ദ്രോഹമാകുന്ന ചില സാമൂഹ്യ സേവനങ്ങൾ


മറ്റുള്ളവർക്കായി വിലപ്പെട്ട സമയത്തിലൊരൽപ്പം മാറ്റി വെക്കുക എന്നത് മനുഷ്യജീവിതത്തിലെ മഹത്വമേറിയ ഒരു ഗുണമത്രേ. ദുരന്തങ്ങളുടെയും ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും കൊടും വെയിലിൽ നിൽക്കാൻ വിധിക്കപ്പെട്ടവരുടെ തലക്കു മുകളിൽ സാന്ത്വനത്തിന്റെയും സഹായത്തിന്റെയും കുട പിടിച്ചു കൊടുക്കുക എന്നത് തുല്യതയില്ലാത്ത മനുഷ്യസ്നേഹത്തിന്റെ മകുടോദാഹരണമത്രേ. വിനോഭാവെ, മദർ തെരേസ, ദയാബായി, മുരുകൻ തുടങ്ങിയവർ നമുക്ക് പറഞ്ഞു തന്നതും ഇത്തരമൊരു മഹാസന്ദേശത്തിന്റെ ഗാഥകളത്രേ.

‘പരോപകാരം ഭവ പഞ്ചാക്ഷരി

പ്രവൃത്തി രൂപത്തിൽ പരിചയിക്കുവിൻ’

എന്ന് മഹാകവി ഉള്ളൂർ പാടിയതും ഈയർത്ഥത്തിലാണ്.

ജീവിക്കാൻ േവണ്ടി മറ്റൊരു നാട്ടിൽ എത്തപ്പെടുന്പോഴും അവിടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ഇത്തരമൊരു മനസ് കെട്ടു പോവാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുകയും തന്റെ ജീവിത സന്ധാരണം കഴിഞ്ഞുള്ള വിശ്രമ വേളകളെ അപരന്റെ സാന്ത്വനത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രവാസ ലോകത്തെ പൊതുപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഇന്നത്തെ കാലത്തേക്കാൾ അന്പേ വ്യത്യസ്തമായി മീഡിയകൾ ഒന്നുമേയില്ലാത്ത അവസ്ഥാന്തരങ്ങളിലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സാമൂഹിക സേവന മേഖലകളിൽ കെടാവിളക്കായി എന്നും പരിലസിച്ച ഇന്നലെകളിലെ നിസ്വാർത്ഥമതികളെ പ്രത്യേകമായി തന്നെ എടുത്തു പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് പൂർണമാവില്ല.

പക്ഷേ ഇതിനൊക്കെയിടയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് വിളിച്ചോതുന്ന തരത്തിൽ ഇക്കാലത്ത് പൊതുപ്രവർത്തകരാവാൻ വേണ്ടി ആളുകളുടെ ഇടിച്ചുകയറ്റം ഉണ്ടാവുന്നുണ്ട് എന്ന അണിയറ വ‍ർത്തമാനങ്ങളിൽ അല്പസ്വല്പം കഴന്പില്ലാതെയില്ല. ഇരകളുടെ പേരിൽ പൊതുപ്രവർത്തകർ തന്നെ പാതയോരത്ത് കയ്യാങ്കളിയിലെത്തിയ സംഭവങ്ങളും 22 വർഷമായി നാട്ടിൽ പോകാനാതെ വിഷമിച്ച മണ്ണാർക്കാട് ബാബുരാജ് എന്ന സുഹൃത്തിന്റെ പ്രശ്നത്തിൽ ഇടപെട്ട് പ്രശ്നം രൂക്ഷമാക്കിയവരുമൊക്കെ അക്ഷരാർത്ഥത്തിൽ വർഷങ്ങളായി പാതിരാ നേരത്തു പോലും അപരന്റെ പ്രശ്നങ്ങൾക്കിടയിലേക്ക് ഉറക്കമിളച്ച് കടന്നു ചെന്നവരെപ്പോലുള്ളവരെയും കൂടി പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് പറയാതെ വയ്യ.

