കാണാതാകുന്ന ബെന്റലി

ബ്രസീലിലെ ഏറ്റവും വലിയ സന്പന്നരിൽ ഒരാളായ ചിക്വിൻ ഹോ സ്കാർപ്പോയെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയത് അദ്ദേഹം തന്റെ വില കൂടിയ ബെന്റലി കാർ കത്തിച്ചു കളയുവാൻ തീരുമാനിച്ചു എന്നറിയിച്ചപ്പോഴാണ്. കോടികൾ വിലമതിക്കുന്ന ഒരു പുത്തൻകാറ് കത്തിച്ച് കളയുന്നതിനെതിരെ പലരും പ്രതിഷേധക്കുറിപ്പുകൾ എഴുതി.
ഒരു സാധാരണ ജീവിതം നയിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാർ കത്തിക്കുന്നതെങ്കിൽ, അതിന് പകരം ആ കാർ വിറ്റ് കിട്ടുന്ന കാശ് ഏതെങ്കിലും ഒരു പാവപ്പെട്ടവന് നൽകിയാൽ ഒരു കുടുംബം രക്ഷപ്പെട്ട് പോകില്ലേ എന്നായിരുന്നു ഭൂരിപക്ഷം പേരും ഉന്നയിച്ച ചോദ്യം.
ജനങ്ങളുടെയും മാധ്യമക്കാരുടെയും പ്രതിഷേധത്തിനും പ്രതികരണത്തിനും ചെവി കൊടുക്കാതെ തന്റെ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഏതായാലും ബ്രസീലിലും മറ്റ് പല രാജ്യങ്ങളിലും കാർ കത്തിക്കുന്ന വാർത്ത പടർന്നു തുടങ്ങി. അവസാനം കാർ കത്തിക്കുന്ന ദിവസം, കത്തിക്കുന്നതിന് മുന്പായി സമർത്ഥനായ ചിക്വിൻ ഹോ ചുറ്റും കൂടിയ മാധ്യമങ്ങളോടും മറ്റുള്ളവരുടെ തന്റെ യഥാർത്ഥ ഉദ്ദേശ്യം വെളിവാക്കി.
ഞാൻ വില കൊടുത്ത് വാങ്ങിയ ഒരു കാർ കത്തിക്കുന്പോൾ പലരും അതിന്റെ വില മനസ്സിലാക്കി അത് കത്തിച്ച് നശിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ചു. മാധ്യമങ്ങൾ കോടികൾ നൽകി വാങ്ങിയ ബെന്റലി കാർ കത്തിക്കുന്നത് ദേശീയ ദ്രോഹമാണെന്ന് ആരോപിച്ചു. ഭൂരിഭാഗം ജനങ്ങളും ഇതൊരു കാടത്തരമാണെന്ന് തിരിച്ചറിഞ്ഞു.
ഏതായാലും കാർ കത്തിക്കുവാൻ ഉദ്ദേശമില്ലെന്നും പകരം ഒരു പ്രധാനപ്പെട്ട കാര്യം ജനങ്ങളെ അറിയിക്കുകയാണ് തന്റെ ഉദ്ദേശമെന്നും ചിക്വിൻ ഹോ വെളിപ്പെടുത്തി. ഓരോ മനുഷ്യനിലും കോടികൾ വിലമതിക്കുന്ന, അല്ലെങ്കിൽ പലപ്പോഴും ആവശ്യക്കാരന് വിലയിടാൻ വരെ പറ്റാത്ത അമൂല്യമായ പല വസ്തുക്കളുമുണ്ട്. പലരും ഇത്രയും വിലയേറിയ അവരുെട ശരീരം മരണശേഷം കത്തിച്ചു കളയുന്നു! മരണശേഷം വേറൊരാൾക്ക് ദാനം ചെയ്യുവാൻ പറ്റുന്ന പല അവയവങ്ങളും പലരും കത്തിച്ചു കളയുന്പോൾ, ഈ മാധ്യമങ്ങൾ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല. ജനങ്ങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ചിക്വിൻ ഹോയുടെ ചോദ്യത്തിനു മുന്പിൽ വഴിമുട്ടിയത് മാധ്യമങ്ങളും പ്രതികരിച്ച ജനങ്ങളുമായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കുവാൻ ചിക്വിൻ ഹോ നടത്തിയ തന്ത്രം പലരും പിന്നീട് പ്രകീർത്തിക്കുകയുണ്ടായി.
