ഫ്രോഡ്സ് ഓൺ കേരള... പ്രദീപ് പുറവങ്കര

എന്തു പറയാനാ. നമ്മുടെ നാട്ടിൽ ഫ്രോഡുകൾ പലവിധമാണ്. തിരിച്ചറിയാൻ ഒരു മാർഗ്ഗവുമില്ല. മുന്പ് ബഹ്റിനിൽ ജോലി ചെയ്തിരുന്ന ഇപ്പോൾ കൊച്ചിയിലുള്ള ഒരു പഴയ സുഹൃത്ത് പറഞ്ഞു തുടങ്ങി. നാല് വർഷങ്ങൾക്ക് മുന്പാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. താൻ അഗ്രഹിച്ചത് പോലെ ഗൾഫിലെ പൊരിവെയിലത്ത് പണിയൊക്കെ എടുത്ത് അദ്ധ്വാനിച്ച് ഉണ്ടാക്കിയ സന്പാദ്യം കൊണ്ട് കായലോരത്ത് മൂന്നു നില കെട്ടിടം പണിതു. തനിക്ക് ഇഷ്ടപ്പെട്ട ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള ജോലിയാണ് നാട്ടിൽ അദ്ദേഹം കണ്ടുവെച്ചിരുന്നത്. അതായത് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ കുടുംബമായി താമസിച്ച് താഴത്തെ രണ്ടു നിലകളിലും ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് കൊടുക്കാനും, ടൂറിസ്റ്റ് പാക്കേജുകൾ ഉണ്ടാക്കി നൽകാനുമായിരുന്നു തീരുമാനം. ഇതുപ്രകാരം കാര്യങ്ങൾ മുന്പോട്ടു നീങ്ങുകയും ഏകദേശം രണ്ട് വർഷത്തോളം കാര്യങ്ങൾ തട്ടിയും മുട്ടിയും അത്യാവശ്യം നന്നായി തന്നെ നടന്നു. അപ്പോഴാണ് കാര്യങ്ങൾക്ക് ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത്.
ഒരു ദിവസം രാവിലെ വീടിനു മുന്പിൽ ഒരു ഓഡി കാർ വന്നു നിന്നു. ഡ്രൈവർ ഇറങ്ങി പുറകിലെ വാതിൽ തുറന്നു. കഥയിലെ നായകൻ പുറത്തിറങ്ങി. വീട് മൊത്തമായി ഒന്നു നിരീക്ഷിച്ചു. ഏതോ വലിയ ടൂറിസ്റ്റാണെന്നു കരുതി സുഹൃത്ത് ആളെ ആനയിച്ച് സ്വീകരണ മുറിയിൽ കൊണ്ടുപോയി. ചോദിച്ചു മനസ്സിലാക്കിയപ്പോൾ നായകൻ ഡോക്ടറാണ്. ആയുർവ്വേദ ഡോക്ടർ. അദ്ദേഹത്തിന് സുഹൃത്തിന്റെ കെട്ടിടം ആശുപത്രിയാക്കണമെന്നാശ. മോഹിപ്പിക്കുന്ന വാടകയും ഉറപ്പ് നൽകി. കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നിയിട്ട് ഉടനെ തന്നെ സുഹൃത്തും സമ്മതം മൂളി.
ഒരാഴ്ച്ചക്കുള്ളിൽ അത്യാവശ്യം വേണ്ട മാറ്റങ്ങളൊക്കെ വരുത്തി ആശുപത്രി റെഡിയാക്കുകയും, സ്ഥലം എം.പി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 18ഓളം ജീവനക്കാരെയും ഡോക്ടർ അവിടെ നിയമിച്ചു. ഉദ്ഘാടന ദിവസം ആശുപത്രിക്ക് വേണ്ടി മുതൽ മുടക്കിയ നാല് ഗൾഫുകാരും വന്നു. തന്റെ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും ആശുപത്രിയുടെ വളർച്ച കണ്ട് സുഹൃത്തും ഏറെ സന്തോഷിച്ചു. വരുന്ന രോഗികളുടെ അസുഖം പെട്ടെന്ന് ഭേദമാകുന്നു എന്ന ഖ്യാതിയും ആശുപത്രി വളരെ പെട്ടെന്ന് കരസ്ഥമാക്കി. തന്റെ സഹായത്തിനായി മൂന്ന് ഡോക്ടർമാരെ കൂടി കഥാനായകൻ നിയമിച്ചിരുന്നുവെങ്കിലും അവർക്കൊക്കെ ബിൽ തയ്യാറാക്കി നൽകുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു രോഗിയുടെയും പരിശോധനാ വേളയിൽ ഇടപെടാൻ കഥാനായകനായ ഡോക്ടർ ഇവരെ അനുവദിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഇടയ്ക്കിടെ ജൂനിയർ ഡോക്ടർമാർ പിരിഞ്ഞു പോവുകയും പുതിയ അംഗങ്ങൾ ജോയിൻ ചെയ്യുകയും ചെയ്തു. വാടക കൃത്യമായി ലഭിക്കുന്നതു കൊണ്ട്
