പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനുള്ളതു കൂടിയാണ്


വെള്ളക്കാരുടെ സാമ്രാജ്യത്വത്തിൽ നിന്ന് ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഇന്ത്യ കാലെടുത്ത് വെച്ചിട്ട് ഏതാണ്ട് ഏഴു പതിറ്റാണ്ടാകുന്നു. ജവഹർലാൽ നെഹ്റുവിൽ‍ തുടങ്ങി നരേന്ദ്രമോഡിയിൽ എത്തിനിൽക്കുന്ന കേന്ദ്രഭരണ സംവിധാനവും ഇ.എം.എസ് നന്പൂതിരിപ്പാടിൽ നിന്ന് ഉമ്മൻചാണ്ടി വരെ നീണ്ട കേരളത്തിലെ ഭരണസംവിധാനവും ഇതിനിടയിൽ നമ്മുടെ സാമൂഹിക മേഖലയിൽ നിരന്തരമായ ഇടപെടലുകൾ നടത്തി. ഒരു ഡസനിലധികം തിരഞ്ഞെടുപ്പുകളും രാജ്യത്ത് നടന്നു. ഇതിനിടെ മനുഷ്യന്റെ സ്വഭാവ വിശേഷതകളിലും മേഖലകളിലും ശാസ്ത്രസാങ്കേതിക വിദ്യയിലും സമൂലമായ മാറ്റങ്ങളുണ്ടാക്കി. പക്ഷേ മാറാതിരിക്കുന്ന ഒന്നുണ്ട്. ഒരു പ്രഖ്യാപനം. ‘എല്ലാവർക്കും ഭൂമി, വീട്, ഭക്ഷണം’ രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്പോൾ നെഹ്റുവും ഏഴു പതിറ്റാണ്ടിപ്പുറം നരേന്ദ്രമോഡിയും ഉമ്മൻചാണ്ടിയും, എൽ.ഡി.എഫും, യു.ഡി.എഫും എല്ലാം ഉയർത്തുന്ന പ്രഖ്യാപനവും ഇതു തന്നെ. ഇപ്പോഴും മാറ്റവുമില്ലാതെ തുടരുന്നു.