2005 ലാണ് 100 മിനുട്ട് മാത്രം ജീവിച്ച ഒരു കുട്ടിയുടെ വൃക്ക ദാനം ചെയ്ത് ഒരു രോഗിയെ രക്ഷിച്ചത്. 100 വർഷം ജീവിച്ച് തീർന്നാലും മരിക്കുന്പോൾ ഒരു അവയവും ദാനം ചെയ്യില്ല എന്ന് വാശി പിടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.
പെൻസിൽവാനിയ എന്ന സ്ഥലത്ത് അവയവം ദാനം ചെയ്യുന്ന വ്യക്തികളുടെ ശവസംസ്കാര ചടങ്ങിനുള്ള മുഴുവൻ തുകയും അവയവം ദാനം ചെയ്യുവാൻ വരുന്ന രോഗിയുടെ താമസചിലവിനും സർക്കാർ സാന്പത്തിക സഹായം നൽകിത്തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവദാനം നടന്ന സംസ്ഥാനം തമിഴ്നാടാണ്. ഇന്ത്യയിൽ നടന്ന 852 അവയവദാനങ്ങളിൽ 388 എണ്ണവും നടന്നിരിക്കുന്നത് തമിഴ്നാട്ടിലാണ്. ജനസംഖ്യയുടെ അനുപാതം എടുത്താൽ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ്. 2013ലെ കണക്ക് പ്രകാരം കേരളത്തിൽ നടന്നത് കേവലം 88 അവയവദാനങ്ങൾ മാത്രമാണ്.
അവയവദാനവുമായി പലരും ചിന്തിക്കാത്ത ഒരു കാര്യം നമ്മുടെ നാട്ടിൽ കാണാതാവുന്ന കുട്ടികളുമായി ബന്ധപ്പെട്ട് കിടക്കുന്ന മാഫിയയെക്കുറിച്ചാണ്. കേരളത്തിൽ മാത്രം കാണാതായ, ഇതുവരെ പോലീസിന് കണ്ടെത്താൻ പറ്റാത്ത കുട്ടികളുടെ എണ്ണം 1648 ആണ്. കഴിഞ്ഞ വർഷം മാത്രം കാണാതായ കുട്ടികളുടെ എണ്ണം 684 ആണ്. അതിൽ പോലീസിന് കണ്ടെത്താൻ പറ്റിയത് 417 പേരെ മാത്രമാണ്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ കാണാതായ കുട്ടികളുടെ എണ്ണം 85 ആണ്. അതിൽ കണ്ടെത്തിയവരുടെ എണ്ണം 41ഉം. അവയവദാനവുമായി ബന്ധപ്പെട്ട മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ വിറ്റ് കാശുണ്ടാക്കുന്നു. സോളാർ കേസിനും സരിതയ്ക്കും ചാനലുകാർ കൊടുക്കുന്ന സമയത്തിന്റെ ഒരു ശതമാനം പോലും ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് നൽക്കുന്നില്ല എന്നതും, ഇത്രയും ഗൗരവം അർഹിക്കുന്ന ഒരു വിഷയത്തെ എത്ര നിസ്സാരമായി മാധ്യമങ്ങൾ എഴുതി തള്ളുന്നു എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.
പലപ്പോഴും ജീവിച്ചിരിക്കുന്പോൾ മറ്റുള്ളവർക്ക് ഒരു ഉപകാരം ചെയ്യുവാൻ പറ്റിയില്ലെങ്കിലും മരണാന്തരം ഒരു നല്ല കാര്യം ചെയ്യുവാൻ പറ്റുമെങ്കിൽ അത്തരമൊരു അവസരം നഷ്ടപ്പെടുത്തരുത് എന്ന് തന്നെയാവട്ടെ ഈ വാരന്ത്യ ചിന്ത...