളൊക്കെ മുറിച്ച് പട്ടിക ഈർന്നുണ്ടാക്കി പഴയ ചാക്കും തുണിയുമൊക്കെ ഉപയോഗിച്ച് ചാക്കു ബോർഡുകളുണ്ടാക്കും. അവ വെള്ള പൂശി വൃത്തിയാക്കി നാടൻ കലാകാരന്മാരെ ഉപയോഗിച്ച് എഴുതും. ഇതിനാവശ്യമായ പണവും മുകളിലോട്ട് പിരിച്ചു കൊടുക്കേണ്ട പണവുമൊക്കെ വീടുവീടാന്തരം കയറി ചെറിയ തുകകൾ റസീറ്റിൽ എഴുതി ശേഖരിക്കും. എല്ലാ പ്രവർത്തനങ്ങളും ശ്രമദാനമായി ജനകീയ സംരഭങ്ങളായാണ് നടക്കുക. എല്ലാ വൈകുന്നേരങ്ങളിലും ജനങ്ങളെ അണിനിരത്തി പ്രകടനങ്ങൾ നടത്തും. കൈയെഴുത്ത് പോസ്റ്ററുകൾ ധാരാളമായി എഴുതി ഉണ്ടാക്കി ഒട്ടിക്കും. രാത്രികാലങ്ങളിൽ ഒരു ബെഞ്ചിൽ ആംപ്ലിഫയറും കുടകളുമൊക്കെ കെട്ടിവെച്ച് അവ ചുമലിലേറ്റി പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ഗ്രാമത്തിന്റെ മുക്കിലും മൂലയിലുമെത്തി പ്രാദേശിക പ്രവർത്തകർ പ്രസംഗിക്കും. പ്രാദേശിക പ്രശ്നങ്ങൾ മുതൽ അന്തർദേശീയ പ്രശ്നങ്ങൾ വരെ പ്രസംഗങ്ങളിൽ കടന്നുവരും. എതിരാളികളുടെ പ്രചാരണത്തിന് ചുട്ട മറുപടി പറയും. ഏതാനും വീടുകളെ ചേർത്തുണ്ടാക്കുന്ന ഹൗസ് കമ്മറ്റി അടിസ്ഥാനത്തിൽ സ്ക്വോഡുകൾ രൂപീകരിച്ച് ഒരുപാട് തവണ ഓരോ വീട്ടിലും കയറി ഇറങ്ങി പ്രസക്തമായ എല്ലാ കാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്യും. അഭിപ്രായ വ്യത്യാസങ്ങൾ കണ്ടെത്തി പരിഹരിക്കും. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ നടക്കും. മാസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രക്രിയകൾക്കൊടുവിൽ ആ ബൂത്തിലെ ഓരോ വോട്ടറും ആർക്ക് വോട്ടു ചെയ്യും എന്നത് വ്യക്തമായി തിരിച്ചറിയാനാകും. അതനുസരിച്ച് ആ വാർഡിൽ നിന്ന് ഓരോ സ്ഥാനാർത്ഥിക്കും എത്ര വീതം വോട്ടുകൾ വീതം ലഭിക്കും എന്നതൊക്കെ നൂറ് ശതമാനം കൃത്യമായി കണക്കാക്കാനുമാകും. വോട്ടെണ്ണുന്നതിന് മുന്പ് വിജയപരാജയങ്ങൾ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും അറിയാൻ കഴിയും.
ഇന്ന് കാര്യങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുന്നു. കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലും സഞ്ചരിച്ച് പ്രാഥമികമായ കാര്യങ്ങൾ മനസിലാക്കാൻ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ കടലാസിൽ എഴുതിയുണ്ടാക്കിയ തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് പുറത്ത് ഒരു തവണപോലും കൂടിയിരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിറ്റികളുണ്ട്. പ്രചാരണം പൂർണ്ണമായും മുകളിൽ നിന്ന് പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്ന ഫ്ളക്സ് ബോർഡുകളിലേയ്ക്കും പോസ്റ്ററുകളിലേയ്ക്കും മാറിയിരിക്കുന്നു. വാഹനങ്ങളിൽ വന്നെത്തുന്ന ആർട്ടിസ്റ്റുകളുടെ പ്രൊഫഷണൽ സംഘമാണ് ചുമരെഴുത്ത് നടത്തുന്നത്. ജനങ്ങൾ മുൻകൈ എടുത്ത് പ്രചാരണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. നാട്ടിൻപുറത്തെ കൊച്ചു കൊച്ചു പ്രകടനങ്ങളോ കവല പ്രസംഗങ്ങളോ ഒന്നും ഇന്നില്ല. പൊതുയോഗങ്ങളിലൂടെയുള്ള രാഷ്ട്രീയ സംവാദങ്ങളില്ല. ഒരു തവണപോലും ഗൃഹസന്ദർശനം പൂർത്തീകരിക്കാത്തവയാണ് ഭൂരിപക്ഷം ബൂത്തുകളും. താഴെ തലത്തിലുള്ള പ്രവർത്തകരെ ആവേശഭരിതരാക്കി പ്രചോദിപ്പിച്ച് പ്രവർത്തന രംഗത്തിറക്കാൻ ശേഷിയുള്ള നേതാക്കളില്ല. പണം വാരിവിതറി പ്രൊഫഷണൽ സംഘങ്ങളെ കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാക്കെ നടത്തിക്കുന്നത്. രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായി തീരുന്ന ഒരു ചെറു ന്യൂനപക്ഷത്തിനൊഴികെ ജനങ്ങൾ പൊതുവെ ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്നുമില്ല. സോഷ്യൽ മീഡിയയിലും ടി.വി ചാനലിലും ഒക്കെ നടക്കുന്ന വിവാദങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണം ചുരുങ്ങുന്നു. അപ്പോഴും പഴി മുഴുവൻ പക്ഷേ കത്തിയാളുന്ന വേനൽചൂടിനാണെന്ന് മാത്രം.