ഇതൊന്നും കാര്യമാക്കാതെ സുഹൃത്ത് സന്തോഷിച്ചു. ഏകദേശം ഒരു വർഷം കഴിയാറായപ്പോഴാണ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയത്. ആശുപത്രിക്കായി പണം നിക്ഷേപിച്ചവർ തിരികെ ഒന്നും ലഭിക്കാത്തപ്പോൾ അന്വേഷിക്കാൻ വരുമെങ്കിലും അവർക്ക് ഒരു തിരുമ്മലൊക്കെ നടത്തി സന്തോഷിപ്പിച്ച് കാര്യങ്ങൾ ശരിയാകുമെന്ന ഉറപ്പും നൽകി കഥാനായകൻ തിരികെ അയയ്ക്കും. കാര്യങ്ങൾക്ക് എന്തോ പന്തികേടുണ്ടെന്ന് ആ കാലത്ത് സുഹൃത്തിനും തോന്നി തുടങ്ങിയിരുന്നു. ചികിത്സയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞവർ തിരികെ വന്ന് ജീവനക്കാരോട് വഴക്കിടുന്നതൊക്കെ ഇദ്ദേഹവും കാണാൻ തുടങ്ങി. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മുതൽ കഥാനായകൻ വരാതായി. അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചപ്പോൾ അവിടെ നിന്നും അദ്ദേഹം പോയിരുന്നു. വാർത്തയറിഞ്ഞ ഉടനെ ജീവനക്കാർ തങ്ങൾക്ക് ലഭിക്കാനുള്ള ശന്പളത്തിനു വേണ്ടി സുഹൃത്തിനോട് പരാതി പറയാൻ തുടങ്ങി. വാടകയ്ക്ക് നൽകിയെന്ന അബദ്ധം മാത്രം ചെയ്ത തന്റെ നിസഹായവസ്ഥ സുഹൃത്ത് അവരോട് പറഞ്ഞെങ്കിലും ചിലർ അവിടെ ഉണ്ടായിരുന്ന മേശയും കസേരയുമൊക്കെ തൂക്കിയെടുത്ത് കൊണ്ടുപോയി. ഗൾഫ് മുതലാളിമാരുടെ നന്പർ തിരഞ്ഞു പിടിച്ച് സുഹൃത്ത് അവരെ വിളിച്ച്, കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ആശുപത്രി പൂട്ടിയിട്ടു. നിക്ഷേപിച്ചവർക്ക് നഷ്ടമായത് ഒരു കോടിയോളം രൂപയായിരുന്നു.
കഥാനായകൻ പോയപ്പോഴാണ് അദ്ദേഹത്തിന്റ ശരിയായ പ്രകൃതം ജീവനക്കാർ സുഹൃത്തിനെ അറിയിച്ചത്. വരുന്ന രോഗികളുടെ സാന്പത്തിക സ്ഥിതി നോക്കിയായിരുന്നുവത്രേ ഇവിടെ ബില്ലിട്ടിരുന്നത്. കൂടാതെ കൊടുക്കുന്ന മരുന്നുകളിൽ സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ഉത്തേജക മരുന്നുകൾ ഇടകലർത്തിയാണ് ഇയാൾ രോഗികൾക്ക് നൽകിയിരുന്നത്. ഇതുകാരണം അസുഖത്തിനു പെട്ടെന്ന് താൽക്കാലിക ശമനമുണ്ടാകുമെങ്കിലും കുറച്ചു ദിവസം കഴിയുന്പോൾ അത് ഇരട്ടിക്കും. ഇതായിരുന്നു ചികിത്സാ രീതി. ഈ വിവരം പതിയെ നാട്ടുകാർ അറിയുകയും പ്രാദേശിക പത്രത്തിൽ വരികയും ചെയ്തു. കെട്ടിടത്തിന്റെ ഫോട്ടോ അടക്കം വന്നതുകൊണ്ട് സമൂഹത്തിന്റെ മുന്പിൽ കെട്ടിട ഉടമയായ താൻ നാണം കെട്ടു എന്നും, എങ്ങിനെയാണ് വിശ്വസിച്ച് ഒരു മുറി പോലും ഈ നാട്ടിൽ വാടകയ്ക്ക് നൽകുകയെന്നും ചോദിച്ച് സുഹൃത്ത് സങ്കടപ്പെട്ടപ്പോൾ എനിക്ക് പറയാനുണ്ടായിരുന്നത് സുഹൃത്തെ ഇത് കേരളമാണ് ഗജഫ്രോഡുകളുടെ സ്വന്തം നാട് എന്ന് മാത്രം!!