ഈയടുത്ത് ഒരു സ്ഥാപനത്തിൽ സാന്പത്തിക തിരിമറി നടത്തിയ ജീവനക്കാരനെ ഉടമകൾ കൈയോടെ പിടികൂടുകയും രമ്യമായ പരിഹാരമെന്ന നിലയിൽ അവൻ സമ്മതിച്ച തുക തിരിച്ചേൽപ്പിച്ചാൽ വിസ മാറ്റി വേറെ ജോലിക്ക് കയറാൻ വരെ സൗകര്യമൊരുക്കിക്കൊടുക്കാമെന്ന രീതിയിൽ ഒത്തുതീർപ്പു നടക്കുകയും അപ്പോൾ സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് ഒരു പൊതുപ്രവർത്തകൻ ഈ വിഷയവുമായി ബന്ധപ്പെടുകയും ജോലിക്കാരനെക്കൊണ്ട് നടത്തിപ്പുകാർക്കെതിരെ കേസ് കൊടുപ്പിച്ചത്. നാടകാന്ത്യം കേസ് പോലീസ് േസ്റ്റഷനിലെത്തപ്പെടുകയും ഇരുകൂട്ടരെയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. നിയമപാലകരുടെ മുന്പിൽ പിടിച്ചു നിൽക്കാനാവാതെ പ്രതിക്ക് കുറ്റം ഏറ്റുപറയേണ്ടി വന്നു. ഇതേപോലെ വാദിയും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയ കേസുകളിൽ വരെ ഇടപെട്ട് അവസാനം സാമൂഹിക സേവനത്തെ സാമൂഹിക ദ്രോഹമാക്കി മാറ്റുന്ന ഇത്തിക്കണ്ണികൾ അവിടവിടെയായി കൂണുകൾ പോലെ മുളച്ചു പൊന്തുന്നത് പ്രശ്നത്തിൽ നട്ടം തിരിയുന്നവരെ കൂടിയാണ് ഭീഷണിയിലാഴ്ത്തുന്നത്.

ഇരകളുടെ പ്രശ്നങ്ങളെ കത്തിച്ചു നിർത്തി ആ വെളിച്ചത്തിലെങ്കിലും തന്റെ മുഖമൊന്നു മാലോകരെ കാണിക്കാനുള്ള വ്യഗ്രതയിൽ വേദനിക്കുന്നവനെയും കഷ്ടപ്പെടുന്നവനെയും കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ഇക്കൂട്ടർ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രശസ്തി ഇടിച്ചു കയറി പിടിച്ചു വാങ്ങേണ്ടതല്ല. നമ്മുടെ പ്രവർത്തനങ്ങളിലൂടെ താനെ വന്നു ചേരേണ്ടതാണെന്ന തിരിച്ചറിവാണ് പുതുകാല പൊതുപ്രവർത്തകർ മനസിലാക്കേണ്ട പ്രഥമ പാഠം.

രോഗത്താലും ജോലിസ്ഥലത്തെ പീഡനത്താലും ജീവിതം വഴിമുട്ടിയ ഒരുപാട് പേരെ നാട്ടിലെത്തിക്കുകയും അശരണരായ പലർക്കും കൂട്ടിരിക്കുകയും ചിലരെയെങ്കിലും അന്ത്യകർമ്മങ്ങൾ പോലും ചെയ്യാൻ മുന്നോട്ടു വരികയും ചെയ്ത സൂര്യസമാനമായ സേവനമാതൃകകൾ കാഴ്ചവെക്കുകയും വെച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ജനസേവകരുടെ കരുണാർദ്രമായ പ്രവർത്തനങ്ങളിൽ സ്വന്തം ചെയ്തികളാൽ ഇനിയെങ്കിലും അഴുക്ക് തെറിപ്പിക്കരുതെന്നാണ് പുതിയകാല ന്യൂജെൻ സാമൂഹികസേവന ദാതാക്കളോട് ഉണർത്താനുള്ളത്.

പൂവിനു സുഗന്ധം പോലെയാണ് മനുഷ്യന് വിവേകമെന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ എല്ലായ്പ്പോഴും കാതുകളിൽ മുഴങ്ങട്ടെ.

You might also like

Most Viewed