പരന്പരാഗത കക്ഷി രാഷ്ട്രീയ പ്രവർത്തകരുടെയും അവരുടെ നേതൃത്വത്തിന്റെയും കണ്ണിൽ തിരഞ്ഞെടുപ്പ് എന്നത് പ്രഖ്യാപനങ്ങൾക്കായുള്ള വേദിയാണ്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സർക്കാരുകൾ ഇത്തരം പ്രഖ്യാപനങ്ങൾ മറക്കുകയാണ് പതിവ്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് വലത് മുന്നണികൾ പുറത്തിറക്കിയ പ്രകടനപത്രികയാണ് ഇങ്ങനെ ഒരു ചർച്ചയ്ക്കാധാരം. കാരണം രണ്ട് മുന്നണികളും ജനത്തിന് ഉറപ്പുനൽകുന്ന ഏറ്റവും പ്രധാനമായ കാര്യം ‘ഭൂമി, വീട്, ഭക്ഷണം’ എന്നിവ ലഭ്യമാക്കും എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഓരോ മുന്നണിയും പുറത്തിറക്കിയ പ്രകടനപത്രിക അലമാരയിൽ നിന്ന് പൊടി തട്ടിയെടുത്താൽ കാര്യം കുറച്ച് കൂടി വ്യക്തമാവും. ഓരോ തിരഞ്ഞെടുപ്പിലും തങ്ങളെക്കൊണ്ട് ചെയ്യാൻ സാധിക്കാത്ത നൂറുകണക്കിന് വാഗ്ദാനങ്ങൾ നൽകി ജനത്തിന് മുന്നിൽ പുകമറ സൃഷ്ടിക്കുകയാണ് രാഷ്ട്രീയ നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും ഒരു ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത ഭരണ സംവിധാനം വീണ്ടും വീണ്ടും ജനത്തെ അഭിമുഖീകരിക്കുന്പോൾ ഒരു ജാള്യതയും പ്രകടിപ്പിക്കുന്നില്ല എന്നതാണ് ഇവിടെ കാണാൻ കഴിയുന്ന പ്രധാന വസ്തുത. പ്രഖ്യാപനങ്ങൾ പാലിക്കാനും കൂടിയുള്ളതാണ് എന്ന അടിസ്ഥാന ചിന്ത രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നഷ്ടമായി എന്നത് ഇവിടെ വ്യക്തമാവുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം ജനങ്ങൾക്കുവേണ്ടി ഭരണം നി‍‍ർവ്വഹിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ പ്രധാന പ്രത്യേകത. ജനാഭിലാഷം ഏറെയെല്ലാം പൂർത്തീകരിക്കുന്നത് ജനാധിപത്യ ഭരണക്രമത്തിലൂടെ തന്നെയാണ് എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ഈ സംവിധാനത്തിൽ പ്രധാനപ്പെട്ട രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. ഒന്ന് തിരഞ്ഞെടുപ്പ്, രണ്ട് ബജറ്റ് പ്രഖ്യാപനം. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് ഇവ രണ്ടും പ്രഖ്യാപനങ്ങൾക്കുള്ള വേദികൾ മാത്രമായി മാറുന്നു. കേരളത്തിന്റെ സാഹചര്യം മാത്രം മനസിലാക്കാൻ എൽ.ഡി.എഫ്, യു.ഡി.എഫ്  മുന്നണികളുടെ പ്രകടനപത്രിക പരിശോധിച്ചാൽ മതിയാകും. ഞങ്ങൾ അധികാരത്തിലെത്തിയാൽ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ ചെയ്ത് തീർക്കും എന്നതാണ് തിരഞ്ഞെടുപ്പ് കാലത്ത് മുന്നണികൾ ജനത്തോട് വീണ്ടും വീണ്ടും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അധികാരത്തിലെത്തിയ ശേഷം ഈ പ്രഖ്യാപനത്തിന് എന്ത്  സംഭവിക്കുന്നു എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം (ഭൂമി, വീട്, ഭക്ഷണം എന്നിവ) തന്നെ എന്തുകൊണ്ടാണ് ഏഴു പതിറ്റാണ്ടിപ്പുറവും ഉയർത്തേണ്ടി വരുന്നത് എന്ന പരിശോധന കൂടി അനിവാര്യമാണ്. പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമാണ് നമ്മുെട ഭരണസംവിധാനത്തിലുള്ളത്. ആസന്നമായ തിരഞ്ഞെടുപ്പിലെങ്കിലും ഇതിന് മാറ്റം വരുത്തുമെന്ന പ്രതീക്ഷ മാത്രമേ നമുക്ക് കൊണ്ടു നടക്കാൻ പറ്റൂ.

കേരളം നേരിടുന്ന പ്രധാനപ്പെട്ട ചില പ്രശ്നങ്ങളെ ആഴത്തിൽ അഭിമുഖീകരിക്കുന്നില്ല എന്നതും വിമർശന വിധേയമാണ്. പരിസ്ഥിതി തന്നെയാണ് ഏറ്റവും പ്രധാനം. ഈയടുത്ത കാലത്ത് പ്രത്യേകിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത് വിഷയമായിരുന്നു മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ. തീർത്തും പരിസ്ഥിതി വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച് ഇവിടുത്തെ മുഖ്യധാര മുന്നണികൾ വോട്ടുറപ്പിച്ചു എന്നതായിരുന്നു അന്നത്തെ ചർച്ചയുടെ ബാക്കിപത്രം. ചരിത്രത്തിൽ ഇന്നുവരെ അനുഭവിക്കാത്ത തീവ്രതയിൽ ചൂട് കേരളത്തെ തേടിയെത്തി. വരൾച്ച ജനത്തെ പൊറുതിമുട്ടിക്കുന്നു. കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുന്നു. സൂര്യതാപമേറ്റ് ആളുകൾ മരിച്ചു തുടങ്ങി. പുഴകൾ വറ്റി വരളുന്നു. ഈ രീതിയിൽ പ്രകൃതി നമ്മെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഭൂമിയുടെ ഊർവ്വരത കാത്തു സൂക്ഷിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. എന്നാൽ അതിനുതകുന്ന ആഴത്തിലും പരപ്പിലുമുള്ള ഒരു പ്രഖ്യാപനവും കേരളത്തിലെ മുഖ്യധാരാ മുന്നണികളുടെ പ്രകടനപത്രികയിൽ പോലും ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത. അത് മാത്രവുമല്ല, പരിസ്ഥിതി പ്രേമികൾ പേടിക്കേണ്ടുന്ന ചില നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടു താനും. ജലവൈദ്യുത പദ്ധതികളിലും കൂടുതൽ വൈദ്യുത ഉല്പാദനം ലക്ഷ്യമിടുന്നു എന്നതാണത്. ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള വഴി തേടും എന്ന പിണറായി വിജയന്റെ പ്രസ്താവനയെ ഇതോട് ചേർത്ത് വായിക്കേണ്ടതുണ്ട്. അതിരപ്പള്ളി പ്രദേശത്തെ ആദിവാസികളെയും ജൈവസന്പത്തിന്റെയും ആവാസ വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കാൻ പര്യാപ്തമായ പദ്ധതിയാണ് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി. മണൽ വാരിയും മലിനമാക്കിയും അണക്കെട്ടുകൾ തീർത്തും നാം തകർത്ത ജീവനാണ് പുഴകളുടേത്. നിർദാക്ഷിണ്യമുള്ള തിരിച്ചറിവുകളിലൂടെ പ്രകൃതി നമ്മെ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകേണ്ടുന്നതിന് പകരം തെറ്റുകൾ ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും.

പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നിർദേശത്തിൽ നടന്ന ഇടപെടലുകളുടെ ഭാഗമാണ് മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകളിൽ മേൽ മനുഷ്യനെ സംബന്ധിച്ച ചർച്ചകൾക്ക് മാത്രമേ ഇടത് വലത് മുന്നണികൾ തുനിയുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രശ്നം. പശ്ചിമഘട്ട മേഖലകളിലെ അപൂർവ്വ ജൈവ സന്പത്തിനെക്കുറിച്ചും അതിന്റെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന മനുഷ്യനു വേണ്ടിയെന്ന തെറ്റിദ്ധാരണയിൽ തൊലിപ്പുറത്ത് ചികിത്സ നടത്തിയാൽ ഭാവി തലമുറയ്ക്ക് അത് വലിയ വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ തർക്കമേതുമില്ല.

ഇപ്പോൾ മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നതും നാളെ രൂക്ഷമാകാനിരിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം കുടിവെള്ള ലഭ്യത തന്നെയാണ്. വലിയ ടാങ്കുകളിൽ വെള്ളം ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുക എന്നത് സ്ഥായിയായ പ്രവർത്തനമല്ല എന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂമി കനിഞ്ഞ് അനു്രഗഹിച്ച ജൈവ സന്പത്തിന്റെ ഫലപ്രദമായ സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യന് പിടിച്ചു നിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവിലേക്ക് കൂടി നാം സഞ്ചരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഈ തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമുണ്ടു താനും. അനധികൃതമായ വയൽ നികത്തലുകൾക്ക് കടിഞ്ഞാണിടും എന്ന ഇടതുമുന്നണി പ്രഖ്യാപനം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ പശ്ചിമഘട്ട സംരക്ഷണത്തോട് കാണിച്ച മൗനത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

പ്രഖ്യാപനങ്ങൾ ഏറെയുള്ളതും എന്നാൽ പ്രധാനപ്പെട്ടത് മാറ്റിനിർത്തപ്പെടുകയും ചെയ്ത കേരളത്തിലെ ‘തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ’ കൂടുതൽ ചർച്ചകൾക്ക് വിധേയമാവേണ്ടതുണ്ട്. പ്രകടനപത്രികകൾ പ്രഖ്യാപനത്തിന് മാത്രമുള്ളതല്ല. അതനുസരിച്ച പ്രവർത്തനത്തിനാണ് പ്രധാന്യം നൽകേണ്ടത് എന്ന ധാരണ രാഷ്ട്രീയ നേതൃത്വത്തിന് ഈ തിരഞ്ഞെടുപ്പിെലങ്കിലും കൈവരുമെന്ന് പ്രത്യാശിക്കാം.

You might also like

Most Viewed